Jun 10, 2013

കളിപ്പാവ

ഉത്തരേന്ത്യയിലെ തണുത്തുറഞ്ഞ സായാഹ്നങ്ങളിലൊന്നിൽ അദിതിയും ആകാശും എസ്റ്റെറ്റിലേക്ക് തിരികെയെത്തുമ്പോൾ മഞ്ഞു വീണു തുടങ്ങിയിരുന്നു. പഞ്ഞിക്കെട്ടുകൾ പോലെ പെയ്തുകൊണ്ടിരുന്ന മഞ്ഞിന്‍റെ നേരത്ത ആവരണത്തിനെ  കീറിമുറിച്ചു കൊണ്ട് കാറിന്‍റെ മഞ്ഞ വെളിച്ചം കൊട്ടേജിന്‍റെ മുന്നിലെത്തിയപ്പോൾ പതിവിനെക്കാളേറെ വൈകിയത് കൊണ്ടാകാം രാഹുൽ ഉമ്മറത്തുണ്ടായിരുന്നില്ല.

കോളിംഗ് ബെൽ മുഴങ്ങിയ ഉടൻ തന്നെ വേലക്കാരി വന്നു വാതിൽ തുറന്നു. "മെംസാബ്, രാഹുൽ ആഹാരം ഒന്നും കഴിച്ചിട്ടില്ല, പിണക്കത്തിലാണെന്നു തോന്നുന്നു".

"ശരി നീ ആഹാരം എടുത്തു വയ്ക്ക്, ഞങ്ങൾ രാഹുലിനെയും കൂട്ടി ഇപ്പോൾ വരാം" എന്ന് പറഞ്ഞു അദിതി രാഹുലിന്‍റെ മുറിയിലേക്ക് പോയി. കൈയിലുണ്ടായിരുന്ന പായ്ക്കറ്റ് തുറന്ന് ഒരു പിറന്നാൾ കേക്ക് മേശപ്പുറത്തു വച്ചിട്ട് ആകാശ് പിന്തിരിയുമ്പൊഴെക്കും പരിഭ്രമിച്ച മുഖവുമായി അദിതി തിരികെ എത്തി. "ആകാശ്, രാഹുൽ മുറിയിലില്ല"
"പിണങ്ങിയാൽ അവൻ എവിടെയാണ് ഉണ്ടാകാറുള്ളത് എന്നത് മറന്നു പോയോ! നീ വാ" ആകാശിന് ഉറപ്പായിരുന്നു രാഹുൽ അവിടെത്തന്നെ ഉണ്ടാകുമെന്ന്.

അല്പം വിശാലമായ ഒരു മുറിയിലേക്കാണ് അവർ പോയത്. പുസ്തകങ്ങൾ നിറഞ്ഞ അലമാരകളും പലതരം ചിത്രങ്ങളും തടികൊണ്ട് തീർത്ത മനോഹരമായ ഇരിപ്പിടങ്ങളുമുള്ള ഒരു മുറി. ചുവരോട് ചേർന്ന് ഒരു നെരിപ്പോട് എരിയുന്നുണ്ടായിരുന്നു. പുറത്തെ തണുപ്പിന്‍റെ കാഠിന്യം കടന്നു ചെല്ലാൻ മടിക്കുന്ന വിധം ഊഷ്മളമായിരുന്നു അവിടം. ചെറുകാറ്റിൽ അഗ്നിച്ചിറകുള്ള പൂമ്പാറ്റളെപ്പോലെ എരിഞ്ഞു ചാരമാകാറായ വിറകിന്‍റെ ശകലങ്ങൾ നേരിപ്പോടിനുള്ളിൽ പാറി നടക്കുന്നുണ്ടായിരുന്നു. അതിനടുത്തായി തറയിലെ വിരിപ്പിൽ ഒരു കുഞ്ഞു തലയണയും കെട്ടിപ്പിടിച്ച് ഉറങ്ങുകയാണ് രാഹുൽ. ചുറ്റിലും ക്രയോണ്‍സും കടലാസുകളും ചിതറിക്കിടപ്പുണ്ട്.

