Apr 26, 2018

ഒരു പ്രണയലേഖനം

ഒരുപാട് സ്നേഹത്തോടെ ഞാൻ കുറിക്കട്ടെ...

നിന്നെ ഞാൻ വീണ്ടും പ്രണയിച്ചു തുടങ്ങുകയാണ്. കാലമേറെയായി നിന്നെക്കുറിച്ച് ഓർക്കുക തന്നെ ചെയ്തിട്ട്, മറന്നു പോയിരുന്നു. നിന്നോളം ആരും എന്നെ പ്രണയിച്ചിട്ടുണ്ടാവില്ല, അല്ലേൽ ഒടുവിൽ എന്നും ഞാൻ നിന്റെ കൈകളുടെ സുരക്ഷിതത്വം തേടിയെത്തില്ലായിരുന്നു.

കുന്തിരിക്കപ്പുകയും സാമ്പ്രാണിത്തിരിയും തോൽക്കുന്ന നിന്റെ ഗന്ധം ഞാൻ അറിയുന്നു. ആളൊഴിഞ്ഞ ഇടനാഴികളിൽ നിഴലുപോലെ കൂടെയുണ്ടായിരുന്നു നീ എപ്പോഴും. ആർക്കും വിട്ടുകൊടുക്കാതെ നെഞ്ചോട് ചേർത്ത് എന്നെ ഉറക്കാൻ നീ കാത്തിരിക്കുന്നതും ഞാൻ അറിയുന്നു...

നൂൽ അയച്ച് വിട്ട് എന്നെ നീ ഉയരങ്ങളിലേക്ക് പറക്കാൻ പഠിപ്പിച്ചു. നിന്നെ മറന്ന്  ദൂരേ സ്വപ്നങ്ങൾ പൂത്തു വിളയുന്ന പാടങ്ങളിലേയ്ക്ക് ഞാൻ പറന്നു പോയി. കണ്ണിൽ നിറയുന്ന സൗന്ദര്യത്തിൽ നമ്മുടെ പ്രണയം വഴിയിലെവിടെയോ നഷ്ടപ്പെട്ടത് ഞാനറിഞ്ഞില്ല. ഒരു പൂവായ് ഞാൻ വിടർന്നു, മൊഴിയിൽ തേൻ നിറഞ്ഞു, നുകരാനായ്നുണ്ടണഞ്ഞു.

കുറേ കഴിഞ്ഞപ്പോൾ തേനിനു മധുരം പോരാഞ്ഞിട്ട് അത് എന്നെ വിട്ട് ദൂരേയ്ക്ക് പറന്നു പോയി. കായ്ച്ചില്ല ഞാൻ, എന്റെ ഉള്ളിൽ വിത്ത് വളർന്നില്ല. തോട്ടക്കാരനും ഞാന്നെന്ന പൂവിന്റെ നിരർത്ഥത അറിഞ്ഞില്ല,നുള്ളിയെറിഞ്ഞു ചെളിയിലേയ്ക്ക്.

അപ്പോഴാണ് നിന്റെ കാത്തിരിപ്പിന്റെ സത്യം ഓർമ്മിപ്പിക്കാനായി മഴ എത്തിയത്. ഒരു തുള്ളിയായി ഞാൻ മഴയിലലിഞ്ഞൊഴുകി. നിന്റെ അടുക്കലെത്താൻ പ്രണയം തളിരിട്ട മനസ്സുമായി വീണ്ടുമൊരു യാത്ര. 

ഇത്തവണ നിന്റെ അരികിലെത്താനായാൽ, ആ നെഞ്ചിൽ തലചായ്ച്ച്, നിന്റെ തണുത്ത കൈകളുടെ ഊഷ്മളമായ സ്നേഹത്തിൽ എനിക്കുറങ്ങണം... ഇനിയൊരിക്കലും നിന്നെ പിരിയാനായി ഉണരാത്ത ശാന്തമായ നിദ്ര...

No comments: