Oct 29, 2010

ബാര്‍ട്ടര്‍ സിസ്റ്റം
 
      എന്താണ് ബാര്‍ട്ടര്‍ സിസ്റ്റം എന്നറിയാതിരുന്ന കാലത്ത് അതിന്‍റെ പ്രയോക്താവായിരുന്ന കുഞ്ഞു മനസ്സിന്‍റെ ഓര്‍മയാണ് ഈ കുറിപ്പ്.   
      ഒഴിവു വേളകളിലെ സമയംകൊല്ലിയായി സ്നാക്ക്സ് മാറിയിട്ട് കാലം കുറെയായി. മറ്റു നേരമ്പോക്കുകള്‍ ഒന്നുമില്ലാതായപ്പോള്‍ കൈയ്യെത്തും ദൂരത്തു കിട്ടുന്നവ, സ്വാഭാവികമായും മറ്റൊന്നിനെ തേടാന്‍ മടിപിടിച്ച മനസ്സും സരീരവും മെനക്കെട്ടില്ല . ഈയിടക്ക് അവധിയെടുത്ത് വീട്ടില്‍ നിന്ന ഒരു ദിവസം. 'അവധിയെടുത്ത്' എന്ന് പറയാന്‍ കാരണം, ഇക്കഴിഞ്ഞ ഒന്നൊന്നര വര്‍ഷമായിട്ട് ഞാന്‍ അവധിയെടുത്തിട്ടുള്ളത് വെറും വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ്. അന്ന് പതിവുപോലെ ടിവി യുടെ മുന്നില്‍ ചടഞ്ഞിരുന്ന് സ്നാക്ക്സ്-ബോക്സ്‌ തുറന്നു. ക്രീം ബിസ്കറ്റ് , മുറുക്ക്, അച്ചപ്പം; അവസാനത്തെ രണ്ടിനോടും വലിയ താല്പര്യം പണ്ടെയില്ലാത്തത് കൊണ്ട് കൈകള്‍ അറിയാതെ തന്നെ ബിസ്കറ്റില്‍ എത്തി.
     അനിയന്‍റെ പരാതി ശരിയാണ് കേട്ടോ ! ഞാന്‍ ക്രീം ബിസ്കറ്റിന്‍റെ ക്രീം എടുത്തിട്ട് ബിസ്കറ്റ് പഴേപോലെ ചേര്‍ത്ത് വയ്ക്കും . "ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ ". അതേ വിചാരത്തില്‍ ക്രീം നുണഞ്ഞു തുടങ്ങി. പൈന്‍ ആപ്പിളിന്‍റെ ഫ്ലേവര്‍ ആയിരുന്നു അതിന്. പക്ഷെ ആ രുചി സാധാരണ പൈന്‍ ആപ്പിള്‍ ഫ്ലേവര്‍ ആയിട്ടു തോന്നിയില്ല, അതിനെന്തോ പ്രത്യേകത ആദ്യം നുണയുമ്പോള്‍ തന്നെ തോന്നിയിരുന്നു. മുന്‍പ് എങ്ങോ ചിരപരിചിതമായിരുന്ന ഒരു സ്വാദ് !!!! എന്തായിരുന്നു ; ഐസ് ക്രീം ? ഷേക്ക്‌ ? ജാം ? അല്ല ഇതൊന്നുമല്ല . എപ്പോളായിരുന്നു ??? എന്‍റെ മനസ്സ് പിറകിലേക്ക് പാഞ്ഞു, കോളേജ് ? അല്ല; +2 ? അല്ല ; HS ? ഏയ്‌ അല്ല; UPS ? അല്ലേയല്ല . ഒരു കാലത്ത് ഹരമായിരുന്ന ആ രുചി ഒടുവില്‍ ഓര്‍മ്മകളെ കൊണ്ടെത്തിച്ചത് ആ ചെറിയ LP സ്കൂളിന്‍റെ മുന്നിലാണ്.
