Mar 29, 2014

അവൾ . . .

    മഞ്ഞിന്‍റെ മൂടുപടം മാറ്റി മഴത്തുള്ളികൾ വിരുന്നു വന്ന ദിവസം. തോരാതെ പെയ്യുന്ന കാലവർഷത്തിനെ ഉറ്റുനോക്കി കിനാവ്‌ കണ്ടിരിക്കുകയായിരുന്ന ആനന്ദ് വൈകുന്നേരമായതറിഞ്ഞില്ല. നാളെയാണ് പാലക്കാട്ടേക്കുള്ള യാത്ര. അയാൾ ആദ്യമായി അവളെ കാണാൻ പോവുകയാണ്. ഇപ്പോൾ അവൾക്ക് പതിമൂന്നു വയസ്സായിട്ടുണ്ടാകും. അഞ്ചു വർഷങ്ങൾക്ക് മുൻപ്  നിസ്സംഗമായ ദിനരാത്രങ്ങളിൽ ഒന്നിൽ അറിയാതെ കൈയിൽ തടഞ്ഞ  ഒരു ഇ-മെയിൽ, അവിടെയായിരുന്നു തുടക്കം. അനാഥരായ കുട്ടികളെ ഏറ്റെടുത്ത് അവരെ  ലോകത്തിന്‍റെ സന്മനസ്സിന് മുന്നിൽ എത്തിക്കുന്ന ഒരു സംഘടനയുടെ സഹായം അപേക്ഷിച്ച് കൊണ്ടുള്ള മെയിൽ. പലതവണ ചവറ്റു കുട്ടയിലേക്ക് വലിച്ചെറിയപ്പെട്ട ദൈന്യത ഇത്തവണ പരിഗണിക്കപ്പെട്ടു. നന്ദന, എന്നായിരുന്നു അവളുടെ പേര്. മാസാമാസം ഓണ്‍ലൈൻ ആയി ട്രാൻസ്ഫർ ചെയ്യപ്പെട്ട തുച്ഛമായ തുക അവളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഉതകുന്നതാകുമൊ എന്നൊന്നും ചിന്തിക്കാൻ ആനന്ദ് മിനക്കെട്ടില്ല. ടാക്സ്  സേവിങ്ങ്സിൽ ഒരു ഭാഗം അത്രയേ അയാൾ കരുതിയുള്ളു...

മാസങ്ങൾ കഴിയുന്തോറും തികച്ചും യാന്ത്രികമായി മാറിയ ധനസഹായം പതിയെപ്പതിയെ ആനന്ദിന്‍റെ ഏകാന്തമായ ജീവിതത്തിൽ ചില ഓളങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. സന്ധ്യ തന്നെ വിട്ടു പോയ ശേഷം, ഇരു കുടുംബങ്ങളും ഒരു പുനർ വിവാഹത്തെപ്പറ്റി ആലോചിക്കാൻ നിർബന്ധിച്ചപ്പോഴൊക്കെ മടുപ്പ് കാർന്നു തുടങ്ങിയ ഈ ജീവിതത്തിലേക്ക് ഒരാളെ കൂടി ക്ഷണിക്കാൻ അയാളുടെ മനസ്സനുവദിച്ചില്ല. നീണ്ട അവധിക്കു ശേഷം ഓഫീസിൽ  ജോയിൻ ചെയ്തെങ്കിലും, മദ്യവും കുത്തഴിഞ്ഞ ദിന രാത്രങ്ങളും പുകച്ചുരുളുകളിൽ വ്യർത്ഥതയുടെ അർത്ഥരാഹിത്യത്തെ പഴിച്ചു കടന്നു പൊയ്ക്കൊണ്ടിരുന്നു. അതിനിടയിൽ ഒരു ദിവസം അവൾ അയച്ച കത്ത്, അവിടെയായിരുന്നു  മാറ്റത്തി
ന്‍റെ തുടക്കം. ആദ്യമായി പിറന്നാൾ  സമ്മാനം കിട്ടിയ ഒരു കുരുന്നു മനസ്സിന്‍റെ നിഷ്കളങ്കമായ സ്നേഹപ്രകടനം. തനിച്ചല്ല, തന്നെ സ്നേഹിക്കാൻ ഒരാൾ ഉണ്ടെന്ന തോന്നൽ എല്ലാവരെയും പോലെ അയാളുടെ ജീവിതവും ചടുലമാക്കി. മുപ്പതുകളുടെ മദ്ധ്യാഹ്നം ഇരുപതിന്‍റെ പുലരിയിലേക്ക് ഉണർന്നെണീക്കാൻ  തുടങ്ങി. മറുപടിക്കത്തിൽ ആരംഭിച്ച തൂലികാബന്ധത്തിൽക്കൂടി  അയാളിലെ വാത്സല്യവും അവളിലെ കൃതജ്ഞതയും വളർന്നു.