ആകാശ് അടുത്തുചെന്ന് അവനെ വാരിയെടുത്തു. രാഹുൽ മുഖത്തേയ്ക്ക് നോക്കാതെ തലതിരിച്ചു പിണക്കം നടിച്ചു. "അമ്മയുടെ സൂപ്പർമാൻ പിണക്കത്തിലാണോ! അപ്പോൾ ബർത്ത്ഡേ കേക്ക് ആര് മുറിക്കും... ഗിഫ്റ്റ് ആര് വാങ്ങും!" ഒരു കുസൃതിച്ചിരിയോടെ അദിതി പറഞ്ഞപ്പോഴേക്കും രാഹുൽ കുഞ്ഞിപ്പല്ലുകൾ കാട്ടി ചിരിക്കാൻ തുടങ്ങി. ആകാശ് രാഹുലിന്‍റെ മൂക്കിൽ മൂക്ക് ഉരസിയപ്പോൾ, അദിതി രാഹുലിന്‍റെ കവിളിൽ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു.

എല്ലാവരും ഡൈനിംഗ് ടേബിളിനരികിലെത്തി. കേക്കും നാലിന്‍റെ രൂപത്തിലുള്ള കത്തിച്ച മെഴുകുതിരിയും രാഹുലിനെ കാത്തിരിക്കുന്നുണ്ടായിരുന്നു. മെഴുകുതിരി ഊതിക്കെടുത്തി അച്ഛന്‍റെയും അമ്മയുടെയും കൈചേർത്ത്‌ അവൻ കേക്ക് മുറിച്ചു.
"ഹാപ്പി ബർത്ത്ഡേ ടു യു .... ഹാപ്പി ബർത്ത്ഡേ ടു യു ... ഹാപ്പി ബർത്ത്ഡേ ഡിയർ രാഹുൽ....ഹാപ്പി ബർത്ത്ഡേ ടു യു"
രണ്ടുപേർക്കും കേക്ക് കൊടുത്ത്, അവർ കൊടുത്ത കേക്കിന്‍റെ കഷണം വായിൽ വച്ച ഉടൻ തന്നെ അവന്‍റെ കണ്ണുകൾ  പിറന്നാൾ സമ്മാനം തിരയാൻ തുടങ്ങി. അവന്‍റെ കണ്ണുകളിലെ ആകാംക്ഷ നിറഞ്ഞു തുളുമ്പും മുൻപ് അദിതി സമ്മാനവുമായെത്തി. ചുവന്ന വർണ്ണക്കടലാസു പൊതി തുറന്നപ്പോൾ അവൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. പ്ലാസ്റ്റിക്കിൽ ഉണ്ടാക്കിയ ഒരു പാവക്കുട്ടി. ബ്രൌണ്‍ മുടിയും നീലക്കണ്ണുകളും  ചുവന്ന ഉടുപ്പുമൊക്കെ മനോഹരമായി പെയ്ന്‍റ്ചെയ്തിരിക്കുന്ന പാവക്കുട്ടിയെ അവൻ നെഞ്ചോട്‌ ചേർത്ത് ചിരിച്ചു.
"ഇനി അച്ഛനും അമ്മയും ഓഫീസിൽ പോകുമ്പോൾ മോന് കൂട്ടായി ഈ സുന്ദരിപ്പാവ ഉണ്ടാകുമല്ലോ! നമുക്കിവൾക്കൊരു പേരിടണ്ടേ... മോനെന്തു പറയുന്നു?" അദിതിയുടെ ചോദ്യത്തിന് ക്ഷണത്തിൽ രാഹുലിന്‍റെ മറുപടി വന്നു "പിങ്കി". അപ്പോഴാണ്‌ അവൻ ഓർത്തത് അച്ഛന്‍റെ സമ്മാനം കിട്ടിയില്ലല്ലോ എന്ന്. "എന്‍റെ സമ്മാനം എവിടെ?" ഒരു കൈയിൽ പാവക്കുട്ടിയുമായി അവൻ മറ്റേ കൈ കൊണ്ട് ആകാശിന്‍റെ കുർത്തയിൽ പിടിച്ചു വലിക്കാൻ തുടങ്ങി.  "എന്‍റെ പോന്നുമോനുള്ള സമ്മാനം അച്ഛൻ മറക്കുമോ! ഒരുഗ്രൻ ഗിഫ്റ്റ് ഓർഡർ ചെയ്തിട്ടുണ്ട്... അടുത്ത ആഴ്ച്ച അതിങ്ങെത്തും..." ഒരു നിരാശ കലർന്ന നോട്ടം സമ്മാനിച്ച് രാഹുൽ പാവക്കുട്ടിയുമായി കിന്നാരം പറയാൻ തുടങ്ങി.
പിന്നീടുള്ള ദിവസങ്ങൾ അച്ഛന്‍റെ സമ്മാനത്തിനായുള്ള കാത്തിരിപ്പ്; കൂട്ടിനു പിങ്കിയും... ഒറ്റ ദിവസം കൊണ്ട് തന്നെ രാഹുൽ ആ പാവക്കുട്ടിയുമായി അത്രമാത്രം അടുത്തു കഴിഞ്ഞിരുന്നു. ഊണും ഉറക്കവും കളിയുമൊക്കെ പിങ്കിയ്ക്കൊപ്പമായി. അതൊരു സാധാരണ പാവയായിരുന്നില്ല, പ്ലാസ്റ്റിക്ക് ശരീരത്തിനുള്ളിൽ ചുവന്ന തുടിക്കുന്ന ഒരു ഹൃദയമുണ്ടായിരുന്നു അതിന്. കാതോടു ചേർത്താൽ ആ ഹൃദയം സ്പന്ദിക്കുന്നത് കേൾക്കാമായിരുന്നു. അവൾക്ക് വേണ്ടി എല്ലാവരും ചേർന്ന് ഒരു കളിവീടുമുണ്ടാക്കി.