Nov 5, 2010

           Best Friend

For me, it's you
And will ever be
For you, it's not me
And will never be
I called you my 'best friend'
'But why?', many asked
Relieved by your voice,
Whatever be the reason
Isn't that enough,
That I believe
You are my 'best friend'

Oct 29, 2010

ബാര്‍ട്ടര്‍ സിസ്റ്റം
 
      എന്താണ് ബാര്‍ട്ടര്‍ സിസ്റ്റം എന്നറിയാതിരുന്ന കാലത്ത് അതിന്‍റെ പ്രയോക്താവായിരുന്ന കുഞ്ഞു മനസ്സിന്‍റെ ഓര്‍മയാണ് ഈ കുറിപ്പ്.   
      ഒഴിവു വേളകളിലെ സമയംകൊല്ലിയായി സ്നാക്ക്സ് മാറിയിട്ട് കാലം കുറെയായി. മറ്റു നേരമ്പോക്കുകള്‍ ഒന്നുമില്ലാതായപ്പോള്‍ കൈയ്യെത്തും ദൂരത്തു കിട്ടുന്നവ, സ്വാഭാവികമായും മറ്റൊന്നിനെ തേടാന്‍ മടിപിടിച്ച മനസ്സും സരീരവും മെനക്കെട്ടില്ല . ഈയിടക്ക് അവധിയെടുത്ത് വീട്ടില്‍ നിന്ന ഒരു ദിവസം. 'അവധിയെടുത്ത്' എന്ന് പറയാന്‍ കാരണം, ഇക്കഴിഞ്ഞ ഒന്നൊന്നര വര്‍ഷമായിട്ട് ഞാന്‍ അവധിയെടുത്തിട്ടുള്ളത് വെറും വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ്. അന്ന് പതിവുപോലെ ടിവി യുടെ മുന്നില്‍ ചടഞ്ഞിരുന്ന് സ്നാക്ക്സ്-ബോക്സ്‌ തുറന്നു. ക്രീം ബിസ്കറ്റ് , മുറുക്ക്, അച്ചപ്പം; അവസാനത്തെ രണ്ടിനോടും വലിയ താല്പര്യം പണ്ടെയില്ലാത്തത് കൊണ്ട് കൈകള്‍ അറിയാതെ തന്നെ ബിസ്കറ്റില്‍ എത്തി.
     അനിയന്‍റെ പരാതി ശരിയാണ് കേട്ടോ ! ഞാന്‍ ക്രീം ബിസ്കറ്റിന്‍റെ ക്രീം എടുത്തിട്ട് ബിസ്കറ്റ് പഴേപോലെ ചേര്‍ത്ത് വയ്ക്കും . "ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ ". അതേ വിചാരത്തില്‍ ക്രീം നുണഞ്ഞു തുടങ്ങി. പൈന്‍ ആപ്പിളിന്‍റെ ഫ്ലേവര്‍ ആയിരുന്നു അതിന്. പക്ഷെ ആ രുചി സാധാരണ പൈന്‍ ആപ്പിള്‍ ഫ്ലേവര്‍ ആയിട്ടു തോന്നിയില്ല, അതിനെന്തോ പ്രത്യേകത ആദ്യം നുണയുമ്പോള്‍ തന്നെ തോന്നിയിരുന്നു. മുന്‍പ് എങ്ങോ ചിരപരിചിതമായിരുന്ന ഒരു സ്വാദ് !!!! എന്തായിരുന്നു ; ഐസ് ക്രീം ? ഷേക്ക്‌ ? ജാം ? അല്ല ഇതൊന്നുമല്ല . എപ്പോളായിരുന്നു ??? എന്‍റെ മനസ്സ് പിറകിലേക്ക് പാഞ്ഞു, കോളേജ് ? അല്ല; +2 ? അല്ല ; HS ? ഏയ്‌ അല്ല; UPS ? അല്ലേയല്ല . ഒരു കാലത്ത് ഹരമായിരുന്ന ആ രുചി ഒടുവില്‍ ഓര്‍മ്മകളെ കൊണ്ടെത്തിച്ചത് ആ ചെറിയ LP സ്കൂളിന്‍റെ മുന്നിലാണ്.
     തൊണ്ണൂറുകളുടെ തുടക്കം. ഞാന്‍ രണ്ടിലും അനിയന്‍ ഒന്നിലും പഠിക്കുന്ന കാലം. കളങ്കം എന്തെന്നറിയാത്ത ബാല്യകാലം . അതൊരു പ്രൈവറ്റ് സ്കൂളായിരുന്നു . ഗവ: സ്കൂള്‍ അല്പം അകലെ ആയിരുന്നതിനാലാവാം അച്ഛന്‍  ഞങ്ങളെ ഈ ചെറിയ ഓടുമേഞ്ഞ തറ മെഴുകാത്ത സ്കൂളില്‍ ചേര്‍ത്തത് ! രാവിലെ ഓഫീസിലേക്കുള്ള ഓട്ടത്തിനിടയില്‍ അച്ഛനോ അമ്മയോ സ്കൂളില്‍ കൊണ്ടാക്കും , വൈകുന്നേരം അമ്മൂമ്മ തിരികെ കൊണ്ടുവരും ഇതായിരുന്നു പതിവ് . ആര്‍ത്തു പെയ്യുന്ന ഒരു വര്‍ഷകാലത്ത് സ്കൂള്‍ വിട്ടു തിരകെ വരുമ്പോള്‍ ചെറിയ തോട് കവിഞ്ഞൊഴുകി റോഡ്‌ കാണാതായപ്പോള്‍ പകച്ച് കരഞ്ഞത് ഇന്നലെയെന്നപോലെ കണ്മുന്നില്‍ തെളിയുന്നു. അവിടെ എവിടെയായിരുന്നു ആ രുചി അറിഞ്ഞത്?
     എന്നും വീട്ടില്‍ നിന്നും ചോറ് തന്നയക്കുമായിരുന്നു. അഞ്ചു പൈസ പോലും അച്ഛന്‍ കൈയില്‍ തരില്ല ; അതിന്‍റെ ആവശ്യവുമില്ലായിരുന്നു . സ്റ്റാമ്പ് വാങ്ങാനുള്ള 10 പൈസ പോലും അച്ഛന്‍ നേരിട്ട് ഹെട്മാഷിനെ ഏല്പിച്ചിരുന്നു. സ്കൂളിന് അന്ന് ചുറ്റുമതില്‍ ഇല്ലായിരുന്നു. റോഡും സ്കൂളിന്‍റെ മുറ്റവും തമ്മില്‍ വേര്‍ തിരിച്ചിരുന്നത് ഒരു കൈയ്യാല മാത്രം. മുറ്റത്തോടു ചേര്‍ന്നുള്ള പൊടിപിടിച്ച പാതയോരത്ത് കുട്ടികളെ പ്രതീക്ഷിച്ച് ഒന്നോ രണ്ടോ വഴിവാണിഭക്കാര്‍ എന്നുമുണ്ടാകുമായിരുന്നു. മൈലാഞ്ചി, ഉപ്പുമാങ്ങ , കാരയ്ക്ക , നെല്ലിയ്ക്ക , മിഠായി ഇതൊക്കെയായിരുന്നു