Feb 22, 2013

Good Night ..... Sweet Dreams... To My Love...

The night is not dark when your memories are bright
The day is not long when your presence is gifted

The summer is not burning when you smile cool
The winter is not colder when your breath is hot

The sunrise is not brighter as your eyes
The sunset is not reddish as your lips

The time is not enough when love is limitless
The world is not enough when we are together

Life is too short when i get my love on my side
Heartbeats are telling the passion is eternal

Please Forgive me I cant stop Loving you
Let me love you until i sleeps for ever

And ever after over the births, let this magic spells
And the Magic of Love bring miracles to happen
 


 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
Good Night ..... Sweet Dreams... To My Love...

Feb 20, 2013

നോവ്

 തിരക്ക് പിടിച്ച നഗരത്തിന്‍റെ ഓട്ടപ്പാച്ചിലില്‍    നിന്നൊഴിഞ്ഞുമാറി  പുതിയ കഥയുടെ രചനയ്ക്കായി സ്വസ്ഥമായ ഒരിടം അന്വേഷിച്ചിറങ്ങിയ ഞാന്‍, കുറെ അലച്ചിലിനൊടുവില്‍ അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്തി. രാജവീഥിയെ അനുസ്മരിപ്പിക്കുന്ന റോഡും, ഓടുകള്‍ പാകിയ നടപ്പാതയും ഇരുവശത്തും പൂത്തുലഞ്ഞ മരങ്ങളും നടന്നു ക്ഷീണിക്കുമ്പോള്‍ വിശ്രമിക്കാന്‍ തടിയില്‍ കടഞ്ഞെടുത്തതെന്നു തോന്നിപ്പിക്കുന്ന ബഞ്ചുകളും ഉള്ള മനോഹരമായ ഒരിടം; ജോഗേഴ്സ് ലെയ്ന്‍. നാഗരികത ഗതാഗതക്കുരുക്കില്‍ ശ്വാസം മുട്ടുമ്പോള്‍, ജോഗേഴ്സ് ലെയ്ന്‍ ശാന്തതയുടെ കേളീവനം ആണെന്ന് തന്നെ പറയാം.

ജോഗേഴ്സ് ലെയ്നിന്‍റെ  ഹൃദയഭാഗത്തായി ഒരു മൂന്നുനില കെട്ടിടവും ഒരു ചെറിയ ജ്യൂസ്‌ സ്റ്റൊളും ഉണ്ട്. ഒരു കണ്ണാടിക്കൂടിനെ ഓര്‍മ്മിപ്പിക്കുന്ന ആ വലിയ ബില്‍ഡിംഗിന്‍റെ താഴത്തെ നിലയില്‍,  സെക്കന്‍റ്  ഹാന്‍ഡ്‌ പുസ്തകങ്ങള്‍ വില്‍ക്കുന്ന ഒരു ഷോപ്പ് ആണ്. പുതിയ പ്രിന്‍റ് വാങ്ങാന്‍ കാശ് തികയാത്തപ്പോള്‍ പലപ്പോഴും എന്‍റെ വായനയ്ക്ക് അന്നമൂട്ടിയത് അവിടത്തെ പുസ്തകങ്ങളായിരുന്നു. രണ്ടാമത്തെ നിലയില്‍ ലൈബ്രറിയാണ്. ചിലപ്പോഴൊക്കെ ഞാനവിടെപ്പോയിരുന്ന് മാഗസിന്‍സും പഴയ ചില ഔട്ട്‌ ഓഫ് പ്രിന്‍റ് ആയ ബുക്സുമൊക്കെ വായിക്കാറുണ്ട്. മൂന്നാമത്തെ നിലയില്‍ ഒരു ജിം പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യത്തില്‍ ശ്രദ്ധാലുക്കളായ പുരുഷന്മാരും സ്ത്രീകളും പ്രായഭേദമന്യേ അവിടെ കയറിയിറങ്ങിയിരുന്നു. 

റൈറ്റേഴ്സ് ബ്ലോക്കിനെ ഇല്ലാതാക്കാന്‍ പറ്റിയ എന്തെങ്കിലും തേടി തണല്‍ വീണ ഒരു ബഞ്ചില്‍ ഇരിപ്പുറപ്പിക്കുമ്പോള്‍, വൈകുന്നേരത്തെ ചാഞ്ഞുവീഴുന്ന സൂര്യകിരണങ്ങളില്‍ തിളങ്ങുന്ന വാകപ്പൂക്കള്‍, ഇളം കാറ്റിന്‍റെ തലോടലേറ്റ്  ഞാനിരിക്കുന്ന ബഞ്ചിനു ചുറ്റും നിറയുന്നുണ്ടായിരുന്നു. കൊഴിഞ്ഞു വീഴുന്ന പൂക്കളോടൊപ്പം, മഞ്ഞച്ചായം  പൂശിയ യൗവ്വനം മങ്ങിത്തുടങ്ങിയ ഇലകളും കാറ്റില്‍ എങ്ങോട്ടെന്നില്ലാതെ ഒഴുകി നീങ്ങുന്ന കാഴ്ച ആ സായന്തനത്തെ പതിവിലും മനോഹരമാക്കി. 

കഥകള്‍ അന്വേഷിച്ച്  പലയിടത്തും പരതി  നടന്ന എന്‍റെ കണ്ണുകള്‍ പെട്ടെന്ന് ദൂരെ നിന്ന് വന്ന മൂന്നുപേരില്‍ ഉടക്കി. ശരിക്കും പറഞ്ഞാല്‍ നാല് പേര്‍ ആയിരുന്നു. പിന്നെ മനുഷ്യസഹജമായ അഹംഭാവത്തിനു മനുഷ്യനല്ലാത്ത എന്തിനെയും ജീവി എന്നഭിസംബോധന ചെയ്തു  ശീലമുള്ളത് കൊണ്ട് കൂടെയുണ്ടായിരുന്ന നാലാമനായ പട്ടിക്കുട്ടിയെ ഞാനും ജീവിവര്‍ഗ്ഗത്തില്‍ കൂട്ടി. വസ്ത്രധാരണ ശൈലി കൊണ്ട് കുലീനത്വം നിറഞ്ഞു നില്‍ക്കുന്ന  സുമുഖനായ ഒരു ചെറുപ്പക്കാരനും, ആറ് - ഏഴു വയസ്സ് തോന്നിക്കുന്ന ഓമനത്തം തുളുമ്പുന്ന ഒരു ആണ്‍ കുട്ടിയും ആയിരുന്നു ഒരു ജോഡി. കുട്ടിയുടെ കൈയില്‍ ഒരു ബാഗുണ്ടായിരുന്നു. നമ്മുടെ സീനിലെ മൂന്നാമത്തെ വ്യക്തി ജോഗിംഗ് സ്യൂട്ട് ധരിച്ച ഒരു  ചെറുപ്പക്കാരിയാണ് .  
 പരിഷ്കാരത്തിന്‍റെ  മുഖമുദ്ര പതിഞ്ഞ നടത്തത്തിന്‍റെ ഉടമയായ അവരുടെ കൈത്തുമ്പില്‍ ചുരുട്ടിയ ചെയിനിന്‍റെ അറ്റത്ത്‌ഒരു കുഞ്ഞുപട്ടി അവരുടെ ചുവടുകള്‍ക്കൊപ്പമെത്താന്‍ പാടുപെടുണ്ടായിരുന്നു. പൊക്കം കുറഞ്ഞ dachshund  ഇനത്തില്‍ പെട്ട ഭംഗിയുള്ള പട്ടി. അതിനെ അവര്‍ സെക്യൂരിറ്റിയുടെ അടുത്താക്കിയിട്ട് മൂന്നാമത്തെ നിലയിലേക്ക് പോയി. ജിം ആയിരുന്നിരിക്കണം അവരുടെ ലക്‌ഷ്യം എന്ന് കരുതാം. 