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ രാഹുൽ സ്കൂളിൽ പോകാൻ തുടങ്ങി. പകൽ മുഴുവൻ അവന്‍റെ മുറിയിലെ പഞ്ഞിയും തൂവലുകളും കൊണ്ട് അലങ്കരിച്ച കുഞ്ഞു കളിവീട്ടിൽ പിങ്കി ഒറ്റയ്ക്കായി. എന്നും അവൻ പോകുമ്പോൾ അവളുടെ മുഖം വാടും, വൈകുന്നേരം ഒരു നൂറ് വിശേഷങ്ങളുമായി രാഹുൽ മടങ്ങിയെത്തുമ്പോൾ ആ നീലക്കണ്ണുകളിൽ  തിളക്കം നിറയും. വന്നു കഴിഞ്ഞാൽ ആഹാരം പോലും കഴിക്കാൻ കൂട്ടാക്കാതെ അവൻ പിങ്കിയുടെ അടുത്തേയ്ക്ക് ഓടിയെത്തും. പിന്നെ സംസാരമായി. സ്കൂളിൽ അന്ന് പഠിപ്പിച്ച പാട്ടുകളും കഥകളുമൊക്കെ അവളോട്‌ പറയും. അവൾ അതുകേട്ട്  കണ്ണുചിമ്മും. ഭക്ഷണമൊക്കെ കഴിഞ്ഞു അവളെയും നെഞ്ചോട്‌ ചേർത്ത് അവൻ ഉറങ്ങും.
ശീതക്കാറ്റിൽ പറന്നെന്നപോലെ ദിവസങ്ങൾ കടന്നു പോയി. അന്ന് ഓഫീസിൽ നിന്ന് വരുമ്പോൾ ആകാശിന്‍റെ കൈയിൽ രാഹുലിനുള്ള പിറന്നാൾ സമ്മാനം ഉണ്ടായിരുന്നു; ഒരു വീഡിയോ ഗെയിം. രാഹുലിന് അതൊരു പുതിയ അനുഭവമായിരുന്നു. വൈകുന്നേരം മുഴുവൻ അച്ഛനും മകനും വീഡിയോ ഗയിമിന്‍റെ മുന്നിലായിരുന്നു. രാഹുലിന് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് കാർ  റെയ്സും രാജകുമാരിയെ രക്ഷിക്കാൻ ശ്രമിക്കുന്ന രാജകുമാരന്‍റെ ഗെയിമും ആയിരുന്നു. ആഹാരം കഴിഞ്ഞ് ആകാശ് ഉറങ്ങാൻ പോയപ്പോൾ, കോട്ടയിൽ തടവിലായ രാജകുമാരിയുടെ ചിത്രം സ്ക്രീനിൽ നിശ്ചലമായി. അപ്പോഴാണ്‌ രാഹുൽ പിങ്കിയെക്കുറിച്ച് ഓർത്തത്. കളിവീടിനുള്ളിൽ നിന്നും അവളെ പുറത്തെടുക്കുമ്പോൾ അവളുടെ മുഖത്ത് പതിവ് തെളിച്ചമില്ല; "എന്നെ മറന്നു അല്ലെ?" എന്ന് ചോദിക്കും പോലെ. കട്ടിലിൽ വന്നിരുന്ന് സ്ക്രീനിലെ രാജകുമാരിയെയും പിങ്കിയെയും അവൻ മാറിമാറി നോക്കി. "എന്ത് രസമാണ് രാജകുമാരിയുടെ കണ്ണുകൾ കാണാൻ! കണ്ണ് ചിമ്മുന്നത് കണ്ടാൽ ജീവനുള്ളത് പോലെ!" ഗെയിം ഓഫ്‌ ചെയ്തു രാഹുൽ ഉറങ്ങാൻ കിടന്നു.
രാഹുലിന്‍റെ നെഞ്ചിടിപ്പ് പിങ്കിയുടെ കാതിൽ മുഴങ്ങുമ്പോൾ അവളുടെ ഹൃദയത്തിൽ ഒരു ചോദ്യമുയരുകയായിരുന്നു "ദൈവമേ നീ എനിക്കെന്താ ആ രാജകുമാരിയുടെ പോലുള്ള കണ്ണുകൾ  തരാത്തത്? അങ്ങനെയായിരുന്നെങ്കിൽ രാഹുലിന് എന്നെ കൂടുതൽ ഇഷ്ടമായേനെ!". പിറ്റേന്ന് സ്കൂളിൽ പോകും മുൻപ് പിങ്കിയെ കളിവീട്ടിൽ കിടത്തുമ്പോൾ അവൾക്കെന്തോ മാറ്റമുണ്ടെന്ന് തോന്നിയെങ്കിലും അവളുടെ ചിമ്മുന്ന വെള്ളാരംകല്ല്‌ പോലുള്ള കണ്ണുകളിൽ അവന്‍റെ ശ്രദ്ധ പതിഞ്ഞില്ല. പിങ്കിയുടെ കുഞ്ഞിക്കണ്ണുകൾ ഒരു പാട് പ്രതീക്ഷയോടെ കാത്തിരുന്നു; വൈകുന്നേരം ആകാൻ, രാഹുൽ തന്നെക്കണ്ട് അത്ഭുതപ്പെടുന്നത് കാണാൻ...

അന്ന് വൈകുന്നേരം രഹുലിനൊപ്പം രണ്ടു കൂട്ടുകാരും എത്തി കാർ റെയ്സ് കളിക്കാൻ. അവരൊക്കെ പോയി തിരക്കൊഴിഞ്ഞപ്പോൾ രാഹുൽ രാജകുമാരിയുടെയും രാജകുമാരന്‍റെയും ഗെയിം കളിക്കാൻ തുടങ്ങി. രാത്രി വൈകിയിട്ടും മുറിയില വെളിച്ചം കണ്ടിട്ടാണ് അദിതി എത്തിയത് "രാഹുൽ ഒത്തിരി വൈകി, നല്ലകുട്ടിയായിട്ട് പോയി ഉറങ്ങിക്കെ.. ഇനി നാളെ കളിക്കാം" . അമ്മ ഗെയിം ഓഫ്‌ ചെയ്തപ്പോൾ മനസ്സില്ലാമനസ്സോടെ കിടക്കയിലേക്ക്  പോയ അവൻ പെട്ടെന്നാണ് പിങ്കിയെക്കുറിച്ച് ഓർത്തത്. അവളെയും എടുത്തു കട്ടിലിൽ കിടത്തി. അവളെ നോക്കിക്കിടക്കുമ്പോൾ അവന്‍റെ മനസ്സ് പറഞ്ഞു..."പിങ്കിയെപ്പൊലെയല്ല രാജകുമാരി. രാജകുമാരിക്ക് വെളുത്ത മിന്നുന്ന ശരീരമാണ്...തുടുത്ത കവിളും ചുവന്ന ചുണ്ടുകളും...ഉണ്ണിയുടെ കൈയിലുള്ള റബ്ബർ പാവയെപ്പോലെ..." അവൻ പിങ്കിയെ ഒന്ന് നോക്കിയിട്ട് തിരിഞ്ഞു കിടന്ന് ഉറക്കം പിടിച്ചു.

അവന്‍റെ ഹൃദയത്തോട് ചേർന്ന് ഉറങ്ങിയിരുന്ന പിങ്കിയ്ക്ക്, ശബ്ദമില്ലാത്ത ആ വാക്കുകൾ കേൾക്കാൻ കഴിഞ്ഞു. അവളുടെ കണ്‍പീലികളിൽ നനവ്‌ പടർന്നു...ആ ചെറിയ ഹൃദയം തേങ്ങി "ദൈവമേ എന്നെ എന്തുകൊണ്ടാണ് ഉണ്ണിയുടെ പാവയെപ്പോലെ സുന്ദരിയാക്കാത്തത്, എങ്കിൽ രാഹുലിന് എന്നെ കാണുമ്പോൾ ഒരുപാട് സന്തോഷമായേനെ."

അന്ന് രാഹുൽ സ്കൂളിൽ പോയത് പിങ്കി അറിഞ്ഞില്ല. അദിതി വന്നു അവളെ എടുക്കുമ്പോഴാണ് അവൾ ഉണർന്നത്. "ആകാശ്! ഇതേതാ ഈ പുതിയ പാവ? ഞാൻ വാങ്ങിക്കൊടുത്ത പാവക്കുട്ടിയെ ഇവിടെങ്ങും കാണാനില്ലല്ലോ!" അപ്പോഴാണ്‌ പിങ്കി സ്വയം ശ്രദ്ധിക്കുന്നത്; താനാകെ മാറിയിരിക്കുന്നു...ഒരു കൊച്ചു സുന്ദരി. അത്ഭുതം തോന്നിയെങ്കിലും ആകാശ് അത് പ്രകടിപ്പിച്ചില്ല. "അദിതി, അത് ചിലപ്പോൾ അവൻ കൂട്ടുകാർക്ക് ആർക്കെങ്കിലും കൊടുത്തു കാണും... പകരം അവരുടെ പാവ അവനും...സ്കൂളിൽ നിന്നും വരട്ടെ, നമുക്ക് ചോദിക്കാം.." അദിതി പിങ്കിയെ അവളുടെ കളിവീടിനുള്ളിൽ കിടത്തിയിട്ട് ഓഫീസിലേക്കിറങ്ങി.

സ്കൂളിൽ നിന്നും രാഹുൽ എത്തുമ്പോൾ കുറച്ചു വിരുന്നുകാർ ഉണ്ടായിരുന്നു. അന്ന് അദിതിയുടെയും ആകാശിന്‍റെയും വിവാഹവാർഷികമായിരുന്നു . ആറു വർഷത്തെ അസൂയാവഹമായ ദാമ്പത്യജീവിതത്തിനു സുഹൃത്തുക്കൾ ആശംസകൾ നേർന്നു. എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ രാത്രിയേറെയായി. പാവയെക്കുറിച്ച് ആരും ഒന്നും ചോദിച്ചില്ല.

രാഹുൽ ഗെയിമിന്‍റെ മുന്നിലെത്തി. രണ്ടു ലെവൽ ജയിച്ച് കഴിഞ്ഞു. ഇപ്പോൾ രാജകുമാരിക്ക് മനോഹരമായ ഒരു ഫ്രോക്ക് ആണ് വേഷം. "പിങ്കിയ്ക്കെന്താ ഇതുപോലുള്ള ഫ്രോക്ക് ഇല്ലാത്തത്!" എന്ന് പറഞ്ഞുകൊണ്ട് രാഹുൽ അന്ന് വേഗം ഉറങ്ങാൻ പോയി. അവന്‍റെ അടുത്തെത്താനും, തന്നിൽ ഉണ്ടായ മാറ്റം അവനെ അറിയിക്കാനും പിങ്കി ആഗ്രഹിച്ചെങ്കിലും... ആ വീട്ടിലെത്തിയിട്ട്‌ ആദ്യമായാണ് അവൾ ഒറ്റയ്ക്ക് ഉറങ്ങുന്നത്. നിലാവെളിച്ചത്തിൽ വെള്ളാരം കല്ലുകൾ പോലുള്ള കണ്ണുകളിൽ കണ്ണുനീർത്തുള്ളികൾ പുറത്തെ മഞ്ഞുതുള്ളികളെക്കാൾ തിളങ്ങി. ആ തണുത്ത രാവിൽ, അവളുടെ മനസ്സറിഞ്ഞ് ദൈവം അവൾക്ക് ചിറകുകളുള്ള ഒരു വെളുത്ത കുപ്പായം നല്കി. "നാളെ ഇതൊക്കെ കാണുമ്പോൾ രാഹുലിന് ഒരുപാട് സന്തോഷമാകും, പഴയ സൗഹൃദം മടങ്ങിവരും" എന്നൊക്കെ ഓർത്ത്‌  അവളും മയങ്ങി.

രാവിലെയോ സ്കൂളിൽ നിന്നെത്തിയിട്ട് വൈകുന്നേരമോ രാഹുൽ പിങ്കിയുടെ അടുത്തെത്തിയില്ല. വീഡിയോ ഗെയിമിലെ രാജകുമാരനായി സ്വയം മാറി അവൻ രാജകുമാരിയെ രക്ഷിക്കാൻ ശ്രമം തുടർന്നു. ഒത്തിരി വൈകി കണ്‍പീലികളിൽ ഉറക്കം ഭാരമായപ്പോൾ അവൻ പുതപ്പിനുള്ളിലേക്ക് നുഴഞ്ഞു കയറി.

ശൈത്യം ആ സീസണിലെ ഏറ്റവും താഴ്ന്ന താപനില രേഖപ്പെടുത്തിയപ്പോൾ ജനാലയ്ക്കപ്പുറം അവസാനത്തെ ജലാംശവും മഞ്ഞായി മാറുകയായിരുന്നു. പിങ്കി തണുത്തു വിറച്ചു. "ഈശ്വരാ... എന്തൊരു തണുപ്പ്! എനിക്ക് ചലിക്കാനാകുമായിരുന്നെങ്കിൽ, ആ നേരിപ്പോടിനരുകിൽ എത്താമായിരുന്നു." മിന്നൽ പോലെ ഒരു പ്രകാശരേണു അവളെ തഴുകി കടന്നുപോയി. "എനിക്കെന്‍റെ കൈകാലുകൾ അനക്കാൻ കഴിയുന്നല്ലോ!!!" ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് അവൾ ആ കളിവീട്ടിൽ നിന്നിറങ്ങി. രാഹുൽ നല്ല ഉറക്കത്തിലാണ്. തന്‍റെ കുഞ്ഞിക്കൈകൾ കൊണ്ട് പിടിച്ചു അടുത്ത് കിടന്ന കസേര വഴി അവൾ രാഹുലിന്‍റെ അടുത്തെത്തി. അവന്‍റെ കവിളിൽ സ്നേഹപൂർവ്വം ഒരുമ്മ നൽകിയിട്ട് പാതിചാരിയ വാതിലിൽക്കൂടി നേരിപ്പോടിനടുത്തെയ്ക്ക് അവൾ നടന്നു.