വില്പനയ്ക്കുണ്ടാവുക. കൈയില്‍ കാശില്ലാതിരുന്നതിനാല്‍ ഞാനും അനിയനും മറ്റു കുട്ടികള്‍ ഇവയൊക്കെ വാങ്ങുന്നത് കൊതിയോടെ നോക്കി നിന്നിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം സ്കൂളിന്‍റെ അടുത്ത് താമസിക്കുന്ന എന്‍റെ കൂട്ടുകാരി എന്തോ കൊടുത്ത് പമ്പര മിഠായി വാങ്ങുന്നത് കണ്ടു. "എന്തോ കൊടുത്ത് " എന്ന് പറഞ്ഞത് അവള്‍ നാണയം അല്ല കൊടുത്തതെന്ന് ദൂരെ നിന്നായിട്ടു പോലും എനിക്ക് വ്യക്തമായിരുന്നു എന്നതുകൊണ്ടാണ്.
     പമ്പര മിഠായി എന്താണെന്നറിയാമോ ? കൂട്ടുകാരെ നിങ്ങളില്‍ പമ്പര മിഠായി എന്തെന്നറിയാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി ഒരു ചെറു വിവരണം: പമ്പര മിഠായി ... ഉം ... കാഴ്ച്ചയില്‍,  ഇന്നത്തെ പോളോ മിഠായി ഇല്ലേ , ഏകദേശം അതേ ഷേപ്പ് ആണ്. നടുവിലെ ഹോളിന്‍റെ വ്യാസം അല്പം കുറവായിരിക്കും പമ്പര മിഠായിക്ക്. പിന്നെ ഹോളിനു ചുറ്റുമുള്ള റിങ്ങില്‍ തുല്യ അകലത്തില്‍ നാല് ചെറിയ സുഷിരങ്ങള്‍, ഈ സുഷിരങ്ങളെയെല്ലാം കണക്ട് ചെയ്യുന്ന ഒരു നൂല്‍ , നൂലിന്‍റെ രണ്ടറ്റവും മിഠായി യുടെ രണ്ടു വശങ്ങളിലുമായി  നീണ്ടു കിടക്കും. ആ രണ്ടറ്റവും രണ്ടു കൈകളിലായി അയച്ചു പിടിച്ചിട്ട് വട്ടം ചുഴറ്റണം (like in skipping ). എന്നിട്ട്  വലിച്ചു പിടിക്കണം. അപ്പോള്‍ നടുവിലുള്ള മിഠായി പമ്പരം പോലെ കറങ്ങും. ആക്കാലത്ത്‌ കുട്ടികള്‍ക്കിടയില്‍ ഏറ്റവും അധികം ഡിമാന്റ്  പമ്പര മിഠായിക്ക്  ആയിരുന്നു.
     കൂട്ടുകാരി മിഠായി പമ്പരം കറക്കുന്നതും നുണയുന്നതും കണ്ടിട്ട് കൊതിയടക്കനായില്ല. കുട്ടികളല്ലേ അന്ന് പരസ്പരം പങ്കു വെയ്ക്കല്‍ ഒന്നുമില്ല. എന്തേലും കിട്ടിയാല്‍ ഞാന്‍ രാജാവ് എന്നാ ഭാവമായിരുന്നു എല്ലാര്‍ക്കും. അന്നേ മനസ്സിന്‍റെ ഏതോ കോണില്‍ പതിയിരുന്ന ദുരഭിമാനം അവളോട് മിഠായി ചോദിയ്ക്കാന്‍ സമ്മതിച്ചില്ല. എന്നാലും അതൊന്നു