May 18, 2013

 വിട....

വേദന അറിയാൻ കഴിയുന്നില്ലല്ലോ!!! ഇത്രവേഗം മുറിവുകൾ എങ്ങനെ ഉണങ്ങി!!! പ്രോജക്റ്റ് പേപ്പർ വായിക്കാൻ എടുത്തു വച്ചിട്ട് ഒരാഴ്ച ആകുന്നു. ഇതുവരെ ഒരു പാരഗ്രാഫ് പോലും വായിച്ചു തീർത്തിട്ടില്ല. ആ കുട്ടി എന്നും ഓർമിപ്പിക്കാറുണ്ട്. നാളെ നാളെ എന്ന് കേട്ട് അവൾക്ക് അരിശം തോന്നിത്തുടങ്ങിയിട്ടുണ്ടാകും... വേദന കുറഞ്ഞ സ്ഥിതിക്ക് ഇന്നൽപ്പം വായന ആകാം. പേപ്പർ മേശപ്പുറത്തു തന്നെയുണ്ട്. നല്ല ദാഹം തോന്നുന്നുണ്ട്. ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചപ്പോൾ വായിക്കാനുള്ള ഉണർവ്വ് കിട്ടി. ശ്ശോ... ആരാ ഇവിടെ ഒക്കെ വെള്ളം ഒഴിച്ച് നാശമാക്കിയത്... കണ്ടത് ഭാഗ്യം, ഇല്ലേൽ ഇപ്പൊ തെന്നി വീണേനെ.  വെള്ളം കിടക്കുന്ന വഴി മാറിപ്പോകാൻ മടി പിടിച്ച മനസ്സ് അറിയാതെ പറഞ്ഞുപോയി. "ദൈവമേ കണ്ണടച്ച് തുറക്കുമ്പോഴേക്കും മേശയുടെ അടുത്ത് എത്തിയിരുന്നെങ്കിൽ!!!"

ഞാൻ സ്വപ്നലോകത്താണോ ഈശ്വരാ!!! കണ്ണടച്ച് തുറന്നപ്പോഴേക്കും ആഗ്രഹിച്ചപോലെ നടന്നിരിക്കുന്നു. തൊട്ടു മുന്നിൽ മേശ, കൈ എത്തും ദൂരത്ത്‌ പേപ്പർ. പതിവുപോലെ ഒരു വിഷ് വേസ്റ്റ് ആക്കിയല്ലോ എന്ന് ശപ്പിച്ചു കൊണ്ട് പേപ്പർ എടുക്കാൻ കൈ നീട്ടി. പെട്ടെന്നാണ് നോട്ടം മേശപ്പുറത്തിരിക്കുന്ന മൊബൈലിൽ പതിഞ്ഞത് ... രണ്ടു ദിവസമായി മൊബൈൽ ഓഫ്‌ ആണ്. മൊബൈൽ എ
ന്‍റെ ജീവിതത്തിൽ ഒരു അനിവാര്യത അല്ലാതായിരിക്കുന്നു.  സ്വിച്ച് ഓണ്‍ ചെയ്തപ്പോൾ കുറെ മെസ്സെജെസ്... മിസ്സ്ഡ് കാൾ അലർട്ട് ആക്ടിവേറ്റ്  ചെയ്യാത്തത് കൊണ്ട് ആരൊക്കെ വിളിച്ചു എന്നറിയാൻ പറ്റില്ല. നോക്കുമ്പോ ഒരു ബ്ലാങ്ക് മെസ്സേജ്... സെൻറ് ചെയ്ത ആളിന്‍റെ പേര് എത്ര തവണ വായിച്ചിട്ടും എനിക്ക് വിശ്വാസം വന്നില്ല. അജയ്!!!