നിർവ്വചനങ്ങൾ  അപ്രസക്തമാക്കിക്കൊണ്ട്, ഒറ്റപ്പെട്ട  ആൽമരച്ചുവട്ടിൽ  തണൽ തേടിയെത്തിയ വഴിപോക്കനെപ്പോലെ,   ന്‍റെ  ഉരുകുന്ന ജീവിത വേനലിൽ ആശ്വാസമേകുന്ന തണലായി അവളുടെ സാന്നിധ്യം അയാൾക്ക് അനുഭവപ്പെടാൻ തുടങ്ങി. ഒരിക്കൽ അവളുടെ കത്തുകളിൽക്കൂടി അവൾക്ക്  അമ്മയും ഒരനിയനും  മാത്രമേ ഉള്ളൂ എന്നും, അച്ഛനെ അവൾ കണ്ടിട്ടേയില്ല  എന്നും അയാൾക്ക് അറിയാൻ കഴിഞ്ഞു. അവളുടെ അമ്മയ്ക്ക് ദിവസക്കൂലി കൊണ്ട് അനിയന്‍റെയും അവളുടെയും കാര്യങ്ങൾ നോക്കാനാകാതെ വന്നപ്പോളാണ് അവർ തണൽ എന്ന സംഘടനയുടെ സഹായം തേടിയത്. അവളുടെ കുഞ്ഞു മനസിന്‍റെ  വേവലാതികൾ കത്തുകളായി  എത്തിയപ്പോൾ, ഒരു രക്ഷകർത്താവായി രൂപാന്തരം പ്രാപിക്കാൻ ആനന്ദിന്‍റെ മനസ്സ് വെമ്പി. വർഷങ്ങൾ കടന്നു പോകവേ ആ ബന്ധത്തിന്‍റെ തീവ്രത കൂടി വന്നു. അവളുടെ ചെറിയ ചെറിയ ആവശ്യങ്ങളും പരിഭവങ്ങളും ഇണക്കങ്ങളും ഒക്കെയായി കാലം കടന്നു പോയി. പഠിത്തത്തിൽ മിടുക്കിയായിരുന്ന അവൾ സ്കൂളിൽ എല്ലാവർക്കും  പ്രിയപ്പെട്ടവൾ ആയിരുന്നു. ആറു മാസത്തിലൊരിക്കൽ ആ സംഘടന അയച്ചു തന്നിരുന്ന റിപ്പോർട്ടിൽക്കൂടി  അവളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അയാൾ അറിഞ്ഞു പോന്നു.

ഒരിക്കൽ അഞ്ചു വർഷത്തിനിടയിൽ ആദ്യമായി അവളുടെ കത്ത് മുടങ്ങി. അയാളുടെ ഓരോ ദിവസവും അവളുടെ കത്തിന് വേണ്ടിയുള്ള വിഫലമായ കാത്തിരിപ്പിൽ അവസാനിച്ചു. ആഴ്ച ഒന്ന് കഴിഞ്ഞതോടെ അയാളുടെ ജീവിതത്തി
ന്‍റെ താളം വീണ്ടും തെറ്റാൻ തുടങ്ങി; സമയത്ത് ആഹാരമില്ലാതെ.... ജോലികൾ പാതിവഴിയിൽ ഉപേക്ഷിച്ച്... അവളുടെ അസാന്നിധ്യം തന്നിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാക്കാൻ തുടങ്ങി എന്ന് തിരിച്ചറിഞ്ഞ ഒരു ദിവസം അയാൾ തണലിലേക്ക് വിളിച്ചു. അവരിൽ നിന്ന് കിട്ടിയ വാർത്ത‍ വേദനിപ്പിക്കുന്നതായിരുന്നു; ഒരപകടത്തിൽ പെട്ട് അവളുടെ അമ്മ മരിച്ചു. സംഭവം നടന്നിട്ട് എട്ടുപത്തു ദിവസമായി. അവളെക്കുറിച്ചുള്ള  ഉത്കണ്‍ഠ അവളെക്കാണാൻ അയാളെ പ്രേരിതനാക്കി . അങ്ങനെ അവസാന രംഗത്തിൽ ആടിത്തകർത്ത് അരങ്ങഴിഞ്ഞ പോലെ തകർത്ത്പെയ്ത  മഴ തോർന്ന ആ പകലിൽ അകലങ്ങളിൽ മങ്ങിത്തെളിയുന്ന ഒരു പ്രകാശ ബിന്ദുവിനെത്തേടി അയാൾ യാത്ര ആരംഭിച്ചു.  അധികം വൈകാതെ ഒരു മടക്ക യാത്ര, ഏകാന്തയുടെ ചിലന്തികൾ വല കെട്ടിയ വീട്ടിലേക്ക് കളിചിരികളുടെ അടങ്ങാത്ത അലകൾ നിറയ്ക്കാൻ തന്നോടൊപ്പം  അവരുമുണ്ടാകും എന്ന ചിന്തയോടെ അവളെയും അനിയനെയും ഏറ്റെടുക്കാനുള്ള ചെയ്യാനുള്ള  ഔപചാരികതകൾ പൂർത്തിയാക്കി വയ്ക്കാൻ തണലിൽ ഏർപ്പാട് ചെയ്തു.

വൈകുന്നേരത്തോടെ ആനന്ദ് തണലിൽ എത്തി. വരാന്തയിൽ കാത്തു നിന്ന അയാളുടെ  കണ്ണുകളിൽ അവരെ കാണാനുള്ള ആഗ്രഹം നിറഞ്ഞു കവിയാറായപ്പോൾ, അകലെ മായുന്ന സൂര്യന്‍റെ ചുവന്ന രശ്മികളെ മറച്ചു കൊണ്ട്   രണ്ടു രൂപങ്ങൾ മുന്നിൽ തെളിഞ്ഞു.  അയാൾ അവരെ അരികിലേക്ക് വിളിച്ചു. അഞ്ചു വയസ്സ് തോന്നിച്ച അവളുടെ അനിയന്‍റെ കണ്ണുകളിൽ വിഷാദത്തെക്കാളുപരി ഭയം തങ്ങി നിൽക്കുന്നുണ്ടായിരുന്നു. അപരിച്ചത്വത്തിന്‍റെ പതർച്ചകളൊന്നുമില്ലാതെ അവന്‍റെ കൈയിൽ മുറുകെപ്പിടിച്ചു വിഷാദം ഇരുണ്ടുകൂടിയ മുഖവുമായി നിന്ന അവളെ, കളിപ്പാട്ടം കിട്ടിയ കുഞ്ഞിനെ പോലെ അയാൾ നോക്കി നിന്നു. എട്ടു വയസ്സുകാരിയിൽ നിന്ന് കൌമാരത്തിന്‍റെ വേഷപ്പകർച്ചയിലേക്കുള്ള അവളുടെ വളർച്ച അയാളിൽ കൌതുകം ഉണർത്തി... അവളുടെ കവിളുകളിൽ പതിയെ തലോടി അയാൾ  ഓഫീസിനുള്ളിലേക്ക്   പോയി.