അവളുടെ ഹൃദയം ഉച്ചത്തിൽ മിടിക്കുന്നുണ്ടായിരുന്നു. ആദ്യമായി ആ വീട്ടിൽ എത്തിയതും രാഹുലിന്‍റെ കൂട്ടുകാരിയായതും ഒരുമിച്ച് കളിച്ചതും പതിയെപ്പതിയെ അവൻ തന്നിൽ നിന്നകന്നതും അവനെ സന്തോഷിപ്പിക്കാനായി തനിക്കുണ്ടായ മാറ്റങ്ങൾ അവൻ അറിയാതെ പോകുന്നതും... അംഗീകരിക്കപ്പെടാതെ പോകുന്ന ഒറ്റപെടലിന്‍റെ ദിവസങ്ങളും, ഒക്കെ ഓർത്ത്‌ നടന്ന അവൾ നേരിപ്പോടിനടുത്തെത്തിയത് അറിഞ്ഞില്ല. അടുത്ത കാലടിയിൽ മുന്നിലുണ്ടായിരുന്ന തടിക്കഷണത്തിൽ തട്ടി മുന്നിലെ കെടാത്ത കനലിലേക്ക് വീണു. ഞെട്ടിത്തിരിഞ്ഞു എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴേക്കും കാൽ വഴുതി മലർന്നു വീണു വീണ്ടും. ആ വീഴ്ച്ചയിൽ അവളുടെ പിൻവശം ഉരുകി കനലുകളോടൊട്ടിച്ചേർന്നു. റബ്ബറിന്‍റെ കരിഞ്ഞ ഗന്ധം വ്യാപിക്കുന്നതിനോടൊപ്പം അഗ്നിരേഖകൾ അവളുടെ ശരീരത്തെ പതിയെ കാർന്നുതിന്നാൻ തുടങ്ങി. ഇത്തവണ അവളുടെ പ്രാർത്ഥനകൾ നിസ്സംഗതയിൽ ഒതുങ്ങി.

"ആകാശ് എഴുന്നേറ്റേ, എന്തോ കരിയുന്നതു  പോലെ തോന്നുന്നു" അദിതി ആകാശിനെയും വിളിച്ച് ലൈറ്റ് ഓണ്‍ ചെയ്യുമ്പോഴേക്കും രാഹുലും ഉണർന്നു. കണ്ണുതിരുമ്മി  അവനും അവരോടൊപ്പം അന്വേഷിച്ചന്വേഷിച്ച് നെരിപ്പോടിനടുത്തെത്തി. മുക്കാൽ ഭാഗവും ഉരുകിയെ പാവക്കുട്ടിയെ കണ്ട ഉടനെ രാഹുൽ കൈയിലെടുത്തു. വെള്ളാരം കല്ലുകൾ ഇപ്പോൾ ഒന്നേയുള്ളൂ. മിനുസമായ ശരീരം എരിഞ്ഞു തീരാറാകുന്നു. ഭംഗിയുള്ള ചിറകുകൾ കരിഞ്ഞു തറയിൽ വീണിരിക്കുന്നു.

"കൈ പൊള്ളും അതിനെ താഴെ കളയ്  മോനെ..." അദിതി അവന്‍റെ കൈയിൽ നിന്ന് പാവ വാങ്ങി ജനാലയിൽക്കൂടി ദൂരെ എറിഞ്ഞു. "പിങ്കീ" രാഹുൽ വാവിട്ടു കരയാൻ തുടങ്ങി. ഏങ്ങലടിച്ചു കരയുകയായിരുന്ന രാഹുലിനെ എടുത്ത് ആകാശ് മുറിയിലേക്ക് കൊണ്ടുപോയി. ആശ്വസിപ്പിക്കാൻ എത്ര ശ്രമിച്ചിട്ടും അവൻ അടങ്ങുന്നുണ്ടായിരുന്നില്ല. പുലരാറായപ്പോൾ എപ്പോഴോ കരഞ്ഞു തളർന്നുറങ്ങി.