ആ ചെറുപ്പക്കാരന്‍ അപ്പോഴേക്കും ലൈബ്രറിയിലെ കണ്ണാടി ജനാലയുടെ അരികുപറ്റിക്കിടന്ന  ഒരു മേശയില്‍ ഇടം പിടിച്ചു വായന തുടങ്ങിയിരുന്നു. എന്‍റെ മുന്നില്‍ ഇപ്പോള്‍ മൂന്ന് സീന്‍സ് ആണുള്ളത്; സെക്യൂരിറ്റിയുടെ അടുത്തിരിക്കുന്ന നമ്മുടെ പട്ടിക്കുട്ടി, രണ്ടാമത്തെ നിലയില്‍ വായനക്കാരനായ സുന്ദരനും അയാളുടെ അടുത്ത് തന്‍റെ ബാഗ് തുറന്ന് എന്തൊക്കെയോ മേശപ്പുറത്ത് നിരത്തുന്ന കുട്ടിയും, പിന്നെ മൂന്നാമത്തെ നിലയില്‍ ജിം പ്രാക്ടീസില്‍ ഏര്‍പ്പെട്ടിരിക്കുന്ന ലേഡിയും .  


മറ്റൊരു രംഗത്തിലും ശ്രദ്ധതട്ടാതിരുന്ന എന്‍റെ മനസ്സ് ആ ദൃശ്യങ്ങളില്‍ മാറിമാറി ചേക്കേറി. കുറച്ച് സമയം കഴിഞ്ഞപോള്‍ കുട്ടിയ്ക്ക് മടുത്തു തുടങ്ങി. വായനയില്‍ മുഴുകിയിരിക്കുന്ന ചെറുപ്പക്കാരന്‍റെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ അവന്‍ ബാഗുമെടുത്ത് താഴത്തെ നിലയിലേയ്ക്ക് വന്നു. അവിടെ ചുരുണ്ട് കൂടി കിടക്കുകയായിരുന്ന പട്ടിക്കുട്ടിയെ കണ്ടതും അവന്‍റെ  മുഖത്ത് പ്രകാശം പരന്നു. അവന്‍ ഓടി വന്നു പട്ടിക്കുട്ടിയെ വാരിയെടുത്ത് കളിപ്പിക്കാന്‍ തുടങ്ങി. ബാല്യത്തിന്‍റെ കളിവഞ്ചിയില്‍ യാത്ര ചെയ്യുന്ന രണ്ടു പേര്‍ക്കും പരസ്പരം അടുക്കാന്‍ അധികം സമയം വേണ്ടി വന്നില്ല. കുട്ടി അവന്‍റെ ബാഗില്‍ നിന്ന് ബിസ്കറ്റ് എടുത്തു പട്ടിക്കുട്ടിയ്ക്ക് കൊടുത്തു. അവന്‍ അത് കഴിച്ചു കഴിഞ്ഞപോഴേക്കും കുട്ടി തന്‍റെ കൈയിലുണ്ടായിരുന്ന പന്ത് അതിന്‍റെ നേര്‍ക്ക് ഉരുട്ടി വിട്ടു. പട്ടിക്കുട്ടി ആ പന്ത് കടിച്ചെടുത്ത് കുട്ടിയുടെ കാല്‍ക്കല്‍ കൊണ്ട് ചെന്നിട്ടു. പിന്നെ രണ്ടുപേരും കൂടി കളിച്ചു കളിച്ച് റോഡിലേക്കിറങ്ങി. എന്‍റെ തൊട്ടു മുന്നിലാണ് ഇപ്പോള്‍ അവരുടെ കളി. 


 എങ്ങോ മറഞ്ഞുപോയ ബാല്യകാലത്തിന്‍റെ ശേഷിപ്പുകള്‍ ഇന്നും മായാതെ സൂക്ഷിക്കുന്ന എന്‍റെ മനസ്സിന് അവരുടെ സൗഹൃദം വല്ലാത്തൊരു കുളിര്‍മ്മയേകി. അവരെ നോക്കിയിരുന്ന്‍ സമയം പോയതറിഞ്ഞില്ല. 


"രാഹുല്‍ വരൂ, നമുക്ക് പോകാം " , അവരുടെ കളിക്ക് ഭംഗം വരുത്തിക്കൊണ്ട് ആദ്യമെത്തിയത്‌ ആ ചെറുപ്പക്കാരനാണ്. അയാളുടെ കൈയും പിടിച്ചു  നടന്നു പോകുമ്പോഴും രാഹുല്‍ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ദൂരേക്ക് മറയുന്ന അവരെയും നോക്കി ആ പട്ടിക്കുട്ടി അവിടെത്തന്നെ  അനങ്ങാതെ ഇരുന്നു. അല്പം കഴിഞ്ഞപ്പോള്‍ ആ സ്ത്രീ എത്തി, പട്ടിക്കുട്ടിയെയും കൊണ്ട് അവരും അവരുടെ വഴിയെ പോയപ്പോഴും എന്‍റെ കഥയ്ക്ക് ഒരു ബീജവും ദാനം കിട്ടിയില്ല. 


പുതുതായി ഒന്നും ചെയ്യാനില്ലാത്ത, വിരസമായ തൊഴില്‍ ദിനങ്ങള്‍ മാത്രം തന്‍റെ സമ്പാദ്യത്തിന്‍റെ സഞ്ചിയില്‍ നിറച്ച്  എരിഞ്ഞൊടുങ്ങുന്ന    സൂര്യബിംബത്തിനു പോലും ഒരു ദിനാന്ത്യവും വ്യര്‍ത്ഥമായെന്നു തോന്നാറുണ്ടാവില്ല. ഭൗതിക നേട്ടങ്ങളുടെ കണക്കു പുസ്തകത്തില്‍ ഒന്നുമെഴുതിച്ചേര്‍ക്കാനായില്ലെങ്കിലും, ബാല്യത്തിന്‍റെ ഓര്‍മകള്‍ക്ക് ഉണര്‍വ്വേകിയ അപൂര്‍വ്വം ചില വൈകുന്നേരങ്ങളില്‍ ഒന്നായിരുന്നു അത്  എന്ന യാഥാര്‍ത്ഥ്യം, എന്‍റെ വ്യര്‍ത്ഥബോധത്തെ ഒഴുക്കിക്കളഞ്ഞു.

