Mar 5, 2013

അനുപദം - ഭാഗം 4


തിരിഞ്ഞു നോക്കുമ്പോള്‍ തൊട്ടു പിന്നില്‍ ഉമ നില്‍ക്കുന്നു.  അഴിഞ്ഞുലഞ്ഞ മുടിയിഴകള്‍ പാതി മറച്ച മുഖത്തിന്‍റെ ഉടമയെ എനിക്ക് പരിചയമില്ല. പക്ഷെ ആ കണ്ണുകളിലെ വിശ്വാസം നിറഞ്ഞ ദൃഡ നിശ്ചയത്തിന്‍റെ  നിഴലാട്ടം ഞാന്‍ പ്രതീക്ഷിച്ച പോലെ ഒരു പഴയ കഥയുടെ അനുരണനം ആയിരുന്നു എന്ന് പിന്നീട് എനിക്ക് മനസ്സിലായി.

"മായ എന്നെ ഓര്‍ക്കുന്നില്ലേ!!!" ഉമയുടെ ചോദ്യത്തില്‍ "ഇല്ല" എന്ന മറുപടി അല്ലാതെ മറ്റൊന്നും എന്‍റെ നാവിന്‍ തുമ്പില്‍ തുളുമ്പില്ല എന്നറിയാമായിരുന്ന പോലെ, ഉത്തരത്തിന് പ്രതീക്ഷിക്കാതെ ഉമ സംസാരിച്ചു തുടങ്ങി.

"ജാനുവമ്മ പറഞ്ഞു മായയ്ക്ക് ഒന്നും ഓര്‍മയില്ല എന്ന്... ഇവിടുള്ളവരെയോ... നെല്ലിമലയെയൊ... ഗിരിയെയോ... ഒന്നും... വിഷമിക്കേണ്ട... ഇതൊരു തുടക്കമാകട്ടെ, എല്ലാ നല്ലതിന്‍റെയും".

ഞാന്‍ ഉമയെ ആശ്വസിപ്പിക്കെണ്ടിടത്തു...ഒന്നും പറയാനാകാതെ നിന്ന എന്‍റെ മനസ്സില്‍ മുങ്ങിപ്പോയ വാക്കുകള്‍ക്ക് ജീവന്‍ കിട്ടിയത് ഇങ്ങനെയായിരുന്നു. "ഉമേ ... ഇവിടെല്ലാവര്‍ക്കും എന്നെ അറിയാം. ഉമയ്ക്കും എന്നെ അറിയാമെന്നു മനസ്സിലായി... പക്ഷെ എനിക്ക് ആരെയും തിരിച്ചറിയാനാകുന്നില്ല. എന്തിനാ ഉമ എന്നോട് കുറച്ച് മുന്‍പ് പൊട്ടിത്തെറിച്ചത് ? താഴ്വാരത്തില്‍ വച്ചും ഞാന്‍ ശ്രദ്ധിച്ചിരുന്നു എന്നെക്കണ്ടപ്പോഴുള്ള ഉമയുടെ ഭാവമാറ്റം. ഞാന്‍ എങ്ങനെയാണ് ഉമയുടെ നഷ്ടങ്ങള്‍ക്ക് ഉത്തരവാദിയാകുന്നത്?..."

എന്‍റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറാതെ നില്‍ക്കുന്ന ഉമയില്‍ നിന്നും അല്പം മുന്‍പ് കണ്ട എല്ലാം നഷ്ടപ്പെട്ട സ്ത്രീ ഭാവം എങ്ങോ മറഞ്ഞുപോയിരിക്കുന്നു. പകരം ജീവിതത്തെ ധൈര്യപൂര്‍വ്വം അഭിമുഖീകരിക്കുന്ന കരുത്തുറ്റ മനസ്സിന്‍റെ ഉടമയായ ഒരു സ്ത്രീ ആയി ഉമ മാറിയിരിക്കുന്നു.

"മായേ...ഞങ്ങളുടെ, അതായത് എന്‍റെയും ഗിരിയുടെയും കഥ പൂര്‍ണ്ണമാകുന്നത് നിന്നിലൂടെയാണ്. കുറച്ച് നാളുകള്‍ക്കു മുന്‍പ് വരെ മായയെക്കുറിച്ച് എനിക്ക് അധികമൊന്നും അറിയില്ലായിരുന്നു...മായയ്ക്ക് എന്താണ് സംഭവിച്ചതെന്നും"