സ്വന്തമാക്കണമെന്ന മോഹം കൊണ്ട് ഞാനവളോട് എന്ത് കൊടുത്തിട്ടാണ് മിഠായി വാങ്ങിയതെന്ന് ചോദിച്ചു. അന്ന് ഒരു പമ്പര മിഠായി ക്ക് 20  പൈസയും കളര്‍ മിഠായി ക്ക് 5 പൈസയും ജീരക മിഠായി ക്ക്  10 പൈസയും ആയിരുന്നു വില. അവളില്‍ നിന്നും കിട്ടിയത് trading -ന്‍റെ പുതിയ ഒരു മാര്‍ഗമായിരുന്നു. ഒരു പമ്പര മിഠായി ക്ക് വിലയായി അവള്‍ ആ കച്ചവടക്കാരന് നാല് കശുവണ്ടി കൊടുത്തുവത്രെ !!!! അത് കേട്ടപ്പോള്‍ എന്‍റെ മുഖം തിളങ്ങി. കാരണം അത് കശുവണ്ടിയുടെ സീസണ്‍ ആയിരുന്നതിനാല്‍ വീട്ടില്‍ ഒത്തിരി കശുവണ്ടി ഉണ്ടായിരുന്നു എന്നത് തന്നെ.
    അമ്മൂമ്മയും ഞാനും അനിയനും കൂടിയാണ് കശുവണ്ടി പെരുക്കുന്നത്, എന്നിട്ട് അമ്മൂമ്മ അത് ചന്തയില്‍ കൊണ്ടുപോയി വില്‍ക്കും. ഈശ്വരാ, കശുവണ്ടിക്ക് ഇങ്ങനൊരു സാധ്യത ഉണ്ടായിരുന്നത് ഞാനറിഞ്ഞില്ലല്ലോ ! സാരമില്ല, വൈകിയിട്ടില്ല. ഞാന്‍ പ്ലാന്‍ അനിയനോട് പറഞ്ഞു. ഇനി പെറുക്കുമ്പോള്‍ രണ്ടോ നാലോ എണ്ണം മാറ്റി നിക്കറിന്‍റെ പോക്കറ്റില്‍ ഒളിപ്പിക്കണം, എന്നിട്ട് ആരുമറിയാതെ ബാഗിന്‍റെ അടിയിലിട്ടെക്കണം. അവന്‍റെ സഹായം കൂടിയേ തീരൂ, ഫ്രോക്കുകാരിയായ ഞാന്‍ എവിടെ ഒളിപ്പിക്കാനാണ് ! അങ്ങനെ ആ വെള്ളിയാഴ്ച വൈകുന്നേരം ഞങ്ങള്‍ 5 കശുവണ്ടി ഒപ്പിച്ചു. പിന്നെ അടുത്ത ആഴ്ച സ്കൂള്‍ തുറക്കാനുള്ള  കാത്തിരിപ്പായി. തിങ്കളാഴ്ച ഉച്ചക്കഞ്ഞി സമയം. കൊണ്ടുപോയ ചോറ് വേഗം കഴിച്ചെന്നു വരുത്തി ഞങ്ങള്‍ (ഞാനും അനിയനും) കച്ചവടക്കാരന്റെ അടുത്തേക്ക് നടന്നു. അപ്പോളവിടെ ഞങ്ങളെക്കാള്‍ കാശുകാരായ (കശുവണ്ടിയുടെ എണ്ണത്തില്‍ !) കുട്ടികളുടെ തിരക്ക്. പൊരിവെയിലത്ത് ഞങ്ങള്‍ കാത്തു നിന്നു. അവസാനം തിരക്കൊഴിഞ്ഞപ്പോള്‍ ഒരല്പം സങ്കോചത്തോടെ മുന്നോട്ടുചെന്നു കൈകള്‍ നീട്ടി. രണ്ടു കുഞ്ഞു കൈകള്‍ ആ അഞ്ചു കശുവണ്ടികളെ ഉള്‍ക്കൊള്ളാന്‍ പാടുപെടുന്നുണ്ടായിരുന്നു.
