Sep 17, 2014

ഒരു മണ്ണാങ്കട്ട-കരിയില കഥ

ഒരിടത്തൊരിടത്ത് അങ്ങ് ദൂരദേശത്ത് ഒരു കുശവൻ ഉണ്ടായിരുന്നു. കളിമണ്ണിൽ തീർത്ത പാത്രങ്ങളും ചെറിയ ശില്പങ്ങളും മണ്‍കട്ടകളും   ഉണ്ടാക്കി വിറ്റാണ് അയാൾ ജീവിച്ചിരുന്നത്. ഒരിക്കൽ ഒരു ശിശിരകാലത്തിൽ മണ്‍കട്ടകൾ വാങ്ങാനായി ഒരു കൂട്ടര് വന്നു. ലോറിയിൽ കൊണ്ട് പോയ മണ്‍കട്ടകളിൽ  ഒന്ന് പിടിവിട്ട് താഴെ വീണു. ഒരു  കരിയിലക്കൂട്ടത്തിലേക്ക് വീണ  മണ്ണാങ്കട്ട കൂട്ടുകാരെ പിരിഞ്ഞ വിഷമത്തിൽ കരയാൻ തുടങ്ങി. കരഞ്ഞു കരഞ്ഞു മണ്ണാങ്കട്ട അലിയുമെന്നായപ്പോൾ ഒരു വല്യ കാറ്റ് വീശി. ആ കാറ്റിൽ കരിയിലകളൊക്കെ പറന്നു പോയി. അപ്പോഴുണ്ട് മണ്ണാങ്കട്ടയെ  ആരോ തൊട്ടു വിളിച്ചപോലെ...നോക്കുമ്പോൾ ഒരു കരിയില മണ്ണാങ്കട്ടയുടെ അടിയിൽ നിന്ന് പുറത്തേയ്ക്ക് തല നീട്ടുന്നു. പേടിച്ചരണ്ട അവനെ കണ്ടപ്പോൾ മണ്ണാങ്കട്ടയുടെ കരച്ചിലൊക്കെ നിന്നു; മണ്ണാങ്കട്ട അവനെ നോക്കി ചിരിച്ചു മാറി നിന്നു. കരിയില മണ്ണെല്ലാം കുടഞ്ഞു കളഞ്ഞു എണീറ്റ്‌ നിന്നു. എന്നിട്ട് ഗൌരവത്തിൽ മണ്ണാങ്കട്ടയെ നോക്കി ഒരു ചോദ്യം "നീ ആരാ? എന്‍റെ മേല് വന്നു വീണിട്ട് ചിരിക്കുന്നോ!" പാവം മണ്ണാങ്കട്ട പേടിച്ചു പോയെങ്കിലും,  ധൈര്യം കൈവിടാതെ പറഞ്ഞു "ഞാനില്ലേൽ കാണാമായിരുന്നു, കാറ്റത്തു പറന്നു ഏതേലും ചെളിക്കുണ്ടിൽ കിടക്കുന്നത്".  ഇളിഭ്യ ഭാവം പുറത്ത് കാട്ടാതെ കരിയില ചോദിച്ചു "നീ എന്തിനാ കരഞ്ഞത്?". അത് കേട്ട് മണ്ണാങ്കട്ടയുടെ   മുഖം വാടി. "എനിക്കാരുമില്ല... എന്‍റെ കൂട്ടുകാരൊക്കെ ദൂരേയ്ക്ക് പോയി... ഞാൻ ഒറ്റയ്ക്കായി" മണ്ണാങ്കട്ട പറഞ്ഞത് കേട്ടിട്ട് കരിയില കുറെ നേരം ഒന്നും മിണ്ടീല്ല. അല്പം സമയം കഴിഞ്ഞു കരിയില മണ്ണാങ്കട്ടയുടെ അടുത്ത് ചെന്ന് ചേർന്ന് നിന്നു, എന്നിട്ട് പറഞ്ഞു "വിഷമിക്കണ്ട ഇനി നിനക്ക് ഞാനുണ്ട് കൂട്ട്". അത് കേട്ട മണ്ണാങ്കട്ടയുടെ സങ്കടമെല്ലാം ദൂരെ ഓടിയൊളിച്ചു. അവർ കൈകോർത്തു പിടിച്ചു സന്തോഷത്തോടെ നടന്നു പോകുമ്പോൾ, വീണ്ടുമൊരു മണ്ണാങ്കട്ട - കരിയില സൌഹൃദത്തിന്‍റെ കഥ തുടങ്ങുന്നത് ലോകം  സാക്ഷിയാകുകയായിരുന്നു...


