Oct 29, 2014

തിരകളേ....

എരിഞ്ഞടങ്ങുന്ന സന്ധ്യയില്‍ തലതല്ലി മരിക്കുന്ന തിരകളേ
ഒരു നിമിഷം നില്‍ക്കൂ തിരികെ മടങ്ങരുതേ നിങ്ങള്‍
ചുവന്ന പകലും കറുത്ത രാവും ഇവിടേക്കുള്ള യാത്രയിലാണ്
വിപരീത ദിശകകളില്‍ പ്രയാണം ചെയ്യുന്നു നിങ്ങളെത്തേടി
ഒത്തുചേരലിന്റെ മോഹങ്ങള്‍ ഭാണ്ടത്തിലേറിയുള്ള യാത്ര
തിരകളേ നിങ്ങള്‍ക്ക് നീരും പൂവും കരുതിയിട്ടുണ്ട് അവര്‍
പകലേ ഒന്നു വേഗം നടക്കൂ ദീപങ്ങളുടെ വെളിച്ചം കെടാറായി
രാവേ വേഗം നടക്കൂ കരിന്തിരി ദീപങ്ങള്‍ പേടിക്കുന്നു
ഇരുട്ടിന്റെ സൗന്തര്യം പകലില്‍ ഒളിക്കുന്നു, തിരകളേ അവരെത്തി
അല്പം കാത്തു നില്ക്കൂ ചോര്‍ന്ന പൂക്കള്‍ പെറുക്കും വരെ
ഭാണ്ഠങ്ങളില്‍ നിന്നു മോഹങ്ങളാം വായ്‌ക്കരികള്‍ നാമ്പിടും വരെ
അടുത്ത കൊയ്ത്തുകാലം വരെ...ഇനിയുമൊരു ത്രിസന്ധ്യ പിറക്കും വരെ
തിരകളേ ഈ വഴി വരില്ലേ നിങ്ങളുടെ പിന്‍മുറക്കാര്‍ അവരെത്തേടി
പുതിയ പൂക്കളും അരിയും നിറഞ്ഞ ഭാണ്ഠവുമായി അവരെത്തും
ചുവന്ന പകലും കറുത്ത രാവും മോഹങ്ങളുമായി...

Sep 17, 2014

ഒരു മണ്ണാങ്കട്ട-കരിയില കഥ

ഒരിടത്തൊരിടത്ത് അങ്ങ് ദൂരദേശത്ത് ഒരു കുശവൻ ഉണ്ടായിരുന്നു. കളിമണ്ണിൽ തീർത്ത പാത്രങ്ങളും ചെറിയ ശില്പങ്ങളും മണ്‍കട്ടകളും   ഉണ്ടാക്കി വിറ്റാണ് അയാൾ ജീവിച്ചിരുന്നത്. ഒരിക്കൽ ഒരു ശിശിരകാലത്തിൽ മണ്‍കട്ടകൾ വാങ്ങാനായി ഒരു കൂട്ടര് വന്നു. ലോറിയിൽ കൊണ്ട് പോയ മണ്‍കട്ടകളിൽ  ഒന്ന് പിടിവിട്ട് താഴെ വീണു. ഒരു  കരിയിലക്കൂട്ടത്തിലേക്ക് വീണ  മണ്ണാങ്കട്ട കൂട്ടുകാരെ പിരിഞ്ഞ വിഷമത്തിൽ കരയാൻ തുടങ്ങി. കരഞ്ഞു കരഞ്ഞു മണ്ണാങ്കട്ട അലിയുമെന്നായപ്പോൾ ഒരു വല്യ കാറ്റ് വീശി. ആ കാറ്റിൽ കരിയിലകളൊക്കെ പറന്നു പോയി. അപ്പോഴുണ്ട് മണ്ണാങ്കട്ടയെ  ആരോ തൊട്ടു വിളിച്ചപോലെ...നോക്കുമ്പോൾ ഒരു കരിയില മണ്ണാങ്കട്ടയുടെ അടിയിൽ നിന്ന് പുറത്തേയ്ക്ക് തല നീട്ടുന്നു. പേടിച്ചരണ്ട അവനെ കണ്ടപ്പോൾ മണ്ണാങ്കട്ടയുടെ കരച്ചിലൊക്കെ നിന്നു; മണ്ണാങ്കട്ട അവനെ നോക്കി ചിരിച്ചു മാറി നിന്നു. കരിയില മണ്ണെല്ലാം കുടഞ്ഞു കളഞ്ഞു എണീറ്റ്‌ നിന്നു. എന്നിട്ട് ഗൌരവത്തിൽ മണ്ണാങ്കട്ടയെ നോക്കി ഒരു ചോദ്യം "നീ ആരാ? എന്‍റെ മേല് വന്നു വീണിട്ട് ചിരിക്കുന്നോ!" പാവം മണ്ണാങ്കട്ട പേടിച്ചു പോയെങ്കിലും,  ധൈര്യം കൈവിടാതെ പറഞ്ഞു "ഞാനില്ലേൽ കാണാമായിരുന്നു, കാറ്റത്തു പറന്നു ഏതേലും ചെളിക്കുണ്ടിൽ കിടക്കുന്നത്".  ഇളിഭ്യ ഭാവം പുറത്ത് കാട്ടാതെ കരിയില ചോദിച്ചു "നീ എന്തിനാ കരഞ്ഞത്?". അത് കേട്ട് മണ്ണാങ്കട്ടയുടെ   മുഖം വാടി. "എനിക്കാരുമില്ല... എന്‍റെ കൂട്ടുകാരൊക്കെ ദൂരേയ്ക്ക് പോയി... ഞാൻ ഒറ്റയ്ക്കായി" മണ്ണാങ്കട്ട പറഞ്ഞത് കേട്ടിട്ട് കരിയില കുറെ നേരം ഒന്നും മിണ്ടീല്ല. അല്പം സമയം കഴിഞ്ഞു കരിയില മണ്ണാങ്കട്ടയുടെ അടുത്ത് ചെന്ന് ചേർന്ന് നിന്നു, എന്നിട്ട് പറഞ്ഞു "വിഷമിക്കണ്ട ഇനി നിനക്ക് ഞാനുണ്ട് കൂട്ട്". അത് കേട്ട മണ്ണാങ്കട്ടയുടെ സങ്കടമെല്ലാം ദൂരെ ഓടിയൊളിച്ചു. അവർ കൈകോർത്തു പിടിച്ചു സന്തോഷത്തോടെ നടന്നു പോകുമ്പോൾ, വീണ്ടുമൊരു മണ്ണാങ്കട്ട - കരിയില സൌഹൃദത്തിന്‍റെ കഥ തുടങ്ങുന്നത് ലോകം  സാക്ഷിയാകുകയായിരുന്നു...


ദിവസങ്ങൾ കടന്നു പോയി... മണ്ണാങ്കട്ടയുടെയും കരിയിലയുടെയും സൗഹൃദം ഏവർക്കും കുശുമ്പുണ്ടാക്കുന്നതായിരുന്നു... ഊണിലും ഉറക്കത്തിലും യാത്രകളിലും എപ്പോഴും അവർ ഒരുമിച്ചായിരുന്നു... അങ്ങനെയിരിക്കെ അവർ ഒരു യാത്ര പോകാൻ തീരുമാനിച്ചു. അവരുടെ പൂർവ്വികരെ പോലെ കാശിയിലെക്കൊരു  യാത്ര. കുറെ നടന്നും ക്ഷീണിക്കുമ്പോൾ വഴിയമ്പലങ്ങളിൽ ഉറങ്ങിയും, അവർ യാത്ര തുടർന്നു. ഒടുവിൽ ഒരു കുന്നിൻ മുകളിൽ എത്തിയപ്പോൾ ദൂരെ വിളക്കുകൾ ഒഴുകി നടക്കുന്ന പുണ്യ നദി കാണാറായി... സന്തോഷത്തോടെ അവർ മുന്നോട്ട് നടന്നു, അതുകണ്ട് സന്തോഷത്താൽ മേഘങ്ങൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി. ചിരിച്ചു ചിരിച്ചു മേഘങ്ങളുടെ കണ്ണുകൾ  നിറഞ്ഞു... കണ്ണുനീർ ഒരു അരുവിയായി മണ്ണിലേയ്ക്ക് പെയ്തിറങ്ങി. പുതുമണ്ണി
ന്‍റെ മണം എങ്ങും നിറഞ്ഞു...എന്നും മഴയെ സ്നേഹിച്ചിരുന്ന കരിയില, മണ്ണാങ്കട്ടയുടെ കണ്ണുകളിലെ ഭയത്തിന്‍റെ മിന്നലാട്ടത്തിൽ ആദ്യമായി മഴയോട് പരിഭവം പറഞ്ഞു, "നിനക്കൊന്നു വൈകി വന്നു കൂടായിരുന്നോ?". കരിയില മണ്ണാങ്കട്ടയെ ചേർത്ത് പിടിച്ചു ഒരു കുടയായി മഴ നനഞ്ഞു. സൌഹൃദത്തിന്‍റെ കരുതലിന്‍റെ നിമിഷങ്ങൾ കണ്ടു മനം നിറഞ്ഞ മഴത്തുള്ളികൾ നാണിച്ചു മണ്ണിൽ ഒളിച്ചു. മാനം തെളിഞ്ഞു, യാത്രയുടെ അന്ത്യം, അവർ കാശിയിലെത്തി .  നന്ദിയുടെ പ്രാർത്ഥനകൾ അർപ്പിച്ചു കാഴ്ചകൾ കണ്ടു പാവനമായ നഗരത്തോട് വിട പറഞ്ഞ് അവർ തിരികെ നട കൊണ്ടു.

പിന്നെയും മഴ പെയ്തു, കരിയില കുടയായി. കാറ്റ് വീശിയപ്പോൾ മണ്ണാങ്കട്ട താങ്ങായി. ഒടുവിൽ സന്ധ്യയായപ്പോൾ അവർ സ്വന്തം നാട്ടിലെത്തി. യാത്രയുടെ ക്ഷീണം അവരുടെ കാലുകളെ തളർത്താൻ തുടങ്ങിയിരുന്നു. അകലെയായി കണ്ട ആൽമരച്ചുവട്ടിലെക്ക് അവർ നടന്നു. പെട്ടെന്ന് മാനമിരുണ്ടു. ശക്തമായി കാറ്റ് വീശി, മണ്ണാങ്കട്ട കരിയിലയ്ക്ക് മുകളിൽ കിടന്നു. കാറ്റ് മാറി വീശിയില്ല. ഒപ്പം മഴയും പെയ്യാൻ തുടങ്ങി. കരിയിലയ്ക്ക് താങ്ങായി നിന്ന മണ്ണാങ്കട്ട നനഞ്ഞു തുടങ്ങി. കരിയിലയും മണ്ണാങ്കട്ടയും ചുറ്റും നോക്കി; കയറി നില്കാൻ ഒരിടമില്ല. രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞു. എന്നേയ്ക്കുമായി പിരിയാനുള്ള നിമിഷങ്ങൾ അടുക്കുന്നത് അറിഞ്ഞ് അവർ കണ്ണുകൾ പൂട്ടി. അടിയിലെ മണ്ണ് ഊർന്നു പോകുന്നതും താഴേക്ക് വീഴുന്നതും കരിയില അറിഞ്ഞില്ല. അലിഞ്ഞു താഴേക്ക്‌ പൊഴിഞ്ഞു വീഴുന്നത് മണ്ണാങ്കട്ടയും അറിഞ്ഞില്ല. ആ രാത്രി മുഴുവൻ മഴയും കാറ്റും തകർത്താടി.

അടുത്ത പുലരി വന്നപ്പോൾ, മഴയും കാറ്റും പോയി മറഞ്ഞു... മാനം തെളിഞ്ഞു... സൂര്യതാപം മണ്ണിൽ നിന്ന് മഴയുടെ അവസാനത്തെ കണികയും മായ്ച്ചു കളഞ്ഞു... ആ ദേശക്കാർ മണ്ണാങ്കട്ടയെയും കരിയിലയും എങ്ങും കണ്ടില്ല. ഒടുവിൽ ആൽമരത്തിനടുത്തായി അവർ ആ കുശവ
ന്‍റെ മണ്‍കട്ട ഉണ്ടാക്കുന്ന അച്ച് മണ്ണിൽ പുതഞ്ഞ നിലയിൽ കണ്ടെത്തി. മണ്ണ് നീക്കി പുറത്തെടുത്ത അച്ചിൽ നിന്നും ഒരു മണ്‍കട്ട താഴേക്ക് വീണു, അതിൽ ഒട്ടിച്ചേർന്നു ഒരു കരിയിലയും. "ഹോ വേദനിച്ചല്ലോ, ഒന്ന് പതിയെ ഇട്ടു കൂടാരുന്നോ!" കരിയില പഴയ ഗൌരവം വിടാൻ തയ്യാറല്ലായിരുന്നു, മണ്ണാങ്കട്ട സ്വതവേയുള്ള പുഞ്ചിരിയും... :)


എല്ലാ മണ്ണാങ്കട്ട-കരിയില കഥാ കൃത്തുക്കളോടും നന്ദിയോടെ...

May 11, 2014

"മലകൾക്കപ്പുറം പുഴയുണ്ട്"

ഗതാകലഗുഹയിൽ നിന്നും പുനർജ്ജനിപ്പുഴയിലേയ്ക്കുള്ള യാത്രയിലാണ് ഞാൻ. ദിവസങ്ങളേറെയായി പാദങ്ങൾ വിശ്രമമറിയാതെ നടകൊണ്ടിട്ട്. മോക്ഷദായിനിയായ, ദാഹശമനിയായ പുഴയോരത്തെത്താനുള്ള തിടുക്കം വിശപ്പും ദാഹവും രുധിരമായോഴുകിയതറിഞ്ഞില്ല. ഗുഹയിലെ വാസം വീർപ്പുമുട്ടലുകളുടെ ദുസ്സഹമായ ഇരുൾ മൂടിയപ്പോൾ സ്വത്വം നിഷ്ക്കാസിതമായ ജീവചക്രത്തിന്‍റെ പൊരുളും, പര്യവസായിയായ അനിഷേധ്യസത്യവും അറിയാൻ അനിശ്ചിതമായ ലക്ഷ്യസ്ഥാനം തേടിയിറങ്ങി...

ആദിത്യ
ന്‍റെ പൊൻകിരണങ്ങൾ എത്തിച്ചേരാൻ പാടുപെട്ടിരുന്ന നിബിഡമായ
ഒരു കാട്ടിലായിരുന്നു  എന്‍റെ വാസസ്ഥലം. പലനിറങ്ങളിലുള്ള, ഉയരമുള്ള മെലിഞ്ഞതും തടിച്ചതുമായ മരങ്ങൾക്കിടയിൽക്കൂടി സായാഹ്ന സവാരിക്കിറങ്ങിയിരുന്ന ഞാൻ എന്‍റെ  മടക്കയാത്രയിൽ സവർണ്ണമായ ആരണ്യത്തിനെ രാത്രിയുടെ നിറം ചാലിച്ച് ഏകീകരിക്കുന്ന ഇരുളിനെ പലപ്പോഴും കണ്ടുമുട്ടി. അകാലത്തിൽ അന്ധകാരം സുനിശ്ചിതമായ വൈകുന്നേരങ്ങളിലും സമയനിഷ്ഠ പാലിച്ച എനിക്ക് ബദ്ധപ്പെട്ടാണെങ്കിലും  ഇരുളിനെ മറികടന്ന് തിരിച്ചെത്താൻ കഴിഞ്ഞിരുന്നു...

ഒരിക്കൽ ഗ്രഹണം ബാധിച്ച പകൽ എരിഞ്ഞു  തീർന്ന് ഘടികാരങ്ങൾ ആരക്കാലുകൾ ഓടിത്തളർന്നിട്ടും അടുത്ത പകൽ വെളിച്ചമെത്താൻ വൈമുഖ്യം കാട്ടി. മണിക്കൂറുകൾ എണ്ണിത്തീർത്ത രാപ്പകൽ വ്യത്യാസമില്ലാത്ത ദിനങ്ങൾ എന്നെ ശ്വാസം മുട്ടിച്ചു തുടങ്ങി. കരുതിവച്ച ജീവദ്രവ്യങ്ങളും ജീവനവും അതിജീവനത്തി
ന്‍റെ പാഠം മടുത്തു തുടങ്ങിയ അവസരത്തിലാണ് വിദൂരതയിൽ എങ്ങോ ജീവദായിനിയായ ഒരു പുഴയുണ്ടെന്നു സ്മൃതിപഥത്തിൽ തെളിഞ്ഞത്. അവിടെയ്ക്കുള്ള യാത്ര സാഹസികവും കഠിനമേറിയതുമാണെന്നറിഞ്ഞിട്ടും പട്ടിണിക്കോലമായെങ്കിലും   അശരീരിയാകാത്ത ആത്മാവ് സാധൂകരണങ്ങളുടെ പടവുകൾ കയറി ഗുഹയ്ക്ക് പുറത്തെത്തി...

പകൽ വെളിച്ചം അപൂർവ്വമായിരുന്ന എനിക്ക് പുറത്തെത്തിയപ്പോൾ ഒരു സത്യം ബോധ്യമായി; എല്ലാം മൂടിയ ഈ കറുപ്പ് എനിക്ക് മാത്രമേ അപരിചതവും അസ്സഹനീയവുമായി മാറിയിട്ടുണ്ടായിരുന്നുള്ളൂ. മറ്റു സഹജീവികൾ മൂങ്ങകളെയും മാർജ്ജരന്മാരെയും അതിശയിപ്പിക്കും വിധം പുതിയ സാഹചര്യവുമായി സമന്വയം പാലിച്ചപ്പോൾ ദിനചര്യയുടെ ഭാഗമായിരുന്ന ഇരുൾ യാത്ര പകർന്നു തന്ന അറിവുകൾ സാരമായ വീഴ്ചകളിൽ നിന്നും എനിക്ക് രക്ഷ നല്കി...



പൂർവ നിർവ്വചിതമല്ലാത പാതയിലെ യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയവരോടൊക്കെ ദാഹമകറ്റുന്ന പുഴയുടെ ഉറവിടം ആരാഞ്ഞു ഞാൻ. പതഞ്ഞു നുരഞ്ഞൊഴുകുന്ന അരുവികളുടെ മർമ്മരം
കേട്ട കാതുകളെ നയനബന്ധിതമായ നിർദ്ദേശങ്ങൾക്ക് ചെവികൊടുത്തിരുന്ന ഹൃദയം അവഗണിച്ചു. എതിർ ദിശയിൽ നിന്നു വന്ന പഥികരുടെ "മലകൾക്കപ്പുറം പുഴയുണ്ട്" എന്ന വാക്കുകളിൽ ഓരോ ജലമർമ്മരവും നിഷ്ഫലമായിക്കൊണ്ടിരുന്നു. മലിനമായ കൈകാലുകൾ കഴുകി ദേഹശുദ്ധി വരുത്തുവാനുപകരിച്ച തെളിനീരിന് ദാഹശമനത്തിന് അയോഗ്യത കൽപ്പിച്ചപ്പോൾ ഓരോ മലയും അതിനപ്പുറമുള്ള അടുത്ത പുഴയും തേടി മനസ്സും ശരീരവും നീങ്ങി...

അല്പം ദൂരെയായി അടുത്ത മല കാണുന്നുണ്ട്. ദേഹം തളര്ന്നു തുടങ്ങിയിരിക്കുന്നു. ആവേശത്തി
ന്‍റെ അവസാനകണികയും കാലുകൾക്ക് ഊർജ്ജമാക്കി ഞാൻ ഓടുകയായിരുന്നു. മല കടന്നു പുഴയോരത്തെത്തി. നിശബ്ദമായ പുഴയിലേക്ക് ഇറങ്ങും മുൻപ്  അവസാന നിർദ്ദേശത്തിനായി ചുറ്റും ദൃഷ്ടി പായിച്ചു. അടുത്തെങ്ങും ജീവന്‍റെ ഒരു നിസ്വനവും കേട്ടില്ല.

ഞാൻ ശ്രദ്ധയോടെ പുഴയിലേക്കിറങ്ങി. കാലുകളിൽ വിറങ്ങലിപ്പിക്കുന്ന തണുപ്പ്. മുന്നോട്ട് കുനിഞ്ഞ് കൈക്കുമ്പിളിൽ നിശ്ചലമായ ജലമെടുത്തു. തുറന്നിരുന്ന കണ്ണുകള വെള്ളത്തി
ന്‍റെ കഠിന്യമോ ലവണത്വമൊ കണ്ടില്ല; നാസികകൾ ഗന്ധവും അറിഞ്ഞില്ല. യാത്ര ചെയ്തു തളർന്ന ദേഹവും ദേഹിയും അവസാന ജലകണത്തിന്‍റെ രുചിയുമറിഞ്ഞില്ല.

കണ്‍പോളകൾക്ക് ഘനമേറുന്നു. കാലമേറെയായ്, രാത്രിയുടെ അന്ത്യയാമങ്ങളിൽ നെറുകയിലൊരുമ്മ നല്കി എന്നിൽ നിന്നും നടന്നകന്നു ദൂരെ മാറിനിന്ന നി
ന്‍റെ സാമീപ്യം ഞാനറിയുന്നു. നിന്‍റെ ഹൃദയത്തോട് ചേർന്ന്, ആ കരവലയത്തിനുള്ളിൽ ഞാൻ നിദ്ര കൊള്ളുമ്പോൾ, എന്‍റെ സ്വപ്നങ്ങൾക്കപ്പുറം ഇരുൾ മാറി അവസാനത്തെ മലയും അതിനപ്പുറം പുനർജ്ജനിപ്പുഴയും നനവുള്ള മന്ദസ്മിതം പൊഴിച്ചു...

May 5, 2014

മഴ എന്തെ വൈകുന്നു!!!

മഴയ്ക്കും മഞ്ഞിനും തണുപ്പാണ്... എന്നിട്ടും മനസ്സ് മഴയുടെ കുളിരിനെ പ്രണയിക്കുന്നു... രാത്രിമഴയുടെ കലമ്പലുകൽ കേട്ടുറങ്ങാൻ കൊതിക്കുന്നു... പുലർ മഴയിലൂടെ ഒഴുകി നടക്കാൻ വെമ്പുന്നു... ഇടിമിന്നലിന്റെ ഞെട്ടലിനൊപ്പം ആലിപ്പഴത്തിന്റെ അലിയിക്കുന്ന ഗൃഹാതുരത്വം തേടുന്നു... മഴ നനഞ്ഞു കുളിരണിഞ്ഞു ഒരു നൂലില്ലാ പട്ടം പോലെ കാറ്റിലലഞ്ഞു ദൂരേക്ക് പോകാൻ തിടുക്കം കൂട്ടുന്നു... മഴ എന്തെ വൈകുന്നു!!!

May 4, 2014

മഴപ്പാറ്റകൾ....

മഴ പെയ്തു തോർന്ന ഇന്നലത്തെ സന്ധ്യയിൽ ഹോസ്റ്റൽ മുറിയിൽ ഒറ്റയ്ക്ക് ചുമരും നോക്കി കിടക്കുകയായിരുന്ന എനിക്ക് കൂട്ടായി ഒരു കൂട്ടം മഴപ്പാറ്റകൾ വന്നു... വെളിച്ചം മിന്നുന്നിടത്തൊക്കെ അവ നിറങ്ങളില്ലാത്ത ചിറകുകൾ വീശിപ്പറന്നു നടന്നു ... ലൈറ്റ് അണച്ച് പാട്ട് കേട്ട് കിടന്നപ്പോൾ മൊബൈലിന്റെ ചെറു വെളിച്ചത്തിന് ചുറ്റുമായി അവയുടെ സഞ്ചാരം... എന്നും എനിക്ക് അത്ഭുതമായിരുന്നു വെളിച്ചം തേടി എത്തുന്ന ഈ നിശാചാരികൾ... രാവിലെ വൈകി ഉണർന്നു നോക്കുമ്പോഴേക്കും ഇന്നലെ വന്നതിൽ പകുതിയിലേറെയും ഉറുമ്പരിച്ചു ചലനമറ്റു നിലത്തു കിടക്കുന്നുണ്ടായിരുന്നു... ആയുസ്സിന്റെ ഏറ്റക്കുറച്ചിലുകളറിയാതെ വെളിച്ചം തേടിപ്പറക്കുന്ന മഴപ്പാറ്റകൾ അല്ലേ ഒരു തരത്തിൽ നമ്മളും!!!