പിറ്റേ ദിവസം നേരത്തെ എത്തി അതേ സ്ഥലത്ത്   ഞാന്‍ സ്ഥാനം പിടിച്ചു. ചെറുതായി മഴ ചാറുന്നുണ്ടായിരുന്നു. ഇന്നെങ്കിലും കഥയ്ക്കുള്ള എന്തെങ്കിലും മനസ്സില്‍ ഉരുത്തിരിയും എന്ന വിശ്വാസത്തോടെ, വേനലിലെ വസന്തമായെത്തിയ ചാറ്റല്‍ മഴയുടെ ഭംഗി ആസ്വദിച്ച് കുട നിവര്‍ത്താതെ ഇരിക്കുകയായിരുന്നു ഞാന്‍.


നമ്മുടെ ലേഡി ഡയാന ഇന്ന് നേരത്തെ എത്തി എന്ന് തോന്നുന്നു.

പട്ടിക്കുട്ടി ഇന്നലത്തെ സ്ഥലത്ത് ഇരിപ്പുണ്ട്. ആരെയോ കണ്ടിട്ടെന്ന പോലെ അവന്‍റെ കണ്ണുകള്‍ തിളങ്ങി. അവന്‍ റോഡിലേക്ക് ഓടുകയാണല്ലോ!!!  എന്‍റെ സംശയത്തോടെയുള്ള നോട്ടം ദൂരെ നിന്ന് വരുകയായിരുന്ന രാഹുലില്‍ പതിഞ്ഞു. രാഹുല്‍ അവനെ വാരിയെടുത്തു കൊഞ്ചിക്കാന്‍ തുടങ്ങി. പതിവുപോലെ കൈയില്‍ കരുതിയ ബിസ്കറ്റ് പട്ടിക്കുട്ടിയുടെ വായില്‍ വച്ച് കൊടുക്കുമ്പോള്‍ അവന്‍റെ കണ്ണുകളില്‍ തെളിഞ്ഞ തിളക്കം ആ പട്ടിക്കുട്ടിയുടെ കണ്ണുകളിലതിന്‍റെ   പ്രതിഫലനം ആയിരുന്നു.

രാഹുല്‍ അവന്‍റെ കൈയിലുണ്ടായിരുന്ന മിനുസമായ തുണി കൊണ്ട് പട്ടിക്കുട്ടിയുടെ ദേഹത്തെ മഴത്തുള്ളികള്‍ തുടച്ചു കളയുമ്പോള്‍, സ്നേഹത്തിന്‍റെ ലിപികളില്ലാത്ത, ഭാഷയില്ലാത്ത ചലനങ്ങളില്‍ ആ കുഞ്ഞു പട്ടി രാഹുലിന്‍റെ ദേഹത്തേക്ക് ചേര്‍ന്നിരുന്നു.

ദിവസങ്ങള്‍ കഴിയുന്തോറും അവരുടെ കളികളിലും കുസൃതികളിലും കഥയുടെ കാര്യം ഞാന്‍ മറന്നേ പോയി.. വൈകുന്നേരങ്ങളില്‍ അവരെക്കാണാനായി ഞാന്‍ ജോഗേഴ്സ് ലെയിനില്‍ മുടങ്ങാതെ എത്തി. ഈയിടെയായി ജോഗേഴ്സ് ലെയിനില്‍ സന്ദര്‍ശകരുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും നമ്മുടെ കൂട്ടുകാര്‍ അവരുടേതായ സ്ഥലം കണ്ടെത്തി കളങ്കമില്ലാത്ത സ്നേഹത്തിന്‍റെ വക്താക്കളായി തുടര്‍ന്നു.

ഇന്ന് രണ്ടു മാസം കഴിഞിരിക്കുന്നു ഇവിടെ സ്ഥിരമായി വരാന്‍ തുടങ്ങിയിട്ട്. ഇതിനിടയ്ക്ക് ഞാന്‍ അവരുടെ സുഹൃത്തായി മാറിയിരുന്നു. പതിവുപോലെ ഞാനും പട്ടിക്കുട്ടിയും രാഹുലിനെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മണിക്കൂര്‍ ഒന്ന് കഴിഞ്ഞു. അവന്‍ വന്നില്ല. പപ്പി എന്‍റെ കാലില്‍ ചേര്‍ന്ന് ദൂരേക്ക് നോക്കിക്കിടന്നു. ജിം ടൈം കഴിഞ്ഞപ്പോള്‍, ആ ലേഡി തിരികെ വന്ന്, പപ്പിയുടെ ചെയിന്‍ പിടിച്ച് അവനെയും വലിച്ചുകൊണ്ട് അകലേയ്ക്ക് മറഞ്ഞു. 


അന്നു രാത്രി അത്താഴം കഴിഞ്ഞിരിക്കുമ്പോള്‍ എന്‍റെ മനസ്സില്‍ ഒരു ചിത്രം തെളിഞ്ഞു.... ആ പട്ടിക്കുട്ടിയുടെയും രാഹുലിന്‍റെയും.... എന്തുകൊണ്ട് അവരുടെ കഥ എഴുതിക്കൂടാ!!! ഒരു ഔട്ട്‌ലൈന്‍ വരച്ചിട്ടു... ടൈറ്റില്‍ കിട്ടുന്നില്ല....സാരമില്ല, നാളെ നോക്കാം...
പിറ്റേ ദിവസവും ഞങ്ങള്‍ ജോഗേഴ്സ് ലെയിനില്‍ കാത്തിരുന്നു... രാഹുല്‍ വന്നില്ല. ദിവസങ്ങള്‍ കഴിയുന്തോറും ആ പട്ടിക്കുട്ടിയുടെ പ്രസരിപ്പും കുസൃതിയുമൊക്കെ നഷ്ടപ്പെട്ടു. അവന്‍ മൂകമായി എന്നും രാഹുലിന്‍റെ വരവും കാത്തിരുന്നു...


കഥ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നറിയാതെ ഇരിക്കുമ്പോഴാണ് എനിക്ക് ട്രാന്‍സ്ഫര്‍ കിട്ടുന്നത്. പുതിയ ജോലി സ്ഥലം... തിരക്കുകള്‍... ജീവിതം വീണ്ടും യാന്ത്രികമായി മാറി...രാഹുലും ആ പട്ടിക്കുട്ടിയും വീണു കിട്ടുന്ന ഒഴിവുസമയങ്ങളില്‍ എന്‍റെ ചിന്തകളെ ജോഗേഴ്സ് ലെയ്നില്‍ എത്തിച്ചു... 



നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് തിരിച്ചെത്തുമ്പോള്‍, ജോഗേഴ്സ് ലെയിനും തിരക്കിന്‍റെ കേന്ദ്രമായി മാറിക്കഴിഞ്ഞിരുന്നു. മരങ്ങളെല്ലാം ഇലപൊഴിച്ച് നില്‍ക്കുന്ന ഒരു ശരത്കാലമായിരുന്നു അത്. വൃത്തിയാക്കാന്‍ ആരുമില്ലാത്തപോലെ റോഡിലും നടപ്പാതയിലും കരിയിലകള്‍ നിറഞ്ഞു കിടന്നു. വഴിയോരത്തെ നിറം മങ്ങിയ ബഞ്ചുകളിലൊന്നില്‍ , ഇലകള്‍ തൂത്തുമാറ്റി ഞാനിരുന്നു. കണ്‍മുന്നില്‍ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ആ ദൃശ്യം, ഓടിയോടി കേടായ ഫിലിമിന്‍റെ  റോളില്‍ എന്ന പോലെ തെളിഞ്ഞു... 