 "മാഷിനോട് ആരാ അങ്ങനെ ചെയ്തത്? ആര്‍ക്കാണ് മാഷിനോട് ഇത്ര വൈരാഗ്യം ?" എന്‍റെ പൊടുന്നനെയുള്ള ചോദ്യത്തില്‍ ഒന്ന് പതറിപ്പോയെങ്കിലും   പെട്ടെന്ന് തന്നെ ഉമ സ്വാഭാവികതയിലെക്ക് തിരികെ വന്ന് സംസാരിച്ചു തുടങ്ങി.  "മായയുടെ ഓര്‍മ്മകളില്‍ ഞങ്ങളുടെ ജീവിതമുണ്ട്...എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരവും... നിനക്കുവേണ്ടി ഞാനത് പറയാം..."  ക്ലൈമാക്സ്‌ ദുരന്തം ആണെന്ന് മുന്നെക്കൂട്ടി അറിയാവുന്ന ഒരു സിനിമ കാണുംപോലെ ഞാന്‍ ആ കഥ കേള്‍ക്കാന്‍ കാത് കൂര്‍പ്പിച്ചു... ഉമ പറഞ്ഞു തുടങ്ങി...

എഞ്ചിനീയറിംഗിന് ചേരുമ്പോള്‍, അതും പ്രശസ്തമായ കോളേജില്‍, ഏതൊരു ഫ്രെഷറെയും പോലെ ഞാനും ഏറ്റവും അധികം ഭയപ്പെട്ടിരുന്നത് റാഗിംഗ് ആയിരുന്നു. കാമ്പസുകളുടെ മുതുമുത്തച്ഛനായ കലാലയം ആയിരുന്നു അത്. നിറയെ തണല്‍ മരങ്ങളും, നാട്ടിന്‍പുറത്തു നിന്നെത്തിയ എനിക്ക് അപരിചിതമായ ചില്‍-ഔട്ട്‌ പോയിന്‍റ്സും ഒക്കെ ഉണ്ടായിരുന്നു അവിടെ.

അച്ഛനോടൊപ്പം ആ കലാലയത്തിന്‍റെ  പടികള്‍ കയറുമ്പോള്‍, നാല് വര്‍ഷങ്ങള്‍ക്കപ്പുറം ജീവിതം എങ്ങനെയാകണം എന്ന് ഞാനും സ്വപ്‌നങ്ങള്‍ നെയ്തു തുടങ്ങി. അഡ്മിഷന്‍റെ ഫോര്‍മാലിറ്റീസ് പൂര്‍ത്തിയാക്കി എന്നെ ഹോസ്റ്റെലിലാക്കി അച്ഛന്‍ നാട്ടിലേക്ക് യാത്രയായി. ഹോസ്റ്റെല്‍ എന്ന് പറയുന്നെങ്കിലും അത് ഒരു വീടായിരുന്നു.  കോളേജ് ഹോസ്റ്റെലില്‍ ഒഴിവില്ലാതിരുന്നതിനാല്‍ ഒരു വീട്ടില്‍ PG  ആയിട്ടാണ്   താമസം തുടങ്ങിയത് . PG  എന്നാല്‍ പോസ്റ്റ്‌ഗ്രാജ്വേഷന്‍ എന്ന് മാത്രം അറിയാമായിരുന്ന ഞാന്‍ പേയിംഗ് ഗസ്റ്റ് ആകുമ്പോള്‍ നഗരജീവിതത്തിന്‍റെ ചുരുക്കെഴുത്തുകള്‍ പഠിക്കാന്‍ തുടങ്ങുകയായിരുന്നു.   ആദ്യമായിട്ട് വീട് വിട്ട് നില്‍ക്കുന്നതിന്‍റെ വിഷമം അന്ന് രാത്രി മുഴുവന്‍ കരഞ്ഞു തീര്‍ത്തു. എന്‍റെ റൂംമേറ്റ്‌ എം. ടെക് രണ്ടാമത്തെ സെമസ്റ്റര്‍ പഠിക്കുന്ന ലയചേച്ചി ആയിരുന്നു. സ്വന്തം അനിയത്തിയെ പോലെ എന്നെ സ്നേഹിച്ച ചേച്ചിയുടെ സാന്നിധ്യമാണ് എനിക്ക് അല്പമെങ്കിലും ആശ്വാസമായത്.