    " ഒരു പമ്പര മിഠായി", ഞാന്‍ പറഞ്ഞു. അയാള്‍ മുഖത്തേക്ക് നോക്കിയിട്ട് നാല് കശുവണ്ടികള്‍ എടുത്തു, പകരം ഒരു പമ്പര മിഠായി തന്നു. റോസ് നിറമുള്ള മിഠായി, അത് കൈയില്‍ വാങ്ങുമ്പോള്‍ ലോകം കീഴടക്കിയ ചക്രവര്‍ത്തിയുടെ ഭാവമായിരുന്നു രണ്ടുപേര്‍ക്കും. മിഠായി അനിയന്‍റെ കൈയില്‍ കൊടുത്തിട്ട്, ബാക്കിയായ കശുവണ്ടിക്ക് എന്ത് കിട്ടും എന്നായി ചോദ്യം. "ഒരു കളര്‍ മിഠായി, അല്ലേല്‍ രണ്ടു കാരയ്ക്ക", അയാള്‍ പറഞ്ഞു. "എന്നാല്‍ രണ്ടു കാരയ്ക്ക" . ഒന്ന് അനിയന് കൊടുത്തു , ഒന്ന് ഞാനും തിന്നു. ഇനിയുള്ളത് പമ്പര മിഠായി! അതെന്തു ചെയ്യും ഒന്നേ ഉള്ളൂ . കുറെ നേരം മാറിമാറി പമ്പരം കളിച്ചു. അപ്പോഴേക്കും ക്ലാസ് തുടങ്ങാനുള്ള ബെല്ലടിച്ചു, ഒന്നും ആലോചിക്കാന്‍ നേരമില്ല, പമ്പരം രണ്ടായി പൊട്ടി; ഒരു കഷണം അവന്‍റെ വായിലും മറ്റേതു എന്‍റെ വായിലും. ബാക്കിയായ നൂല്‍ എങ്ങോട്ടോ വലിച്ചെറിഞ്ഞിട്ട് കൈകോര്‍ത്തുപിടിച്ചു ഞാനും അനിയനും ക്ലാസ്സിലേക്കോടി. ആ ഓട്ടത്തിനിടയില്‍ വായില്‍ നിറഞ്ഞ പമ്പര മിഠായി യുടെ രുചി ആയിരുന്നു വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് ഞാനറിഞ്ഞത്. പമ്പര മിഠായി യുടെ രുചി പിന്നേടും പലപ്പോഴും ഞങ്ങളെ കശുവണ്ടി മോഷ്ടാക്കള്‍ ആക്കിയിട്ടുണ്ട്. പിടിക്കപ്പെട്ടിട്ടില്ല കേട്ടോ ഒരിക്കലും. അങ്ങനെ ബാര്‍ട്ടര്‍ സിസ്റ്റം എന്തെന്നറിയാതെ ഞങ്ങള്‍ അതിന്‍റെ ഭാഗമായി. പിന്നെ പമ്പര മിഠായി യില്‍ നിന്ന് ഐസ് മിഠായി യിലേക്കും , മൈലാഞ്ചി ടിസൈനുകളിലെക്കും ആവശ്യങ്ങള്‍ വളര്‍ന്നപോഴും ആ കുരുന്നുകള്‍ക്ക് സഹായകമായത് ഈ ബാര്‍ട്ടര്‍ സിസ്റ്റം തന്നെയായിരുന്നു.
      ജീവിതത്തിന്‍റെ താളുകള്‍ മറിക്കുമ്പോള്‍ നഷ്ടങ്ങളുടെ കണ്ണീരിനോപ്പം, വിലമതിക്കാനാകാത്ത, കണ്ണുകളില്‍ നിറവിന്‍റെ നനവ് പരത്തുന്ന, ചില ഓര്‍മ്മച്ചിത്രങ്ങള്‍ ഇങ്ങനെയും........

