Aug 30, 2012

ലാസ്റ്റ് സ്റ്റോപ്പ്‌   


ആമുഖം

ദൈവം എന്നേലും നിങ്ങളുടെ സമയമാകുന്ന ഓട്ടുപാത്രം കടം വാങ്ങിയിട്ടുണ്ടോ? ഇല്ലെങ്കില്‍ നിങ്ങളറിയുക; തിരിച്ചു കിട്ടുമ്പോള്‍ ചിലപ്പോ അതില്‍  വൈരങ്ങളും സ്വര്‍ണ്ണനാണയങ്ങളും  ധാന്യമണികളും ഉണ്ടാകാം. . .  ചിലപ്പോ നഷ്ടമായി എന്നു നാം കരുതിയ സ്വപ്നങ്ങളാകാം അതിലുണ്ടാകുക. . . ചിലപ്പോ കൊടുത്തപോലെ ശൂന്യമായ പാത്രവും തിരികെ കിട്ടാം. . . വൈകി തിരകെ കിട്ടുന്ന ഓട്ടുപാത്രം ചിലപ്പോ ഒരിക്കലും ഉപകാരപ്പെട്ടില്ല എന്നും വരാം. . . ദാനം നല്‍കിയ തന്‍റെ ഓട്ടുപാത്രം തിരികെ യാചിക്കുന്ന ഒരു പെണ്‍കുട്ടിയുടെ അല്ല ഒരു സ്ത്രീയുടെ കഥയാണിത്. കഥ അവളുടെ വാമൊഴിയില്‍ തന്നെ നമുക്ക് കേള്‍ക്കാം . . . 


ഒന്ന്


ഇന്ന് വീട്ടിലേക്കുള്ള മടക്ക യാത്രയില്‍ ബസ്സിന്‍റെ ജനാലയില്‍ക്കൂടി ഒഴുകിവന്ന ഇളം കാറ്റിന്‍റെ സ്പര്‍ശം നിന്‍റെ ആബ്സന്‍സ് സമ്മാനിച്ച ഏകാന്തതയുടെ നെരിപ്പോടില്‍ തീകൂട്ടി. തൊട്ടു തലോടി കടന്നുപോയ മന്ദാനിലന്‍ നിന്‍റെ സുഗന്ധവും സാന്നിധ്യവും തന്നുപോയോ . . . ഈ നീണ്ടകാലത്തില്‍ സന്ധ്യാദീപത്തിനു മുന്നില്‍ കണ്ണടച്ച് കൈ കൂപ്പി നില്‍ക്കുമ്പോള്‍ ആ മുഖമല്ലാതെ മറ്റൊന്ന്  ഒരിക്കല്‍ പോലും തെളിഞ്ഞിട്ടില്ല, നിന്‍റെ നന്മ അല്ലാതെ പ്രാര്‍ത്ഥന ഒന്നും സമര്‍പ്പിച്ചിട്ടില്ല.... അനേകം കാതങ്ങള്‍ അകലെ, ചിലപ്പോ തൊട്ടടുത്ത് ഞാനറിയാതെ എന്‍റെ പ്രണയം ജീവിക്കുന്നുണ്ടെന്നു എനിക്കറിയാം. . .കണ്ണടച്ചു തുറക്കുന്നതിനിടയില്‍ എത്ര പെട്ടെന്നാണ് വര്‍ഷങ്ങള്‍ കൊടുംകാറ്റില്‍ പെട്ടെന്നപോലെ  പറന്നു പോയത് . ഋതുക്കള്‍ വന്നുപോയിട്ടും, ഇനിയും തീരമണയാത്ത പൂക്കാലത്തിനായുള്ള കാത്തിരിപ്പ് ഇന്നും തുടരുന്നു.

പാതയോരത്തിലെ കരിയിലക്കൂട്ടത്തിനു ചിറകുകള്‍  നല്‍കിയ കാറ്റിനു കൂട്ടായി പിന്നാലെ ചാറ്റല്‍ മഴയെത്തി. . . ഹോ ! അങ്ങനെ ഒരു വേനല്‍ക്കാലത്തിനു കൂടി അവധിയായി;
വെടിച്ചു കീറിയ പാടങ്ങള്‍ ഇനി നടീലിനു ഒരുങ്ങാന്‍ തിടുക്കം കൂട്ടും. യാത്രക്കാര്‍ ഷട്ടറുകള്‍ താഴ്ത്തി മഴയില്‍ നിന്ന് മുഖം തിരിക്കാന്‍ തുടങ്ങിയപ്പോള്‍ വൈകിയെത്തിയ ഈ കുളിര്‍മഴയെ കൈക്കുമ്പിളില്‍ കോരാനായി ഞാന്‍ പുറത്തേയ്ക്ക് കൈ നീട്ടി. 

മുഖത്തേക്ക് ചിതറിവീണ മഴത്തുള്ളികളുടെ ചുംബനം ജീവിതത്തിനു പുതിയ മാനങ്ങള്‍ നല്‍കിയ ഒരു പെരുമഴയില്‍ കുതിര്‍ന്ന ആ രാത്രിയിലേക്ക്‌ ഓര്‍മകളുടെ തേര് തളിച്ചു. ഞാന്‍ ശ്രീരഞ്ജിനി ; പതിവുപോലെ ജോലിത്തിരക്കുകളില്‍ നിന്നുമാറി  ആലസ്യത്തിന്‍റെ വാരാന്ത്യം ചെലവഴിക്കാന്‍  പുതുതായി വാങ്ങിയ ഫ്ലാറ്റിലേക്ക് പോകുകയായിരുന്നു. സ്റ്റോപ്പുകള്‍ പിന്നിടുന്തോറും ബസ്സില്‍ തിരക്ക് കുറഞ്ഞു വന്നു. ബസ്സില്‍ കയറുമ്പോള്‍ തുടങ്ങിയ ചാറ്റല്‍ മഴ ഇപ്പൊ തുള്ളിക്കൊരു കുടം എന്ന ചൊല്ലിനെ അന്വര്‍ഥമാക്കുന്നതിനോടൊപ്പം ഇടിമിന്നലിനേയും സുഹൃത്താക്കിയിരിക്കുന്നു. 


എന്‍റെ സ്റ്റോപ്പില്‍ ഇറങ്ങുമ്പോളെക്കും കുടയ്ക്ക് രക്ഷിക്കാന്‍ പറ്റാത്തവിധം മഴ ശക്തി പ്രാപിച്ചു. നനഞ്ഞു കുതിര്‍ന്നു ഫ്ലാറ്റിലേക്കുള്ള അവസാന ബസിനായി അടുത്ത സ്റ്റോപ്പിലേക്ക് ഞാന്‍ നടന്നു. സമയം 8  മണി ; സ്റ്റോപ്പിലാണേല്‍ ഒറ്റ മനുഷ്യനുമില്ല. ഒരു മിന്നല്‍പ്പിണരിന്‍റെ അകമ്പടിയോടെ എന്നെ നോക്കി ഇളിച്ച മേഘങ്ങള്‍ എന്നില്‍ ഒരു പേടിയുടെ തീപ്പൊരി വിതറി. എത്ര നേരം അങ്ങനെ നിന്നു എന്നറിയില്ല. കടന്നു പോകുന്ന വാഹനങ്ങളിലെ ആള്‍ക്കാര്‍ തൊടുത്തു വിട്ട അശ്ലീലച്ചുവയുള്ള കമന്‍റുകള്‍ കേട്ടില്ലെന്നു നടിച്ചു പ്രതിമപോലെ നില്‍ക്കുമ്പോഴും ഒരു സ്ത്രീ ആണെന്ന അന്തര്‍ബോധം, ചുറ്റും തിങ്ങി നിന്ന ഇരുട്ടിനെപോലെ എന്നില്‍ ഭയം വര്‍ധിപ്പിച്ചു. കാലവര്‍ഷത്തിന്‍റെ  കലിവിളയാട്ടവും   സമയമേറുന്തോറും ഘനമേറി വന്ന കൂരിരുട്ടും  അക്ഷരാര്‍ഥത്തില്‍ ഒരു കാളരാത്രിയുടെ പ്രതീതി ജനിപ്പിച്ചു.

കൂട്ടത്തില്‍ ഒന്നെന്നപോലെ എന്നെ കടന്നു പോയ ഒരു കാര്‍ വേഗത കുറച്ചു അല്പം മുന്നിലായി നിര്‍ത്തി. കടന്നുപോയ നിമിഷങ്ങളിലെ അനുഭവങ്ങള്‍ എന്‍റെ കണ്ണുകളെ അങ്ങോട്ട് പിന്നെ നയിച്ചില്ല. പെട്ടെന്ന് എന്‍റെ സെല്‍ ഫോണ്‍ എനിക്കേറ്റവും പ്രിയപ്പെട്ട, ഞാനേറ്റവും ആഗ്രഹിക്കുന്ന റിംഗ് ടോണ്‍ പാടാന്‍ തുടങ്ങി. "Yes! It is him
". കാള്‍ അറ്റന്‍ഡ് ചെയ്തു ഞാന്‍ ചോദിച്ചു: "ഹേയ്. . .  സുഖാണോ ? എവിടാ ഇപ്പൊ?". 

"കുശലാന്വേഷണങ്ങള്‍ പിന്നേടാകാം, നീ വന്നു വണ്ടിയില്‍ കയറ്, ഞാന്‍ തൊട്ടു മുന്നിലുണ്ട് ": അത്രയും പറഞ്ഞു അവന്‍ കാള്‍ ഡിസ്കണക്ട് ചെയ്തു.

ഇഷ്ടപ്പെട്ട കളിപ്പാട്ടം കിട്ടിയ കുട്ടിയെപ്പോലെ തുള്ളിക്കളിക്കുന്ന മനസ്സോടെ ഞാന്‍ നോക്കുമ്പോ
ള്‍ എനിക്കേറ്റവും പ്രിയപ്പെട്ട "എന്‍റെ i10 " മഴനീര്‍തുള്ളികളെ  വാരിപ്പുണര്‍ന്നു എന്നെയും കാത്തു കിടക്കുന്നു. ഒരു വിധം ലഗേജസ് ബാക്ക് സീറ്റില്‍ വച്ച് ഞാന്‍ ഫ്രെണ്ടില്‍ കയറി.

ചെളിപുരണ്ട ചെരുപ്പും നനഞ്ഞ ഡ്രെസ്സും എന്നില്‍ ഒരല്പം സങ്കോചം ജനിപ്പിക്കാതിരുന്നില്ല. "ശ്ശെ സീറ്റ് ആകെ നനയുമല്ലോ; സോറി ഡിയര്‍, നിന്‍റെ സൂപ്പര്‍ ക്ലീന്‍ കാര്‍ ലേശം വൃത്തികേടാകുന്നതില്‍ നിനക്ക് വിരോധമില്ലെന്ന് കരുതുന്നു"; ഒരു ഇളിച്ച ചിരിയോടെ ഞാന്‍ ക്ഷമായാചനം തുടങ്ങി. "നിന്‍റെ ഈ ഫോര്‍മാലിറ്റീസ് എന്നാ അവസാനിക്കുക !!!", അരോചകത്വം അവന്‍റെ വാക്കുകളില്‍ പ്രതിഫലിക്കുന്നത് ആദ്യമായിട്ടല്ല , എന്നൊക്കെ എന്‍റെ സൊ-കാള്‍ഡ് ഫോര്‍മല്‍ ടോക്ക്സ് ഉണ്ടായിടുണ്ടോ അന്നൊക്കെ ഇങ്ങനെ തന്നെയാണ് പ്രതികരണം.


ഇവന്‍ കിരണ്‍, എന്‍റെ ബെസ്റ്റ് ഫ്രണ്ട് !!!  എന്‍റെ മാജിക്‌മാന്‍, പക്ഷെ കുറച്ച് കാലമായിട്ട് ആ സൌഹൃദത്തിനു വ്യത്യസ്തമായ ഒരു പരിഭാഷ എന്‍റെ മനസ് കണ്ടെത്തുന്നു. എന്നിലെ പ്രണയിനിയെ തൊട്ടുണര്‍ത്തിയ, പ്രണയത്തിന്‍റെ ബാലപാഠങ്ങള്‍ ഞാന്‍ ഉരുവിടുമ്പോള്‍ മൗനമായി ചിരിച്ച്, അലസമായി കണ്ടില്ലെന്നു നടിച്ച, ഇന്നും പ്രിയപ്പെട്ട കൂട്ടുകാരിയെ ചിരിപ്പിക്കാന്‍  വൃഥാ തമാശകള്‍ പറയുന്ന എന്‍റെ എല്ലാമെല്ലാമായ കൂട്ടുകാരന്‍.  വാരിപ്പുണരുന്ന മഴയില്‍ വിജനമായ റോഡില്‍ക്കൂടി ഡ്രൈവ് ചെയ്യുന്ന അവനെ അങ്ങനെ നോക്കിയിരുന്നു പോയി ഞാന്‍. 

 "ദേ ഈ ടവ്വല്‍ കൊണ്ട് തല നല്ല പോലെ തോര്‍ത്ത്‌ , ജലദോഷം വരുത്തി വയ്ക്കണ്ട ". അവന്‍ നീട്ടിയ ടവ്വല്‍ വാങ്ങി തോര്‍ത്തുമ്പോള്‍, വിരളമായി മാത്രം പ്രകടമാകുന്ന ആ വാത്സല്യം, അതാണോ എന്നെ നിന്‍റെ പ്രണയിനിയാക്കുന്നത് എന്ന സംശയം എന്‍റെ കണ്ണുകളെ അവന്‍റെ മുഖത്ത് തന്നെ പിടിച്ചു നിര്‍ത്തി. 

"How was the week? Seems a bit down, what happened? Is everything ok?" , ഞാന്‍ എന്‍റെ ചോദ്യങ്ങളുടെ ഭണ്ടാരം തുറന്നു. പ്രതീക്ഷിച്ച ഉത്തരം തന്നെ കിട്ടി, "nothing, it ran a tight schedule today, may be the reason for the dullnes, ശ്രീ, നീ പറയ്‌ പുതുതായി എന്തുണ്ടായി ഈ ആഴ്ച?" 
 
"എന്ത് പുതുമ? വിരസമായ സ്ഥിരം ദിനചര്യകള്‍ ; ഡാ, നീ നാളെ ഫ്രീ ആണോ? I wish to take a break, let’s go for a movie tommorrow?” , പ്രതീക്ഷയോടെ "Yes " എന്ന മറുപടി മാത്രം കേള്‍ക്കാന്‍ ഞാന്‍ കാത്തു കൂര്‍പ്പിച്ചു. "സോറി ശ്രീ, നാളെ വീട്ടില്‍ അല്പം തിരക്കുണ്ട് , അടുത്ത ആഴ്ച്ച തീര്‍ച്ചയായും പോകാം; നീ അനാവശ്യമായ ചിന്തകള്‍ ഒഴിവാക്കിയാല്‍ മതി, എല്ലാം ശരിയാകും, ഓക്കേ?"  കവിളില്‍ തോലോടിക്കൊണ്ട് കിരണ്‍ ഇത്രയും പറഞ്ഞപ്പോഴേക്കും എന്‍റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.

"ഹേയ് ശ്രീ, എന്ത് പറ്റി, dont start again" അവന്‍ കാര്‍ നിര്‍ത്തിയിട്ട് എന്‍റെ മുഖത്തേക്ക് നോക്കി, "don’t tell, you don’t know why these tears for?”, അവന്‍ എന്‍റെ കൈ ചേര്‍ത്ത് പിടിച്ചു ആശ്വസിപ്പികാന്‍ ശ്രമിച്ചു. "ഉം ", ഒരു തണുത്ത ചിരിയുടെ മേലങ്കി അണിഞ്ഞ്, സംസാരിക്കാന്‍ വളരെ പരിശ്രമിച്ചെങ്കിലും ഞാന്‍ പരാജയപ്പെട്ടു. പതിവുപോലെ എന്‍റെ വാക്കുകള്‍ക്ക് ജീവന്‍ പകര്‍ന്നുകൊണ്ട് അവന്‍ പറഞ്ഞു, "മോളെ, എനിക്കറിയാം നീ എന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന്, നിന്നെക്കാള്‍ കൂടുതല്‍ ആര്‍ക്കും എന്നെ സ്നേഹിക്കാന്‍ പറ്റില്ല എന്നും. . . എന്നോടൊപ്പം ഒരു ജീവിതം നീ സ്വപ്നം
കാണുമ്പോള്‍ തന്നെ, നിനക്കറിയില്ലേ  ശ്രീ. .  . എന്‍റെ സാഹചര്യങ്ങള്‍ !!! എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരി നിനക്കറിയില്ലേ... നിനക്കൊരു ജീവിതം തരാന്‍ എനിക്കാവില്ലെന്ന്!!! തെറ്റ് എന്‍റെ ഭാഗത്താണ്, i admit it, സൗഹൃദം പ്രണയമായത് ശ്രീ തിരിച്ചറിയും മുന്‍പ്‌ മനസിലാക്കിയിട്ടും ഞാന്‍ അതിനെ വിലക്കിയില്ല, തടഞ്ഞില്ല. എന്തുകൊണ്ടെന്ന് എനിക്കറിയില്ല... ശ്രീ... പ്ലീസ് നീ ഈ കരച്ചില്‍ ഒന്ന് നിര്‍ത്ത്". 
 
 ആ വാക്കുകള്‍ക്ക് എന്‍റെ വേദനയെ ശമിപ്പിക്കാനായില്ല, പകരം എന്‍റെ കരച്ചിലിന്‍റെ ആക്കം കൂടുകയാണുണ്ടായത്. അടുത്തേക്ക് നീങ്ങിയിരുന്ന് എന്നെ അവനോട് ചേര്‍ത്തു പിടിച്ച് പതിയെ അവന്‍ എന്‍റെ തലയില്‍ തലോടിയപ്പോള്‍, ഞാന്‍ അവന്‍റെ ചുമലില്‍ മുഖമമര്‍ത്തി മതിവരുവോളം കരഞ്ഞു. അല്‍പനേരം ദാനം കിട്ടിയ അവന്‍റെ സംരക്ഷണത്തിന്‍റെ മാന്ത്രിക സാന്നിധ്യം എനിക്ക് ആശ്വാസമേകി; ഞങ്ങള്‍ യാത്ര തുടര്‍ന്നു. യാത്രയിലുടനീളം കിരണ്‍ എന്‍റെ കൈവിടാതെ പിടിച്ചിരുന്നു; ഫ്ലാറ്റില്‍ എത്തുംവരേയ്ക്കും നിശബ്ദതയുടെ മൂടുപടം മാറ്റാന്‍ രണ്ടുപേരും ശ്രമിച്ചില്ല. 


രണ്ട്

എനിക്ക് വേണ്ടി കാറിന്‍റെ ഡോര്‍ തുറന്ന്, നിവര്‍ത്തിയ കുടയിലേക്ക് അവന്‍ എന്നെ ക്ഷണിച്ചപ്പോള്‍ I felt being treated like a princess . ലഗേജസും എടുത്ത് ഞാന്‍ അവനെ അനുഗമിച്ചു. മഴയില്‍ നിന്ന് രക്ഷിക്കായി കിരണ്‍ എന്നെ അവനോട് ചേര്‍ത്തു പിടിച്ച് നടന്നു; അവന്‍റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ ഒരു കൊച്ചു കുട്ടിയെപ്പോലെ ഞാനും.