ക്ലാസ് തുടങ്ങുന്ന ദിവസം ചേച്ചിയും കൂടെയുണ്ടായിരുന്നു. എന്നെ ക്ലാസിലാക്കി, ധൈര്യമായിരിക്കാന്‍ പറഞ്ഞിട്ട് ചേച്ചി പോകുമ്പോള്‍ ഞാനും മറ്റ് 61 കുട്ടികളും ഒരു പിടി സ്വപ്നങ്ങളുമായി ഞങ്ങളുടെ ബി. ടെക് ലൈഫ്ന് തുടക്കം കുറിച്ചു. ആദ്യത്തെ രണ്ടു പീരീഡ്‌ മാത്തമാറ്റിക്സ് ആയിരുന്നു. തനി ബോറന്‍ ക്ലാസ്. ടീച്ചര്‍ക്ക് ഞങ്ങളെക്കാള്‍ പേടി.  എഞ്ചിനീയറിംഗിന്‍റെ നിലവാരം തൊട്ടു തീണ്ടാത്ത രണ്ടു മണിക്കൂറുകള്‍...

ഇന്‍റര്‍വല്‍ ആയപ്പോഴേക്കും പരിചയപ്പെടാനെന്ന ഭാവേനെ സീനിയേഴ്സ്  എത്തി. ഞങ്ങള്‍ ഭൂരിഭാഗം കുട്ടികളുടെയും ഉള്ളില്‍ ഭയത്തിന്‍റെ പെരുമ്പറ മുഴങ്ങാന്‍ തുടങ്ങി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ആയിട്ട് ആറേഴു പേരുണ്ടായിരുന്നു. ഇടയ്ക്കും മുറയ്ക്കും നിന്ന് അവര്‍ ഓരോരുത്തരെയായി വിളിക്കാന്‍ തുടങ്ങി. ചിലരോട് പേരും സ്ഥലവും മാത്രം ചോദിച്ചപ്പോള്‍ മറ്റ് ചിലരോട് എന്തിന് എഞ്ചിനീയറിംഗ് ജോയിന്‍ ചെയ്തു എന്ന ചോദ്യം വരെയുണ്ടായി. ഈ പീരീഡ്‌ ഫ്രീ ആണെന്ന് തോന്നുന്നു. ഈശ്വരാ! ആ ചേട്ടന്‍ എന്‍റെ അടുത്തെക്കാണല്ലോ വരുന്നത്!!! എ ഹാന്‍ഡ്‌സം  ഗൈ... ഒരു സ്വകാര്യ അഹങ്കാരം നുര പൊന്തുമ്പോഴും, ഉള്ളിലെ പേടിക്ക്‌ കുറവൊന്നുമുണ്ടായില്ല...

 "എന്താ പേര്?" അയാള്‍ ചോദിച്ചു. എന്തൊരു ഗാംഭീര്യമുള്ള ശബ്ദം. ആദ്യ ദര്‍ശനപ്രണയം എന്ന് പറയുന്നത് ഇതാണോ!!! ഞാന്‍ ഒന്നും മിണ്ടാതെ അയാളുടെ കണ്ണുകളില്‍ നോക്കി നിന്നു... "തന്നോടാ ചോദിച്ചത് പേരെന്താണെന്ന്... എന്താ ചെവി കേള്‍ക്കാന്‍ പാടില്ലേ?"  ചോദ്യം കേട്ട്  ഞാനെന്‍റെ സ്വപ്ന ലോകത്ത് നിന്ന്‌  ഞെട്ടിയുണരുമ്പോഴേക്കും ക്ലാസ്സില്‍ കൂട്ടച്ചിരി ഉയര്‍ന്നു. "ഗിരീ , അധികം പേടിപ്പിക്കണ്ട... നിന്‍റെ ആരാധികമാരുടെ ലിസ്റ്റില്‍ എഴുതിച്ചേര്‍ക്കാന്‍ ഒരു പേര് കൂടിയായി", ഒരു ചേച്ചിയുടെ കമന്‍റ്...

"ഉമ മഹേശ്വരി" ഞാന്‍ വിക്കി വിക്കി പറഞ്ഞു.... "ശിവന്‍ ചേട്ടന് സുഖാണോ മോളെ "  ആരോ തൊടുത്തു വിട്ട ഡയലോഗിനു എല്ലാവരും കൂടിച്ചേര്‍ന്നു ചിരിക്കുമ്പോള്‍ ഞാനൊരു നോക്കുകുത്തി കണക്കങ്ങനെ നിന്നു... എന്‍റെ കണ്ണുകള്‍ നിറയാന്‍ തുടങ്ങി...

