Feb 6, 2013

അനുപദം - ഭാഗം 3


ഒരു യാത്രയ്ക്ക് ഒരുങ്ങിയിട്ട് വഴി മറന്നപോലെ, എന്തൊക്കെയോ പറയാന്‍ തുടങ്ങുകയായിരുന്ന അമ്മൂമ്മ പെട്ടെന്ന് ഒരു മൗനത്തിന്‍റെ മൂടുപടം എടുത്തുപുതച്ചുറക്കമായി... ഉറക്കം പഴയപോലെ ഒളിച്ചുകളി തുടര്‍ന്നപ്പോള്‍, ജോലിഭാരം ഏറിയത് മനസ്സിനാണ്‌... ഓര്‍മ്മകളെ ചികയാന്‍ വിട്ട മനസ്സ് കടിഞ്ഞാന്‍ വിട്ട പട്ടം പോലെ പാറി നടന്നു ക്ഷീണിച്ചെപ്പോഴാണ് മയങ്ങിപ്പോയതെന്നറിഞ്ഞില്ല. അമ്മൂമ്മ വന്നു തട്ടി വിളിച്ചപ്പോഴാണ് നേരം പുലര്‍ന്നിട്ടു  ഒരുപാടായെന്നറിഞ്ഞത്. വളരെ നിശബ്ദമായ ഒരു പ്രഭാതം... ആ  മൂകതയെ കീറിമുറിച്ച് കൊണ്ട് കുറുകുന്ന കാകന്മാരുടെ യാത്ര ദുസ്സൂചനകളുടെ വിളംബരം പോലെ തോന്നിച്ചു. ഇനിയും ഉറക്കം വിട്ടു മാറാത്ത കണ്ണുകള്‍ വലിച്ചു തുറന്ന് പ്രഭാതകൃത്യങ്ങള്‍ പൂര്‍ത്തിയാക്കി. പുട്ടും കടലയും ചൂട് ചായയും നോക്കി ചിരിച്ചെങ്കിലും ഞങ്ങള്‍ രണ്ടു പേര്‍ക്കും ഒന്നും കഴിക്കാനായില്ല; കാരണങ്ങള്‍ വ്യത്യസ്തമായിരുന്നെകില്‍ പോലും. ചായ മാത്രം കുടിച്ച്, ഞങ്ങള്‍ പോയത് നിഗൂഢതയുടെ   ആ താഴ്വരയിലേക്ക് ആയിരുന്നുവെന്ന് എനിക്ക് മനസ്സിലായത് അവിടെത്തുമ്പോള്‍ മാത്രമാണ് .


രാത്രിയിലെ മഴയില്‍ ചെളികെട്ടിയ നടവഴിയിലെ കാല്‍പ്പാടുകളുടെ അനാലിസ് രസകരമായിരുന്നു. മുന്നിലേക്ക് പോയവരില്‍ പലരും തിരികെ വന്നിട്ടില്ല. ഇത്രയേറെ പദബന്ധിയായ എന്താണ് ആ താഴ്വാരത്തില്‍ കാത്തിരിക്കുന്നത്?; കൗതുകത്തെക്കാള്‍ എന്നില്‍ അസ്വസ്ഥത നിറച്ച ചോദ്യം, ഉത്തരം തേടി എന്‍റെ കാലുകളെ അതിവേഗം അങ്ങോട്ടേക്ക് ചലിപ്പിച്ചു. 

മുകളില്‍ നിന്നുള്ള കാഴ്ച്ച സിനിമകളിലെ സ്ഥിരം  ക്രൈം സീനുകളില്‍ നിന്നും വ്യത്യസ്തമായിരുന്നില്ല. ആള്‍ക്കൂട്ടം...പോലീസ് ജീപ്പ്. . . ആംബുലന്‍സ്... എല്ലായിടവും അരിച്ചു പെറുക്കി പരിശോധിക്കുന്ന കാക്കിവേഷക്കാര്‍... വട്ടമിട്ടു പറന്നു നടക്കുന്ന പരുന്തും ഊഴം കാത്തിരിക്കുന്ന കഴുകന്മാരും... താഴെ എത്തുമ്പോഴേക്കും അപ്പൂപ്പന്‍ ഞങ്ങളെ തടഞ്ഞു; "അങ്ങോട്ട്‌ പോകണ്ട,  അത്ര സുഖകരമായ കാഴ്ചയല്ല മുന്നിലുള്ളത്" എന്നിട്ട് അമ്മൂമ്മയോട് ദേഷ്യത്തോടെ പറഞ്ഞു " എന്തിനാ ഈ കുട്ടിയെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നത്?"

 കൂടിനിന്ന തലകള്‍ക്കിടയില്‍ക്കൂടി  വളരെ കഷ്പെട്ടു എന്‍റെ ആകാംക്ഷക്ക് ഞാന്‍ ചോറൂട്ടി... ദൂരെയായി സ്ട്രെച്ചറില്‍, ഏതോ ഒരാള്‍ തുണിയും മൂടി കാലും പുറത്ത് കാണിച്ചുറങ്ങുന്നുണ്ടായിരുന്നു . സാമാന്യബോധത്തിന്‍റെ പ്രാഥമികതലം എങ്കിലും പാസായ ഏതൊരാള്‍ക്കും മനസിലാകും അത് ഒരു മൃതദേഹമാണെന്ന്. നെഞ്ചിനടുത്തായി തുണിയില്‍ ചോരപ്പാടുകള്‍ തെളിഞ്ഞു കാണാം. ഒരു ശവത്തിനടുത്ത് മറ്റൊരു ശവമെന്നപോലെ ഒരു സ്ത്രീ ഇരിക്കുന്നുണ്ടായിരുന്നു; തൊട്ടടുത്തായി നിഷ്കളങ്കമായി ചിരിക്കുന്ന 2 - 3 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ആണ്‍കുട്ടിയും. ആ സ്ത്രീയുടെ നോട്ടം ചോരപ്പാടുകളില്‍ തറച്ചു കയറുന്നുണ്ടായിരുന്നു. അധികം കഴിയും മുന്‍പ് പോലീസിന്‍റെ നിര്‍ദ്ദേശപ്രകാരം ഡെഡ്ബോഡി   ആംബുലെന്‍സിലേക്ക് എടുത്തു. എന്നിട്ടും ആ സ്ത്രീ അതെ ഇരിപ്പ് തുടര്‍ന്നു.

ആരൊക്കെയോ വന്നു അവരെ പിടിച്ചെഴുന്നെല്‍പ്പിച്ചു അവിടെ നിന്ന്‌ കൊണ്ട് പോകാന്‍ ശ്രമിച്ചു. രണ്ടു പേരുടെ തോളില്‍ താങ്ങി സ്ഥലകാലബോധം  നഷ്ടപെട്ട പോലെ ആ സ്ത്രീ എഴുന്നേറ്റ് നടന്നു. എന്താണ്  ചുറ്റുപാടും നടക്കുന്നതെന്ന് അറിയാതെ  സാരിത്തുമ്പില്‍ തൂങ്ങി  ആ കുഞ്ഞും അവരെ പിന്തുടര്‍ന്നു. എന്തൊരു ഓമനത്തം ഉള്ള കുഞ്ഞ്. അവന്‍റെ മുഖത്തു നിന്ന് കണ്ണെടുക്കാന്‍ തോന്നുന്നില്ല. എവിടെയോ കണ്ടു മറന്ന മുഖം പോലെ. എന്നെയും
കടന്നു മുന്നിലേക്ക് പോയ ആ പാദങ്ങള്‍ പെട്ടെന്ന് നിശ്ചലമായി... പിന്‍തിരിഞ്ഞു എന്‍റെ മുഖത്തേക്ക് ഉറ്റു നോക്കിയ ആ കണ്ണുകളിലെ ഭാവം അനിര്‍വ്വചനീയമായിരുന്നു. ദൈന്യതയാണോ  അതോ രോഷമോ അതുമല്ലെങ്കില്‍ ഭയമോ; എനിക്ക് വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞില്ല. പെട്ടെന്ന് പരിസരബോധം തിരിച്ചു കിട്ടിയപോലെ  അവര്‍ കുഞ്ഞിനെ വാരിയെടുത്തു മാറോട് ചേര്‍ത്ത്, ധൃതിയില്‍ നടക്കാന്‍ തുടങ്ങി. നടക്കുക എന്ന് പറയുന്നതിനേക്കാള്‍ ഓടുക എന്ന വിശേഷണമാണ് കൂടുതല്‍ ചേരുക. അമ്മയുടെ തോളില്‍ കിടന്നും ആരിലും വാത്സല്യം നിറയ്ക്കുന്ന പുഞ്ചിരിയോടെ, ആ കുഞ്ഞ് എന്നെത്തന്നെ നോക്കുന്നുണ്ടായിരുന്നു .

ആ സ്ത്രീയുടെ ഭാവമാറ്റം ചുറ്റും കൂടി നിന്നവരിലേക്കും പകര്‍ച്ചവ്യാധി പോലെ പടര്‍ന്നു. ഇത്രയും സമയം ഞാന്‍ അദൃ
ശ്യയായിരുന്നോ!!!;  അപ്പോഴാണ്‌ ആള്‍ക്കാര്‍ എന്നെ ശ്രദ്ധിച്ചത് എന്ന് എനിക്ക് മനസ്സിലായി. അമ്മൂമ്മ എന്‍റെ കൈയും പിടിച്ചു വേഗത്തില്‍ തിരികെ നടക്കാന്‍ തുടങ്ങി. വഴി വക്കില്‍ കൂട്ടം കൂടി നിന്നവരുടെയും  എതിരെ വന്നവരുടെയും എല്ലാം നോട്ടം എന്‍റെ നേര്‍ക്കായിരുന്നു. കുന്തമുനകള്‍ പോലുള്ള നോട്ടങ്ങളെ അതിജീവിച്ച് എങ്ങനെയോ വീട്ടിലെത്തി.

വേഷം പോലും മാറാതെ കട്ടിലില്‍ കിടന്നു. എന്‍റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. എന്തിനാണ് ഞാനിപ്പോള്‍ കരയുന്നത് !!! എനിക്കെന്താണ് സംഭവിക്കുന്നത് !!! എന്ത് കൊണ്ടാണ് ഞാന്‍ ഇങ്ങനെ അസ്വസ്ഥയാകുന്നത് !!!


"ഒന്നുറക്കെ കരഞ്ഞോളൂ, അല്പം ആശ്വാസം കിട്ടും" അമ്മൂമ്മ പറഞ്ഞത് കേട്ടപ്പോള്‍ അരിശം ആണ് വന്നത്. ഇവരെന്തറിഞ്ഞിട്ടാണ്  ഈ പറയുന്നത് !!! ഞാനെന്തിനു കരയണം !!!

അര്‍ക്കന്‍റെ ആട്ടവിളക്കില്‍ തിരി മങ്ങിയും തെളിഞ്ഞും കത്തി. മദ്ധ്യാഹ്നം ആയതും നിഴലിനു നീളം കൂടിയതും ഒന്നും ഞാനറിഞ്ഞില്ല. അപ്പൂപ്പന്‍ ഇടക്കെപ്പോഴോ വന്നു ഊണ് കഴിച്ചു പോയി. ആഹാരം കഴിക്കാനൊന്നും തോന്നിയില്ല, വിശപ്പെന്താണെന്നറിയാത്ത ആ പകല്‍ എരിഞ്ഞൊടുങ്ങിയപ്പോള്‍, കടന്നുവന്ന അന്ധകാരത്തിന് നേര്‍ക്ക് പടിയടക്കാനായി ആ വീട്ടിലാരും തിരി തെളിച്ചില്ല.


"മോളെ ഒന്നെഴുന്നേറ്റെ, സന്ധ്യ സമയത്ത് കിടക്കുന്നത് നല്ലതല്ല" അവരുടെ വാക്കുകളില്‍,  അനുസരണയുള്ള ഒരു കുഞ്ഞാടിനെപ്പോലെ ഞാന്‍ എഴുന്നേറ്റ് ചുമരും ചാരി ഇരുന്നു. എന്‍റെ അന്വേഷണമൊന്നും ഇല്ലാതെ തന്നെ അവര്‍ പറയാന്‍ തുടങ്ങി... "മാഷിന്‍റെ ഡെഡ് ബോഡി മോര്‍ച്ചറിയില്‍ ആണ്. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞിട്ടില്ല. പോലീസ്  അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൊലപാതകം ആണെന്നാണ്‌ ആദ്യ നിഗമനം. ആരാണ് ആ ക്രൂരത ചെയ്തതെങ്കിലും, അയാളുടെ മനക്കട്ടി അപാരം തന്നെ. നെഞ്ചില്‍ പലതവണ കത്തി കൊണ്ട് കുത്തി മുറിവേല്‍പ്പിച്ചിട്ടുണ്ട്. നെഞ്ചിന്‍കൂട് പൊളിച്ചു ഹൃദയം പുറത്തെടുക്കാന്‍ ശ്രമിച്ചപോലെ തോന്നും കണ്ടാല്‍"....


അവരുടെ വിവരണം കേട്ടിട്ട് എന്‍റെ ഉള്ള ബോധം കൂടി പോകുമെന്ന് തോന്നി; തലയ്ക്കുള്ളിലെ കടന്നല്‍ക്കൂടിനിട്ട് വീണ്ടുമാരോ കല്ലെറിഞ്ഞു.  "മാഷ് അയാളോട് എന്ത് തെറ്റ് ചെയ്തിട്ടാണോ ആവോ, ഇത്രയും മൃഗീയമായി മാഷിനെ കൊലപ്പെടുത്തിയത്!!!  അയാള്‍ക്ക് മാഷോട് തീര്‍ത്താല്‍ തീരാത്ത എന്തെങ്കിലും പക ഉണ്ടായിരുന്നിരിക്കണം" അമ്മൂമ്മ തുടര്‍ന്നു.


ശരിയാണ് ഇവരുടെ വാക്കുകളില്‍ നിന്ന് ഞാന്‍ മനസിലാക്കിയിടത്തോളം, ഈ മാഷ്‌  സഹായിയായ സന്മനസ്സുള്ള ഒരു വ്യക്തിയാണ്, പിന്നെന്തുകൊണ്ട്  അദ്ദേഹം കൊല്ലപ്പെട്ടു !!!


എന്‍റെ ചിന്തകള്‍ക്ക് ഇടംകൊലിട്ടു കൊണ്ട് അമ്മൂമ്മ പറഞ്ഞു "നമുക്ക് മാഷിന്‍റെ വീട് വരെ ഒന്ന് പോകാം. പാവം ഉമ മോള്‍..., അവളെ ഒന്ന് കാണണം...അപ്പൂപ്പന്‍ അവിടെയ്ക്ക് വരാമെന്ന് പറഞ്ഞിട്ടുണ്ട്"


മുടി കെട്ടി വച്ച്, മുഖം കഴുകി ഉമ്മറത്തേയ്ക്കിറങ്ങി.  ആ മന്ത്രവാദമുറിയുടെ മുന്നിലെത്തിയപ്പോള്‍ ആരോ അടുത്ത് നില്‍ക്കുന്നത്പോലെ തോന്നി. ഒരു അദൃശ്യ സാന്നിധ്യം. എന്‍റെ ഹൃദയമിടിപ്പിന്‍റെ താളം തെറ്റുന്നല്ലോ!!! സുഖകരമായ ഒരു അസ്വസ്ഥത.... മധുരമായ ഒരു വീര്‍പ്പുമുട്ടല്‍... മനസ്സാഗ്രഹിക്കുന്ന ഒരാളുടെ സാമീപ്യം... അന്വേഷണ കുതുകിയായ എന്‍റെ ദൃഷ്ടി കുറ്റാക്കുറ്റിരുട്ട് നിറഞ്ഞ മുറിയില്‍ ലക്‌ഷ്യം കാണാത്ത ബൂമറാംഗിനെപ്പോലെ  തിരിച്ചെത്തി. 

