Apr 15, 2011

വിഷുക്കൈനീട്ടം



      സന്ധ്യക്ക് ഉമ്മറത്ത് തിരി തെളിച്ച് തിരികെ നടക്കുകയായിരുന്നു. ആരോ "മോളേ" എന്ന് വിളിച്ചപോലെ . ഒരു നിഴല്‍ പോലെ മാത്രേ കണ്ടുള്ളൂ എങ്കിലും അത് നായരമ്മാവനാകാനെ വഴിയുള്ളൂ. അല്ലാണ്ട് ഇരുട്ടുവീണ്‌ തുടങ്ങുന്ന നേരത്ത് ആരാ ഈ പടിപ്പുര കടന്നുവരാന്‍ ! കിണ്ടിയില്‍ നിന്ന് വെള്ളമെടുത്ത് കാല്‍ നനച്ച് അമ്മാവന്‍ പൂമുഖത്ത് കയറി ഇരുന്നു.
     "എന്തായി മോളേ ,  വിഷുവിന്‍റെ ഒരുക്കങ്ങള്‍ ? അമ്മു എവിടെപ്പോയി ?"
     "എന്തൊരുക്കമാ അമ്മാവാ ?" . കണ്ണുകള്‍ തുളുമ്പാതിരിക്കാന്‍ ശ്രമിച്ചപോഴേക്കും ശബ്ദമിടറിപ്പോയിരുന്നു. 
     ഏട്ടന്‍ പോയശേഷം അടുത്ത വീടുകളിലെ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തും കടയില്‍ കണക്കെഴുതാന്‍ പോയും കിട്ടുന്ന കാശ് കൊണ്ട് വീട്ടുചെലവും അമ്മുവിന്‍റെ പഠിത്തവും നടന്നു പോകുന്നു എന്നല്ലാതെ, പലിശ കൊടുക്കാന്‍ മിക്കപ്പോഴും കാശ് തികയാത്തപ്പോള്‍ നായരമ്മാവന്‍ തന്നെയാ സഹായിച്ചിട്ടുള്ളത്. പൌലോസ് ഇച്ചായന്‍റെ കൈയില്‍ നിന്ന് കേസ് നടത്താനും മറ്റുമായി ഒത്തിരി പണം കടം വാങ്ങിയിട്ടുണ്ട് . പലിശ മാത്രേ കൊടുക്കാന്‍ ഇതുവരെ പറ്റിയിട്ടുള്ളൂ, മുതല്‍ ഇനിയും ബാക്കി.
    "ഉള്ളതുകൊണ്ട് കണിവെള്ളരിയും മാമ്പഴവും വാങ്ങി. കൊന്നപ്പൂവിന് എങ്ങും പോകേണ്ടി വന്നില്ല, ഇത്തവണയും നമ്മുടെ കണിക്കൊന്ന നിറയെ പൂത്തിട്ടുണ്ട്. കൊന്നപ്പൂവിനൊക്കെ ഇപ്പൊ എന്താ വില !!!! തൊട്ടാല്‍ പൊള്ളും "
    "അമ്മു അപ്പുറത്തുണ്ട് അമ്മാവാ. വെക്കേഷനല്ലേ , പകല്‍ മുഴുവന്‍ കൂട്ടുകാരോടൊപ്പം കളിച്ചു നടക്കുകയായിരുന്നു. ഒരുവിധത്തിലാ കുളിപ്പിച്ചത് ! ഏട്ടന്‍റെ കൂട്ടുകാരില്ലേ, അജയനും സന്തോഷും , തിരുവനന്തപുരത്തേക്ക് പോകുന്ന വഴി ഇവിടെ കയറിയിരുന്നു. അജയന്‍ വാങ്ങിക്കൊടുത്ത പാവക്കുട്ടിയുമായി കളിയിലാ അമ്മു ഇപ്പോ. നാളെ വിഷുവല്ലേ , കണികാണാന്‍ അച്ഛനെ കാത്തിരിക്കയാ അവള്‍, അച്ഛന്‍റെ കൈയില്‍ നിന്നേ കൈനീട്ടം വാങ്ങൂ എന്ന വാശിയില്‍ !!!"
     അമ്മുവിന് ഓര്‍മ്മ വയ്ക്കും മുന്‍പ്‌ പോയതാണ് അവളുടെ അച്ഛന്‍ . ഇന്ന് മോള്‍ക്ക് ഏഴ് വയസ്സാകുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌  ഇതുപോലൊരു സന്ധ്യയ്ക്ക് ഏതോ പാര്‍ട്ടിക്കാര്‍ വന്നു പോസ്റ്റര്‍ ഒട്ടിക്കാനെന്നും പറഞ്ഞ് വിളിച്ചുകൊണ്ട് പോയതായിരുന്നു. പിന്നെ കേള്‍ക്കുന്നത്, കവലയില്‍ രണ്ടു പാര്‍ട്ടിക്കാര്‍ തമ്മില്‍ ഒന്നും രണ്ടും പറഞ്ഞ് ഉന്തും തള്ളുമായെന്നും, അതൊടുക്കം കത്തിക്കുത്തിലാ അവസാനിച്ചതെന്നുമാണ്. സംഭവം കണ്ടുകൊണ്ട് ഓടിച്ചെന്ന ഏട്ടനാണ് പോലീസിന്‍റെ പിടിയിലായത്. കാലക്കേടിന് ഏട്ടന്‍റെ സഞ്ചിയില്‍ ഒട്ടിക്കാനായിക്കരുതിയിരുന്ന പോസ്റ്റര്‍ കുത്തുകൊണ്ട ആളിന്‍റെ എതിര്‍ പാര്‍ട്ടിക്കാരന്‍റെതായിപ്പോയി! പാര്‍ട്ടിക്കാരുടെ സഹായവാഗ്ദാനങ്ങളൊക്കെ പുകമറയായിരുന്നെന്നും   , അവര്‍ക്കൊരു ബാലിയാടിനെ മാത്രമായിരുന്നു ആവശ്യം എന്നും മനസിലായത് കോടതി വിധി വന്നപ്പോളാണ്; അഞ്ച് വര്‍ഷത്തെ തടവ്. ഏതോ ഭാഗ്യം കൊണ്ട് കുത്തേറ്റയാള്‍ മരിച്ചില്ല! അല്ലേല്‍ വിധി മറ്റൊന്നായേനെ .
     അതിനു ശേഷമുള്ള  ഓരോ വിഷുവിനും നായരമ്മാവന്‍റെ കൈവശം ഏട്ടന്‍ കൊടുത്തുവിടുന്ന വിഷുക്കൈനീട്ടമായിരുന്നു അമ്മുവിന് അച്ഛന്‍റെ സാന്നിധ്യം.
     ഒരു ഇലക്ഷന്‍ കൂടി കഴിയുന്നു. നാളെ ഏട്ടന്‍ വരികയാണ്. രണ്ടു ദിവസം മുന്‍പ്‌ ഏട്ടന്‍റെ കത്ത് കിട്ടിയതു മുതല്‍ അമ്മു വലിയ ഉത്സാഹത്തിലാണ്. "ഈവിഷുവിനു ഞാന്‍ അച്ഛന്‍റെ മടിയിലിരുന്ന് സദ്യ ഉണ്ണുമല്ലോ" എന്ന് വീമ്പുപറഞ്ഞ് നടക്കുന്ന ആ കുഞ്ഞുമനസ്സിന്‍റെ  സന്തോഷം കാണുമ്പോള്‍ എല്ലാ ദാരിദ്ര്യവും മറന്നു കണി ഒരുക്കയാണ്.
     "എന്‍റെ കണ്ണാ, ഇനിയും പരീക്ഷിക്കരുതേ ". അറിയാതെ കൃഷ്ണനെ വിളിച്ചുപോയി .
     "എന്ത് പറ്റി മോളേ", അമ്മാവന്‍റെ ചോദ്യം ഇന്ദുവിനെ ചിന്തയില്‍ നിന്നുണര്‍ത്തി.
     "ഒന്നുമില്ലമ്മാവാ , പഴയ കാര്യങ്ങള്‍ ഓരോന്നോര്‍ത്തു പോയി. അതുപോട്ടെ , അമ്മാവന്‍റെ കൈയിലെ സഞ്ചിയിലെന്താ "
     " നാളെത്തേക്ക് സദ്യയ്ക്കുള്ള സാധനങ്ങളും അമ്മുവിന് ഒരു ഫ്രോക്കുമാണ്. നീയിത് അകത്തേയ്ക്ക് വച്ചോളൂ കുട്ടീ. ഇപ്പോളെ തുടങ്ങിക്കോളൂ ഒരുക്കങ്ങള്‍, ഞാനും കൂടാം  സഹായത്തിന്. നാളെ ചന്ദ്രന്‍ വരുമ്പോള്‍ ഒന്നിനും ഒരു കുറവും ഉണ്ടാവരുത്. രാവിലെ എണീറ്റ് കുളിച്ച് നല്ലൊരു സാരിയൊക്കെ ചുറ്റി സിന്ധൂരമോക്കെ തൊട്ട് അമ്പലത്തില്‍  പോയി മനസ്സ് തുറന്നു പ്രാര്‍ത്ഥിക്ക് , ഇതോടെ ദു:ഖങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും ഒക്കെ ഒരറുതി വരുത്തണേ എന്ന്"
     "സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞില്ല, അമ്മാവന്‍ എണീക്കൂ , അത്താഴം  കഴിക്കാം. അമ്മൂ വാ, വന്നു   കഞ്ഞി കുടിക്ക്"
       അത്താഴം വിളമ്പിയപ്പോഴേക്കും അമ്മു നായരമ്മാവന്‍റെ മടിയില്‍ സ്ഥാനം പിടിച്ചിരുന്നു.
