Dec 26, 2012

അനുപദം ഭാഗം - 2


അരിച്ചു കയറുന്ന തണുപ്പില്‍ ഇടുങ്ങിയ നാട്ടുവഴിയില്‍ക്കൂടി എട്ടു-പത്ത് മിനിട്ട് ആ വൃദ്ധന്‍റെ കാലടികളെ പിന്തുടര്‍ന്ന് ഞാനെത്തിയത് ഓലമേഞ്ഞ, ചാണകം മെഴുകിയ ഒരു വീടിനു മുന്നിലാണ്. അടുത്തെങ്ങും വേറെ വീടുകള്‍ ഇല്ലെന്നു തോന്നുന്നു. കടയിലെന്നപോലെ ഇരുട്ടിനു കണ്ണ് തട്ടാതിരിക്കാന്‍ അവിടെയും ഒരു റാന്തല്‍ തൂങ്ങിക്കിടന്നു. ഒന്ന് രണ്ടു തവണ മുട്ടിവിളിച്ചപ്പോള്‍ ഒരു വൃദ്ധ വാതില്‍ തുറന്നു. ചുളിവ് വീണ നെറ്റിത്തടത്തില്‍, കടുംചുവപ്പ് നിറത്തിലുള്ള പൊട്ട് റാന്തല്‍ വെളിച്ചത്തില്‍ അഭൗമ പ്രഭ ജനിപ്പിച്ചു. എന്നെക്കുറിച്ചുള്ള അയാളുടെ വിവരണത്തില്‍ ആ വൃദ്ധയുടെ സംശയം കോട്ടകെട്ടിയ പുരികക്കൊടികള്‍, അനുസരണയുള്ള പൂച്ചക്കുട്ടിയുടെ വാല്‍ പോലെ താഴ്ന്നു.

"മോള്‍ വല്ലതും കഴിച്ചതാണോ ? ഇല്ലേല്‍ ഒരല്പം കഞ്ഞി കുടിക്കാം"

വയറ്റില്‍ വിശപ്പിന്‍റെ   കുറുനരിയൊച്ചകള്‍ കേള്‍കാന്‍ തുടങ്ങിയിട്ട്  നേരമേറെയായി. പൂമുഖത്ത് വച്ചിരുന്ന കുടത്തില്‍ നിന്ന് വെള്ളമെടുത്ത് കാലും മുഖവും കഴുകിയപ്പോഴേക്കും ആ വൃദ്ധ എന്നെ വീടിനുള്ളിലേക്ക് നയിച്ചു. വരാന്തയില്‍ നിന്ന് കയറിയാല്‍ എത്തുന്നത്  ഒരു ചെറിയ ഇടനാഴിയിലെക്കാണ്, ഇരുവശത്തു നിന്നും ഇടനാഴിയിലേക്ക് തുറക്കുന്ന രണ്ട് കുഞ്ഞുമുറികള്‍, ഇടനാഴി അവസാനിക്കുന്നിടത്ത് രണ്ട് പടികള്‍ ഇറങ്ങിയാല്‍ അടുക്കളയിലെത്താം; ഇത്രയുമാണ് ആ കൊച്ചു വീടിന്‍റെ ലക്ഷണശാസ്ത്രം.

"ഇതാണ് ഞങ്ങളുടെ മുറി, ഇന്ന് മോള്‍ അമ്മൂമ്മയോടൊപ്പം ഇവിടെ കിടന്നോളൂ... ഞാന്‍ വരാന്തയില്‍ ഉറങ്ങിക്കോളാം" ആ വൃദ്ധന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ ഒരു മുന്‍ജന്മ ബന്ധത്തിന്‍റെ അടുപ്പം തോന്നി അവരോട്.

ബാഗുമായി, ഇടതു വശത്തുള്ള മുറിയിലേക്ക് കയറുമ്പോള്‍ അറിയാതെ എന്‍റെ നോട്ടം പാതി ചാരിയ  വലതു ഭാഗത്തുള്ള മുറിയിലേക്ക് നീണ്ടു. മന്ത്രവാദത്തിന്‍റെ പ്രതീതി ജനിപ്പിക്കുന്ന  കടും നിറത്തിലുള്ള കളവും, കത്തിച്ചു വച്ച വലിയ നിലവിളക്കും ചുറ്റും കൂട്ടിവച്ച പൂജാസാധനങ്ങളും അരണ്ട വെളിച്ചത്തില്‍ എന്‍റെ മനസ്സില്‍ ചെറിയ പേടിയുടെ പുകമറ തീര്‍ത്തു.