അടുത്ത പ്രഭാതം ഊഷ്മളമാക്കാനായി ആദിത്യന്‍റെ തേരെത്തി. പഞ്ഞിക്കെട്ടുകൾ പോലുള്ള മഞ്ഞുരുകി എങ്ങും നനവ്‌ പടർന്നു. കടമകളൊക്കെ  പൂർത്തിയാക്കി കഴിഞ്ഞു എന്നപോലെ അത്തവണ മഞ്ഞുകാലം നേരത്തെ വിട പറഞ്ഞു. ഉണർന്ന ഉടൻ രാഹുൽ പുറത്തേയ്ക്ക് ഓടി. ഇന്നലെ അമ്മ വലിച്ചെറിഞ്ഞ അവന്‍റെ പാവക്കുട്ടി പുല്ലുകൾക്കിടയിൽ മരവിച്ചു കിടക്കുന്നുണ്ടായിരുന്നു. അവൻ അതിനെ കൈകളിൽ എടുത്ത് നെഞ്ചോട് ചേര്ത്തു. വെള്ളാരംകല്ല്‌ കൊണ്ടുള്ള കൂമ്പിയ കണ്ണിലേക്ക് നോക്കുമ്പോൾ അവന്‍റെ കണ്ണുകളും നിറഞ്ഞു തുളുമ്പി.

പിന്നീടൊരിക്കലും രാഹുൽ വീഡിയോ ഗെയിം കളിച്ചില്ല. വൈകുന്നേരങ്ങളിൽ അന്ഗ്നിശകലങ്ങൾ ബാക്കിവച്ച തന്‍റെ കൂട്ടുകാരിയുമായി വിശേഷങ്ങൾ പറഞ്ഞ് സമയം ചെലവഴിക്കാൻ തുടങ്ങി. പക്ഷെ മുൻപത്തെ പോലെ പിങ്കി കണ്ണു ചിമ്മാറില്ല... ആ ഹൃദയം തുടിക്കാറുമില്ല ... എങ്കിലും അവളെ മാറോട് ചേർത്തേ രാഹുൽ ഉറങ്ങിയിരുന്നുള്ളൂ.

അടുത്ത വർഷത്തെ മഞ്ഞുകാലത്തോടൊപ്പം ആ വീട്ടിൽ ഒരതിഥിയെത്തി. വെള്ളിക്കണ്ണുകളും തുടുത്ത കവിളുകളും ഉള്ള വെളുത്തു മിനുസമായ മാലാഖയെപ്പോലൊരു കുഞ്ഞുവാവ. വീഡിയോ ഗെയിമിലെ രാജകുമാരിയെക്കാൾ സുന്ദരിയായ, പിങ്കിയെപ്പോലെ നിഷ്കളങ്കമായി കണ്ണുചിമ്മി രാഹുലിനെ നോക്കി പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്ന ഒരു കുഞ്ഞനിയത്തി.

ആ വിശേഷം അറിയിക്കാൻ രാഹുൽ പിങ്കിയുടെ അടുത്തെത്തി. അവളെ അവിടെങ്ങും കാണാനില്ല. അവളുറങ്ങുമായിരുന്ന  കളിവീട് ശൂന്യം. പിങ്കിയുടെ സ്ഥാനത്ത് തിളങ്ങുന്ന ഒരു വെള്ളാരം കല്ല്‌.

വിഷാദം നിറഞ്ഞ മനസ്സുമായി അവൻ അനിയത്തിയുടെ അടുത്തെത്തി. അമ്മയോട് പറ്റിച്ചേർന്നുറങ്ങുന്ന അവളുടെ കവിളിൽ ഒരുമ്മ നല്കി മുഖമുയർത്തുമ്പോൾ, ആ ഹൃദയതാളത്തിന് ചിരപരിചിതമായ ഒരീണം ആ കുഞ്ഞുമനസ്സ് തിരിച്ചറിഞ്ഞു...എന്നും നെഞ്ചോട്‌ ചേർത്ത് സ്നേഹിക്കപ്പെടാൻ അകലങ്ങളിൽ നിന്ന് അവൾ തിരികെ വന്നപോലെ...