തിരികെ വിളിക്കാൻ നോക്കി. കാൾ കണക്ട് ആകുന്നില്ല. മെസ്സേജും സെൻറ് ആകുന്നില്ല. വേസ്റ്റ് ആകാത്ത 
ഒരു വിഷ് ചെയ്യാൻ പറ്റിയിരുന്നെങ്കിൽ!!! അറിയാതെ ആഗ്രഹിച്ചു പോയി, അജയ്ന്‍റെ അടുത്തെത്തിയിരുന്നെങ്കിൽ എന്ന്. എങ്ങനെ എത്താനാണ്, എനിക്ക് മായാജാലം അറിയില്ലല്ലോ! കണ്ണും പൂട്ടി ഇരുന്നിട്ട് കാര്യമില്ല, പേപ്പർ വായിച്ചാൽ ആ കുട്ടിയ്ക്കെങ്കിലും ഉപകാരം ആകും. മൊബൈൽ എന്തായാലും ഓണ്‍ ആണല്ലോ, കാൾ വരാതിരിക്കില്ല എന്ന് വിചാരിച്ചു കൊണ്ട് കണ്ണ് തുറന്നു. പരിചയമില്ലാത്ത സ്ഥലം... വീണ്ടും ഉറക്കമായോ ഞാൻ!!! അടുക്കും ചിട്ടയുമുള്ള ഒരു മുറി. മുറിയുടെ ഒരറ്റത്തായുള്ള  കട്ടിലിൽ ആരോ കിടക്കുന്നുണ്ട്. ഞാൻ ശബ്ദമുണ്ടാക്കാതെ അയാളുടെ അടുത്തേയ്ക്ക് നടന്നു. അയാളുടെ ശ്രദ്ധ മുഴുവനും കൈയിലുള്ള മൊബൈലിലാണ്. കട്ടിലിന്‍റെ തലയ്ക്കൽ ഞാൻ നില്ക്കുന്നത് അയാൾ കണ്ടിട്ടില്ല. ഇപ്പോൾ  എനിക്ക് അയാളുടെ മൊബൈൽ സ്ക്രീനിൽ എന്താണുള്ളത് എന്ന് വ്യക്തമായി കാണാം. അതിൽ ഞാൻ കണ്ടത് എന്നെ തന്നെയായിരുന്നു. ആരാ ഇതിപ്പോ എന്നേം നോക്കി കിനാവ് കണ്ടു കിടക്കുന്നത്!!! നെഞ്ചിടിപ്പോടെ ആ മുഖത്തേക്കൊന്നു പാളി നോക്കി ഞാൻ. മൊബൈലിൽ നിന്ന് പതിക്കുന്ന വെളിച്ചം നിലാവിനോട് കൂടിയപ്പോൾ പൂർണ്ണചന്ദ്ര പ്രഭയുള്ള എന്‍റെ സ്വപ്നങ്ങളിലെ രാജകുമാരന്‍റെ മുഖം ഞാൻ കണ്ടു. അജയ്... എന്‍റെ കൃഷ്ണാ.. എനിക്ക് എന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല.

എത്ര കാലമായി എന്‍റെ മുന്നിൽ കട്ട പിടിച്ചു നിന്ന മൂടൽ മഞ്ഞു അലിഞ്ഞലിഞ്ഞു ഇല്ലാതാകുകയായിരുന്നു. നിറഞ്ഞ കണ്ണുകളിലെ മങ്ങിയ ദൃശ്യത്തിൽ ആ മൊബൈലിൽ വന്ന കാൾ അഷിഷിന്‍റെതാണെന്നു ഞാൻ കണ്ടു. അജയ് സംസാരിച്ചത് കൂടി കേട്ടപ്പോൾ എന്‍റെ മനസ്സ് തുള്ളിച്ചാടാൻ തുടങ്ങി. "ഇല്ലടാ എനിക്ക് അവളോട് സംസാരിക്കാൻ പറ്റിയില്ല. വിളിച്ചപ്പോളെല്ലാം സ്വിച്ച്ട് ഓഫ്‌ എന്നാ പറഞ്ഞത്. എനിക്കാണേൽ ഒരു സമാധാനവും ഇല്ല". അഷിഷിന്‍റെ മറുപടി  "സാരമില്ലടാ നീ ഒന്നുകൂടെ വിളിച്ചു നോക്ക്.. ചാർജ് തീർന്നു പോയിക്കാണും"...

നിരാശ നിറഞ്ഞ സ്വരത്തിൽ അജയ് തുടർന്ന് "ശരിയെടാ ഞാൻ ഒന്നുകൂടെ വിളിച്ചു നോക്കട്ടെ... അവളെ എനിക്കിഷ്ടമാണെന്നു പറയുമ്പോൾ, എനിക്ക് ഊഹിക്കാനാകും അവളുടെ സന്തോഷം...പാവം പൊട്ടിക്കരയും... അത്രയ്ക്ക്... അത്രയ്ക്ക് എന്നെ സ്നേഹിക്കുന്നുണ്ട് അവൾ... ആ സ്നേഹത്തിന്‍റെ ഒരു കണികയെങ്കിലും എന്നെങ്കിലും തിരികെ കിട്ടുമെന്ന് കരുതി കാത്തിരിക്കുകയാണ് അവൾ... ഇനിയും വയ്യ, ആ സ്നേഹം കണ്ടില്ലെന്നു നടിക്കാൻ. അവളെ വിളിച്ചിട്ട് ഞാൻ വിളിക്കാം നിന്നെ" അച്ഛനോട് പറയുമ്പോൾ എന്ത് സന്തോഷമാകും! ഈ സ്വപ്നം അവസാനിക്കാതിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചുപോയി. എനിക്ക് ഓടിച്ചെന്നു അജയ്ന്‍റെ നെഞ്ചോട് ചേർന്ന് കരയാൻ തോന്നി. ഞാൻ അവന്‍റെ അടുക്കലേക്ക് നടന്നു. പുറകിൽ നിന്ന് രണ്ടു കൈയും കൂട്ടി കെട്ടിപ്പിടിക്കാനൊരുങ്ങിയ എന്നെ അവന്‍റെ മൊബൈലിൽ  വന്ന അടുത്ത കാൾ പിന്നിലേക്ക്‌ വലിച്ചു. "എന്താടാ... ഞാൻ വിളിക്കാമെന്ന് പറഞ്ഞതല്ലേ?" അഷിഷിന്‍റെ സബ്ദം ഇത്തവണ വല്ലാതെ പതറിയിരുന്നു എന്ന് അവ
ന്‍റെ മറുപടി കേട്ടപ്പോൾ മനസിലായി. "ഡാ നീ അവളെ വിളിക്കണ്ട. അടുത്ത ഫ്ലൈറ്റിന് നാട്ടിലേക്ക് വരണം." അജയ്ന്‍റെ മുഖം വിളറി. "എന്താടാ എന്താ കാര്യം? നിന്‍റെ ശബ്ദമെന്താ വല്ലാതിരിക്കുന്നത്". അഷിഷിനു മറ്റൊന്നും പറയാനില്ലായിരുന്നു "നി വാ എന്നിട്ട് പറയാം"

അവ
ന്‍റെ മുഖത്തെ പരിഭ്രാന്തി എനിക്ക് താങ്ങാനാകുന്നതിലും അപ്പുറമാണ്. എന്നും അതങ്ങനെ ആയിരുന്നു.  എന്തൊക്കെയോ ബാഗിൽ കുത്തിനിറച്ച് ഫ്ലാറ്റ് പൂട്ടി അവൻ പുറത്തേക്കിറങ്ങി. അവനോടൊപ്പം ഞാനും പുറകെ പോയി. ചെക്ക് ഇൻ ചെയ്തപ്പോഴും ഫ്ലൈറ്റിലും തിരികെ വീട്ടിലേക്കുള്ള യാത്രയിൽ കാറിൽ ഇരിക്കുമ്പോഴും അജയ്ന്‍റെ ഉള്ളിൽ നൂറുനൂറു ചോദ്യങ്ങൾ ഉയരുന്നത് എനിക്ക് അറിയാൻ കഴിഞ്ഞു. അവനോടൊപ്പം തൊട്ടടുത്ത്‌ ഞാൻ ഉള്ളത് അവൻ അറിയുന്നുണ്ടായിരുന്നില്ല. അഷിഷിന്‍റെ കാൾ വീണ്ടും. "ഡാ നി എവിടെത്തി? ഞാൻ ഇപ്പൊ അവളുടെ വീട്ടിലാണ്. നീ ടൌണിൽ എത്തുമ്പോൾ വിളിക്കണം. ഞാൻ വരാം" .