 
"ശ്രീ. . . വാതില്‍ തുറക്ക് " അവന്‍റെ ചോദ്യം എന്നെ സ്വപ്നലോകത്ത് നിന്നുണര്‍ത്തി. 

 "ഡാ ഒരു നിമിഷം വെയിറ്റ് ചെയ്യാമോ, ഞാന്‍ ഈ ഡ്രസ്സ്‌ ചെയ്ന്‍ജ് ചെയ്തിട്ട് ഇപ്പൊ വരാം; നീ ആദ്യമായിട്ടല്ലേ ഇവിടെ വരുന്നത്? ഒരു ചായ കുടിക്കാതെ പോകാന്‍ പറ്റില്ല" , എന്ന് പറഞ്ഞിട്ട് ഞാന്‍ ബെഡ്റൂമിലേക്ക് നടക്കാന്‍ തുടങ്ങി. വെള്ളത്തില്‍ മുക്കിയിട്ട് എടുത്തിട്ട പോലെ  നനഞ്ഞൊട്ടിക്കിടന്ന ആ T-ഷര്‍ട്ടില്‍ നിന്നും എത്രയും വേഗം രക്ഷപ്പെടാനോടിയ എന്നെ അവന്‍റെ കൈകള്‍ പിടിച്ച് നിര്‍ത്തി, " ശ്രീ. . .  രാത്രി ഒത്തിരി വൈകിയിരിക്കുന്നു, you just relax and take rest; next time will surely stay back to enjoy your courtesy, promise.
"

"When will this next time come
?"  ഞാനറിയാതെ ചോദിച്ചുപോയി. ചിരിച്ചുകൊണ്ട് നിറഞ്ഞ വാത്സല്യത്തോടെ എന്‍റെ നെറുകയില്‍ ചുംബിച്ച് അവന്‍ പറഞ്ഞു "അടുത്ത വീക്കെന്‍ഡ്". സംശയം നിറഞ്ഞ മിഴികളോടെ മുഖമുയര്‍ത്തിയ എന്‍റെ കവിളില്‍  അവന്‍റെ ചുണ്ടുകള്‍ അറിയാതെ ഉരസിയപ്പോള്‍ ഞാന്‍ ഈ ലോകവും പ്രകൃതിയും മറന്നു; കൂപ്പിയ മിഴികളോടെ എന്നിലെ പ്രണയിനി അവനെ മുറുകെപ്പുണര്‍ന്നു. അവന്‍റെ ചുടുനിശ്വാസം എന്‍റെ ചെവിയിലും കഴുത്തിലും പടര്‍ന്നപ്പോളേക്കും,  കൊക്കുരുമ്മുന്ന ഇണക്കുരുവിയെപ്പോലെ  കവിളോട് കവിള്‍ ചേര്‍ത്തു അവന്‍ എന്നിലേക്ക് ചേരുന്നത് ഞാനറിഞ്ഞു.

തണുത്തുവിറക്കുകയായിരുന്ന എന്‍റെ ശരീരം തെര്‍മോഡൈനാമിക്സിലെ   നിയമങ്ങള്‍ക്ക് ഒരു അപവാദമായില്ല; അവന്‍റെ ചൂട് എന്നിലേക്ക് ഒഴുകിയെത്തിയപ്പോള്‍ പ്രണയത്തിന്‍റെ ഒരു പുതിയ ഭാവം ഞാനറിയുകയായിരുന്നു. അവന്‍റെ ചുണ്ടുകള്‍ എന്‍റെ ചുണ്ടുകളോട് ചേര്‍ന്നപ്പോള്‍  ഞാന്‍ ആദ്യചുംബനത്തിന്‍റെ മാധുര്യമറിയുകയായിരുന്നു. ആ രാത്രിയില്‍ അവന്‍റെ കണ്ണുകളില്‍ ഒരു കാമുകനെ ഞാന്‍ കണ്ടു. പ്രണയം തുളുമ്പുന്ന അവന്‍റെ അധരങ്ങളില്‍ എന്നിലെ കാമുകി അംഗീകാരത്തിന്‍റെ ആത്മനിര്‍വൃതി അറിഞ്ഞു. 
 
"let me love you, for i am yours", എന്‍റെ കഴുത്തില്‍ മുഖം അമര്‍ത്തി ചുംബിക്കയായിരുന്ന അവന്‍റെ ചെവിയില്‍ ഒരു കുസൃതിച്ചിരിയോടെ ഞാന്‍ പല്ലുകളമര്‍ത്തി. വൈകിയെത്തിയ വേനല്‍ മഴയുടെ കുത്തൊഴുക്കില്‍ സൌഹൃദത്തിന്‍റെ മതില്‍ക്കെട്ടുകള്‍ ഒലിച്ചുപോയപ്പോള്‍ തീവ്ര പ്രണയതിന്‍റെ  എന്‍റെ വഞ്ചിയില്‍ പുതിയ തീരങ്ങള്‍ തേടി അവന്‍ സഞ്ചാരം തുടങ്ങി.  ഇടിയും മിന്നലും കേളികൊട്ടുന്ന ആ രാത്രിമഴയില്‍ ഒരു ആലിപ്പഴം പോലെ ഞാനവനില്‍ അലിഞ്ഞു ചേര്‍ന്നു. ആത്മ സമര്‍പ്പണത്തിന്‍റെ  സംതൃപ്തി ഞാനറിഞ്ഞു. എന്നും ഓര്‍മ്മിക്കാന്‍ ഹൃദയത്തോട് ചേര്‍ത്തോമനിക്കാന്‍ കാലത്തിനും കലിക്കും മായ്ക്കാനാകാത്ത ഒരു പുതിയ ജീവിതപാഠം അവന്‍ എനിക്ക് ഓതിക്കൊടുത്തു.

രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഉറക്കത്തിലേക്ക് വഴുതിവീണ കിരണിന്‍റെ കരവലയങ്ങളില്‍ അവന്‍റെ നെഞ്ചോട്  പറ്റിച്ചേര്‍ന്നു ഒരു കുഞ്ഞിന്‍റെപോലെ നിഷ്കളങ്കമായ ആ മുഖം നോക്കിക്കിടന്ന ഞാനും എപ്പോഴോ ഉറങ്ങിപ്പോയി.

