Feb 16, 2013

ഘടികാരം നിലയ്ക്കുമ്പോള്‍


ഇന്നെന്‍റെ ഘടികാരം നിലയ്ക്കുമ്പോഴും
സമയരഥം ഉരുണ്ടുകൊണ്ടെയിരിക്കുന്നു...
പുതിയ യാത്രക്കാരുമായി അതിവേഗം
അനേക കാതം എന്നെയും പിന്നിലാക്കി...



 
















ഒപ്പമെത്താനുള്ള ഓരോ ശ്രമവും
തകര്‍ക്കപ്പെടുന്നു നിര്‍ദ്ദയമെങ്കിലും
ഓടാത്ത പല്‍ചക്രങ്ങളും രണ്ടിടങ്ങളില്‍
 
ദിനവും പ്രവചിക്കുന്നു കൃത്യസമയം ...

കണ്ടു മടുത്തു ഭൂതക്കണ്ണാടികളുടെ
തുരന്നെടുക്കുന്ന  നോട്ടവും ചോദ്യവും...
മിടിപ്പ് നിന്ന
ജീവനറ്റ സൂചികള്‍
മയങ്ങിക്കിടക്കുന്നു ഒരു കോണില്‍...

ടിക്ക്... ടിക്ക്... ഇനിയില്ല പ്രദക്ഷിണം
കൃത്യനിഷ്ഠയില്ലാത്ത ജീവിതത്തിന്
സമയബന്ധിതമായ ഒരു അവസാനം
കല്പിച്ചു കാലപാശവും കരുണം ....

അതിരാത്രത്തിന് മഴയെത്തിക്കാന്‍
എരിഞ്ഞു തീരുന്ന ഹവിസ്സുപോലെ...
ഉരുകുന്നു നിഷേധ്യമീ   ജീവിതം
സമം പുകയുന്നു ദര്‍ഭയും ജീവനും...

പല ആവേഗത്തില്‍ ചില കടമ്പകള്‍
അതിലൊരു നാഴികക്കല്ലായി മരണം...
ക്ഷണിക്കുന്നു എന്നെ  സഹര്‍ഷം
നന്ദി.... ഞാനും വരുന്നു.. ഒരു നിമിഷം...