"എന്തിനാ നി അവളുടെ വീട്ടിൽ പോയത്?. ഞാൻ എത്തിയിട്ട്  എല്ലാം നേരിട്ട് സംസാരിക്കാമെന്ന് പറഞ്ഞിരുന്നതല്ലേ!" . ആഷിഷ് പറയുന്നതിനൊന്നും ചെവി കൊടുക്കാതെ അജയ് കാൾ കട്ട് ചെയ്തു. അവനെ സമാധാനിപ്പിക്കാനായി ഞാൻ അവന്‍റെ ചുമലിൽ കൈ വച്ചു. ഈശ്വരാ ... സ്വപ്നത്തിലെങ്കിലും കരുണ കാട്ടാത്തതെന്തേ! അവൻ എന്‍റെ സ്പർശനം അറിയുന്നില്ല. പെട്ടെന്ന് വണ്ടി എവിടെയോ നിന്നു. എന്‍റെ വീടാണല്ലോ! ഒരുപാട് ആളുകൾ കൂടി നില്ക്കുന്നുണ്ട്. ദൈവമേ അച്ഛന് എന്തെങ്കിലും അത്യാഹിതം സംഭവിച്ചിട്ടുണ്ടാകുമോ!!! എന്‍റെ  കണ്ണുകളിൽ ഇരുട്ട് നിറഞ്ഞു. അജയിനെക്കാൾ മുൻപേ ഉമ്മറത്തേക്ക് ഞാൻ ഓടിക്കയറി... പൂമുഖത്ത് വെള്ള പുതപ്പിച്ച ഒരു രൂപം കിടക്കുന്നുണ്ട്. അമ്മ അടുത്തിരുന്നു കരയുന്നു. കസിൻസും മറ്റു ബന്ധുക്കളും അരികിലിരുന്നു ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു. അച്ഛൻ... അച്ഛനെവിടെ? ഞാൻ ചുറ്റുപാടും നോക്കി. അടുത്ത മുറിയിലെ ചാരുകസേരയിൽ തലയ്ക്ക് കൈയും കൊടുത്ത് അച്ഛനിരിക്കുന്നു. അപ്പൊ അനിയൻ!!!

അപ്പോഴേക്കും അജയ് മുറ്റത്തെത്തിയിരുന്നു. ഞാൻ അവ
ന്‍റെ അരികിലേക്ക് ഓടി.. ഭ്രാന്ത്‌ പിടിക്കുമ്പോലെ... എന്നത്തെയും പോലെ അവനു മാത്രമേ എന്നെ സമാധാനിപ്പിക്കാനാകൂ.  ആഷിഷ് അജയ്ന്‍റെ അടുത്തെത്തി, അവനെ ചേർത്തുപിടിച്ചു. എന്നെപ്പോലെ അജയ്നും എന്താണ് സംഭവിക്കുന്നത് എന്ന്  മനസിലാകുന്നുണ്ടായിരുന്നില്ല.

ന്‍റെ പുറകിൽ നിന്ന ആരോ ഒരാൾ പറഞ്ഞു "അനിയൻ പുലർച്ചയ്ക്കുള്ള ഫ്ലൈറ്റിലെ എത്തുള്ളു. എന്നിട്ടേ ബോഡി എടുക്കുള്ളു. പോയിട്ട് രാവിലെ വരാം" ... ഞാൻ തിരിഞ്ഞു അഷിഷിനെ നോക്കി. അവൻ അജയ്നോട്‌ പറഞ്ഞത് ഇങ്ങനെ ആയിരുന്നു "അവളുടെ കാത്തിരിപ്പ് അവസാനിച്ചു...ഇനി അവൾ കരയില്ല... വേദനിക്കില്ല...". വിശ്വാസം വരാത്തപോലെ അജയ് അവന്‍റെ മുഖത്തേക്ക് നോക്കി നിന്നു.   അജയ്ന്‍റെ കണ്ണുകൾ നിറഞ്ഞു. ഒരു താങ്ങിനായി അവൻ അഷിഷിന്‍റെ തോളിൽ കൈ താങ്ങി. ആഷിഷ് അവനെയും കൊണ്ട് വീട്ടിനുള്ളിലേക്ക് കയറി. അവനെ കണ്ടപ്പോൾ അമ്മയുടെ കരച്ചിൽ ഉച്ചത്തിലാകുന്നത് ഞാൻ കേട്ടു.  അപ്പോഴേക്കും ആരോ ആ വെള്ളപ്പുതപ്പ് മാറ്റി. പേടിയോടെ ഞാനും അങ്ങോട്ടേക്ക് നോക്കി.  ആ മുഖം .. അത് ഞാനായിരുന്നു.