അത് ആ ലേഡി അല്ലെ!!! അല്പം തടിച്ചിട്ടുണ്ട് എന്നല്ലാതെ മാറ്റമൊന്നുമില്ല അവര്‍ക്ക്. എല്ലും തോലുമായ ഒരു പട്ടി അവരുടെ കൂടെ നടക്കുന്നുണ്ട്. അവര്‍ അതിനെ ചീത്ത പറഞ്ഞ് ഓടിക്കാന്‍ ശ്രമിക്കുന്നുണ്ട്. ആ പട്ടിയുടെ കാലിലും കഴുത്തിലും ഉള്ള മുറിവുകളില്‍ ഈച്ചകള്‍ സ്വൈരവിഹാരം  നടത്തുന്നുണ്ടായിരുന്നു. 
എന്നെയും കടന്നു ആ സ്ത്രീ പോയപ്പോള്‍, ആ പട്ടി എന്‍റെ കണ്ണുകളിലേക്ക് നോക്കി അല്‍പനേരം നിന്നു; എന്നിട്ട് അടുത്തുള്ള വേസ്റ്റ് കുട്ടയില്‍ നിന്ന്‌ എന്തൊക്കെയോ ചികഞ്ഞെടുത്തു തിന്നാന്‍ തുടങ്ങി.  അതില്‍ നിന്നും ഒന്നും ഇനി കിട്ടാനില്ല എന്ന് തോന്നിയപ്പോഴാനെന്നു തോന്നുന്നു അവന്‍ എന്‍റെ  അടുത്തുള്ള ബഞ്ചിനടിയില്‍ വന്ന് കിടന്നു.  വിശപ്പിന്‍റെ വിളി പറഞ്ഞറിയിക്കും  വിധം അവന്‍റെ എല്ലുകള്‍ പുറത്തേയ്ക്ക് തള്ളി നിന്നു. ദൂരേയ്ക്ക് നീളുന്ന അവന്‍റെ കണ്ണുകളില്‍ പ്രതീക്ഷയുടെ തെളിച്ചം ഇന്നും മങ്ങാതെ നില്‍ക്കുന്നത് കണ്ടപ്പോള്‍ എനിക്കുറപ്പായി, അത് പണ്ടത്തെ ആ പട്ടിക്കുട്ടിയാണെന്ന്.

കൈയില്‍ കരുതിയിരുന്ന ചപ്പാത്തിയും കറിയും ഞാന്‍ അവന്‍റെ മുന്നിലേക്ക് വച്ച് കൊടുത്തു. ആര്‍ത്തിയോടെ അത് മുഴുവന്‍ തിന്നശേഷം നന്ദിയോടെ അവന്‍ എന്നെ നോക്കി നിന്നു. ദേഹത്തെ മുറിവുകളും, മനുഷ്യനേക്കാളും നായ്ക്കള്‍ക്ക് ഉണ്ടെന്നു പറയുന്ന വകതിരിവും കൊണ്ടാകാം അവന്‍ എന്നില്‍ നിന്നും അകന്നു നിന്നു.

പിന്നീടുള്ള ദിവസങ്ങളില്‍ ഞാന്‍ അവനു വേണ്ടി ആഹാരം കരുതാന്‍ തുടങ്ങി. പരിചയക്കാരനായ ഒരു ഡോക്ടറില്‍ നിന്നും അവന്‍റെ മുറിവില്‍ പുരട്ടാനുള്ള മരുന്നും വാങ്ങിയാണ് ഞാന്‍ അന്നു ജോഗേഴ്സ് ലെയിനില്‍ എത്തിയത്. അങ്ങോട്ടും ഇങ്ങോട്ടും എന്തിനെന്നറിയാതെ പോകുന്ന ആള്‍ക്കാര്‍ക്കിടയില്‍ തന്‍റെ കളിക്കൂട്ടുകാരനെയും കാത്തിരിക്കുന്ന അവനെ ഞാന്‍ കണ്ടു. ദൂരെ നിന്നെ അവന്‍ എന്നെ കണ്ടെന്നു തോന്നുന്നു. അവന്‍ എന്‍റെ നേര്‍ക്കല്ലല്ലോ നോക്കുന്നത്!!! അവന്‍റെ നോട്ടത്തെ പിന്തുടര്‍ന്ന ഞാന്‍ കണ്ടത് നമ്മുടെ പഴയ സുമുഖനായ ചെറുപ്പക്കാരനെയാണ്. ആ സ്ത്രീയെപ്പോലെ അയാള്‍ക്കും വലിയ മാറ്റമൊന്നുമില്ല. കൂടെ ഒരു പയ്യനുമുണ്ട്. ഹെഡ്സെറ്റില്‍ പാട്ടും കേട്ട് ചുറ്റുപാടും മറന്ന്‌ നടക്കുകയായിരുന്നു അവന്‍. അത് രാഹുല്‍ അല്ലെ!!! അല്പം പൊക്കം വച്ചിട്ടുണ്ട്... പഴയ കുട്ടിത്തം ഒക്കെ നഷ്ടമായി, ശരിക്കും ഒരു നഗരസന്തതി...

 


നമ്മുടെ പട്ടി ഓടിവന്നു രാഹുലിന്‍റെ കാലുകളില്‍ ഉരുമ്മാന്‍ തുടങ്ങി. ആ ചെറുപ്പക്കാരന്‍ അതിനെ ഓടിക്കാന്‍ നോക്കുമ്പോള്‍ അത് വകവയ്ക്കാതെ രാഹുല്‍ അവനെ വാരിയെടുത്തു. പ്രായോഗികമായ ദൂരം മനസ്സിനില്ലാത്തത് കൊണ്ട് എനിക്കിപ്പോള്‍ ആ പട്ടിയുടെ മനസ്സറിയാന്‍ കഴിയും. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കളിക്കൂട്ടുകാരന്‍ തന്നെ തിരിച്ചറിഞ്ഞതിന്‍റെ സന്തോഷം അവന്‍റെ കണ്ണുകളില്‍ നിന്നും നീര്‍ത്തുള്ളികളായി ഒഴുകി. മൃഗങ്ങളും കരയുമോ!!! എന്നോ നഷ്ടമായ സൗഹൃദത്തിന്‍റെ തിരിച്ചു വരവില്‍ സമാധാനിച്ച്‌ അവന്‍ രാഹുലിന്‍റെ നെഞ്ചോട് ചേര്‍ന്ന് കണ്ണുകളടച്ച്‌ കിടന്നു.

രാഹുല്‍ എങ്ങോട്ടാണ് പോകുന്നത് !!! ഒരു ചെറിയ വാനിനടുത്തെക്കാണ് അവന്‍ പോയത്... അതിനടുത്തു നിന്ന രണ്ടു പേരോട് അവന്‍ എന്തോ സംസാരിക്കുന്നുണ്ടായിരുന്നു. അവര്‍ വാനിന്‍റെ, അഴികള്‍ കൊണ്ട് തീര്‍ത്ത ബാക്ക്ഡോര്‍ തുറന്നു കൊടുത്തു. രാഹുല്‍ പട്ടിയെ വാനിനുള്ളിലേക്ക്  കിടത്തി, ഡോര്‍ അടച്ചു. 



