Sep 21, 2010

.... ചിറകൊടിഞ്ഞ ദേശാടനക്കിളി.....



സംവത്സരങ്ങള്‍ക്കപ്പുറത്ത്  നിന്ന് എന്തിനു  വന്നു നീ ...
എന്‍ പ്രിയ ദേശാടനക്കിളീ നീയിതാരെ തേടുന്നു.....
വരള്‍ച്ച മരുഭൂമിക്ക് ജന്മം നല്‍കിയ കാലാന്തരത്തില്‍ ...
നീ തേടുന്നവര്‍ കേള്‍ക്കുന്നുണ്ടോ നിന്‍റെ രോദനം

മല്‍സഖീ നിന്‍റെ നിഷബ്ദമാം തേങ്ങലുകള്‍,
എന്‍റെ രാവുകളെ നിദ്രാവിഹീനമാക്കുന്നു
അരുണകിരണങ്ങള്‍ മദ്ധ്യാഹ്നം കടമെടുക്കുമ്പോള്‍
മഞ്ഞുരുകുന്നു .... വരളുന്നു എന്‍റെ മനവും...

നീ നാട്ടിലുപേക്ഷിച്ച ചങ്ങലകള്‍
കൂരിരുട്ടിലെന്നെ വരിഞ്ഞു മുറുക്കുന്നു..
നിന്‍റെ വേദന ആത്മാവിനെ മുറിപ്പെടുത്തുമ്പോള്‍
അലയുന്നു നിന്നെത്തേടി , നീ തേടുന്നവരെത്തേടി

നിന്‍റെ ദിനങ്ങള്‍ നിരാശയിലൊടുങ്ങുമ്പോള്‍
രാവുകള്‍ എനിക്കായ് വഴികള്‍ തുറക്കുന്നു.
എന്‍റെ വഴികളില്‍ ഞാന്‍ കണ്ടിരുന്നു
നിന്‍റെ ബന്ധങ്ങളുടെ കെട്ടുപാടുകള്‍

ചതുപ്പ് നിലങ്ങളില്‍ നീ നിന്‍ ചിറകുകള്‍ കഴുകി
വെയിലില്‍ നിന്‍റെ ചിറകുകള്‍ക്ക് ഭാരമേറിയില്ലെ ?
ആ നീരുറവ നീ കണ്ടിരുന്നുവോ
മനസ്സ് വെമ്പിയില്ലേ കുളിച്ചു ശുദ്ധയാകാന്‍

നീരുറവകള്‍ അവസാനിക്കുന്നില്ല ഒരിക്കലും
അരുവിയായ് പുഴയായ് ലയിക്കുന്നു സമുദ്രത്തില്‍
നിന്‍റെ ചിറകുകള്‍ നഷ്ടമായ കടലിടുക്കുകളില്‍
ഒളിച്ചിരുന്ന മുള്‍പ്പടര്‍പ്പുകള്‍ നീ കണ്ടില്ലേ

ഇറ്റു വീഴുന്ന ചോരയുടെ ഗന്ധം
കഴുകന്മാരുടെ ചിറകടിയൊച്ചകള്‍
നീയെങ്ങനെ രക്ഷപെടും കൂട്ടുകാരി

പറവകള്‍ ആകാശത്തിന്‍റെ കാവല്‍ക്കാര്‍
ദേശങ്ങള്‍  താണ്ടി നീ എന്തിനിവിടെത്തി
സ്വന്തമാല്ലാത്തവരെ  തേടിയ പൈങ്കിളീ
എന്തെ നീ എന്നരികില്‍ എത്തിയില്ല

കുഞ്ഞില കോളാമ്പിയില്‍ കരുതിയ മധുരവും
പ്ലാവിലപ്പാത്രത്തിലെ പഴങ്ങളും ഇനിയാര്‍ക്കുവേണ്ടി
നീ ചേതനയറ്റ അസ്ഥിപഞ്ചരമായ് പുളയുമ്പോള്‍
മനസില്‍  മോഹങ്ങള്‍ ബാക്കിനില്‍ക്കെ
നിന്‍ പ്രിയ ഭോജനം ഉറുമ്പരിക്കുമ്പോള്‍
ഞാന്‍ ചെയ്യുന്നു ഉദകകൃയകള്‍ നിഷ്ഫലം

എന്‍റെ ദേശാടനക്കിളീ നിനക്കെല്ലാരും പ്രിയമാകുമ്പോള്‍
മനസ്സിലാകുന്നില്ലേ, നീ ആര്‍ക്കും സ്വന്തമല്ലെന്ന്
നിന്‍റെ വര്‍ഗ്ഗം ഇനിയെങ്കിലും  പൊരുള്‍ ഉള്‍ക്കൊള്ളുക
സ്വാര്‍ഥതയുടെ ചതുപ്പുനിലങ്ങള്‍ മരിക്കുന്നില്ല

വര്‍ഷവും ഗ്രീഷ്മവും വന്നുപോകും
ചിറകൊടിഞ്ഞ ദേശാടനക്കിളീ നിന്‍റെ രോദനം
മഞ്ഞിലുറയും വേനലില്‍ വരണ്ടുപോകും
വരാനിരിക്കുന്ന ശരത്കാലത്തില്‍ കാറ്റിന്‍ കൈകള്‍
വെളിച്ചമെകട്ടെ ഇലകള്‍ മൂടിയ എല്ലിന്‍കൂടിന്
അന്ന് നിന്‍  ദേഹി ദേഹം വിട്ടകലുമ്പോള്‍
അമരത്വത്തിലേക്ക് നീ ഉയിര്‍ത്തെഴുന്നെല്‍ക്കട്ടെ

No comments: