Jul 23, 2018

അവൾക്കും ഉണ്ടായിരുന്നു സ്വപ്നം

വീണു കിടന്ന പൂക്കൾ പെറുക്കിയെടുത്ത് മഴയിൽ കുതിർന്ന് അവൾ നടന്നു, എങ്ങോട്ടെന്നറിയാതെ. നിറഞ്ഞൊഴുകുന്ന കണ്ണുകളിൽ നിന്നു പ്രതീക്ഷയുടെ അവസാന കണികയും  ഒഴുകി പോയിരുന്നു. 

അവൾക്ക് ജീവിതത്തെപ്പറ്റി ഒന്നും അറിയില്ലായിരുന്നു. പക്ഷേ എൻജിനീയറിംഗ് കഴിഞ്ഞു ക്യാമ്പസ് വിട്ടിറങ്ങുമ്പോൾ അന്തർമുഖത്വത്തിന്റെ  ജീവിതം അവൾക്കൊരു സ്വപ്നം സമ്മാനിച്ചിരുന്നു, ജിവിതത്തിന്റെ ഓരോ ഘട്ടത്തിലും സ്നേഹിക്കപ്പെടാൻ കൊതിച്ച് ഒറ്റപ്പെട്ടു പോയപ്പോൾ മനസ്സിലുറച്ച സ്വപ്നം. ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുന്നവർക്ക് വേണ്ടി ഒരു വീട്. 

രക്ഷകർത്താവാകേണ്ടവർ ഭാരമായ് കണ്ട കുഞ്ഞുജൻമങ്ങൾ, ജീവിതം മുഴുവൻ കുടുംബത്തിന് വേണ്ടി അധ്വാനിച്ച് ഒടുവിൽ അവർക്ക് തന്നെ ഭാരമായ വൃദ്ധജൻമങ്ങൾ, മനസ്സിന് താളം തെറ്റിയപ്പോൾ ഉറ്റവർക്ക് ഭാരമായ യൗവനങ്ങൾ എല്ലാവരും കൂടിയ പരസ്പരം താങ്ങായി ഒരു കൂട്ടുകുടുംബം. 

ആ വീട്ടിൽ സ്നേഹത്തിന് അവകാശികൾ ഉണ്ടാവില്ല. എല്ലാർക്കും എല്ലാരേയും സ്നേഹിക്കാം. അവിടെ ആരും ഒറ്റയ്ക്കാവില്ല. അവരുടെ ആരോഗ്യം ഉറപ്പുവരുത്താൻ ഡോക്ടറും നഴ്സുമാരുംവേണം. എല്ലാർക്കും നല്ല ആഹാരം എത്തിക്കണം, വസ്ത്രം കൊടുക്കണം. അവരെക്കൊണ്ട് ചെയ്യാൻ പറ്റുന്ന ചെറിയ ജീവിതോപാധികൾ പഠിപ്പിക്കണം, ആരെയും ആശ്രയിക്കാതെ അഭിമാനപൂർവ്വം ജീവിക്കണം അവർ. ലോകത്തെ കുറിച്ച് അറിയാൻ പത്രവും ടിവിയും വേണം. 

മാസത്തിലൊരിക്കൽഎല്ലാരേം കൂട്ടി ഒരു യാത്ര പോകണം, മനോഹരമായ സ്ഥലങ്ങൾ കാണിച്ചു കൊടുക്കണം, സിനിമ കാണിക്കണം, മാളുകൾ കാണിച്ചു കൊടുക്കണം, കടൽ കാണിക്കണം... 

തിരികെ എത്തി സന്തോഷം നിറഞ്ഞ മനസ്സുമായി അവർ ഉറങ്ങുന്നത് നോക്കിയിരിക്കണം, ജീവിതത്തിൽ ഒറ്റപ്പെട്ടു പോയിട്ടില്ല, എന്ന് സ്വന്തം മനസ്സിന് വിശ്വാസം വരാൻ.

വർഷങ്ങൾക്ക്മുൻപ്  ഇങ്ങനെ ഒരു സ്വപ്നം കാണുമ്പോൾ തടസ്സമായി നിന്നത് പണം തന്നെയായിരുന്നു. പാതി വഴിയിൽ  അവസാനിപ്പിക്കാൻ കഴിയാത്ത സ്വപ്നം കാണുമ്പോൾ എല്ലാം ഒരുക്കി വയ്ക്കേണ്ടത് അനിവാര്യം ആയിരുന്നു... അതിനുള്ള സാമ്പത്തികസ്ഥിതിയിൽ എത്താൻ
അന്നത്തെ അവസ്ഥയിൽ  വർഷങ്ങൾ കാത്തിരിക്കണം എന്ന് മനസ്സിലാക്കി ഉറുമ്പ് അരിമണി കാത്തു വയ്ക്കും പോലെ അവളും കൂട്ടി വച്ചു തുടങ്ങി. 

അന്തർമുഖത്വം കൂട്ടുകൂടലുകൾക്ക് വഴിമാറി. അവളുടെ സ്വപ്നമായിരുന്നു അവൾക്ക് കൂട്ടുകാരെ തന്നത്. പക്ഷെ സ്വാർത്ഥതയുടെ ലോകത്തിൽ വിധിയെ പഴിക്കാൻ വീണ്ടും വീണ്ടും അവസരങ്ങൾ  നൽകി കാലം കടന്നു പോയി.
 
പ്രണയവും  സ്വന്തം സ്വപ്നത്തെ സൗകര്യപൂർവ്വം  മറക്കാനും പുതിയ സ്വപ്നങ്ങളെ നെഞ്ചിലേറ്റാനും അവളെ പഠിപ്പിച്ചു. സ്വപ്നങ്ങൾക്ക് പുതിയ അർത്ഥതലങ്ങൾ തെളിഞ്ഞു. ആ സ്വപ്നങ്ങൾ സഫലമാക്കാനായി പിന്നത്തെ ഓട്ടപ്പാച്ചിലുകൾ. ഒരു പാട് കഷ്ടപ്പെട്ടു, മനസ്സറിഞ്ഞു പ്രാർത്ഥിച്ചു, 
എല്ലാരിൽ നിന്നും ഒറ്റപ്പെട്ടു, പക്ഷെ പിടിച്ചു നിന്നു. 

ഇന്ന് വർഷങ്ങൾക്കിപ്പുറം അവസാന കണ്ണിയുമറ്റ് നാലു ചുമരുകൾക്കുള്ളിലെ ശ്വാസം മുട്ടിക്കുന്ന ജീവിതത്തോട് വിട പറഞ്ഞ്  യാത്രയാകുമ്പോൾ, അവളുടെ കൂടെ സഫലമാതെ ബാക്കിയായ  അവളുടെതു മാത്രമായ സ്വപ്നങ്ങൾ മാത്രം. അർപ്പിച്ച പൂക്കൾക്ക് നന്ദി, അതിലൊന്നു അല്പം മുൻപ് അവൾക്ക്  നേരെ നീട്ടിയിരുന്നെങ്കിൽ,  അവളുടെ വേദന അറിയാൻ ശ്രമിച്ചിരുന്നെങ്കിൽ...