വാന്‍ മുന്നോട്ട് ചലിച്ചു തുടങ്ങുമ്പോള്‍ വണ്ടിയുടെ കുലുക്കത്തില്‍ കണ്ണുതുറന്ന ആ പട്ടി, അഴികള്‍ക്കിടയില്‍ക്കൂടി തന്നില്‍ നിന്നകന്നു പിന്തിരിഞ്ഞു നടക്കുന്ന കൂട്ടുകാരനെ നോക്കി നിസ്സഹായനായി നിന്നു. പരാതിയോ പരിഭവമോ എന്താണ് ആ കണ്ണുകളില്‍ നിറഞ്ഞത്‌ എന്ന് ഇത്ര ദൂരെ നിന്നു എനിക്ക് കാണാന്‍ കഴിയില്ല എങ്കിലും, മുന്നേ കണ്ട സന്തോഷത്തിന്‍റെ അശ്രുക്കള്‍ തിരിച്ചറിവിന്‍റെ  നോവില്‍ ഇടകലര്‍ന്നൊഴുകുന്നുണ്ടാകുമെന്നു നിസ്സംശയം പറയാം.

എന്‍റെ മേധയില്‍ ഇരുള്‍ നിറഞ്ഞു... മുറിവുണക്കാന്‍ കരുതിയ മരുന്നുകളെ താങ്ങാനുള്ള കരുത്ത് എന്‍റെ കൈകള്‍ക്ക് നഷ്ടമാകുന്നു. ദൂരെ, തെരുവ് നായ്ക്കളെ പിടിക്കുന്ന, മുനിസിപ്പാലിറ്റി വാഹനത്തിന്‍റെ പുകയടങ്ങുമ്പോള്‍, അര്‍ഹിക്കുന്ന മനുഷ്യത്വം യാചിക്കാത്ത ആ ജീവിയുടെ നോവ് ഞാനും ചൂഷണം ചെയ്യുന്നു... എന്‍റെ കഥയ്ക്കായ്....


 

Feb 16, 2013

ഘടികാരം നിലയ്ക്കുമ്പോള്‍


ഇന്നെന്‍റെ ഘടികാരം നിലയ്ക്കുമ്പോഴും
സമയരഥം ഉരുണ്ടുകൊണ്ടെയിരിക്കുന്നു...
പുതിയ യാത്രക്കാരുമായി അതിവേഗം
അനേക കാതം എന്നെയും പിന്നിലാക്കി...



 
















ഒപ്പമെത്താനുള്ള ഓരോ ശ്രമവും
തകര്‍ക്കപ്പെടുന്നു നിര്‍ദ്ദയമെങ്കിലും
ഓടാത്ത പല്‍ചക്രങ്ങളും രണ്ടിടങ്ങളില്‍
 
ദിനവും പ്രവചിക്കുന്നു കൃത്യസമയം ...

കണ്ടു മടുത്തു ഭൂതക്കണ്ണാടികളുടെ
തുരന്നെടുക്കുന്ന  നോട്ടവും ചോദ്യവും...
മിടിപ്പ് നിന്ന
ജീവനറ്റ സൂചികള്‍
മയങ്ങിക്കിടക്കുന്നു ഒരു കോണില്‍...

ടിക്ക്... ടിക്ക്... ഇനിയില്ല പ്രദക്ഷിണം
കൃത്യനിഷ്ഠയില്ലാത്ത ജീവിതത്തിന്
സമയബന്ധിതമായ ഒരു അവസാനം
കല്പിച്ചു കാലപാശവും കരുണം ....

അതിരാത്രത്തിന് മഴയെത്തിക്കാന്‍
എരിഞ്ഞു തീരുന്ന ഹവിസ്സുപോലെ...
ഉരുകുന്നു നിഷേധ്യമീ   ജീവിതം
സമം പുകയുന്നു ദര്‍ഭയും ജീവനും...

പല ആവേഗത്തില്‍ ചില കടമ്പകള്‍
അതിലൊരു നാഴികക്കല്ലായി മരണം...
ക്ഷണിക്കുന്നു എന്നെ  സഹര്‍ഷം
നന്ദി.... ഞാനും വരുന്നു.. ഒരു നിമിഷം...

Feb 6, 2013

അനുപദം - ഭാഗം 3


ഒരു യാത്രയ്ക്ക് ഒരുങ്ങിയിട്ട് വഴി മറന്നപോലെ, എന്തൊക്കെയോ പറയാന്‍ തുടങ്ങുകയായിരുന്ന അമ്മൂമ്മ പെട്ടെന്ന് ഒരു മൗനത്തിന്‍റെ മൂടുപടം എടുത്തുപുതച്ചുറക്കമായി... ഉറക്കം പഴയപോലെ ഒളിച്ചുകളി തുടര്‍ന്നപ്പോള്‍, ജോലിഭാരം ഏറിയത് മനസ്സിനാണ്‌... ഓര്‍മ്മകളെ ചികയാന്‍ വിട്ട മനസ്സ് കടിഞ്ഞാന്‍ വിട്ട പട്ടം പോലെ പാറി നടന്നു ക്ഷീണിച്ചെപ്പോഴാണ് മയങ്ങിപ്പോയതെന്നറിഞ്ഞില്ല. അമ്മൂമ്മ വന്നു തട്ടി വിളിച്ചപ്പോഴാണ് നേരം പുലര്‍ന്നിട്ടു  ഒരുപാടായെന്നറിഞ്ഞത്. വളരെ നിശബ്ദമായ ഒരു പ്രഭാതം... ആ  മൂകതയെ കീറിമുറിച്ച് കൊണ്ട് കുറുകുന്ന കാകന്മാരുടെ യാത്ര ദുസ്സൂചനകളുടെ വിളംബരം പോലെ തോന്നിച്ചു. ഇനിയും ഉറക്കം വിട്ടു മാറാത്ത കണ്ണുകള്‍ വലിച്ചു തുറന്ന് പ്രഭാതകൃത്യങ്ങള്‍ പൂര്‍ത്തിയാക്കി. പുട്ടും കടലയും ചൂട് ചായയും നോക്കി ചിരിച്ചെങ്കിലും ഞങ്ങള്‍ രണ്ടു പേര്‍ക്കും ഒന്നും കഴിക്കാനായില്ല; കാരണങ്ങള്‍ വ്യത്യസ്തമായിരുന്നെകില്‍ പോലും. ചായ മാത്രം കുടിച്ച്, ഞങ്ങള്‍ പോയത് നിഗൂഢതയുടെ   ആ താഴ്വരയിലേക്ക് ആയിരുന്നുവെന്ന് എനിക്ക് മനസ്സിലായത് അവിടെത്തുമ്പോള്‍ മാത്രമാണ് .


രാത്രിയിലെ മഴയില്‍ ചെളികെട്ടിയ നടവഴിയിലെ കാല്‍പ്പാടുകളുടെ അനാലിസ് രസകരമായിരുന്നു. മുന്നിലേക്ക് പോയവരില്‍ പലരും തിരികെ വന്നിട്ടില്ല. ഇത്രയേറെ പദബന്ധിയായ എന്താണ് ആ താഴ്വാരത്തില്‍ കാത്തിരിക്കുന്നത്?; കൗതുകത്തെക്കാള്‍ എന്നില്‍ അസ്വസ്ഥത നിറച്ച ചോദ്യം, ഉത്തരം തേടി എന്‍റെ കാലുകളെ അതിവേഗം അങ്ങോട്ടേക്ക് ചലിപ്പിച്ചു. 

മുകളില്‍ നിന്നുള്ള കാഴ്ച്ച സിനിമകളിലെ സ്ഥിരം  ക്രൈം സീനുകളില്‍ നിന്നും വ്യത്യസ്തമായിരുന്നില്ല. ആള്‍ക്കൂട്ടം...പോലീസ് ജീപ്പ്. . . ആംബുലന്‍സ്... എല്ലായിടവും അരിച്ചു പെറുക്കി പരിശോധിക്കുന്ന കാക്കിവേഷക്കാര്‍... വട്ടമിട്ടു പറന്നു നടക്കുന്ന പരുന്തും ഊഴം കാത്തിരിക്കുന്ന കഴുകന്മാരും... താഴെ എത്തുമ്പോഴേക്കും അപ്പൂപ്പന്‍ ഞങ്ങളെ തടഞ്ഞു; "അങ്ങോട്ട്‌ പോകണ്ട,  അത്ര സുഖകരമായ കാഴ്ചയല്ല മുന്നിലുള്ളത്" എന്നിട്ട് അമ്മൂമ്മയോട് ദേഷ്യത്തോടെ പറഞ്ഞു " എന്തിനാ ഈ കുട്ടിയെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നത്?"

 കൂടിനിന്ന തലകള്‍ക്കിടയില്‍ക്കൂടി  വളരെ കഷ്പെട്ടു എന്‍റെ ആകാംക്ഷക്ക് ഞാന്‍ ചോറൂട്ടി... ദൂരെയായി സ്ട്രെച്ചറില്‍, ഏതോ ഒരാള്‍ തുണിയും മൂടി കാലും പുറത്ത് കാണിച്ചുറങ്ങുന്നുണ്ടായിരുന്നു . സാമാന്യബോധത്തിന്‍റെ പ്രാഥമികതലം എങ്കിലും പാസായ ഏതൊരാള്‍ക്കും മനസിലാകും അത് ഒരു മൃതദേഹമാണെന്ന്. നെഞ്ചിനടുത്തായി തുണിയില്‍ ചോരപ്പാടുകള്‍ തെളിഞ്ഞു കാണാം. ഒരു ശവത്തിനടുത്ത് മറ്റൊരു ശവമെന്നപോലെ ഒരു സ്ത്രീ ഇരിക്കുന്നുണ്ടായിരുന്നു; തൊട്ടടുത്തായി നിഷ്കളങ്കമായി ചിരിക്കുന്ന 2 - 3 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ആണ്‍കുട്ടിയും. ആ സ്ത്രീയുടെ നോട്ടം ചോരപ്പാടുകളില്‍ തറച്ചു കയറുന്നുണ്ടായിരുന്നു. അധികം കഴിയും മുന്‍പ് പോലീസിന്‍റെ നിര്‍ദ്ദേശപ്രകാരം ഡെഡ്ബോഡി   ആംബുലെന്‍സിലേക്ക് എടുത്തു. എന്നിട്ടും ആ സ്ത്രീ അതെ ഇരിപ്പ് തുടര്‍ന്നു.

ആരൊക്കെയോ വന്നു അവരെ പിടിച്ചെഴുന്നെല്‍പ്പിച്ചു അവിടെ നിന്ന്‌ കൊണ്ട് പോകാന്‍ ശ്രമിച്ചു. രണ്ടു പേരുടെ തോളില്‍ താങ്ങി സ്ഥലകാലബോധം  നഷ്ടപെട്ട പോലെ ആ സ്ത്രീ എഴുന്നേറ്റ് നടന്നു. എന്താണ്  ചുറ്റുപാടും നടക്കുന്നതെന്ന് അറിയാതെ  സാരിത്തുമ്പില്‍ തൂങ്ങി  ആ കുഞ്ഞും അവരെ പിന്തുടര്‍ന്നു. എന്തൊരു ഓമനത്തം ഉള്ള കുഞ്ഞ്. അവന്‍റെ മുഖത്തു നിന്ന് കണ്ണെടുക്കാന്‍ തോന്നുന്നില്ല. എവിടെയോ കണ്ടു മറന്ന മുഖം പോലെ. എന്നെയും
കടന്നു മുന്നിലേക്ക് പോയ ആ പാദങ്ങള്‍ പെട്ടെന്ന് നിശ്ചലമായി... പിന്‍തിരിഞ്ഞു എന്‍റെ മുഖത്തേക്ക് ഉറ്റു നോക്കിയ ആ കണ്ണുകളിലെ ഭാവം അനിര്‍വ്വചനീയമായിരുന്നു. ദൈന്യതയാണോ  അതോ രോഷമോ അതുമല്ലെങ്കില്‍ ഭയമോ; എനിക്ക് വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞില്ല. പെട്ടെന്ന് പരിസരബോധം തിരിച്ചു കിട്ടിയപോലെ  അവര്‍ കുഞ്ഞിനെ വാരിയെടുത്തു മാറോട് ചേര്‍ത്ത്, ധൃതിയില്‍ നടക്കാന്‍ തുടങ്ങി. നടക്കുക എന്ന് പറയുന്നതിനേക്കാള്‍ ഓടുക എന്ന വിശേഷണമാണ് കൂടുതല്‍ ചേരുക. അമ്മയുടെ തോളില്‍ കിടന്നും ആരിലും വാത്സല്യം നിറയ്ക്കുന്ന പുഞ്ചിരിയോടെ, ആ കുഞ്ഞ് എന്നെത്തന്നെ നോക്കുന്നുണ്ടായിരുന്നു .

ആ സ്ത്രീയുടെ ഭാവമാറ്റം ചുറ്റും കൂടി നിന്നവരിലേക്കും പകര്‍ച്ചവ്യാധി പോലെ പടര്‍ന്നു. ഇത്രയും സമയം ഞാന്‍ അദൃ
ശ്യയായിരുന്നോ!!!;  അപ്പോഴാണ്‌ ആള്‍ക്കാര്‍ എന്നെ ശ്രദ്ധിച്ചത് എന്ന് എനിക്ക് മനസ്സിലായി. അമ്മൂമ്മ എന്‍റെ കൈയും പിടിച്ചു വേഗത്തില്‍ തിരികെ നടക്കാന്‍ തുടങ്ങി. വഴി വക്കില്‍ കൂട്ടം കൂടി നിന്നവരുടെയും  എതിരെ വന്നവരുടെയും എല്ലാം നോട്ടം എന്‍റെ നേര്‍ക്കായിരുന്നു. കുന്തമുനകള്‍ പോലുള്ള നോട്ടങ്ങളെ അതിജീവിച്ച് എങ്ങനെയോ വീട്ടിലെത്തി.

വേഷം പോലും മാറാതെ കട്ടിലില്‍ കിടന്നു. എന്‍റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. എന്തിനാണ് ഞാനിപ്പോള്‍ കരയുന്നത് !!! എനിക്കെന്താണ് സംഭവിക്കുന്നത് !!! എന്ത് കൊണ്ടാണ് ഞാന്‍ ഇങ്ങനെ അസ്വസ്ഥയാകുന്നത് !!!


"ഒന്നുറക്കെ കരഞ്ഞോളൂ, അല്പം ആശ്വാസം കിട്ടും" അമ്മൂമ്മ പറഞ്ഞത് കേട്ടപ്പോള്‍ അരിശം ആണ് വന്നത്. ഇവരെന്തറിഞ്ഞിട്ടാണ്  ഈ പറയുന്നത് !!! ഞാനെന്തിനു കരയണം !!!

അര്‍ക്കന്‍റെ ആട്ടവിളക്കില്‍ തിരി മങ്ങിയും തെളിഞ്ഞും കത്തി. മദ്ധ്യാഹ്നം ആയതും നിഴലിനു നീളം കൂടിയതും ഒന്നും ഞാനറിഞ്ഞില്ല. അപ്പൂപ്പന്‍ ഇടക്കെപ്പോഴോ വന്നു ഊണ് കഴിച്ചു പോയി. ആഹാരം കഴിക്കാനൊന്നും തോന്നിയില്ല, വിശപ്പെന്താണെന്നറിയാത്ത ആ പകല്‍ എരിഞ്ഞൊടുങ്ങിയപ്പോള്‍, കടന്നുവന്ന അന്ധകാരത്തിന് നേര്‍ക്ക് പടിയടക്കാനായി ആ വീട്ടിലാരും തിരി തെളിച്ചില്ല.


"മോളെ ഒന്നെഴുന്നേറ്റെ, സന്ധ്യ സമയത്ത് കിടക്കുന്നത് നല്ലതല്ല" അവരുടെ വാക്കുകളില്‍,  അനുസരണയുള്ള ഒരു കുഞ്ഞാടിനെപ്പോലെ ഞാന്‍ എഴുന്നേറ്റ് ചുമരും ചാരി ഇരുന്നു. എന്‍റെ അന്വേഷണമൊന്നും ഇല്ലാതെ തന്നെ അവര്‍ പറയാന്‍ തുടങ്ങി... "മാഷിന്‍റെ ഡെഡ് ബോഡി മോര്‍ച്ചറിയില്‍ ആണ്. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞിട്ടില്ല. പോലീസ്  അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൊലപാതകം ആണെന്നാണ്‌ ആദ്യ നിഗമനം. ആരാണ് ആ ക്രൂരത ചെയ്തതെങ്കിലും, അയാളുടെ മനക്കട്ടി അപാരം തന്നെ. നെഞ്ചില്‍ പലതവണ കത്തി കൊണ്ട് കുത്തി മുറിവേല്‍പ്പിച്ചിട്ടുണ്ട്. നെഞ്ചിന്‍കൂട് പൊളിച്ചു ഹൃദയം പുറത്തെടുക്കാന്‍ ശ്രമിച്ചപോലെ തോന്നും കണ്ടാല്‍"....


അവരുടെ വിവരണം കേട്ടിട്ട് എന്‍റെ ഉള്ള ബോധം കൂടി പോകുമെന്ന് തോന്നി; തലയ്ക്കുള്ളിലെ കടന്നല്‍ക്കൂടിനിട്ട് വീണ്ടുമാരോ കല്ലെറിഞ്ഞു.  "മാഷ് അയാളോട് എന്ത് തെറ്റ് ചെയ്തിട്ടാണോ ആവോ, ഇത്രയും മൃഗീയമായി മാഷിനെ കൊലപ്പെടുത്തിയത്!!!  അയാള്‍ക്ക് മാഷോട് തീര്‍ത്താല്‍ തീരാത്ത എന്തെങ്കിലും പക ഉണ്ടായിരുന്നിരിക്കണം" അമ്മൂമ്മ തുടര്‍ന്നു.


ശരിയാണ് ഇവരുടെ വാക്കുകളില്‍ നിന്ന് ഞാന്‍ മനസിലാക്കിയിടത്തോളം, ഈ മാഷ്‌  സഹായിയായ സന്മനസ്സുള്ള ഒരു വ്യക്തിയാണ്, പിന്നെന്തുകൊണ്ട്  അദ്ദേഹം കൊല്ലപ്പെട്ടു !!!


എന്‍റെ ചിന്തകള്‍ക്ക് ഇടംകൊലിട്ടു കൊണ്ട് അമ്മൂമ്മ പറഞ്ഞു "നമുക്ക് മാഷിന്‍റെ വീട് വരെ ഒന്ന് പോകാം. പാവം ഉമ മോള്‍..., അവളെ ഒന്ന് കാണണം...അപ്പൂപ്പന്‍ അവിടെയ്ക്ക് വരാമെന്ന് പറഞ്ഞിട്ടുണ്ട്"


മുടി കെട്ടി വച്ച്, മുഖം കഴുകി ഉമ്മറത്തേയ്ക്കിറങ്ങി.  ആ മന്ത്രവാദമുറിയുടെ മുന്നിലെത്തിയപ്പോള്‍ ആരോ അടുത്ത് നില്‍ക്കുന്നത്പോലെ തോന്നി. ഒരു അദൃശ്യ സാന്നിധ്യം. എന്‍റെ ഹൃദയമിടിപ്പിന്‍റെ താളം തെറ്റുന്നല്ലോ!!! സുഖകരമായ ഒരു അസ്വസ്ഥത.... മധുരമായ ഒരു വീര്‍പ്പുമുട്ടല്‍... മനസ്സാഗ്രഹിക്കുന്ന ഒരാളുടെ സാമീപ്യം... അന്വേഷണ കുതുകിയായ എന്‍റെ ദൃഷ്ടി കുറ്റാക്കുറ്റിരുട്ട് നിറഞ്ഞ മുറിയില്‍ ലക്‌ഷ്യം കാണാത്ത ബൂമറാംഗിനെപ്പോലെ  തിരിച്ചെത്തി. 

ടോര്‍ച്ചു മിന്നിച്ച് ഞങ്ങള്‍ ഉമയുടെ വീട്ടിലേക്ക് പുറപ്പെട്ടു. മരണത്തിന്‍റെ പ്രവാചകന്‍മാരായ നായ്ക്കളുടെ ഓരിയിടല്‍ നാല് ദിക്കിലുമുയരുന്നുണ്ടായിരുന്നു. ഒരു ഓടിട്ട വീടിനു മുന്നിലെത്തി ഞങ്ങള്‍. CFL -ന്‍റെ വെളിച്ചം നിറഞ്ഞു നിന്ന ആ വീടിലേക്ക്‌ പക്ഷെ വൈദ്യുതി എത്തിക്കുന്ന പോസ്റ്റുകള്‍ ഒന്നും വഴിനീളെ കണ്ടില്ലായിരുന്നു!!! മുറ്റത്ത് 3 - 4 പുരുഷന്മാര്‍ വട്ടം കൂടി നില്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങളെത്തിയത് അറിഞ്ഞപോലെ രണ്ടു സ്ത്രീകള്‍ വീടിനു പുറത്തേയ്ക്ക് വന്നു. "ജാനുവമ്മ വന്നല്ലോ... ഞങ്ങള്‍ രാവിലെ വന്നതാണ്... ഒന്ന് വീട്ടിലേക്ക് പോയ്‌ വരാം ... " എന്ന് പറഞ്ഞ് മറുപടി കാക്കാതെ അവര്‍ പുറത്തെ ഇരുട്ടിലേക്ക് മറഞ്ഞു.