"മോളൊരു പാട്ട് പാടിക്കേ ചേട്ടന് വേണ്ടി... ഒരു റൊമാന്‍റിക് സോംഗ് ആയിക്കോട്ടെ..." അയാള്‍ വിടാന്‍ ഉദ്ദേശമില്ല.. ഞാന്‍ ചുറ്റും നോക്കി...  എല്ലാവരുടെയും നോട്ടം എന്‍റെ മുഖത്ത്...നാണക്കെടാകുമല്ലോ എന്‍റെ ഈശ്വരാ....സംഗീതം പഠിച്ചിട്ടുണ്ടെന്ന ഗ്രേസ് മാര്‍ക്കൊന്നും കരയാന്‍ വിതുമ്പി നില്‍ക്കുമ്പോള്‍ സഹായമാകാന്‍ പോകുന്നില്ല..ഊര്‍ന്നു വീഴുന്ന കണ്ണുനീര്‍ കൈകൊണ്ടു തുടച്ചുകൊണ്ട് എല്ലാ ദൈവങ്ങളെയും മനസ്സില്‍ പ്രാര്‍ത്ഥിച്ച്  കണ്ണടച്ച്
ഞാന്‍ പാടി....

"അരികില്‍.... നീയുണ്ടായിരുന്നെങ്കില്‍....
അരികില്‍.... നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍... ഒരു മാത്ര വെറുതെ നിനച്ചു പോയ്‌...
ഒരു മാത്ര വെറുതെ നിനച്ചു പോയ്‌...
അരികില്‍.... നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍... ഒരു മാത്ര വെറുതെ നിനച്ചു പോയ്‌...
ഒരു മാത്ര വെറുതെ നിനച്ചു പോയ്‌... "

ഞാന്‍ നിര്‍ത്തി... "മുഴുവനും പാടിയിട്ട് നിര്‍ത്തിയാല്‍ മതി" അടഞ്ഞ മിഴികള്‍ക്കും തിരിച്ചറിയാന്‍ പറ്റി അത് അയാളുടെ ശബ്ദം ആയിരുന്നു ... ഞാന്‍ തുടര്‍ന്നു...

"രാത്രിമഴ പെയ്തു.... തോര്‍ന്ന നേരം...
രാത്രിമഴ പെയ്തു തോര്‍ന്ന നേരം....കുളിര്‍കാറ്റിലിലച്ചാര്‍ത്തുലഞ്ഞ  നേരം...."

 അനുപല്ലവിയും ചരണവും കഴിയുമ്പോള്‍ ചുറ്റും നിശബ്ദം. ഈശ്വരാ ഈ സിനിമകളില്‍ കാണും പോലെ സംഭവിക്കുകയാണോ!!! ആദ്യദിവസം തന്നെ തന്‍റെ സ്വരമാധുര്യം കൊണ്ട് എല്ലാവരെയും കൈയിലെടുക്കുന്ന ജൂനിയര്‍... തിരക്കഥയില്‍ ഒരു കൈയടി മിസ്സിംഗ്‌ അല്ലെ!!! ഞാന്‍ പതിയെ കണ്ണുകള്‍ തുറന്നു. മുന്നില്‍ ആരുമില്ല... തിരിഞ്ഞു ചുറ്റുപാടും നോക്കി... ക്ലാസ്സ്‌ ശൂന്യം...  ബോയിംഗ് ബോയിംഗ് സിനിമയിലെ പശ്ചാത്തല സംഗീതം കേള്‍ക്കുന്നുണ്ടോ!!! ഒരു ചമ്മിയ മുഖത്തോടെ ഞാന്‍ വാച്ചില്‍ നോക്കി; 12 മണി, ലഞ്ച് ബ്രേക്ക്...

ഉച്ചക്ക് ശേഷം ക്ലാസ്സ്‌ ഉണ്ടാകുമോ ആവോ.. ആരോടാ ഒന്ന് ചോദിക്കുക. ബാഗുമെടുത്ത് ഫയലും നെഞ്ചോട് ചേര്‍ത്ത് ഞാന്‍ പുറത്തേയ്ക്ക് ഇറങ്ങി... ഇടനാഴിയിലൂടെ നടക്കുമ്പോള്‍ കാലം തെറ്റിയെത്തിയ ചെറുമഴച്ചാറ്റലില്‍ മഴത്തുള്ളികള്‍ കാറ്റിലാടി എന്നെ തൊട്ടുപോയി . മഴ എന്നും മനസ്സിനൊരു കുളിരാര്‍ന്ന അനുഭവമാണ്. എന്തൊക്കെയോ ഓര്‍ത്ത്‌ വിജനമായ ആ ഇടനാഴിയില്‍ക്കൂടി പരിസരം മറന്നു നടക്കുകയായിരുന്ന എന്നെ ആരോ പിടിച്ചു വലിച്ച് അരികിലെ തൂണിന്‍റെ മറവിലേക്ക് കൊണ്ടുപോയി...എന്താ നടക്കുന്നതെന്ന് തിരിച്ചറിയാന്‍ എടുക്കുന്ന നിമിഷങ്ങളില്‍ ഞാന്‍ എന്‍റെ മുന്നില്‍ ഒരു രൂപം അവ്യക്തമായിക്കണ്ടു. തെളിഞ്ഞു വന്ന അയാളുടെ മുന്നില്‍ ഞാന്‍ തരിച്ചു നിന്നു. എന്‍റെ ആദ്യദര്‍ശന പ്രണയത്തിലെ നായകന്‍. . . ഞാന്‍ സ്വപ്നം കാണുകയാണോ!!! പതിയെ കൈയില്‍ ഒന്ന് നുള്ളി നോക്കി... "ആഹ്" വേദനിക്കുന്നുണ്ട്... അപ്പൊ ഇത് സത്യം തന്നെ....