      "നായരപ്പൂപ്പാ, നായരപ്പൂപ്പാ, മോള്‍ടെ അച്ഛന്‍ നാളെ വരുമല്ലോ !!! പിന്നെ മോള്‍ അച്ഛന്‍റെ മടിയിരുന്നാണല്ലോ ഉണ്ണുക"
      ആ കുഞ്ഞിന്‍റെ മുന്നില്‍ പരിഭവം നടിക്കുമ്പോളും മനസ്സില്‍ സമധാനിക്കയായിരുന്നു; ഇനി എന്‍റെ ഇന്ദു മോള്‍ക്കും അമ്മുവിനും ഈ വയസ്സന്‍റെ വഴി കാക്കണ്ടല്ലോ കൂട്ടിന്.
      സദ്യയ്ക്കുള്ളതൊക്കെ ഒരുക്കിയപ്പോഴേക്കും ഒരുപാട് വൈകി. അമ്മുവാണേല്‍ അടുക്കളയില്‍ തന്നെ ഒരു പായും നിവര്‍ത്തിയിട്ട് ഉറക്കമായിരുന്നു. 
       "അമ്മാവനും കിടന്നോളൂ, രാവിലെ എഴുന്നെല്‍ക്കണ്ടതല്ലേ" .
       രാവിലെ കോവിലില്‍ പോയി വന്നപ്പോഴേക്കും മണി അഞ്ചായി. "അഞ്ചരയ്ക്കല്ലേ ട്രെയിന്‍ , അമ്മാവന്‍ പോയി വന്നോളൂ"
       കണി ഒരുക്കി വച്ച് വിളക്ക് കൊളുത്തി  കണ്ണന്‍റെ മുന്നില്‍
കൈകൂപ്പിനിന്നപ്പോള്‍ കണ്ണുകള്‍ അറിയാതെ നിറഞ്ഞുപോയി. എല്ലാ സങ്കടങ്ങളും ഇന്നോടെ തീരുകയാണ് . ഇനി സന്തോഷത്തിന്‍റെ ദിനങ്ങള്‍ മാത്രം. കാത്തോളണേ കണ്ണാ !!! എത്രനേരം അങ്ങനെ നിന്നെന്നറിയില്ല. മോളുടെ വിളി കേട്ടാണ് കണ്ണു തുറന്നത്.
       "അമ്മേ അച്ഛന്‍ വന്നില്ലേ? മോള്‍ക്ക് കണി കാണണം "  കണ്ണ് ഇറുക്കിയടച്ച് ചിണുങ്ങി നില്‍ക്കുന്ന അമ്മുവിനെ കണ്ടാല്‍ ആര്‍ക്കും ചിരി വരും.
സമയം ഒരുപാടായല്ലോ, അവരെ കണ്ടില്ലല്ലോ !!! എന്താണാവോ ഇത്ര വൈകുന്നത് !!! ട്രെയിന്‍ ലേറ്റ് ആകുമോ !!!
അമ്മാവന്‍റെ മൊബൈലില്‍ വിളിച്ചു നോക്കുമ്പോള്‍ എന്‍ഗേജഡ്. കുറച്ചു കഴിഞ്ഞപ്പോള്‍ മുറ്റത്ത് ഒരു ഓട്ടോ വന്നു നിന്നു.  ഓടിച്ചെന്നു നോക്കുമ്പോള്‍ ആകെ പരവശനായി അമ്മാവന്‍.
     " എട്ടെനെവിടെ അമ്മാവാ ? എന്താ പറ്റിയത് ? അമ്മുവാണേല്‍ അച്ഛനില്ലാതെ കണികാണില്ല എന്നാ വാശിയിലാ"
     "മോളേ ഇന്ദൂ, ഞാന്‍ ഒത്തിരി നേരം സ്റ്റേഷനില്‍ കാത്തിരുന്നു. 2 ട്രെയിന്‍ വന്നുപോയി, കാണാതായപ്പോ ഞാന്‍ അജയനെ വിളിച്ചു നോക്കി. അവന്‍ പറഞ്ഞത് എന്തോ കാരണം കൊണ്ട് റിലീസ് നാളത്തേയ്ക്ക് മാറ്റി എന്നാ.  മോള് അമ്മുവിനെ
പറഞ്ഞു സമാധാനിപ്പിക്ക്."
     എന്താവും  കാരണം, ഇന്ദു അമ്മാവനെ സംശയത്തോടെ നോക്കി എന്നല്ലാതെ ഒന്നും ചോദിച്ചില്ല. അമ്മുവിനോട് എന്ത് പറയും!!! അതായിരുന്നു മനസ്സില്‍.
       അമ്മുവിന്‍റെ പിണക്കം മാറ്റാന്‍
ഇന്ദു ശ്രമിക്കുന്നത് കണ്ടിട്ട് ഉള്ളു കാളുകയായിരുന്നു. ഈശ്വരാ !!! കൈനീട്ടം തരാനും മടിയിലിരുത്തി ചോറ് വാരിത്തരാനും അച്ഛന്‍ ഇനി വരില്ലെന്ന് ഞാനെങ്ങനെയാ ആ കുഞ്ഞിനോട് പറയുക !!! എന്നാലും എന്തിനാ ചന്ദ്രന്‍ . . . .