മോര്‍ണിംഗ് അലാറം നിദ്രയില്‍ നിന്നുണര്‍ത്തിയപ്പോള്‍ ആ മുഖം കണികണ്ടുണരാന്‍ ഇനിയും പുലര്‍കാലങ്ങള്‍ തരണേ എന്ന പ്രാര്‍ഥനയോടെ ഞാന്‍ എഴുന്നേറ്റു. ഷവറിന്‍റെ അടിയില്‍ നിന്നപ്പോള്‍ ചിതറിവീണ  വെള്ളത്തുള്ളികളോട് ഇന്നലത്തെ മഴത്തുള്ളികളെക്കാള്‍ എനിക്ക് സ്നേഹം തോന്നി. 
 
"ഗുഡ് മോര്‍ണിംഗ്" അവന്‍റെ നെറുകയില്‍ ഒരു ഉമ്മ നല്‍കി വാത്സല്യത്തോടെ അവനെ ഉണര്‍ത്തി ചായക്കപ്പ് നീട്ടി. ഞാന്‍ ഭയന്നപോലെ സംഭവിച്ചില്ല, അവന്‍ ഒരു ചെറു പുഞ്ചിരിയോടെ ചൂടു ചായ ഊതിയൂതി കുടിക്കുന്നത് കാണാന്‍ നല്ല രസം."എണീറ്റ് റെഡിയായെ വേഗം," മടിപിടിച്ചിരുന്ന അവനെ ഉന്തിത്തള്ളി ബാത്ത്റൂമിലേക്ക് കയറ്റുമ്പോളെക്കും കുസൃതിച്ചിരിയോടെ അവനെന്നെ കരവലയത്തിനുള്ളിലാക്കിയിരുന്നു "നീ വാ, നമുക്കൊരുമിച്ചു കുളിക്കാം ". 
 
"ഒരു രക്ഷയുമില്ല മോനെ, ഞാനിപ്പോ കുളിച്ചേ ഉള്ളൂ, ഇനിയും നനയാന്‍ വയ്യ," എന്‍റെ എതിര്‍പ്പ് മൃദുവായിരുന്നെങ്കിലും അവനെന്നെ സ്വതന്ത്രയാക്കി, കൃത്രിമമായ പരിഭവത്തോടെ ടവ്വലും വാങ്ങി കുളിക്കാന്‍ പോയി.

ഞാനവനു വേണ്ടി അവനു പ്രിയപ്പെട്ട ദോശയും ചട്ടിണിയും ഉണ്ടാക്കി, ഞങ്ങള്‍ ഒരുമിച്ച് ബ്രേക്ക്ഫാസ്റ്റ് കഴിച്ചു. എന്‍റെ ജീവിതത്തിലെ മറക്കാനാകാത്ത കുറച്ചു മണിക്കൂറുകള്‍, ഇനി തിരികെ കിട്ടുമോ എന്നറിയാത്ത നിമിഷങ്ങള്‍. . .

അവനെ യാത്രയാക്കാന്‍ കാറിനടുത്ത് എത്തിയപ്പോള്‍, വരും കാലത്തിന്‍റെ സൂചനയെന്നപോലെ, ഇന്നലത്തെ മഴയില്‍ കൊഴിഞ്ഞു വീണ മാന്തളിരുകള്‍ നിസ്സഹായമായ് കണ്ണീര്‍ പൊഴിച്ചു. "ഇനിയൊരിക്കലും വളരാനാകാത്ത, പൂവിരിയാത്ത, ഒരു മാമ്പഴക്കാലത്തിനു വിരുന്നൂട്ടാനാകാതെ ആകസ്മികമായെത്തിയ അന്ത്യത്തിന് കീഴടങ്ങിയ ആ കുരുന്നിലകള്‍ അനിവാര്യമായ ഒരു ജീവിത യാഥാര്‍ഥ്യത്തിന്‍റെ നേര്‍ക്കാഴ്ച്ചയല്ലേ !!!" കണ്ണില്‍ നിന്ന് മറഞ്ഞിട്ടും അവന്‍ പോയ വഴിയില്‍ മിഴിപാകി നിന്ന എനിക്ക് എന്നിലെ പച്ചയായ മനുഷ്യന്‍റെ ചോദ്യം പട്ടുമെത്തയില്‍ മുള്‍ക്കിരീടം ചാര്‍ത്തി ഉറങ്ങുന്ന രാജകുമാരിയുടെ ഭാവം പകര്‍ന്നു.

ഉച്ചയോടെ കുറച്ചു സുഹൃത്തുക്കള്‍ വന്നു. അവരോടൊപ്പം തിരക്കുപിടിച്ച  ഒരു മദ്ധ്യാഹ്നം ചെലവിടുമ്പോഴും എത്ര ഒളിപ്പിക്കാന്‍ നോക്കിയിട്ടും തലേ രാത്രിയുടെ ഓര്‍മ്മകള്‍ നാണത്തില്‍ മുങ്ങിയ തിളക്കമായെന്‍റെ മുഖത്തു പ്രതിഫലിച്ചു.

എല്ലാവരും പോയിക്കഴിഞ്ഞ് മൊബൈല്‍ എടുത്തു നോക്കി. മിസ്ഡ് കോള്‍സ് ഒന്നുമില്ല. നേരിയ നിരാശ എന്നെ തൊട്ടു വിളിക്കും മുന്‍പ് കിരണിന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു. "താങ്കള്‍ വിളിക്കാന്‍ ശ്രമിക്കുന്ന സബ്സ്ക്രൈബര്‍ സ്വിച്ച് ഓഫ്‌ ചെയ്തിരിക്കയാണ്, ദയവായി അല്‍പ സമയം കഴിഞ്ഞു വീണ്ടും ശ്രമിക്കുക", ആരും കേള്‍ക്കാനിഷ്ടപ്പെടാത്ത ഡയലോഗ്. അന്ന് രാത്രി ഏറെ വൈകിയും പിറ്റേ ദിവസവും വിളിച്ചിട്ടും ഫലം കിട്ടാതായപ്പോള്‍ ഞാന്‍ അവനെ ലോകമാകെ വരിഞ്ഞു മുറുക്കിയിരിക്കുന്ന ആ വലയിലും പരതി, "സ്റ്റാറ്റസ് - ഓഫ് ലൈന്‍". എന്തേലും തിരക്കില്‍ പെട്ടുകാണും എന്ന് സ്വയം ആശ്വസിപ്പിക്കുമ്പോഴും മുന്‍ അനുഭവങ്ങള്‍ ഒരു ദുസൂചന പോലെ മനസ്സിനെ കാര്‍ന്നു തിന്നാന്‍ തുടങ്ങി. ഒരു മുന്നറിയിപ്പും ഇല്ലാതെ കുറച്ചുകാലം അജ്ഞാതവാസം നയിക്കുക എന്നത് അവന്‍റെ ട്രേഡ് മാര്‍ക്ക്‌ ആണെങ്കിലും, ഒരുപാടടുത്ത ശേഷം ഉള്ള ഈ അകല്‍ച്ച അതെന്നെ വല്ലാതെ അസ്വസ്ഥയാക്കി. 