     തൊണ്ണൂറുകളുടെ തുടക്കം. ഞാന്‍ രണ്ടിലും അനിയന്‍ ഒന്നിലും പഠിക്കുന്ന കാലം. കളങ്കം എന്തെന്നറിയാത്ത ബാല്യകാലം . അതൊരു പ്രൈവറ്റ് സ്കൂളായിരുന്നു . ഗവ: സ്കൂള്‍ അല്പം അകലെ ആയിരുന്നതിനാലാവാം അച്ഛന്‍  ഞങ്ങളെ ഈ ചെറിയ ഓടുമേഞ്ഞ തറ മെഴുകാത്ത സ്കൂളില്‍ ചേര്‍ത്തത് ! രാവിലെ ഓഫീസിലേക്കുള്ള ഓട്ടത്തിനിടയില്‍ അച്ഛനോ അമ്മയോ സ്കൂളില്‍ കൊണ്ടാക്കും , വൈകുന്നേരം അമ്മൂമ്മ തിരികെ കൊണ്ടുവരും ഇതായിരുന്നു പതിവ് . ആര്‍ത്തു പെയ്യുന്ന ഒരു വര്‍ഷകാലത്ത് സ്കൂള്‍ വിട്ടു തിരകെ വരുമ്പോള്‍ ചെറിയ തോട് കവിഞ്ഞൊഴുകി റോഡ്‌ കാണാതായപ്പോള്‍ പകച്ച് കരഞ്ഞത് ഇന്നലെയെന്നപോലെ കണ്മുന്നില്‍ തെളിയുന്നു. അവിടെ എവിടെയായിരുന്നു ആ രുചി അറിഞ്ഞത്?
     എന്നും വീട്ടില്‍ നിന്നും ചോറ് തന്നയക്കുമായിരുന്നു. അഞ്ചു പൈസ പോലും അച്ഛന്‍ കൈയില്‍ തരില്ല ; അതിന്‍റെ ആവശ്യവുമില്ലായിരുന്നു . സ്റ്റാമ്പ് വാങ്ങാനുള്ള 10 പൈസ പോലും അച്ഛന്‍ നേരിട്ട് ഹെട്മാഷിനെ ഏല്പിച്ചിരുന്നു. സ്കൂളിന് അന്ന് ചുറ്റുമതില്‍ ഇല്ലായിരുന്നു. റോഡും സ്കൂളിന്‍റെ മുറ്റവും തമ്മില്‍ വേര്‍ തിരിച്ചിരുന്നത് ഒരു കൈയ്യാല മാത്രം. മുറ്റത്തോടു ചേര്‍ന്നുള്ള പൊടിപിടിച്ച പാതയോരത്ത് കുട്ടികളെ പ്രതീക്ഷിച്ച് ഒന്നോ രണ്ടോ വഴിവാണിഭക്കാര്‍ എന്നുമുണ്ടാകുമായിരുന്നു. മൈലാഞ്ചി, ഉപ്പുമാങ്ങ , കാരയ്ക്ക , നെല്ലിയ്ക്ക , മിഠായി ഇതൊക്കെയായിരുന്നു വില്പനയ്ക്കുണ്ടാവുക. കൈയില്‍ കാശില്ലാതിരുന്നതിനാല്‍ ഞാനും അനിയനും മറ്റു കുട്ടികള്‍ ഇവയൊക്കെ വാങ്ങുന്നത് കൊതിയോടെ നോക്കി നിന്നിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം സ്കൂളിന്‍റെ അടുത്ത് താമസിക്കുന്ന എന്‍റെ കൂട്ടുകാരി എന്തോ കൊടുത്ത് പമ്പര മിഠായി വാങ്ങുന്നത് കണ്ടു. "എന്തോ കൊടുത്ത് " എന്ന് പറഞ്ഞത് അവള്‍ നാണയം അല്ല കൊടുത്തതെന്ന് ദൂരെ നിന്നായിട്ടു പോലും എനിക്ക് വ്യക്തമായിരുന്നു എന്നതുകൊണ്ടാണ്.
     പമ്പര മിഠായി എന്താണെന്നറിയാമോ ? കൂട്ടുകാരെ നിങ്ങളില്‍ പമ്പര മിഠായി എന്തെന്നറിയാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി ഒരു ചെറു വിവരണം: പമ്പര മിഠായി ... ഉം ... കാഴ്ച്ചയില്‍,  ഇന്നത്തെ പോളോ മിഠായി ഇല്ലേ , ഏകദേശം അതേ ഷേപ്പ് ആണ്. നടുവിലെ ഹോളിന്‍റെ വ്യാസം അല്പം കുറവായിരിക്കും പമ്പര മിഠായിക്ക്. പിന്നെ ഹോളിനു ചുറ്റുമുള്ള റിങ്ങില്‍ തുല്യ അകലത്തില്‍ നാല് ചെറിയ സുഷിരങ്ങള്‍, ഈ സുഷിരങ്ങളെയെല്ലാം കണക്ട് ചെയ്യുന്ന ഒരു നൂല്‍ , നൂലിന്‍റെ രണ്ടറ്റവും മിഠായി യുടെ രണ്ടു