ഉറക്കത്തില്‍
നിന്നും പെട്ടെന്ന് ഞെട്ടിയുണരുമ്പോള്‍ ഞാനൊരു ബസ്സിലാണ്.
വൈകുന്നേരത്തിന്റെ ചുവപ്പില്‍ തുടുത്തു നില്ക്കുന്ന മലയോരത്തിന്റെ ഭംഗി
ഒന്ന് വേറെ തന്നെ... ബസ്സ് കയറ്റം കയറാന്‍ തുടങ്ങിയിട്ട്
സമയമേറെയായിക്കാണും; തിരിഞ്ഞു നോക്കിയപ്പോള്‍ കാണുന്ന ഹെയര്‍പിന്‍
വളവുകളുടെ എണ്ണം ആ ചിന്തയ്ക്ക് ബലമേകി. യാത്രക്കാര്‍ ഓരോരുത്തരായി
ഇറങ്ങുമ്പോഴും ആരും ബസ്സിലേക്ക് കയറുന്നതായി കണ്ടില്ല. എന്തെ, ആര്‍ക്കും
കുന്നിന് മുകളിലേക്ക് പോകാന്‍ ആഗ്രഹമില്ലേ!!! അതോ കുന്നിന്
മുകളിലുള്ളവര്‍ ആരും പുറം ലോകത്തേയ്ക്ക് യാത്ര ചെയ്യാറില്ലേ!!! അതോ
ഒരിക്കല്‍ ഇവിടം വിട്ടു പുറത്തേയ്ക്ക് പോയവര്‍ ആരും തിരികെ വരാറില്ലേ!!!
ചിന്തകളില്‍ ഉഴലുമ്പോഴും എന്റെ യാത്രയുടെ
ഉദ്ദേശ്യമെന്തെന്നു ഞാനോര്‍ക്കാതിരുന്നില്ല... എന്തിനാണ് ഞാന്‍ കുന്നിന്
മുകളിലേക്ക് പോകുന്നത്??? ഒന്നും വ്യക്തമാകുന്നില്ല... ഓര്‍മയുടെ
കണ്ണികള്‍ കൂട്ടിച്ചേര്‍ക്കാനുള്ള ബുദ്ധിമുട്ട് കുറച്ചു കാലമായിട്ട്
വേട്ടയാടുന്നു... കണ്ടില്ലെന്നു നടിച്ച് ജീവിതം തള്ളിനീക്കുന്നതിന്റെ
പ്രായോഗികതയിലെ വൈരുധ്യം പിടിക്കപ്പെട്ട് തുടങ്ങിയിരിക്കുന്നു... പുറത്തെ
ഇരുട്ടില്‍ കാഴ്ചകള്‍ മങ്ങിത്തുടങ്ങിയപ്പോള്‍ അലഞ്ഞു തിരിഞ്ഞു നടന്ന എന്റെ
നോട്ടം ഡ്രൈവറുടെ മുഖത്ത് പതിഞ്ഞു... പേടിപ്പെടുത്തുന്ന ഒരു രൂപം. താടിയും
മീശയും മുഖം നിറയെ രോമാവൃതമാക്കിയിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് പിറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോളൊക്കെ അയാളുടെ കണ്ണുകളിലെ തീഷ്ണത ഞാന്‍ കണ്ടിരുന്നു.
അവസാനത്തെ യാത്രക്കാരനും ഇറങ്ങി. ഇപ്പോള്‍
ബസ്സില്‍ ഞാനും കണ്ടക്ടറും ആ ഡ്രൈവറും മാത്രം. അണച്ചും മൂളിയും ബസ്സ്
മലമുകളിലേക്കുള്ള യാത്ര തുടര്‍ന്നു. നായ്ക്കളുടെ ഓരിയിടലും മൂങ്ങകളുടെ
മൂളലും ഇരുട്ടിനേക്കാള്‍ ആ രാത്രിയെ ഭയാനകമാക്കി. എവിടെയോ ബസ്സ് നിര്‍ത്തി. കണ്ടക്ടറും
ഇറങ്ങുകയാണല്ലോ!!! ബസ്സില്‍ ഞാനും ഡ്രൈവറും ബാക്കിയായി. പത്തു മിനിറ്റ്
കഴിഞ്ഞു കാണും, അവസാനത്തെ സ്റ്റോപ്പില്‍ എന്നപോലെ ബസ്സ് നിന്നു. ഏതാണീ
സ്ഥലം !!! പുറത്തേയ്ക്ക് നോക്കിയിട്ട് കൂരിരുട്ടല്ലാതെ ഒന്നും
വ്യക്തമാകുന്നില്ല. ദൈവമേ, ആ ഡ്രൈവര്‍ എന്റെ അടുത്തേക്ക് ആണല്ലോ
വരുന്നത്!!! പെട്ടെന്ന് എന്റെ മനസ്സിലേക്ക് ഒരു നൂറു കഥകള്‍ ഫ്ലാഷ്
ചെയ്തു... സൂര്യനെല്ലിയിലെ പെണ്‍കുട്ടി... സൗമ്യ... അവസാനത്തെതായി എന്റെ
പേരും??? കഥകള്‍ മെനഞ്ഞെടുക്കാന്‍ മനസ്സിന് സമയം അധികം കിട്ടിയില്ല, അതിനു
മുന്നേ....