അജയ് ഒന്നും മിണ്ടുന്നില്ല. സ്വബോധം നഷ്ടപ്പെട്ടപോലെ  ആഷിഷിന്‍റെ ചുമലിൽ താങ്ങി അവൻ പുറത്തേക്കിറങ്ങുമ്പോൾ, അവനെ നോക്കി വാതിൽക്കൽ ഒന്നും മിണ്ടാതെ നിർവികാരനായി അച്ഛൻ നിൽക്കുന്നുണ്ടായിരുന്നു.  
ഇത് സ്വപ്നമാണോ!!! കണ്ണടച്ച് തുറന്നപോഴേക്കും ആഗ്രഹിച്ചിടത്തു എത്തിയതും, കൂടെ യാത്ര ചെയ്തതും, അടുത്തുണ്ടായിരുന്നിട്ടും എന്‍റെ സാന്നിധ്യം തിരിച്ചറിയപ്പെടാതെ പോയതും ഒക്കെ... എന്‍റെ സമനില തെറ്റുന്ന പോലെ തോന്നി. ഞാൻ റൂമിലേക്ക് ഓടി... മൊബൈൽ ആണ് ആദ്യം ഞാൻ അന്വേഷിച്ചത്... സ്വിച്ച്ട് ഓഫ്‌ ആണ്. ഓണ്‍ ചെയ്യാൻ ശ്രമിച്ചു നോക്കി. എന്‍റെ കൈവിരലുകൾക്ക് പെട്ടെന്ന് ബലക്ഷയം സംഭവിച്ചപോലെ. എത്ര ശ്രമിച്ചിട്ടും പവർ ബട്ടണ്‍ പ്രസ്‌ ആകുന്നില്ല. അപ്പോഴാണ് തൊട്ടടുത്തു നിലത്തു കിടക്കുന്ന ചോരപുരണ്ട ബ്ലൈഡും  ബെഡ്ഷീറ്റിലെ  ചോരക്കറയും എന്‍റെ ശ്രദ്ധയിൽ പെട്ടത്. കാര്യങ്ങൾ ഒരുവിധം അനുമാനിച്ചെടുക്കുമ്പോഴും ബോധം പാതി മറയുന്നുത് ഞാൻ അറിയുന്നുണ്ടായിരുന്നു. അജയ്...   അവനെ കാണാനായി ഞാൻ പുറത്തേക്ക്  ഓടി. തളർന്നിരിക്കുന്ന  അവനെ ആശ്വസിപ്പിക്കാനായി അവന്‍റെ കൈയിൽ മുറുകെ പിടിച്ചു. ഇല്ല അവൻ അറിയുന്നില്ല എന്നെ. ബാക്കിയുണ്ടായിരുന്ന മങ്ങിക്കൊണ്ടിരുന്ന ബോധത്തിൽ  ഞാൻ ചുറ്റും നോക്കി... അച്ഛൻ... അമ്മ... അജയ്... ആഷിഷ്... സുഹൃത്തുക്കൾ... ബന്ധുക്കൾ... 
തിരിച്ചറിവിന്‍റെ വൈകിയ വേളയിൽ എന്നെ കൊണ്ടുപോകാനായി ദൂരെ ആകാശത്തു നിന്നും ഒരു രഥം വരുന്നുണ്ടായിരുന്നു. 
കർമഫലങ്ങളുടെ പുസ്തകവും  തുറന്നു വച്ച്‌, നന്മ തിന്മകളുടെ തുലാസിൽ എന്‍റെ ജീവിതം അളന്നു തിട്ടപ്പെടുത്തിക്കഴിഞ്ഞെന്നു തോന്നുന്നു. സമയമായി... എനിക്ക് വേണ്ടി കണ്ണുനീർ തൂകുന്നവരോട് പറയാനിത്ര മാത്രം, ബന്ധനങ്ങളില്ലാത്ത, വേദനകളില്ലാത്ത ഈ പുതിയ ജീവിതത്തിൽ ഞാൻ സന്തുഷ്ടയാണ്, ചിലരെയൊക്കെ വേദനിപ്പിക്കേണ്ടി വന്നു എന്നതൊഴിച്ചാൽ... അവരുടെ വേദന കാലത്തിന്‍റെ പോക്കിൽ അലിഞ്ഞലിഞ്ഞു ഇല്ലാതാകും. അവരും ചിരിക്കാൻ തുടങ്ങും... എന്നിട്ടുമെന്തേ എന്‍റെ കണ്ണുകൾ നിറയുന്നു!!! കണ്ണുനീർത്തുള്ളികളാണോ വർദ്ധിച്ചു വരുന്ന അകലമാണോ എന്‍റെ കാഴ്ചയ്ക്ക് മങ്ങലേൽപ്പിക്കുന്നത് !!!