 മൂന്ന്
 
ദിവസങ്ങള്‍ മുറ്റത്തെ മാവിന്‍റെ ഇലകളെക്കാലും വേഗത്തില്‍ കൊഴിഞ്ഞുവീണപ്പോള്‍ കാലമാകുന്ന കാന്‍വാസില്‍ എല്ലാം വ്യക്തമായി തെളിഞ്ഞിട്ടും, എന്‍റെ പ്രണയം അത് അംഗീകരിക്കാന്‍ ഒരുക്കമല്ലായിരുന്നു. ഒരു പക്ഷെ എനിക്ക് ജീവിക്കാന്‍ പ്രേരണ നല്കിയതും, പ്രായോഗിക ബുദ്ധിയുടെ വെളിപ്പെടുത്തലുകളെ അപ്പാടെ തിരസ്ക്കരിച്ച എന്‍റെ ആ മനസായിരുന്നിരിക്കാം. 

 ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും ഒന്നിന് പുറകെ ഒന്നായി എന്നെ പിന്നിലാക്കി കടന്നു പോയി; എന്‍റെ ഓരോ വാരന്ത്യവും പ്രതീക്ഷയില്‍ തുടങ്ങി ഫ്ലാറ്റിലേക്കുള്ള  ലാസ്റ്റ് ബസ്സില്‍  അവസാനിച്ചു. ഈ നീണ്ടകാലയളവില്‍ ഒരിക്കല്‍ പോലും എന്‍റെ പ്രഭാതങ്ങളോ സായാഹ്നങ്ങളോ കിരണിന്‍റെ മാജിക്‌ കൊണ്ടു വന്നില്ല. തേങ്ങലുകളും നെടുവീര്‍പ്പുകളും ജീവനറ്റ ദിനങ്ങളും എല്ലാറ്റിനോടും വെറുപ്പ്‌ തോന്നിയ രാത്രികളും താണ്ടുമ്പോള്‍ ഒരു പ്രതീക്ഷയുടെ കല്‍വിളക്ക്  തിരികെടാതെ ഞാന്‍ ഹൃദയത്തില്‍ സൂക്ഷിച്ചു.
  
ഇന്ന് വീണ്ടും ഒരു വീക്കെന്‍ഡ്‌, ഞാന്‍ എന്‍റെ ഫ്ലാറ്റിലേക്കുള്ള യാത്രയില്‍. . . "മാഡം. . . , ഇറങ്ങുന്നില്ലേ, സ്റ്റോപ്പ്‌ ആയി," കണ്ടക്ടറുടെ  ശബ്ദം എന്നെ ചിന്തകളില്‍ നിന്നുണര്‍ത്തി. തിടുക്കത്തില്‍ ബാഗും എടുത്തിറങ്ങി, ഞാന്‍ അടുത്ത സ്റ്റോപ്പിലേക്ക് നടന്നു. കാത്തുനില്പ്പിന്‍റെ നിമിഷങ്ങളില്‍ അകലെ തെളിയുന്ന ഓരോ ഹെഡ് ലൈറ്റിന് പിന്നിലും അവന്‍റെ കാറിനെ ഞാന്‍ തിരഞ്ഞു. 

എന്‍റെ ഫ്ലാറ്റിലേക്കുള്ള അവസാന ബസ്സ്‌ ദൂരെ നിന്നും വരുന്നത് കാണായി. "ഈശ്വരാ ഈ ആഴ്ചയും നീ എന്നോട് കനിയില്ല അല്ലെ!!!, " അവസരമുണ്ടായിട്ടും കയറാതെ ഞാന്‍ പിന്നിലേക്ക് ഒഴിഞ്ഞു മാറുമ്പോ
ള്‍, പതിവ് പോലെ മനസ്സുരുകി പ്രാര്‍ത്ഥിച്ചു ഇന്നെങ്കിലും ഈ കാത്തിരിപ്പിന് ഒരു അവസാനമുണ്ടാക്കണേ എന്ന്.  അവസാനം നിറഞ്ഞ കണ്ണുകളോടെ ബസ്സിലേക്ക് കയറുമ്പോള്‍,  വീണ്ടും വീണ്ടും പുറത്തെ ഇരുട്ടില്‍ ദൂരേക്ക് നീളുന്ന എന്‍റെ കണ്ണുകളില്‍ പ്രതീക്ഷയറ്റു തുടങ്ങി.

ദൈവമേ, അതൊരു i10 അല്ലെ? അരണ്ട വെളിച്ചത്തിലും കാറിന്‍റെ നിറം അതുതന്നെ എന്ന് മനസുറപ്പിച്ചു. അപ്പോഴേക്കും ബസ് മുന്നോട്ട് നീങ്ങാന്‍ തുടങ്ങിയിരുന്നു. ഈ ലോകത്ത് അവനു മാത്രമേ ആ മോഡല്‍ കാര്‍ ഉള്ളു എന്നതുപോലെ;  സ്ഥലകാലബോധം വീണ്ടെടുത്ത് ഞാന്‍ പറഞ്ഞു. "ഒന്ന് നിര്‍ത്തണേ, ആളിറങ്ങാനുണ്ട്".  യാത്രക്കാരും കണ്ടക്ടറും സംശയത്തോടെ എന്നെ നോക്കി. "മോളെന്താ ഇറങ്ങുന്നത്, ഇത് പോയാല്‍ വേറെ ബസ് ഇല്ല " എന്ന് ഏതോ മുതിര്‍ന്ന  സ്ത്രീ പറയുന്നുണ്ടായിരുന്നു. അതിനൊന്നും ചെവി കൊടുക്കാതെ , കുറെ ഫൌളുകള്‍ക്ക്  ശേഷം ലാസ്റ്റ് ചാന്‍സില്‍ ഊഴം കാത്തുനില്ക്കുന്ന അത് ലെറ്റിനെപ്പോലെ ഞാനിറങ്ങി.


എന്നെ പിന്നിലുപേക്ഷിച്ചു ബസ് മുന്നോട്ട് നീങ്ങിയപ്പോള്‍ ആ കാര്‍ എന്നെയും  പിന്നിട്ട് മുന്നിലേക്ക് പോയി; സംശയിച്ചിട്ടെന്ന പോലെ അല്പം അകലെയായി നിര്‍ത്തി. 

എന്‍റെ ഹൃദയം ഉച്ചത്തില്‍ മിടിക്കാന്‍ തുടങ്ങി. ഓരോ ഹൃദയമിടിപ്പിന്‍റെയും ചടുലമായ ആ താളത്തിന് ഞാനിന്നുവരെ വരികള്‍ എഴുതിയിരുന്നില്ല. വൃത്തവും അലങ്കാരങ്ങളും പാലിക്കാത്ത ആ വരികള്‍,  ഒരു പക്ഷെ, ഇങ്ങനെ ആയിരുന്നേനെ "എന്തിനു വേണ്ടിയാണ് ശ്രീ. . ., ഇക്കാലമത്രയും ഓരോ വരാന്ത്യവും, നീ ഇവിടെ കാത്തു നിന്നിരുന്നത്,? എന്നും ചിറകിനടിയില്‍ ചേര്‍ത്തു സംരക്ഷിക്കുമായിരുന്ന നഷ്ടപ്രണയത്തിന്‍റെ തിരിച്ചു വരവിനോ, അതോ  വിഷയാധിഷ്ഠിതമായ ഒരു പ്രണയ രാവിന്‍റെ പുനരാവര്‍ത്തനത്തിനോ? " മറുപടി അറിയാമായിരുന്നിട്ടും എന്‍റെ പാദങ്ങള്‍ യാന്ത്രികമായി ചലിച്ചു , ഉറച്ച വിശ്വാസത്തോടെ മുന്നോട്ട് . . .   

ഉത്തരാഖ്യാനം

ജീവിതം. . . അവിശ്വസനീയമായ പളുങ്കുപാത്രം . . .

Aug 19, 2012

ഡിസമ്പറിന്‍റെ ഓര്‍മ്മയ്ക്ക്‌ - അവസാനഭാഗം


തിരികെ പോരുമ്പോള്‍ എന്നോടൊപ്പം ചിത്രയും ഉണ്ടായിരുന്നു. ഒത്തിരി നേരം കാത്തിട്ടും ബസ്‌ ഒന്നും കാണാതായപ്പോള്‍ എന്‍റെ സ്വതസിദ്ധമായ അസഹിഷ്ണുത തലപൊക്കിത്തുടങ്ങി. ;)  കാഥികരുടെ  ഭാഷ കടമെടുത്താല്‍ "ദേ അങ്ങോട്ട്‌ നോക്കിയേ ... ദൂരെ ആ കാണുന്നത് എന്താണ് ? ഒരു ലോ ഫ്ലോര്‍ ബസ്‌ അല്ലെ " . അത് വെഞ്ഞാറമൂട് ബസ്‌ ആയിരുന്നു. എളുപ്പമായി. ഞാന്‍ ചിത്രയെയും കൂട്ടി മുന്‍പിലത്തെ ഡോറില്‍ കൂടി കയറി. ബസിലേക്ക് കാലെടുത്തു വച്ചതും എന്‍റെ നോട്ടം പതിഞ്ഞത് ഡ്രൈവറുടെ മുഖത്തേക്കാണ്. സ്വാഭാവികമായും അടുത്ത അന്വേഷണം കണ്ടക്ടറെ ആയിരുന്നു. ഞാനറിയാതെ ചിരിച്ചു പോയി. വിശ്വാസം വരാതെ വീണ്ടും നോക്കി. ഇത് അത് തന്നെ!!!!
"മുന്നില്‍ നിന്നും രണ്ടാമത്തെ നിരയില്‍ ഡ്രൈവറുടെ പിന്നിലായി സീറ്റ്‌ കിട്ടി"- എന്ന് പറയാന്‍ അത്ര വലിയ തിരക്കൊന്നും ഇല്ലായിരുന്നു കേട്ടോ. അതിനിടയ്ക്ക് വൈകിയാണേലും ഞാന്‍ പ്രതീക്ഷിച്ച ചോദ്യം ചിത്രയില്‍ നിന്നെത്തി. "എന്താ നീ ചിരിക്കുന്നത് ? ". അപ്പോഴേക്കും കണ്ടക്ടര്‍ ടിക്കെറ്റ് തരാന്‍ ഞങ്ങളുടെ അടുത്തെത്തി. "2 വെഞ്ഞാറമൂട് " ഞാന്‍ പറഞ്ഞു. അയാളും ചിരിച്ചു. കഴക്കൂട്ടം കഴിഞ്ഞു എം. സി റോഡില്‍ കയറാനുള്ള റൂട്ട് എത്തിയപ്പോ ഡ്രൈവര്‍ക്ക് കണ്‍ഫൂഷന്‍ , ഏതു വഴി തിരിയണം എന്ന്. കണ്ടക്ടര്‍ യാത്രക്കാരോടായി ചോദിച്ചു  "ആര്‍ക്കെങ്കിലും റൂട്ട് അറിയാമോ?" . "മുന്നോട്ട് പോയിട്ട് വലത്തോട്ട് രണ്ടാമത്തെ റോഡ്‌", ഞാന്‍ അറിയാതെ പറഞ്ഞു പോയി. ഞങ്ങള്‍ക്ക് ടിക്കെറ്റ് തന്നിട്ട് മുന്നിലേക്ക് പോയ കണ്ടക്ടര്‍ ഡ്രൈവറോഡ്‌ ഇങ്ങനെ പറയുന്നത് ഞങ്ങള്‍ക്ക് കേള്‍ക്കാനായി, "ഇനി കുഴപ്പമില്ല, റൂട്ട് അറിയാവുന്ന ഒരാള്‍ ദേ കയറിയിട്ടുണ്ട്" . ഇരുവരുടെയും ചിരിയില്‍ എനിക്ക് പങ്കു ചെരാതിരിക്കാനായില്ല. :)  ഒപ്പം ജാള്യതയും ഉള്ളിലൊരു വേദനയുടെ കുത്തൊഴുക്കും .
ഇനിയും ചിത്രയെ സസ്പെന്‍സില്‍ നിര്‍ത്താന്‍ പറ്റില്ല. "ഇന്ന് ഞാന്‍ രാവിലെ ഈ ബസിലാ വന്നത്" , പിന്നെ അസ്വസ്ഥത ഉണ്ടാക്കിയ ആ സംഭവവും വിവരിച്ചു. എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ ചിത്രയുടെ മുഖം ഒന്ന് കാണേണ്ടതായിരുന്നു. "എനിക്ക് ആ കണ്ടക്ടര്‍ അങ്കിളിനോട് സോറി പറയണമെന്ന് തോന്നുന്നു, പക്ഷെ എങ്ങനെ", ഞാന്‍ ചിത്രയോട് പറഞ്ഞു.  "അത് സാരമില്ല, ഇനി നിനക്ക് പറഞ്ഞെ പറ്റുള്ളൂ എങ്കില്‍, ഇങ്ങോട്ട് വരുമ്പോ പറഞ്ഞാല്‍ മതി". ദൈവനിയോഗം പോലെ കണ്ടക്ടര്‍ വന്നു ഞങ്ങളുടെ മുന്നിലെ സീറ്റില്‍ ഇരുന്നു. എങ്ങനെ തുടങ്ങും, എന്‍റെ അസ്വസ്ഥത കൂടി വന്നു. പോത്തന്‍കോട് എത്താറായി, ഇനിയും വൈകിയാല്‍ ബസില്‍ തിരക്ക് കൂടും, പിന്നെ സംസാരിക്കാന്‍ ബുദ്ധിമുട്ടാകും; അവസാനം ജീവിതാവസാനം വരെ വേട്ടയാടുന്ന ഒരു കുറ്റബോധമായി ഇത് നിലനില്‍ക്കും. അത് പാടില്ല. ധൈര്യം സംഭരിച്ച് ഞാന്‍ ഞങ്ങളുടെ സീറ്റിന്‍റെ ഓപ്പോസിറ്റ് സീറ്റില്‍ ചെന്നിരുന്നു. എന്നിട്ട് അയാളെ തൊട്ടു വിളിച്ചു "സര്‍". ചിരിച്ചു കൊണ്ട് തിരിഞ്ഞു നോക്കിയ ആ മനുഷ്യന്‍റെ മുഖം പരിസരബോധത്തിന്‍റെ മൂടുപടത്തിനുള്ളില്‍ തപ്പിതടയുകയായിരുന്ന എന്‍റെ വാക്കുകള്‍ക്ക് വഴിവിളക്കായി.
എന്ത് തോന്ന്യാസവും കാണിച്ചിട്ട് അത് മറയ്ക്കാന്‍ ഇംഗ്ലീഷ്കാര്‍ സമ്മാനിച്ച ആ " most disgusting word-sorry" അത് ഞാനും ച്ഛര്‍ദിച്ചു. "സര്‍ റിയലി സോറി, ഇന്ന് രാവിലെ ഞാന്‍ അങ്ങനെ സംസാരിച്ചതില്‍ എനിക്ക് വിഷമമുണ്ട് " . പക്ഷെ അദ്ദേഹത്തിന്‍റെ മറുപടി എന്നെ ബോധ്യപ്പെടുത്തി ഞാന്‍ ചെയ്തത് ഒരു തെറ്റ് തന്നെയായിരുന്നു , മാപ്പ് പറയാതിരുന്നില്ലെങ്കില്‍ അതിന്‍റെ പാപം ഒരു ഗംഗയില്‍ മുങ്ങിയാലും തീരില്ലായിരുന്നു എന്ന്. "ഏയ്‌ അത് സാരമില്ല, ഞാനതെപ്പോഴേ വിട്ടു. ഞങ്ങള്‍ക്ക് ഇത് സ്ഥിരം ആണ്, ഈ പഴി കേള്‍ക്കല്‍; അതുകൊണ്ട് അധികം മനസ്സില്‍ കൊണ്ട് നടക്കാറില്ല."
ഞാന്‍ : "കോളേജില്‍ എത്താന്‍ വൈകിയതിന്‍റെ ടെന്‍ഷനില്‍ പറഞ്ഞു പോയതാണ്" .
"അത് സാരമില്ല ആദ്യമായിട്ടാ ഒരാള്‍ ഇങ്ങനെ മാപ്പ് പറയുന്നത് , ഞങ്ങള്‍ പാലക്കാട് നിന്ന് വരുകയാ, ഒരു സ്കൂളിലെ കുട്ടികള്‍ക്ക് ഹാപ്പി ലാന്‍ഡില്‍ ടൂറിനു സ്പെഷ്യല്‍ ഡ്യൂട്ടി കിട്ടീട്ട് വന്നതാ. അവരെ ഹാപ്പി ലാന്‍ഡില്‍ വിട്ടു, ഇനി വൈകീട്ട് പിക് ചെയ്‌താല്‍ മതി; അപ്പൊ അതുവരെ രണ്ട് ട്രിപ്പ്‌ ഒടാമെന്നു കരുതി. ഞങ്ങള്‍ക്ക് റൂട്ട് അറിയില്ലായിരുന്നു , ഫെയര്‍ സ്റ്റേജസും. അതാ രാവിലെ അങ്ങനെ സംഭവിച്ചത്"
പിന്നെ ആ അങ്കിള്‍ ഞങ്ങളുടെ കോളേജിനെക്കുറിച്ചും നാടിനെക്കുറിച്ചും ഒക്കെ ചോദിച്ചു. അവസാന സ്റ്റോപ്പില്‍ എത്തുമ്പോളെക്കും കാര്‍മേഘങ്ങളൊഴിഞ്ഞ മാനം പോലെ എന്‍റെ മനസ്സ് ശാന്തമായിരുന്നു. "ഇനി എന്നേലും വരുമ്പോള്‍ ഇതുപോലെ കാണാം" ഇറങ്ങുമ്പോള്‍ അദ്ദേഹം പറഞ്ഞു. ചിരിച്ച മുഖത്തോടെ "അല്ലേല്‍ പാലക്കാട് വരുമ്പോള്‍ ഇതുപോലെ ഒരു ബസ്‌ യാത്രക്കിടയില്‍ കാണാം" എന്ന് ഞങ്ങള്‍ പറയുമ്പോളെക്കും   വീട്ടിലേക്കുള്ള ബസ്‌ എത്തി. ചിത്രയോട് യാത്ര പറഞ്ഞിട്ട് ബസ്സിലേക്ക് ഓടിക്കയറിയിട്ട് തിരിഞ്ഞു നോക്കുമ്പോള്‍ അതുവരെ യാത്ര ചെയ്ത, മറക്കാനാകാത്ത ഒരനുഭവം എനിക്ക് സമ്മാനിച്ച ആ ബസ്‌ എതിര്‍ ദിശയിലേക്ക് അകന്നു പോകുകയായിരുന്നു.