       "വീണ്ടും കസ്റ്റഡി മരണം ! കത്തിക്കുത്ത് കേസിലെ പ്രതി റിലീസിന്‍റെ തലേദിവസം ലോക്കപ്പില്‍ ജീവനൊടുക്കി!". പിറ്റേന്നത്തെ പത്രത്തില്‍ ഒരു കോളം വാര്‍ത്ത അത്രയേ ഉള്ളൂ ലോകത്തിന്. പക്ഷെ അമ്മുവിനും ഇന്ദുവിനും . . .
     വിഷുസദ്യ വിളമ്പേണ്ടിയിരുന്ന അകത്തളത്തില്‍,  വെള്ളപുതപ്പിച്ച്  മരവിച്ച ശരീരമായി ചന്ദ്രനെ കിടത്തുമ്പോള്‍, കണിവിളക്കിന്‍റെ സ്ഥാനത്ത് മുറിത്തേങ്ങയില്‍ തിരി തെളിയുമ്പോള്‍  പുതപ്പിക്കാന്‍ പാര്‍ട്ടി ചിഹ്നവുമായി ആരും വന്നില്ല. എതിര്‍ പാര്‍ട്ടിക്കാരനെ ആക്രമിച്ചു എന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ചന്ദ്രന്‍ ഏതു പാര്‍ട്ടിക്കാരനായിരുന്നു  എന്നത്  ഇന്നും അജ്ഞാതം.  "അച്ചാ, എണീക്കച്ചാ", ആ കുഞ്ഞിന്‍റെ ഏങ്ങല്‍ എങ്ങനെയാ ഈശ്വരാ കണ്ടു നില്‍ക്കുക!!! രാത്രിയേറെ വൈകിയും  ആ കൊച്ചു വീട്ടിനുള്ളില്‍ നിന്നും ഇന്ദുവിന്‍റെയും അമ്മുവിന്‍റെയും കരച്ചിലുയരുമ്പോള്‍  യാത്ര ചോദിക്കാനാകാതെ തളര്‍ന്നു നില്‍ക്കുന്നു ഈ വിഷുവും. 


    ആളൊഴിഞ്ഞ വീട്ടില്‍, കൊഴിഞ്ഞ കൊന്നപ്പൂക്കള്‍ നിറഞ്ഞ, മുറ്റമടിക്കുന്ന ഇന്ദുവിനെക്കാണുമ്പോള്‍ , ഇനിയുമൊരു വിഷുവിനു കൊന്നപ്പൂക്കള്‍ വിരുന്നെത്തുമെന്നും  കൈനീട്ടത്തിനായി കാത്തിരിക്കുന്ന അമ്മുവിനുവേണ്ടി കണി ഒരുക്കാന്‍ ജീവിതത്തോടൊപ്പം നടന്നു തുടങ്ങുന്നു  ഇന്ദുവും, എന്ന് പ്രതീക്ഷിക്കാം ......

14 comments:

phystrias77 said...

hi blogger...watever i dnt like these sad stories...u write this thng very well...but i can accept it...bcoz i want to smile always....i want to make others smile also...my idol is charlie chaplin...

Jayasree. P. R. said...

will try to turn up next time with a comedy. but it ends with hope

Unknown said...

nice

jazzjuzz4u said...

super duper like............

Unknown said...

hi blogger..
its nice.. :-)

Sagar said...
This comment has been removed by the author.
Sagar said...

A very nice one sree....Really touching...:)
Didnt know u had this good writing skills...:)
Impressive.....

sanilsharaf said...

nice story..
heart touching..

Unknown said...

good...keep writin....xpectin more

RAJEESH RAINDROPS said...

excellent

Unknown said...

Hai teacher..its nice

Unknown said...

Hai teacher..its nice

Sangeeth K said...

രാഷ്ട്രീയ കൊലപാതകങ്ങള്‍ അനാഥമാക്കുന്നത് എത്രയെത്ര ജീവിതങ്ങളെയാണെന്ന് ഒരു പാര്‍ട്ടിക്കാരും ഓര്‍ക്കാറില്ല...

Sangeeth K said...

പാവം കണ്ടക്ടര്‍... :(