കഞ്ഞികുടിച്ച് മുറിയിലെത്തിയപ്പോഴേക്കും ഏകദേശം പതിനൊന്നു മണിയായി. ഒരു കട്ടില്‍ മാത്രമുള്ള ആ മുറിക്ക്തുണികൊണ്ട് മറയിട്ട ഒരു ഒറ്റപ്പാളി ജനാല ഉണ്ടായിരുന്നു. ജനാലയില്‍ക്കൂടി മുറിക്കുള്ളില്‍ കൃത്യമായ ഇടവേളകളില്‍ കോലങ്ങള്‍ വരയ്ക്കുന്ന മിന്നലും, തട്ടിന്‍പുറത്തു  കൊട്ടത്തേങ്ങ പെറുക്കിയിടും പോലെയുള്ള ഇടിയൊച്ചയും പെയ്തു തോരാന്‍ വെമ്പുന്ന പെരുമഴയുടെ ആസന്നമായ വരവറിയിച്ചു.

മൊബൈല്‍ എടുത്തുനോക്കി. "നോ മിസ്സ്ഡ് കാള്‍സ്... നോ മേസേജെസ്" . ഇനിയും വൈദ്യുതി എത്താത്ത കുന്നിന്‍ മുകളില്‍ മൊബൈല്‍ നെറ്റ് വര്‍ക്ക് പ്രതീക്ഷിക്കുന്നത് കടന്നചിന്തയായിപ്പോകും.

ദുശകുന സൂചനയെന്നപോലെയുള്ള നായ്ക്കളുടെ ഓരിയിടല്‍ രാവേറുന്തോറും  കൂടിക്കൂടി വന്നു. പലദിക്കില്‍ കൂട്ടംതെറ്റിപ്പോയവ കുന്നിന്‍ മുകളില്‍ സമ്മേളിച്ച പോലെയായിരുന്നു അവയുടെ കോറസ്. തണുപ്പിനു ഏറ്റം കൂട്ടാന്‍ വന്ന ശക്തമായ കാറ്റില്‍ ആടിയുലയുന്ന മരങ്ങളുടെ നിഴലുകള്‍ മിന്നല്‍പിണരില്‍ തീപിടിച്ചേക്കുമെന്ന് തോന്നി. 

 

വാര്‍ധക്യത്തിന്‍റെയും പകല്‍ മുഴുവനുള്ള ജോലിയുടെയും ആലസ്യം കൊണ്ടായിരിക്കാം ആ വൃദ്ധ  കൂര്‍ക്കം  വലിച്ചുറങ്ങുന്നുണ്ടായിരുന്നു. ദുരൂഹതയും ദുശകുനങ്ങളും ക്ഷോഭിച്ച പ്രകൃതിയും വീര്‍പ്പുമുട്ടിക്കുന്ന അന്തരീക്ഷത്തില്‍ എത്ര ശ്രമിച്ചിട്ടും ഉറക്കം വന്നതേയില്ല. പലതവണ തിരിഞ്ഞും മറിഞ്ഞും കിടന്നു. പിന്നെ എഴുന്നേറ്റ് പോയി ജനാലയില്‍ക്കൂടി ദൂരേയ്ക്ക് നോക്കി നിന്നു. ഓര്‍മ്മയില്‍ ഒന്നും തെളിയുന്നില്ല. ആരാണെന്നോ, എവിടുന്നു വന്നുവെന്നോ, എന്തിനു വന്നുവെന്നോ തിരിച്ചറിയാന്‍ പറ്റുന്നില്ല. സസ്യങ്ങളെക്കുറിച്ചല്ല സ്വത്ത്വത്തെക്കുറിച്ചാണ്  ആദ്യം ഗവേഷണം വേണ്ടതെന്നു ആരെങ്കിലും പറഞ്ഞു തുടങ്ങും മുന്‍പ് ഈ നിഴല്‍ നാടകത്തിനു ഒരന്ത്യം ഉണ്ടാകണമേ എന്ന പ്രാര്‍ഥനയോടെ തിരികെ വന്നു കിടന്നു.

പിടിതരാത്ത മനസ്സിന് പിറകെ പായുന്നതിനിടയിലെപ്പോഴോ നിദ്രാദേവത കനിഞ്ഞു. ചെറിയ മയക്കത്തിലേക്ക് വീണതേ   ഉണ്ടാകുള്ളൂ, അപ്പോഴേക്കും എന്തോ ശബ്ദം കേട്ടുണര്‍ന്നു. വീടിനു പുറത്ത് ബഹളം കേള്‍ക്കുന്നു. ജനാലയില്‍ക്കൂടി നോക്കുമ്പോള്‍ കണ്ടത് കുറെ ആള്‍ക്കാര്‍ കത്തിച്ച പന്തങ്ങളുമായി ഓടുന്നതാണ് . അവര്‍ വീടിനു മുന്നിലെത്തിയെന്നു തോന്നുന്നു. ഞാന്‍ അമ്മൂമ്മയെ തട്ടിയുണര്‍ത്തി വീട്ടിനു മുന്നിലെത്തുമ്പോള്‍ വൃദ്ധനായ എന്‍റെ ആതിഥേയന്‍ വന്നവരോട് പതിഞ്ഞ ശബ്ദത്തില്‍ എന്തൊക്കെയോ പറയുന്നുണ്ട്. എല്ലാവരുടെയും മുഖത്ത് പരിഭ്രാന്തി നിഴലിച്ചു നിന്നു. ഇടക്ക് ആരുടെയോ പേര് പ്രതിപാദിച്ചപ്പോള്‍ അമ്മൂമ്മയുടെ മുഖത്ത് ഭീതി പടരുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞു. കുന്നിന്‍ ചെരുവിലെ  കാട്ടില്‍ ആരുടെയോ ഡെഡ്ബോഡി കണ്ടെത്തിയിരിക്കുന്നു... അത് ഇവര്‍ക്ക് പരിചയമുള്ള ഒരു വ്യക്തിയുടെതാണ്; അത്ര മാത്രമാണ് അവ്യക്തമായ ആ സംഭാഷണത്തില്‍ നിന്നും എനിക്ക് മനസ്സിലായത്.  ഞങ്ങളോട് വീടിനുള്ളിലേക്ക് പോകാന്‍ പറഞ്ഞിട്ട് അയാള്‍ അവരോടൊപ്പം യാത്രയായി.

അവര്‍ കാഴ്ചയില്‍ നിന്നും മറഞ്ഞപ്പോള്‍ വാതിലടച്ചു മുറിയിലേക്ക് നടക്കുന്നതിനിടയ്ക്ക് എത്ര ശ്രമിച്ചിട്ടും എനിക്കെന്‍റെ ചോദ്യങ്ങളെ നാവില്‍ ബന്ധിക്കാനായില്ല: "എന്താ പ്രശ്നം ? എല്ലാവരും നല്ല പോലെ പേടിച്ചിട്ടുണ്ടല്ലോ!!! എന്താ സംഭവിച്ചത്?"

എന്‍റെ മുഖത്തേയ്ക്ക് നോക്കിയ അവരുടെ കണ്ണുകള്‍ ഞാന്‍ അപ്പോഴാണ്‌ ശ്രദ്ധിച്ചത്; വാര്‍ധക്യത്തിന്‍റെ ലാഞ്ജന ഏല്‍ക്കാത്ത തിളക്കമുള്ള കണ്ണുകള്‍. "ഗിരിപ്രസാദ് മാഷിനെ രണ്ടു ദിവസമായി കാണാനില്ലായിരുന്നു. കാറ്റില്‍ വിറകോടിക്കാന്‍ പോയ ആരോ ഒരു ശവം കണ്ടെന്നും, പറഞ്ഞ അടയാളങ്ങള്‍ വച്ച് അത് മാഷിന്‍റെതാണെന്നുമാണ്  സംസാരം": അവര്‍ പറഞ്ഞു.

"ഗിരിപ്രസാദ്"... തലയ്ക്കകത്ത് ഒരു കടന്നല്‍ക്കൂടിളകിയത് പോലെ... എന്തൊരു മൂളലാണ്... സഹിക്കാന്‍ വയ്യ... ഞാന്‍ രണ്ടു കൈ കൊണ്ടും തലയില്‍ അമര്‍ത്തിപ്പിടിച്ചു... ആ പേര് കേട്ടപ്പോള്‍ ഞാനെന്തിനാണ് ഇത്ര അസ്വസ്ഥയാകുന്നത്!!! 

 

"ആരാണ് ഈ ഗിരിപ്രസാദ്‌   മാഷ്‌" ഒരു വിധത്തില്‍ ഞാന്‍ അമ്മൂമ്മയോട് ചോദിച്ചു.  എന്‍റെ മാറ്റം ശ്രദ്ധിക്കുന്നുണ്ടായിരുന്ന അവര്‍ എന്‍റെ ചോദ്യം കേട്ട് അത്ഭുതപ്പെട്ട പോലെ... ഇതിലെന്തിരിക്കുന്നു ഇത്ര അത്ഭുതപ്പെടാന്‍ എന്ന സംശയത്തോടെ ഞാന്‍ നോക്കുമ്പോള്‍ ആ മുഖത്ത് പ്രതിഫലിച്ച 'എല്ലാമറിയുന്ന' ഭാവത്തില്‍ നിന്നും ഒരു നിമിഷത്തേക്കെങ്കിലും എനിക്ക് തോന്നി; 'ഈ നാട്ടില്‍ എനിക്ക് മാത്രമാണ് ഞാന്‍ അപരിചിത'. 


( തുടരും ...)
NB:  കഥയുടെ ഈ ഭാഗം എഴുതാന്‍ കഴിയാതെ ഞാന്‍ ഒരുപാട് വിഷമിച്ചിരിക്കുമ്പോള്‍   എനിക്ക്  വഴികാട്ടിയായ എന്‍റെ  ഏറ്റവും പ്രിയപ്പെട്ട  സുഹൃത്തിന് ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു ...

1 comment:

Rineez said...

നന്നായിട്ടുണ്ട്.
വീണ്ടും അടുത്ത ഭാഗത്തിനായി കാത്ത്രിക്കുന്നു. :)