വശങ്ങളിലുമായി  നീണ്ടു കിടക്കും. ആ രണ്ടറ്റവും രണ്ടു കൈകളിലായി അയച്ചു പിടിച്ചിട്ട് വട്ടം ചുഴറ്റണം (like in skipping ). എന്നിട്ട്  വലിച്ചു പിടിക്കണം. അപ്പോള്‍ നടുവിലുള്ള മിഠായി പമ്പരം പോലെ കറങ്ങും. ആക്കാലത്ത്‌ കുട്ടികള്‍ക്കിടയില്‍ ഏറ്റവും അധികം ഡിമാന്റ്  പമ്പര മിഠായിക്ക്  ആയിരുന്നു.
     കൂട്ടുകാരി മിഠായി പമ്പരം കറക്കുന്നതും നുണയുന്നതും കണ്ടിട്ട് കൊതിയടക്കനായില്ല. കുട്ടികളല്ലേ അന്ന് പരസ്പരം പങ്കു വെയ്ക്കല്‍ ഒന്നുമില്ല. എന്തേലും കിട്ടിയാല്‍ ഞാന്‍ രാജാവ് എന്നാ ഭാവമായിരുന്നു എല്ലാര്‍ക്കും. അന്നേ മനസ്സിന്‍റെ ഏതോ കോണില്‍ പതിയിരുന്ന ദുരഭിമാനം അവളോട് മിഠായി ചോദിയ്ക്കാന്‍ സമ്മതിച്ചില്ല. എന്നാലും അതൊന്നു സ്വന്തമാക്കണമെന്ന മോഹം കൊണ്ട് ഞാനവളോട് എന്ത് കൊടുത്തിട്ടാണ് മിഠായി വാങ്ങിയതെന്ന് ചോദിച്ചു. അന്ന് ഒരു പമ്പര മിഠായി ക്ക് 20  പൈസയും കളര്‍ മിഠായി ക്ക് 5 പൈസയും ജീരക മിഠായി ക്ക്  10 പൈസയും ആയിരുന്നു വില. അവളില്‍ നിന്നും കിട്ടിയത് trading -ന്‍റെ പുതിയ ഒരു മാര്‍ഗമായിരുന്നു. ഒരു പമ്പര മിഠായി ക്ക് വിലയായി അവള്‍ ആ കച്ചവടക്കാരന് നാല് കശുവണ്ടി കൊടുത്തുവത്രെ !!!! അത് കേട്ടപ്പോള്‍ എന്‍റെ മുഖം തിളങ്ങി. കാരണം അത് കശുവണ്ടിയുടെ സീസണ്‍ ആയിരുന്നതിനാല്‍ വീട്ടില്‍ ഒത്തിരി കശുവണ്ടി ഉണ്ടായിരുന്നു എന്നത് തന്നെ.
    അമ്മൂമ്മയും ഞാനും അനിയനും കൂടിയാണ് കശുവണ്ടി പെരുക്കുന്നത്, എന്നിട്ട് അമ്മൂമ്മ അത് ചന്തയില്‍ കൊണ്ടുപോയി വില്‍ക്കും. ഈശ്വരാ, കശുവണ്ടിക്ക് ഇങ്ങനൊരു സാധ്യത ഉണ്ടായിരുന്നത് ഞാനറിഞ്ഞില്ലല്ലോ ! സാരമില്ല, വൈകിയിട്ടില്ല. ഞാന്‍ പ്ലാന്‍ അനിയനോട് പറഞ്ഞു. ഇനി പെറുക്കുമ്പോള്‍ രണ്ടോ നാലോ എണ്ണം മാറ്റി നിക്കറിന്‍റെ പോക്കറ്റില്‍ ഒളിപ്പിക്കണം, എന്നിട്ട് ആരുമറിയാതെ ബാഗിന്‍റെ അടിയിലിട്ടെക്കണം. അവന്‍റെ സഹായം കൂടിയേ തീരൂ, ഫ്രോക്കുകാരിയായ ഞാന്‍ എവിടെ ഒളിപ്പിക്കാനാണ് ! അങ്ങനെ ആ വെള്ളിയാഴ്ച വൈകുന്നേരം ഞങ്ങള്‍ 5 കശുവണ്ടി ഒപ്പിച്ചു. പിന്നെ അടുത്ത ആഴ്ച സ്കൂള്‍ തുറക്കാനുള്ള  കാത്തിരിപ്പായി. തിങ്കളാഴ്ച ഉച്ചക്കഞ്ഞി സമയം. കൊണ്ടുപോയ ചോറ് വേഗം കഴിച്ചെന്നു വരുത്തി ഞങ്ങള്‍ (ഞാനും അനിയനും) കച്ചവടക്കാരന്റെ അടുത്തേക്ക് നടന്നു. അപ്പോളവിടെ ഞങ്ങളെക്കാള്‍ കാശുകാരായ (കശുവണ്ടിയുടെ എണ്ണത്തില്‍ !) കുട്ടികളുടെ തിരക്ക്. പൊരിവെയിലത്ത് ഞങ്ങള്‍ കാത്തു നിന്നു. അവസാനം തിരക്കൊഴിഞ്ഞപ്പോള്‍ ഒരല്പം സങ്കോചത്തോടെ മുന്നോട്ടുചെന്നു കൈകള്‍ നീട്ടി. രണ്ടു കുഞ്ഞു കൈകള്‍ ആ അഞ്ചു കശുവണ്ടികളെ ഉള്‍ക്കൊള്ളാന്‍ പാടുപെടുന്നുണ്ടായിരുന്നു.
    " ഒരു പമ്പര മിഠായി", ഞാന്‍ പറഞ്ഞു. അയാള്‍ മുഖത്തേക്ക് നോക്കിയിട്ട് നാല് കശുവണ്ടികള്‍ എടുത്തു, പകരം ഒരു പമ്പര മിഠായി തന്നു. റോസ് നിറമുള്ള മിഠായി, അത് കൈയില്‍ വാങ്ങുമ്പോള്‍ ലോകം കീഴടക്കിയ ചക്രവര്‍ത്തിയുടെ ഭാവമായിരുന്നു രണ്ടുപേര്‍ക്കും. മിഠായി അനിയന്‍റെ കൈയില്‍ കൊടുത്തിട്ട്, ബാക്കിയായ കശുവണ്ടിക്ക് എന്ത് കിട്ടും എന്നായി ചോദ്യം. "ഒരു കളര്‍ മിഠായി, അല്ലേല്‍ രണ്ടു കാരയ്ക്ക", അയാള്‍ പറഞ്ഞു. "എന്നാല്‍ രണ്ടു കാരയ്ക്ക" . ഒന്ന് അനിയന് കൊടുത്തു , ഒന്ന് ഞാനും തിന്നു. ഇനിയുള്ളത് പമ്പര മിഠായി! അതെന്തു ചെയ്യും ഒന്നേ ഉള്ളൂ . കുറെ നേരം മാറിമാറി പമ്പരം കളിച്ചു. അപ്പോഴേക്കും ക്ലാസ് തുടങ്ങാനുള്ള ബെല്ലടിച്ചു, ഒന്നും ആലോചിക്കാന്‍ നേരമില്ല, പമ്പരം രണ്ടായി പൊട്ടി; ഒരു കഷണം അവന്‍റെ വായിലും മറ്റേതു എന്‍റെ വായിലും. ബാക്കിയായ നൂല്‍ എങ്ങോട്ടോ വലിച്ചെറിഞ്ഞിട്ട് കൈകോര്‍ത്തുപിടിച്ചു ഞാനും അനിയനും ക്ലാസ്സിലേക്കോടി. ആ ഓട്ടത്തിനിടയില്‍ വായില്‍ നിറഞ്ഞ പമ്പര മിഠായി യുടെ രുചി ആയിരുന്നു വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് ഞാനറിഞ്ഞത്. പമ്പര മിഠായി യുടെ രുചി പിന്നേടും പലപ്പോഴും ഞങ്ങളെ കശുവണ്ടി മോഷ്ടാക്കള്‍ ആക്കിയിട്ടുണ്ട്. പിടിക്കപ്പെട്ടിട്ടില്ല കേട്ടോ ഒരിക്കലും. അങ്ങനെ ബാര്‍ട്ടര്‍ സിസ്റ്റം എന്തെന്നറിയാതെ ഞങ്ങള്‍ അതിന്‍റെ ഭാഗമായി. പിന്നെ പമ്പര മിഠായി യില്‍ നിന്ന് ഐസ് മിഠായി യിലേക്കും , മൈലാഞ്ചി ടിസൈനുകളിലെക്കും ആവശ്യങ്ങള്‍ വളര്‍ന്നപോഴും ആ കുരുന്നുകള്‍ക്ക് സഹായകമായത് ഈ ബാര്‍ട്ടര്‍ സിസ്റ്റം തന്നെയായിരുന്നു.
      ജീവിതത്തിന്‍റെ താളുകള്‍ മറിക്കുമ്പോള്‍ നഷ്ടങ്ങളുടെ കണ്ണീരിനോപ്പം, വിലമതിക്കാനാകാത്ത, കണ്ണുകളില്‍ നിറവിന്‍റെ നനവ് പരത്തുന്ന, ചില ഓര്‍മ്മച്ചിത്രങ്ങള്‍ ഇങ്ങനെയും........

20 comments:

Prakash said...

Nice...
While reading this I am also remembered my School Days... THAT Sweeeeeet Days.... THANX...
Thank You Very Much...
Iniyum ithupole ulla ORMAKAL Panku vakkuka....
Hridhayam niranja asamsakal...

Prakash

sanilsharaf said...

nice narration...
ormakale thazhukiyunarthiya nin thulika chalanangalku nandi...

Jayasree. P. R. said...

thank you friends

Sajan Somanathan said...

ente naavilum eppol oru cheru madhuramoorunnu athu thante oormakalil theertha mittayiyudethaavaam.............

Rineez said...

കഥയുടെ ത്രെഡ് ഇഷ്ടപ്പെട്ടു .
ഇങ്ങനെ കാശ് ആയി ഉപയോഗിച്ചതു കൊണ്ടാണോ എന്തോ കാശു നട്ട് എന്ന് പേര് വന്നത്!
ഞങ്ങടെ പ്രധാന കാശ് അടക്കാ(പാക്ക്) ആയിരുന്നു.
അടക്ക, കശുവണ്ടി മുതല് മുട്ടയിട്ടു ഇരിക്കുന്ന കോഴിയുടെ അടീന്ന് മുട്ട വരെ ഞങ്ങള്‍ പിള്ളേര് എല്ലാം കൂടെ ഹൈജാക്ക് ചെയ്ത് ബാര്ടര്‍ അടിച്ചിട്ടുണ്ട്. :-P

parammal said...

ബാര്‍ട്ടര്‍ സബ്രദായം അറിയാന്‍ ചുമ്മാ ഗൂഗിളില്‍ കയറിയതാ അപ്പോഴാ ഇത് കണ്ടത് ..
നല്ല അവധരണം എനിക്ക് ഏറെ ഇഷ്ടമായി ...

prashanth said...

ezthan kazhivondalow teachereee...nanayitnd :)

Jayasree. P. R. said...

thank u parammal and prashanth :)

Arun s said...
This comment has been removed by the author.
Arun s said...

nice...

Unknown said...

നല്ല കഥ പഴയ സ്കൂൾ ജിവിധം ഒരിക്കൽകുടി മന്സിനുള്ളിലേക്ക് ഓടിയെത്തിയപോലൊരു ഫീൽ ....!

Jayasree. P. R. said...

thank u mani

anvarkallara said...
This comment has been removed by the author.
anvarkallara said...

നല്ല ഭാഷ, നല്ല അവതരണം. ഇഷ്ട്ടപെട്ടു

പുനര്‍ജനി said...

നന്നായിട്ടുണ്ട്! :)

Jayasree. P. R. said...

thank you all

sethumenon said...

Jaya, good writing.It evokes nostalgic images..keep on writing about childhood memoirs..

Unknown said...

Chechi...oru rakshayum illa....

njan aa pazhaya school muttathu ethy...

Sangeeth K said...

ബാല്യകാല സ്മരണകള്‍... :)

Unknown said...

Very nice. Keep writing Jayasree :-)