ദിവസങ്ങൾ കടന്നു പോയി... മണ്ണാങ്കട്ടയുടെയും കരിയിലയുടെയും സൗഹൃദം ഏവർക്കും കുശുമ്പുണ്ടാക്കുന്നതായിരുന്നു... ഊണിലും ഉറക്കത്തിലും യാത്രകളിലും എപ്പോഴും അവർ ഒരുമിച്ചായിരുന്നു... അങ്ങനെയിരിക്കെ അവർ ഒരു യാത്ര പോകാൻ തീരുമാനിച്ചു. അവരുടെ പൂർവ്വികരെ പോലെ കാശിയിലെക്കൊരു  യാത്ര. കുറെ നടന്നും ക്ഷീണിക്കുമ്പോൾ വഴിയമ്പലങ്ങളിൽ ഉറങ്ങിയും, അവർ യാത്ര തുടർന്നു. ഒടുവിൽ ഒരു കുന്നിൻ മുകളിൽ എത്തിയപ്പോൾ ദൂരെ വിളക്കുകൾ ഒഴുകി നടക്കുന്ന പുണ്യ നദി കാണാറായി... സന്തോഷത്തോടെ അവർ മുന്നോട്ട് നടന്നു, അതുകണ്ട് സന്തോഷത്താൽ മേഘങ്ങൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി. ചിരിച്ചു ചിരിച്ചു മേഘങ്ങളുടെ കണ്ണുകൾ  നിറഞ്ഞു... കണ്ണുനീർ ഒരു അരുവിയായി മണ്ണിലേയ്ക്ക് പെയ്തിറങ്ങി. പുതുമണ്ണി
ന്‍റെ മണം എങ്ങും നിറഞ്ഞു...എന്നും മഴയെ സ്നേഹിച്ചിരുന്ന കരിയില, മണ്ണാങ്കട്ടയുടെ കണ്ണുകളിലെ ഭയത്തിന്‍റെ മിന്നലാട്ടത്തിൽ ആദ്യമായി മഴയോട് പരിഭവം പറഞ്ഞു, "നിനക്കൊന്നു വൈകി വന്നു കൂടായിരുന്നോ?". കരിയില മണ്ണാങ്കട്ടയെ ചേർത്ത് പിടിച്ചു ഒരു കുടയായി മഴ നനഞ്ഞു. സൌഹൃദത്തിന്‍റെ കരുതലിന്‍റെ നിമിഷങ്ങൾ കണ്ടു മനം നിറഞ്ഞ മഴത്തുള്ളികൾ നാണിച്ചു മണ്ണിൽ ഒളിച്ചു. മാനം തെളിഞ്ഞു, യാത്രയുടെ അന്ത്യം, അവർ കാശിയിലെത്തി .  നന്ദിയുടെ പ്രാർത്ഥനകൾ അർപ്പിച്ചു കാഴ്ചകൾ കണ്ടു പാവനമായ നഗരത്തോട് വിട പറഞ്ഞ് അവർ തിരികെ നട കൊണ്ടു.

പിന്നെയും മഴ പെയ്തു, കരിയില കുടയായി. കാറ്റ് വീശിയപ്പോൾ മണ്ണാങ്കട്ട താങ്ങായി. ഒടുവിൽ സന്ധ്യയായപ്പോൾ അവർ സ്വന്തം നാട്ടിലെത്തി. യാത്രയുടെ ക്ഷീണം അവരുടെ കാലുകളെ തളർത്താൻ തുടങ്ങിയിരുന്നു. അകലെയായി കണ്ട ആൽമരച്ചുവട്ടിലെക്ക് അവർ നടന്നു. പെട്ടെന്ന് മാനമിരുണ്ടു. ശക്തമായി കാറ്റ് വീശി, മണ്ണാങ്കട്ട കരിയിലയ്ക്ക് മുകളിൽ കിടന്നു. കാറ്റ് മാറി വീശിയില്ല. ഒപ്പം മഴയും പെയ്യാൻ തുടങ്ങി. കരിയിലയ്ക്ക് താങ്ങായി നിന്ന മണ്ണാങ്കട്ട നനഞ്ഞു തുടങ്ങി. കരിയിലയും മണ്ണാങ്കട്ടയും ചുറ്റും നോക്കി; കയറി നില്കാൻ ഒരിടമില്ല. രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞു. എന്നേയ്ക്കുമായി പിരിയാനുള്ള നിമിഷങ്ങൾ അടുക്കുന്നത് അറിഞ്ഞ് അവർ കണ്ണുകൾ പൂട്ടി. അടിയിലെ മണ്ണ് ഊർന്നു പോകുന്നതും താഴേക്ക് വീഴുന്നതും കരിയില അറിഞ്ഞില്ല. അലിഞ്ഞു താഴേക്ക്‌ പൊഴിഞ്ഞു വീഴുന്നത് മണ്ണാങ്കട്ടയും അറിഞ്ഞില്ല. ആ രാത്രി മുഴുവൻ മഴയും കാറ്റും തകർത്താടി.

അടുത്ത പുലരി വന്നപ്പോൾ, മഴയും കാറ്റും പോയി മറഞ്ഞു... മാനം തെളിഞ്ഞു... സൂര്യതാപം മണ്ണിൽ നിന്ന് മഴയുടെ അവസാനത്തെ കണികയും മായ്ച്ചു കളഞ്ഞു... ആ ദേശക്കാർ മണ്ണാങ്കട്ടയെയും കരിയിലയും എങ്ങും കണ്ടില്ല. ഒടുവിൽ ആൽമരത്തിനടുത്തായി അവർ ആ കുശവ
ന്‍റെ മണ്‍കട്ട ഉണ്ടാക്കുന്ന അച്ച് മണ്ണിൽ പുതഞ്ഞ നിലയിൽ കണ്ടെത്തി. മണ്ണ് നീക്കി പുറത്തെടുത്ത അച്ചിൽ നിന്നും ഒരു മണ്‍കട്ട താഴേക്ക് വീണു, അതിൽ ഒട്ടിച്ചേർന്നു ഒരു കരിയിലയും. "ഹോ വേദനിച്ചല്ലോ, ഒന്ന് പതിയെ ഇട്ടു കൂടാരുന്നോ!" കരിയില പഴയ ഗൌരവം വിടാൻ തയ്യാറല്ലായിരുന്നു, മണ്ണാങ്കട്ട സ്വതവേയുള്ള പുഞ്ചിരിയും... :)


എല്ലാ മണ്ണാങ്കട്ട-കരിയില കഥാ കൃത്തുക്കളോടും നന്ദിയോടെ...