"ഞാന്‍ ഗിരി... ആറാം സെമസ്റ്റര്‍ ഇലക്ട്രോണിക്സ് . വളച്ചുകെട്ടി പറയാനൊന്നും എനിക്കറിയില്ല" അയാള്‍ സംസാരിച്ചു തുടങ്ങി. എനിക്കും അയാള്‍ക്കും ഇടയില്‍ ഒരു കൈപ്പത്തിയുടെ അകലം മാത്രം... എന്‍റെ കൈകള്‍ സ്വന്തം കൈകളിലെടുത്ത് കണ്ണുകളിലേക്ക് നോക്കി ഗിരി തുടര്‍ന്നു. "ഒരു ഓമനത്തമുള്ള ആകാംക്ഷയോടെ കാമ്പസിന്‍റെ പടികള്‍ കയറി വന്ന ഉമയെ കണ്ട നിമിഷം മുതല്‍ എന്‍റെ മനസ്സില്‍ ഉമയോടുള്ള പ്രണയം നിറയുകയാണ്.  ഉമ ശ്രദ്ധിച്ചിട്ടുണ്ടാകില്ല, എന്നെയും കടന്നു ഉമ പോകുമ്പോള്‍ കാറ്റില്‍ പാറിയ മുടിയിഴകളുടെ സുഗന്ധത്തില്‍ നീയറിയാതെ ഞാന്‍ പുറകെയുണ്ടായിരുന്നു...  ഓരോ കാല്‍വെയ്പ്പിലും ഒരു മണി നഷ്ടമായ നിന്‍റെ  പാദസരത്തിന്‍റെ  കിലുക്കം ഞാന്‍ ആസ്വദിക്കുകയായിരുന്നു...നീ പാടുമ്പോള്‍ എല്ലാവരെയും ഒഴിവാക്കി, നിന്‍റെ സംഗീതം ഞാന്‍ എന്‍റെതു മാത്രമാക്കുകയായിരുന്നു... പാട്ട് നിര്‍ത്തും വരെ ഞാന്‍ നിന്‍റെ തൊട്ടു മുന്നിലുണ്ടായിരുന്നു; നിന്‍റെ ചുണ്ടുകളില്‍ നിന്നു പൊഴിയുന്ന വരികളുടെ മാധുര്യത്തില്‍ സ്വയം മറന്ന്... നീ ഇവിടെയെത്താനെടുത്ത 2 മിനിട്ട് മാത്രമായിരിക്കും നമ്മള്‍ കണ്ടുമുട്ടിയതിനു ശേഷം ഞാന്‍ നിന്നെ തനിച്ചാക്കുന്നത്... നിന്‍റെ കണ്ണുകള്‍ പറയുന്നത് സത്യമാണെങ്കില്‍ എനിക്ക് നിന്‍റെ സ്നേഹം സ്വന്തമാകുകയാണ്... ഈ നിമിഷം മുതല്‍...ഞാന്‍ നിന്‍റെ മാത്രമാണ്. Will you let me into your dreams for ever?"

ദൈവമേ ഇത്ര മനോഹരമായ റൊമാന്‍റിക്  പ്രൊപ്പോസല്‍, അതും എന്‍റെ സ്വപ്ന നായകനില്‍ നിന്നും!!!  എനിക്കൊന്നും സംസാരിക്കാന്‍ തോന്നിയില്ല. ഞാന്‍ പതിയെ ഗിരിയുടെ ചുമലിലേക്ക് ചായ്ഞ്ഞു അവനോടു ചേര്‍ന്ന് നിന്നു... അതായിരുന്നു എന്‍റെ മറുപടി ... ഞാന്‍ ഗിരിയ്ക്ക് വേണ്ടി ജീവിക്കാന്‍ തുടങ്ങുകയായിരുന്നു