അത്രയും നേരം ഉമ്മറത്ത് ഞങ്ങളെ നോക്കി നില്‍ക്കുകയായിരുന്ന കുട്ടി എന്‍റെ അടുത്തേയ്ക്ക് ഓടി വന്നു, രണ്ടു കൈ കൊണ്ടും എന്‍റെ കാലുകളില്‍ ചുറ്റിപ്പിടിച്ചു. നേരത്തെതില്‍ നിന്നും വ്യത്യസ്തമായ എന്നാല്‍ അതിലേറെ സുഖമുള്ള ഒരു അനുഭവം... അവനെ വാരിയെടുത്തു നെഞ്ചോട് ചേര്‍ത്ത് മുഖം നിറയെ ഉമ്മകള്‍ കൊണ്ട് നിറച്ചു. കന്നുകുട്ടിയെ കാണുമ്പോള്‍ അകിട് നിറഞ്ഞു പാല്‍ ചുരത്താന്‍ വെമ്പുന്ന പശുവിന്‍റെ അവസ്ഥ പോലെ എന്നില്‍ ഉറങ്ങിക്കിടന്ന മാതൃത്വമെന്ന വികാരം, അവന്‍റെ നിഷ്കളങ്കത നിറഞ്ഞ ചിരിയില്‍ പുനര്‍ജ്ജനിക്കുകയായിരുന്നോ!!! എന്‍റെ ഓര്‍മ്മകളില്‍ എന്നെങ്കിലും ഞാന്‍ ഒരു അമ്മയായിരുന്നോ???
എന്നോട് പറ്റിച്ചേര്‍ന്നു കിടന്ന അവന്‍റെ തലമുടിയില്‍ ഞാന്‍ പതിയെ തലോടിക്കൊണ്ടിരുന്നു. ശാന്തമായുറങ്ങുന്ന അവന്‍റെ മുഖത്തു നിന്ന് കണ്ണുകളെടുക്കാനാകാതെ ഞാനങ്ങനെ നിന്നു... "അല്ല ഇത്രനേരം പിണങ്ങി നിന്നവന്‍ ഇപ്പൊ ഉറക്കമായോ!!! മോളോട് അവന്‍ വേഗം ഇണങ്ങിയല്ലോ!!! അകത്തു കൊണ്ടുപോയി കിടത്തിക്കോളൂ... ഉമ ഒന്നും കഴിച്ചിട്ടില്ല... നമുക്ക് ഒന്ന് പറഞ്ഞ് നോക്കാം എന്തേലും കഴിക്കാന്‍"

ഉയരമുള്ള പടികള്‍ കയറി അകത്തെ മുറിയിലെത്തിയപ്പോള്‍ ഞാന്‍ കണ്ടത് മുടിയുലഞ്ഞ്, കണ്ണുകള്‍ കലങ്ങി, നിശബ്ദയായി കിടക്കുന്ന ഒരു സ്ത്രീയെ ആണ്.

"മോളെ ഉമേ " ജാനുവമ്മയുടെ ശബ്ദം കേട്ട അവള്‍ തല പൊക്കി.  "ജാനുവമ്മേ .. . " ഉമ കരയാന്‍ തുടങ്ങി. ഞാന്‍ മുന്നിലേക്ക് വന്നു മോനെ കട്ടിലില്‍ കിടത്താന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ് ഉമ എന്നെ ശ്രദ്ധിച്ചതെന്നു തോന്നുന്നു. അവളുടെ ഭാവമാറ്റം പെട്ടെന്നായിരുന്നു. ഓടിവന്ന് മോനെ എന്നില്‍ നിന്നും വലിച്ചെടുത്തുകൊണ്ട് അവള്‍ അലറുകയായിരുന്നു "തൊട്ടു പോകരുതെന്‍റെ കുഞ്ഞിനെ.... ഇവനെക്കൂടി എനിക്ക് നഷ്ടപ്പെടുത്തരുത്.. എന്നോടല്പം ദയ കാണിക്കൂ" 

മോനുണര്‍ന്നു എന്നെ നോക്കി കരയാന്‍ തുടങ്ങി. എനിക്കവനെ എടുത്ത് ആശ്വസിപ്പിക്കണമെന്നുണ്ടായിരുന്നു. എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി... എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല എന്‍റെ സാന്നിധ്യം ഉമയെ  എന്തുകൊണ്ടാണ് ഇത്രയേറെ അസ്വസ്ഥയാക്കുന്നതെന്ന്!!! ഇത്രമാത്രം എന്നെ വെറുക്കാന്‍ എന്ത് തെറ്റാണ് ഞാന്‍ ഇവരോട്  ചെയ്തത് !!! ജാനുവമ്മ ഉമയെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നെക്കുറിച്ച് അവര്‍ മറന്നുപോയ പോലെ. ഈ വലിയ ലോകത്ത് ഞാന്‍ ഒറ്റയ്ക്കായതു പോലെ....

സങ്കടം സഹിക്കാന്‍ കഴിയാതെ കരഞ്ഞുകൊണ്ട് ഞാന്‍ പുറത്തേയ്ക്ക് ഓടി. ഉമ്മറത്തെ തൂണില്‍ മുഖമമര്‍ത്തി എത്ര നേരം അങ്ങനെ കരഞ്ഞു എന്ന് അറിയില്ല. പുറത്തെ ഇരുളിനെക്കാള്‍ എന്‍റെ ഉള്ളിലെ ഓര്‍മകളുടെ പുകമറയ്ക്കാണ് ഘനം കൂടി വരുന്നതെന്ന് എനിക്ക് തോന്നി!!! നായ്ക്കളുടെ ഓരിയിടലിനേക്കാള്‍  മനസ്സിന്‍റെ നിലവിളിയാണ് എന്നില്‍ പേടിയുണ്ടാകുന്നത്!!! അദൃശ്യമായ ആ സാന്നിധ്യം എന്നെ ആശ്വസിപ്പികാന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ വല്ലാതെ ആഗ്രഹിച്ചുപോയി .

ആരോ അടുത്തേയ്ക്ക് വരുന്നപോലെ... തിരിഞ്ഞു നോക്കാന്‍ എനിക്ക് പേടി തോന്നി. ചുമലില്‍ ആരോ സ്പര്‍ശിച്ചുവോ !!! "മായേ" ... കേട്ട് പഴകിയ ആ ശബ്ദത്തെ ഞാനെന്‍റെ ഓര്‍മകളിലെവിടെയോ ചികഞ്ഞു...

(തുടരും...)