"മോളെ, സ്ഥലമെത്തി, ഇറങ്ങുന്നില്ലേ? എങ്ങോട്ടാ പോകേണ്ടത്? ആരെങ്കിലും വരുമോ കൂട്ടിക്കൊണ്ടു പോകാന്‍ ?"
ഒന്നും മിണ്ടാതെ കുനിഞ്ഞ മുഖത്തോടെ ബസ്സില്‍
നിന്ന് ഇറങ്ങുമ്പോള്‍ ഞാന്‍ തിരിച്ചറിവിന്റെ ഒരു പുതിയലോകം
കാണുകയായിരുന്നു. പുറംമോടികളോ ഭയാനകമായോ രൂപമോ ഉള്ളിലെ യഥാര്‍ത്ഥ
മനുഷ്യരൂപത്തിന്റെ നേര്‍ക്കാഴ്ചകള്‍ ആകുന്നില്ല പലപ്പോഴും... ഞാനെന്റെ
ഉദ്ദേശ്യം വെളിപ്പെടുത്താനാഗ്രഹിക്കുന്നില്ല; അതെന്താണെന്ന് ഇപ്പോള്‍
എനിക്ക് അവ്യക്തമാണെങ്കില്‍ പോലും.. എന്റെ വരവിന്റെ ഉദ്ദേശ്യം
രഹസ്യമായിരിക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നിരിക്കണം. അതുകൊണ്ട് ആ ചോദ്യം
ഞാന്‍ മനപൂര്‍വ്വം കേട്ടില്ല എന്ന് നടിച്ചു.
ജനാലയില്‍ക്കൂടി വളരെ നേരം സംശയ ദൃഷ്ടിയോടെ ആ
മനുഷ്യന് എന്നെത്തന്നെ നോക്കിനിന്നു... പിന്നെ തന്റെ വഴിയെ ബസ്സോടിച്ച്
അയാളും ദൂരേക്ക് മറഞ്ഞു...
ചുറ്റിനും നോക്കിയിട്ട് കണ്ണില്‍
കുത്തിക്കയറുന്ന ഇരുട്ടല്ലാതെ ഒന്നുമില്ല. അകലെ ഒരു അരണ്ട വെളിച്ചമാണെന്ന്
തോന്നുന്നു. ഞാനറിയാതെ എന്റെ കാലുകള്‍ അങ്ങോട്ട് ചലിച്ചു. ഓല മേഞ്ഞ തട്ടുകടയുടെ മുന്നില്‍ തൂക്കിയിട്ടിരിക്കുന്ന ഒരു റാന്തലിന്റെ വെളിച്ചമാണ് ഞാന്‍ ദൂരെ നിന്ന് കണ്ടത്.
ബെഞ്ചില്‍ വയസ്സായ ഒരാള്‍ കിടന്നുറങ്ങുന്നുണ്ട്. മലയാളിയുടെ സ്വാഭാവികമായ
അജ്ഞാനം നിറഞ്ഞ പതിവ് ചോദ്യം ഞാനും ചോദിച്ചു. "ഇവിടാരുമില്ലേ?". തടിവടി
പോലെ മുന്നില്‍ ഒരാള്‍ കിടക്കുന്നു, എന്നിട്ടും ചോദ്യം ആരുമില്ലേ എന്ന്!!!
അവിശ്വസനീനയം, ഞാനൊരു കണ്ണുപൊട്ടിയാണോ !!! രണ്ടു മൂന്നു തവണ വിളിച്ചപോള്‍
അയാളുണര്‍ന്നു... ഉറക്കച്ചടവോടെ "എതാവനാടാ ഈ പാതിരാത്രിക്ക് " എന്ന്
ചോദിച്ചു കൊണ്ട് എഴുന്നേറ്റ അയാളുടെ കണ്ണുകളില്‍ അതിശയം നിറഞ്ഞത്
പെട്ടെന്നായിരുന്നു. നട്ടപ്പാതിരയ്ക്ക് കാണാന്‍ തരക്കേടില്ലാത്ത ഒരു
പെണ്ണ്.. അതും ഒറ്റയ്ക്ക്. "എന്താ കൊച്ചേ"
"ഇവിടെ താമസിക്കാന്‍ പറ്റിയ ഇടം ഏതേലും
ഉണ്ടാകുമോ ? ഒരു മാസത്തേയ്ക്ക് വേണ്ടിയാണ്". സ്ഥലം ഏതാണെന്ന് അറിയാന്‍
പാടില്ലേലും, എന്തിനാ ഇവിടെ വന്നതെന്നറിയന് പാടില്ലേലും, അത് പുറത്ത്
കാണിക്കാന്‍ പറ്റില്ലല്ലോ!!! അയാളുടെ ചോദ്യമുനയുള്ള കണ്ണുകള്‍ കണ്ടപ്പോള്‍
വിശദീകരണം നല്കുന്നതാണുത്തമം എന്ന് തോന്നി. "ഞാന്‍ ഒരു സസ്യശാസ്ത്ര
ഗവേഷകയാണ്. മലമുകളില്‍ കാണപ്പെടുന്ന പ്രത്യേകയിനം ചെടികളെക്കുറിച്ചാണ്
പഠനം"... ഈശ്വരാ! ഞാനെന്തൊരു കള്ളിയാണ്!!!
വിശ്വാസം വന്നപോലെ അയാള്‍ പറഞ്ഞു "മോളെ, ഈ വൈകിയ നേരത്ത് ... ഒറ്റയ്ക്ക്... സൂക്ഷിക്കണം.. കടിച്ചുകീറാന്‍ തക്കം പാര്‍ത്തിരിക്കുന്ന ചെന്നായ്ക്കളാണ് നേരമിരുട്ടിയാല്‍ ലോകമെങ്ങും... പിന്നെ നെല്ലിമല ആയതു കൊണ്ട് രക്ഷപെട്ടു എന്ന് പറയാം" .. ഈ നാട്ടില്‍ നന്മയുള്ളവര് മാത്രമേ ഉള്ളോ!!! ദൈവമേ നിനക്ക് സ്തുതി, ഞാന്‍ മനസ്സില്‍ പറഞ്ഞു.
"ലാസ്റ്റ് ബസ്സ് പോയല്ലോ, ഇനിയാരും വരുമെന്ന്
തോന്നുന്നില്ല ; മോള് ഒരു നിമിഷം നില്ക്കൂ, ഞാന്‍ കടയൊന്നു പൂട്ടട്ടെ" .
ഇപ്പൊ നിലം പൊത്തുമെന്നു തോന്നിക്കുന്ന കട താഴിട്ടു പൂട്ടുന്ന ആ വൃദ്ധനെ
കണ്ടപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് ഞാനുള്‍പ്പെട്ട ആധുനിക ലോകത്തിന്റെ
പ്രയോക്താക്കളായ തലമുറയെയും അവര്‍ക്ക് സന്മാര്ഗ്ഗം ഓതുന്ന
പിന്‍തലമുറയെയുമാണ്...
"പോകാം മോളെ.. തല്കാലം ഇന്ന് രാത്രി എന്റെ
വീട്ടില്‍ തങ്ങാം... നാളെ സൗകര്യമുള്ള ഒരിടം നോക്കാം". ഒരു കൊച്ചു
ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ഒരാള്‍ക്ക് മാത്രം നടക്കാന്‍ പറ്റുന്ന,
രണ്ടു വശത്തും ആനപ്പുല്ലുകള്‍ വേലികെട്ടിയ വഴിയില്‍ക്കൂടി, പ്രായം കൊണ്ട്
വയസ്സായ ആ കാല്പാടുകള് പിന്തുടര്ന്ന് ഞാന്‍ നടന്നു...
എന്തിനെന്നറിയാതെ...
(തുടരും...)
7 comments:
Superrrr :)))
Waiting for the second parrtt :)
gooood....
At last found inner peace?
:) So readable.
thank u frnds :)
Nice...:)..I'm waiting for the remaining story...
നന്നായിട്ടുണ്ട് ..യാത്ര തുടരൂ..
Post a Comment