ഒരു  മണിക്കൂറിനുള്ളിൽ അവരെ കൈമാറാനുള്ള രേഖകളിൽ ഒപ്പുവച്ച് അയാൾ അവരുമായി പോകാൻ തയ്യാറായി... ഒരു ഹാൻഡ്‌ ബാഗും ലഗേജു ബാഗുമായി അവളും, കുഞ്ഞു തോളിൽ ഒരു തോൽ സഞ്ചിയും കൈയിലൊരു പാവക്കുട്ടിയുമായി  അവനും അയാളോടൊപ്പം നടന്നു. റെയിൽവേ സ്റ്റേഷനിൽ എത്തിയ അവർ അത്താഴം കഴിഞ്ഞു ഒഴിഞ്ഞ ഒരു ബെഞ്ച്‌ കണ്ടെത്തി ട്രെയിനിനായി കാത്തിരുന്നു. അപ്പോഴേക്കും അവൻ അവളുടെ കൈ വിട്ട് അയാളോട് കൂട്ടുകൂടാൻ തുടങ്ങിയിരുന്നു. ഒരു ചെറു ചിരിയോടെ അവനോട് സംസാരിക്കുമ്പോഴും, അവളുടെ  കഥ പറയുന്ന കണ്ണുകളും തിളങ്ങുന്ന കവിളുകളും മുത്ത്‌ പൊഴിക്കാനൊരുങ്ങുന്ന ചുണ്ടുകളും അയാളുടെ ശ്രദ്ധയെ അവളുടെ മുഖത്ത് നിന്നു പറിച്ചു മാറ്റാൻ അനുവദിച്ചില്ല.

വാരാന്ത്യമായത് കൊണ്ട് ട്രെയിൻ  വന്നപ്പോൾ  നല്ല തിരക്കുണ്ടായിരുന്നു.  അവന്‍റെയും അവളുടെയും കൈ പിടിച്ചു ഒരു വിധം അയാൾ ട്രെയിനിനടുത്തെത്തി. ബോഗി കണ്ടു പിടിച്ച്  അവളെ ട്രെയിനിലേക്ക് കയറ്റിയപ്പോഴേക്കും തിരക്കിൽ അയാളുടെ  കൈ വിട്ട് അവൻ ഒത്തിരി പുറകിലായി... തിരഞ്ഞു നോക്കുമ്പോൾ അല്പം ദൂരെയായി ചുറ്റും നടക്കുന്നതൊന്നും അറിയാതെ അവൻ പവക്കുട്ടിയുമായി കളി പറയുന്നത് അയാൾക്ക് കാണാനായി... ആ തിരക്കിൽ, മുന്നിലെ ജനാലയിൽ കൂടി തന്നെ നോക്കുന്ന അവളിലെ കൊച്ചു സുന്ദരിയെയും പിന്നിൽ കളിയിൽ  മുഴുകിയ  അവനെയും അയാൾ മാറിമാറി നോക്കി...  തിരക്കിൽ പെട്ടിട്ടെന്നപോലെ അയാളുടെ കാലുകൾ ട്രെയിനിനുള്ളിലേക്ക് ചലിച്ചു... 

പുതിയ താവളങ്ങൾ തേടി തീവണ്ടി ഓടിത്തുടങ്ങിയപ്പോൾ അവനിൽ നിന്നു തന്നിലേക്ക്‌ നീളുന്ന നൂറു ചോദ്യങ്ങളുടെ കൂർത്ത കണ്ണുകളെ അവഗണിച്ചു കൊണ്ട്,  അവളോട് പറയാനുള്ള മുടന്തൻ ന്യായങ്ങൾ കണ്ടെത്തി അയാളുടെ മനസ്സും ഓടാൻ തയ്യാറായി....