Sep 21, 2010

.... ചിറകൊടിഞ്ഞ ദേശാടനക്കിളി.....



സംവത്സരങ്ങള്‍ക്കപ്പുറത്ത്  നിന്ന് എന്തിനു  വന്നു നീ ...
എന്‍ പ്രിയ ദേശാടനക്കിളീ നീയിതാരെ തേടുന്നു.....
വരള്‍ച്ച മരുഭൂമിക്ക് ജന്മം നല്‍കിയ കാലാന്തരത്തില്‍ ...
നീ തേടുന്നവര്‍ കേള്‍ക്കുന്നുണ്ടോ നിന്‍റെ രോദനം

മല്‍സഖീ നിന്‍റെ നിഷബ്ദമാം തേങ്ങലുകള്‍,
എന്‍റെ രാവുകളെ നിദ്രാവിഹീനമാക്കുന്നു
അരുണകിരണങ്ങള്‍ മദ്ധ്യാഹ്നം കടമെടുക്കുമ്പോള്‍
മഞ്ഞുരുകുന്നു .... വരളുന്നു എന്‍റെ മനവും...

നീ നാട്ടിലുപേക്ഷിച്ച ചങ്ങലകള്‍
കൂരിരുട്ടിലെന്നെ വരിഞ്ഞു മുറുക്കുന്നു..
നിന്‍റെ വേദന ആത്മാവിനെ മുറിപ്പെടുത്തുമ്പോള്‍
അലയുന്നു നിന്നെത്തേടി , നീ തേടുന്നവരെത്തേടി

നിന്‍റെ ദിനങ്ങള്‍ നിരാശയിലൊടുങ്ങുമ്പോള്‍
രാവുകള്‍ എനിക്കായ് വഴികള്‍ തുറക്കുന്നു.
എന്‍റെ വഴികളില്‍ ഞാന്‍ കണ്ടിരുന്നു
നിന്‍റെ ബന്ധങ്ങളുടെ കെട്ടുപാടുകള്‍

ചതുപ്പ് നിലങ്ങളില്‍ നീ നിന്‍ ചിറകുകള്‍ കഴുകി
വെയിലില്‍ നിന്‍റെ ചിറകുകള്‍ക്ക് ഭാരമേറിയില്ലെ ?
ആ നീരുറവ നീ കണ്ടിരുന്നുവോ
മനസ്സ് വെമ്പിയില്ലേ കുളിച്ചു ശുദ്ധയാകാന്‍

നീരുറവകള്‍ അവസാനിക്കുന്നില്ല ഒരിക്കലും
അരുവിയായ് പുഴയായ് ലയിക്കുന്നു സമുദ്രത്തില്‍
നിന്‍റെ ചിറകുകള്‍ നഷ്ടമായ കടലിടുക്കുകളില്‍
ഒളിച്ചിരുന്ന മുള്‍പ്പടര്‍പ്പുകള്‍ നീ കണ്ടില്ലേ

ഇറ്റു വീഴുന്ന ചോരയുടെ ഗന്ധം
കഴുകന്മാരുടെ ചിറകടിയൊച്ചകള്‍
നീയെങ്ങനെ രക്ഷപെടും കൂട്ടുകാരി

പറവകള്‍ ആകാശത്തിന്‍റെ കാവല്‍ക്കാര്‍
ദേശങ്ങള്‍  താണ്ടി നീ എന്തിനിവിടെത്തി
സ്വന്തമാല്ലാത്തവരെ  തേടിയ പൈങ്കിളീ
എന്തെ നീ എന്നരികില്‍ എത്തിയില്ല

കുഞ്ഞില കോളാമ്പിയില്‍ കരുതിയ മധുരവും
പ്ലാവിലപ്പാത്രത്തിലെ പഴങ്ങളും ഇനിയാര്‍ക്കുവേണ്ടി
നീ ചേതനയറ്റ അസ്ഥിപഞ്ചരമായ് പുളയുമ്പോള്‍
മനസില്‍  മോഹങ്ങള്‍ ബാക്കിനില്‍ക്കെ
നിന്‍ പ്രിയ ഭോജനം ഉറുമ്പരിക്കുമ്പോള്‍
ഞാന്‍ ചെയ്യുന്നു ഉദകകൃയകള്‍ നിഷ്ഫലം

എന്‍റെ ദേശാടനക്കിളീ നിനക്കെല്ലാരും പ്രിയമാകുമ്പോള്‍
മനസ്സിലാകുന്നില്ലേ, നീ ആര്‍ക്കും സ്വന്തമല്ലെന്ന്
നിന്‍റെ വര്‍ഗ്ഗം ഇനിയെങ്കിലും  പൊരുള്‍ ഉള്‍ക്കൊള്ളുക
സ്വാര്‍ഥതയുടെ ചതുപ്പുനിലങ്ങള്‍ മരിക്കുന്നില്ല