ടോര്‍ച്ചു മിന്നിച്ച് ഞങ്ങള്‍ ഉമയുടെ വീട്ടിലേക്ക് പുറപ്പെട്ടു. മരണത്തിന്‍റെ പ്രവാചകന്‍മാരായ നായ്ക്കളുടെ ഓരിയിടല്‍ നാല് ദിക്കിലുമുയരുന്നുണ്ടായിരുന്നു. ഒരു ഓടിട്ട വീടിനു മുന്നിലെത്തി ഞങ്ങള്‍. CFL -ന്‍റെ വെളിച്ചം നിറഞ്ഞു നിന്ന ആ വീടിലേക്ക്‌ പക്ഷെ വൈദ്യുതി എത്തിക്കുന്ന പോസ്റ്റുകള്‍ ഒന്നും വഴിനീളെ കണ്ടില്ലായിരുന്നു!!! മുറ്റത്ത് 3 - 4 പുരുഷന്മാര്‍ വട്ടം കൂടി നില്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങളെത്തിയത് അറിഞ്ഞപോലെ രണ്ടു സ്ത്രീകള്‍ വീടിനു പുറത്തേയ്ക്ക് വന്നു. "ജാനുവമ്മ വന്നല്ലോ... ഞങ്ങള്‍ രാവിലെ വന്നതാണ്... ഒന്ന് വീട്ടിലേക്ക് പോയ്‌ വരാം ... " എന്ന് പറഞ്ഞ് മറുപടി കാക്കാതെ അവര്‍ പുറത്തെ ഇരുട്ടിലേക്ക് മറഞ്ഞു.

അത്രയും നേരം ഉമ്മറത്ത് ഞങ്ങളെ നോക്കി നില്‍ക്കുകയായിരുന്ന കുട്ടി എന്‍റെ അടുത്തേയ്ക്ക് ഓടി വന്നു, രണ്ടു കൈ കൊണ്ടും എന്‍റെ കാലുകളില്‍ ചുറ്റിപ്പിടിച്ചു. നേരത്തെതില്‍ നിന്നും വ്യത്യസ്തമായ എന്നാല്‍ അതിലേറെ സുഖമുള്ള ഒരു അനുഭവം... അവനെ വാരിയെടുത്തു നെഞ്ചോട് ചേര്‍ത്ത് മുഖം നിറയെ ഉമ്മകള്‍ കൊണ്ട് നിറച്ചു. കന്നുകുട്ടിയെ കാണുമ്പോള്‍ അകിട് നിറഞ്ഞു പാല്‍ ചുരത്താന്‍ വെമ്പുന്ന പശുവിന്‍റെ അവസ്ഥ പോലെ എന്നില്‍ ഉറങ്ങിക്കിടന്ന മാതൃത്വമെന്ന വികാരം, അവന്‍റെ നിഷ്കളങ്കത നിറഞ്ഞ ചിരിയില്‍ പുനര്‍ജ്ജനിക്കുകയായിരുന്നോ!!! എന്‍റെ ഓര്‍മ്മകളില്‍ എന്നെങ്കിലും ഞാന്‍ ഒരു അമ്മയായിരുന്നോ???
എന്നോട് പറ്റിച്ചേര്‍ന്നു കിടന്ന അവന്‍റെ തലമുടിയില്‍ ഞാന്‍ പതിയെ തലോടിക്കൊണ്ടിരുന്നു. ശാന്തമായുറങ്ങുന്ന അവന്‍റെ മുഖത്തു നിന്ന് കണ്ണുകളെടുക്കാനാകാതെ ഞാനങ്ങനെ നിന്നു... "അല്ല ഇത്രനേരം പിണങ്ങി നിന്നവന്‍ ഇപ്പൊ ഉറക്കമായോ!!! മോളോട് അവന്‍ വേഗം ഇണങ്ങിയല്ലോ!!! അകത്തു കൊണ്ടുപോയി കിടത്തിക്കോളൂ... ഉമ ഒന്നും കഴിച്ചിട്ടില്ല... നമുക്ക് ഒന്ന് പറഞ്ഞ് നോക്കാം എന്തേലും കഴിക്കാന്‍"

ഉയരമുള്ള പടികള്‍ കയറി അകത്തെ മുറിയിലെത്തിയപ്പോള്‍ ഞാന്‍ കണ്ടത് മുടിയുലഞ്ഞ്, കണ്ണുകള്‍ കലങ്ങി, നിശബ്ദയായി കിടക്കുന്ന ഒരു സ്ത്രീയെ ആണ്.

"മോളെ ഉമേ " ജാനുവമ്മയുടെ ശബ്ദം കേട്ട അവള്‍ തല പൊക്കി.  "ജാനുവമ്മേ .. . " ഉമ കരയാന്‍ തുടങ്ങി. ഞാന്‍ മുന്നിലേക്ക് വന്നു മോനെ കട്ടിലില്‍ കിടത്താന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ് ഉമ എന്നെ ശ്രദ്ധിച്ചതെന്നു തോന്നുന്നു. അവളുടെ ഭാവമാറ്റം പെട്ടെന്നായിരുന്നു. ഓടിവന്ന് മോനെ എന്നില്‍ നിന്നും വലിച്ചെടുത്തുകൊണ്ട് അവള്‍ അലറുകയായിരുന്നു "തൊട്ടു പോകരുതെന്‍റെ കുഞ്ഞിനെ.... ഇവനെക്കൂടി എനിക്ക് നഷ്ടപ്പെടുത്തരുത്.. എന്നോടല്പം ദയ കാണിക്കൂ" 

മോനുണര്‍ന്നു എന്നെ നോക്കി കരയാന്‍ തുടങ്ങി. എനിക്കവനെ എടുത്ത് ആശ്വസിപ്പിക്കണമെന്നുണ്ടായിരുന്നു. എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി... എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല എന്‍റെ സാന്നിധ്യം ഉമയെ  എന്തുകൊണ്ടാണ് ഇത്രയേറെ അസ്വസ്ഥയാക്കുന്നതെന്ന്!!! ഇത്രമാത്രം എന്നെ വെറുക്കാന്‍ എന്ത് തെറ്റാണ് ഞാന്‍ ഇവരോട്  ചെയ്തത് !!! ജാനുവമ്മ ഉമയെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നെക്കുറിച്ച് അവര്‍ മറന്നുപോയ പോലെ. ഈ വലിയ ലോകത്ത് ഞാന്‍ ഒറ്റയ്ക്കായതു പോലെ....

സങ്കടം സഹിക്കാന്‍ കഴിയാതെ കരഞ്ഞുകൊണ്ട് ഞാന്‍ പുറത്തേയ്ക്ക് ഓടി. ഉമ്മറത്തെ തൂണില്‍ മുഖമമര്‍ത്തി എത്ര നേരം അങ്ങനെ കരഞ്ഞു എന്ന് അറിയില്ല. പുറത്തെ ഇരുളിനെക്കാള്‍ എന്‍റെ ഉള്ളിലെ ഓര്‍മകളുടെ പുകമറയ്ക്കാണ് ഘനം കൂടി വരുന്നതെന്ന് എനിക്ക് തോന്നി!!! നായ്ക്കളുടെ ഓരിയിടലിനേക്കാള്‍  മനസ്സിന്‍റെ നിലവിളിയാണ് എന്നില്‍ പേടിയുണ്ടാകുന്നത്!!! അദൃശ്യമായ ആ സാന്നിധ്യം എന്നെ ആശ്വസിപ്പികാന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ വല്ലാതെ ആഗ്രഹിച്ചുപോയി .

ആരോ അടുത്തേയ്ക്ക് വരുന്നപോലെ... തിരിഞ്ഞു നോക്കാന്‍ എനിക്ക് പേടി തോന്നി. ചുമലില്‍ ആരോ സ്പര്‍ശിച്ചുവോ !!! "മായേ" ... കേട്ട് പഴകിയ ആ ശബ്ദത്തെ ഞാനെന്‍റെ ഓര്‍മകളിലെവിടെയോ ചികഞ്ഞു...

(തുടരും...)

2 comments:

Rineez said...

തുടരട്ടങ്ങനെ തുടരട്ടേ.
വളരെ നന്നായിട്ടുണ്ട്.

Jayasree. P. R. said...

thank u rineez