വര്‍ഷവും ഗ്രീഷ്മവും വന്നുപോകും
ചിറകൊടിഞ്ഞ ദേശാടനക്കിളീ നിന്‍റെ രോദനം
മഞ്ഞിലുറയും വേനലില്‍ വരണ്ടുപോകും
വരാനിരിക്കുന്ന ശരത്കാലത്തില്‍ കാറ്റിന്‍ കൈകള്‍
വെളിച്ചമെകട്ടെ ഇലകള്‍ മൂടിയ എല്ലിന്‍കൂടിന്
അന്ന് നിന്‍  ദേഹി ദേഹം വിട്ടകലുമ്പോള്‍
അമരത്വത്തിലേക്ക് നീ ഉയിര്‍ത്തെഴുന്നെല്‍ക്കട്ടെ
മഴയെത്തുന്നു
**************************************
മഴയെത്തുന്നു........
നാടും നഗരവും കോണ്‍ ക്രീറ്റ് വില്ലകളും കടന്ന്
എന്‍റെ ഗ്രാമത്തിന്‍റെ പരിശ്രുദ്ധിയിലേക്ക്
ചെമ്മണ്‍ പാതകളെയും വയലേലകളെയും കുളിര്‍പ്പിക്കാന്‍
വരണ്ടുണങ്ങിയ പാടങ്ങള്‍ക്ക് പുതു ജീവന്‍ നല്‍കാന്‍
പേക്കോലങ്ങളായ കര്‍ഷകന്‍റെ മക്കള്‍ക്ക് ഒരുവറ്റ് വിശപ്പടക്കാന്‍
ഇനിയും മേയാത്ത ഓലപ്പുരകളില്‍ ഒട്ടുപാത്രങ്ങള്‍ നിരത്താന്‍
കാവിലും കുളത്തിലും തവളകളുടെ കച്ചേരി കേള്‍ക്കാന്‍
കരിഞ്ഞുണങ്ങിയ ചില്ലകളില്‍ പുതുനാമ്പുകള്‍ മുള പൊട്ടുന്നത് കാണാന്‍
പ്രണയത്തിനു ചൂട് പകരാന്‍ , യുവ മിഥുനങ്ങളില്‍ കാമം ജ്വലിപ്പിക്കാന്‍
പേമാരിയായ്... ജീവനെടുക്കാന്‍....നാശം വിതറാന്‍
മണല്‍ ഊറ്റി കിടങ്ങായ നദികളില്‍ മരണക്കയങ്ങള്‍ തീര്‍ക്കാന്‍
മുത്തശ്ശിയുടെ വലിവ് കൂട്ടാന്‍ ,
അച്ഛന്‍റെ പണി മുടക്കാന്‍,
കുഞ്ഞാവയെ പനിപ്പിക്കാന്‍,
മഴയെത്തുന്നു.......
ശാപവാക്കുകള്‍ക്ക് ചെവികൊടുക്കാതെ
ആശ്വാസനിശ്വാസങ്ങള്‍ അറിയാന്‍
മഴയെത്തി........
നമ്മെക്കാണന്‍ നമ്മോട് ചേര്‍ന്ന്‍ നില്‍ക്കാന്‍
കര്‍മ കാണ്ഡങ്ങള്‍ തന്‍ പെക്കൂത്തുകള്‍ക്കൊടുവില്‍
തിരശീല താഴുമ്പോള്‍ ... ആരവങ്ങള്‍ ഒടുങ്ങുമ്പോള്‍...
കരിയലക്കൂട്ടങ്ങളെ നനച്ച്...വീടും മേടും കുളിര്‍മയിലാഴ്ത്തി ...
ചിരിയും തേങ്ങലും ഉള്ളിലൊതുക്കി...
അഴുക്കുകളൊക്കെ നെഞ്ചോട് ചേര്‍ത്ത്...എല്ലാം ശുദ്ധമാക്കി ,
അഴുക്കു ചാലുകളിലൂടെ....തോടുകളിലൂടെ...കായല്‍പ്പരപ്പിലൂടെ...
അനന്തസാഗരത്തിലേക്ക് അവള്‍ യാത്രയാവുകയാണ്
പരാതികളില്ലാതെ ... പരിഭവങ്ങളില്ലാതെ ....
മേഘമായ് പുനര്‍ജ്ജനിക്കാന്‍ .....
നീര്‍ത്തുള്ളിയായ് പെയ്തിറങ്ങാന്‍ ....
പിന്‍വിളി കേള്‍ക്കാതെ..... അകലങ്ങളില്‍ മായുമ്പോള്‍....
ഞാനും കാത്തിരിക്കുന്നു, വീണ്ടുമൊരു വര്‍ഷ കാലത്തിനായ് ******************************************************************************