Nov 15, 2013

ഒരു നിമിഷം...


ലോകാരോഗ്യ സംഘടനയുടെ ഒരു വർഷം മുൻപുള്ള രേഖകൾ പ്രകാരം ഇന്ത്യയിൽ ഓരോ വർഷവും  1,70,000 പേർ ആത്മഹത്യമൂലം മരണപ്പെടുന്നുവെന്ന് കണക്കാക്കപ്പെടുന്നു. . . ഇന്ത്യയിലെതു   ലോകത്തിലെ മൊത്തം ആത്മഹത്യാനിരക്കിന്‌ അല്പം മുകളിലാണെന്നത്  ആശങ്കാജനകമായ വസ്തുത ആണ്.  ഇതിൽ കൂടുതലും പുരുഷന്മാർ ആണെന്നത് സ്വതവേ ധൈര്യശാലികളായി മുദ്രകുത്തപ്പെട്ട പുരുഷപ്രജകൾക്ക് അല്പമെങ്കിലും അതിശയകരം ആയേക്കാം. ആത്മഹത്യയിലൂടെ മരിക്കുന്നവരിൽ ഭൂരിഭാഗവും പതിനഞ്ചിനും ഇരുപത്തൊൻപതിനും ഇടയിൽ പ്രായമുള്ളവർ ആണെന്ന് വസ്തുതകൾ വെളിപ്പെടുത്തുമ്പോൾ, നമ്മുടെ യുവാക്കൾക്ക് ജീവിതത്തോടു ഇത്രമാത്രം നൈരാശ്യം തോന്നാൻ കാരണം എന്തെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.
 
ചിലർ സാമ്പത്തികബാധ്യതകൾക്കു മുന്നിൽ മുട്ട് കുത്തുമ്പോൾ, ചിലർക്ക് കുടുംബബന്ധങ്ങളിലെ ആലോസരങ്ങളും, മറ്റു ചിലർക്ക്പഠനത്തിൽ നേരിടേണ്ടി വന്ന പരാജയവും, തൊഴിൽരംഗത്തെ വെല്ലുവിളികളെ അതിജീവിക്കാനുള്ള മനക്കരുത്തില്ലായ്മയും മാറാരോഗവും,  മാസസിക പ്രശ്നങ്ങളും, പ്രണയ നൈരാശ്യവും കാരങ്ങങ്ങളുടെ നീണ്ട നിരയിൽ  പ്രദർശിപ്പിക്കാനുണ്ടാകും. കാരണങ്ങൾക്കു വേണ്ടി കണ്ടെത്തപ്പെടുന്ന കാരണങ്ങൾ മാത്രമല്ലേ ഇവയിൽ പലതും എന്ന് ഒരു നിമിഷത്തെ പുനർചിന്തയ്ക്ക് അവസരം കൊടുത്തവരിൽ പലർക്കും തോന്നിയിട്ടുണ്ടാകാം.

ആത്മഹത്യ ചെയ്യാൻ ഒരുങ്ങുന്ന , അല്ലെങ്കിൽ അത്മത്യയുടെ  വഴിയിൽക്കൂടി ഒരിക്കലെങ്കിലും സഞ്ചരിച്ചാലോ എന്ന് ആലോചിക്കാൻ സാധ്യതയുള്ള  "സ്വാർത്ഥ"രോട് എനിക്ക് പറയാനുള്ളത് "ഒരു നിമിഷം" ചിന്തിക്കൂ എന്നാണ്;  കഴിഞ്ഞ കാലത്തെ പറ്റിയല്ല, എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നു എന്നല്ല; ഇത് എങ്ങനെ ഒഴിവാക്കാമായിരുന്നു എന്നുമല്ല; ശരി - തെറ്റുകളുടെ വിശകലനവുമല്ല... മറിച്ച്, നിങ്ങൾ മരിച്ചശേഷം എന്തൊക്കെ സംഭവിച്ചേക്കാം എന്നാണ്. ഇനി വിവരിക്കുന്ന കാര്യങ്ങൾ എല്ലാം ഒരു പക്ഷെ ആത്മഹത്യയുടെ വക്കിലെത്തി നില്ക്കുന്ന ഒരാൾക്ക് ആദ്യമായി ചിന്തിച്ചെടുക്കാൻ പറ്റിയില്ലെന്നു വരാം. അതുകൊണ്ട്  ഈ ചിന്തകളെ ഇന്നേ നിങ്ങളുടെ മനസിലേക്ക് കുത്തി വയ്ക്കാൻ ഒരു എളിയ ശ്രമം ഞാൻ നടത്തുകയാണ്; ഭാവിയിൽ ഒരാൾക്കെങ്കിലും ഉപകാരമാകട്ടെ  ഒരു നിമിഷത്തെ ഈ ചിന്തകൾ, എന്ന പ്രാർത്ഥനയോടെ തുടങ്ങട്ടെ...

മാർഗം എന്തുമായിരുന്നിരിക്കട്ടെ നിങ്ങൾ മരിച്ചു കഴിഞ്ഞിരിക്കുന്നു; ക്ഷമിക്കണം... സ്വാഭാവിക മരണം അല്ല, ആത്മഹത്യ ചെയ്തിരിക്കുന്നു. സംഭവ സ്ഥലം സ്വഗൃഹം ആണെന്നിരിക്കട്ടെ; സ്വന്തം മുറി. വിഷം കഴിക്കുകയോ ഞരമ്പ്‌ മുറിക്കുകയോ ആണെങ്കിൽ മുഖഭാവം അല്പം മെച്ചമായിരിക്കും. ഇനി ഫാനിൽ തൂങ്ങിക്കിടക്കുകയാണെങ്കിൽ പോലീസ് എത്തും വരെ നിങ്ങളുടെ തുറിച്ച കണ്ണുകളെക്കാൾ തീക്ഷ്ണമായ നോട്ടങ്ങൾ സഹിക്കേണ്ടി വരും. ഹിന്ദു വിശ്വാസ പ്രകാരം ഗതികിട്ടാ പ്രേതമായി ഇതെല്ലാം കാണാനുള്ള അവസരം നിങ്ങൾക്ക് കിട്ടുന്നതായിരിക്കും. ഏതെങ്കിലും റെയിൽ പാളത്തിലോ പുഴയിലോ ആണ് അന്ത്യമെങ്കിൽ, തെരുവ് നായ്ക്കൾക്ക് കടിച്ചു കീറാൻ നിങ്ങളെറിഞ്ഞു കൊടുത്ത ശരീരം തിരിച്ചറിയാൻ പരിചയക്കാർ പോലും ബുദ്ധിമുട്ടും. സംസ്കരിക്കാൻ ഏതൊക്കെ ശരീരഭാഗങ്ങൾ കിട്ടുമെന്ന് കണ്ടു തന്നെയറിയാം.

നിങ്ങൾക്കറിയാവുന്നതു പോലെ അടുത്ത ഘട്ടം  പോസ്റ്റ്‌മോർട്ടം ആണ്. നെടുകെ കീറി മുറിക്കാൻ കിടന്നു കൊടുത്തെ നിവർത്തിയുള്ളൂ. ഓരോരോ അവയവങ്ങളായി പരിശോധിക്കുമ്പോൾ, ഏതോ ചലന ചിത്രത്തിലെ നായകനോ നായികയൊ ആകാനുള്ള അസുലഭ അവസരമാണ് നിങ്ങളെ കാത്തിരിക്കുന്നതെന്ന് മറക്കരുത്. ഇനി ഭാഗ്യമുണ്ടെങ്കിൽ ജീവിച്ചിരിക്കുമ്പോൾ കിട്ടാതെ പോയ പ്രശസ്തിയും കിട്ടാം; ഞരമ്പു രോഗിയായ ഒരു ആശുപത്രി ജീവനക്കാരന്‍റെ  സഹായത്താൽ മൊബൈൽ ചിത്രമായി പ്രചരിക്കുകയോ, അല്പം റേഞ്ച് കൂടുതലാണെങ്കിൽ ഏതെങ്കിലും ചൂടൻ മാഗസിനുകളുടെ കവർ ചിത്രമാകാനോ പോണ്‍ സൈറ്റുകളുടെ ഹോട്ട് ക്ലിക്ക് ഐറ്റം ആകുകയോ ഒക്കെ ചെയ്യാം. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നാണക്കേടിന് കാരണമായതിൽ അപ്പോൾ നിങ്ങൾ അഭിമാനം കൊള്ളില്ലേ!!!

എല്ലാ നടപടികളും പൂർത്തിയാക്കി ശവശരീരം വീട്ടിലെത്തിച്ചാൽ പിന്നെ ബന്ധുക്കളുടെയും നാട്ടുകാരുടെയും സുഹൃത്തുകളുടെയും അരങ്ങേറ്റമായി... പലരുടെയും ക്യാമറക്കണ്ണുകൾ നിങ്ങളെ പല ആങ്കിളുകളിൽ  പകർത്തിയെടുക്കുമ്പോൾ നൂറുനൂറു ചോദ്യശരങ്ങൾക്ക് മുന്നിൽ തലകുനിച്ചു ഉത്തരമില്ലാതെ നില്ക്കുന്ന കുടുംബാംഗങ്ങളെ  നിങ്ങൾക്ക് വ്യക്തമായി കാണാം. നിങ്ങൾ ഒരു പുരുഷനാണെങ്കിൽ ആ കുടുംബത്തിനു നഷ്ടപ്പെട്ടത് എന്നെന്നെക്കുമുള്ള ഒരു കൈത്താങ്ങാണ്. നിങ്ങൾ ബധിരനല്ലെങ്കിൽ  കേൾക്കൂ അവർ പറയുന്നത്.. "ഒരു വാക്ക് ഞങ്ങളോട് പറയാമായിരുന്നില്ലേ ? ഞങ്ങൾ എന്ത് വേണമെങ്കിലും ചെയ്യുമായിരുന്നില്ലെ? എന്തിനാ ഇങ്ങനെ ഒരു സാഹസം കാട്ടിയത്?" ... നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവുള്ള ഒരാൾ പോലും അവശേഷിക്കുന്നില്ല എന്ന് ഇപ്പോഴും നിങ്ങൾക്ക് തോന്നുന്നു എങ്കിൽ, ഈ വിലപിക്കുന്നവരും നിങ്ങളുടെ പാത പിന്തുടരട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.

ഇനി നിങ്ങൾ ഒരു പെണ്‍കുട്ടി/ സ്ത്രീ ആണെങ്കിൽ, നിങ്ങളുടെ കുടുംബത്തോട് ഇതിൽ കൂടുതൽ ക്രൂരത വേറെ ആർക്കും ചെയ്യാനാവില്ല എന്ന് ഇനിയുള്ള ചുരുക്കം നിമിഷങ്ങളിൽ നിന്ന് മനസ്സിലാകും. അഭിനന്ദനങ്ങൾ...മൊബൈൽ ക്യാമറകൾക്ക് നിങ്ങൾ കൂടുതൽ ആവശ്യക്കാരിയായി കഴിഞ്ഞിരിക്കുന്നു. ഉടമസ്ഥനേതെന്നു തിരിച്ചറിയാനാകാത്ത ചോദ്യങ്ങളിൽ ചിലത് ഇങ്ങനെ ആയിരിക്കും!!!

"പെണ്ണിന് പ്രേമം (ഏറ്റവും മാന്യമായ ആയ വാക്ക്) വല്ലതുമുണ്ടായിരുന്നോ?

"വല്ല എടാകൂടവും ഒപ്പിച്ചിട്ടാണോ?" - അവിഹിതഗർഭത്തിനു നാട്ടിൽ ഇങ്ങനെയാണ് സംബോധന മിക്കപ്പോഴും...

"ഇനി ഏതെങ്കിലും ബ്ലാക്ക്‌മൈലിംഗിലും പെട്ടോ? ഇന്നത്തെ പിള്ളേരുടെ ചാറ്റിങ്ങും ഡേറ്റിങ്ങും ഇത്തിരി കൂടുതലാണ്... മൊബൈലിലും സൈറ്റിലും ഒക്കെ പടം വരുമ്പോൾ മാത്രമേ നമ്മളറിയുള്ളൂ ഇവൾ ഇത്തരക്കാരി ആയിരുന്നെന്ന്‌..."

പാവം വീട്ടുകാർ, നാട്ടുകാരുടെ ചോദ്യങ്ങൾക്ക് മറുപടി അറിയാമായിരുന്നുവെങ്കിൽ  നിങ്ങളെ ഈ അവസ്ഥയിൽ അവർക്ക് കാണേണ്ടി വരുമായിരുന്നില്ല! ഇനി അവർ തലയിൽ മുണ്ടിട്ട് നടക്കട്ടെ... ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്തു വയ്ക്കട്ടെ... അല്ലാ! ഇനിയും നിങ്ങൾക്ക് ഒരു കൂസലും ഇല്ലെന്നോ! നിങ്ങൾ ചെയ്തത് ശരി തന്നെ എന്ന് ഇപ്പോഴും വിശ്വസിക്കുന്നു!!!

അപ്പോൾ അടുത്ത ഘട്ടത്തിലേക്ക് നീങ്ങാം... അന്വേഷണം തുടങ്ങുകയായി; മൊബൈൽ കാൾസ്, എസ്‌ എം എസ്സെസ്, ഇ മെയിൽസ്‌, ചാറ്റ് ഹിസ്റ്ററി.... പാസ്സ്‌വേർഡ്‌ ക്രാക്ക് ചെയ്യാൻ സൈബർ സെല്ലിന് അധികം പണിപ്പെടേണ്ട ആവശ്യമൊന്നുമില്ല. നിങ്ങൾ ആണായാലും പെണ്ണായാലും ഏതു പാതാളത്തിൽ കുഴി കുത്തി മൂടിയിട്ടിട്ടാണ് ചാവാൻ പോയതെങ്കിലും, എല്ലാം കുഴി മാന്തി എടുക്കും.  ആരോടൊക്കെ സംസാരിച്ചു, എന്തൊക്കെ മെസ്സേജ് ചെയ്തു, എങ്ങനെയൊക്കെയായിരുന്നു മെയിലിംഗും ചാറ്റിങ്ങും... നല്ല ചരിത്രവും ഇനി അല്പം മോശമായ ചരിത്രവും (ഉണ്ടെങ്കിൽ) എല്ലാം വടക്കാൻ പാട്ടിനേക്കാൾ കേൾവി കേൾക്കുമെന്നതിൽ നിങ്ങൾ പോലും മറുപക്ഷം പറയില്ല. കുടുങ്ങേണ്ടവർ കുടുങ്ങുമെന്ന് വിചാരിക്കാം; പക്ഷെ...  ചില നിരപരാധികളും നാണം കെടുമെന്നുറപ്പ്. സ്ഥിരം ഫോണ്‍ ചെയ്യുമായിരുന്ന നല്ല സുഹൃത്ത്‌, വളരെ നാളത്തെ ഇടവേളയ്ക്കു ശേഷം കഷ്ടകാലത്തിന് നിങ്ങൾക്ക് മരിക്കാൻ തോന്നിയ ദിവസം അധികനേരം സംസാരിച്ച നല്ല മനസ്സുള്ള ബന്ധുവോ സുഹൃത്തോ, ഇവരൊക്കെ അനുഭവിക്കേണ്ടി വരുന്നത് ചെറിയ ബുദ്ധിമുട്ടുകൾ ആയിരിക്കില്ല. ഇപ്പോൾ ഒരു പക്ഷേ നിങ്ങൾ കരുതുമായിരിക്കും, "അതിനു ഞാനെന്തു ചെയ്യാനാണ് ; ഞാൻ മരിച്ചു പോയില്ലേ!!!" സ്വന്തം കുടുംബത്തിനു വേണ്ടി ചെലവഴിക്കേണ്ട വിലപ്പെട്ട സമയം ചെയ്യാത്ത തെറ്റിന് ക്രൂശിതരായി നിയമത്തിന്‍റെ കുരുക്കഴിക്കാൻ അവർക്ക് വിനിയോഗിക്കേണ്ടി വരുമ്പോഴും നിങ്ങൾ ആശ്വസിക്കുമോ എല്ലാ പ്രശ്നങ്ങളിൽ നിന്നും രക്ഷപെട്ടു എന്ന്?

ആത്മഹത്യയിൽക്കൂടി നിങ്ങളുടെ ഉദ്ദേശ്യം എന്തായിരുന്നു; ഒരു രക്ഷപെടലിനപ്പുറം നിങ്ങളെ മരണത്തിലേക്ക് നയിച്ചവർ എന്നു നിങ്ങൾ കരുതുന്നവരുടെ കണ്ണുനീരും കഷ്ടപ്പാടും ആയിരുന്നോ! അവർ വേദനിക്കുന്നുവെങ്കിൽ നിങ്ങൾ യഥാർത്ഥത്തിൽ പരാജയപ്പെടുകയല്ലേ! നിങ്ങളുടെ നിഗമനങ്ങളിൽ എവിടെയൊക്കെയോ പാളിച്ചകൾ സംഭവിച്ചെന്നു അംഗീകരിക്കേണ്ടി വരില്ലേ! ഇനി നിങ്ങളാൽ കുറ്റാരോപിതരായ വർഗ്ഗം നിങ്ങളുടെ മരണത്തിൽ സന്തോഷിക്കുന്നെങ്കിൽ, ഈ മരണത്തിനെന്തർത്ഥം; വ്യർത്ഥമായിപ്പോയില്ലേ ഈ എടുത്തു ചാട്ടം? ഇല്ല എന്നാണുത്തരമെങ്കിൽ ഇനി കാര്യങ്ങളെ അല്പം വൈകാരികമായി സമീപിക്കാം.

സന്ദർശകരുടെ തിരക്കുകളൊഴിഞ്ഞ നിങ്ങളുടെ വീട് ഒന്ന് സങ്കല്പിക്കാം. ഊണ് മേശയിൽ നിരത്തി വച്ചിരിക്കുന്ന പ്രിയപ്പെട്ട ആഹാരം നിങ്ങളെ നോക്കി പല്ലിളിക്കും. അഹങ്കാരത്തിന്‍റെ ഫലം, അല്ലാതെന്തു പറയാൻ ഇനി ഇതൊക്കെ കണ്ടു വെള്ളമിറക്കാൻ മാത്രമേ ഗതികിട്ടാ പ്രേതമായ നിങ്ങൾക്ക് വിധിയുള്ളു.. ഊണ് മേശയ്ക്കു ചുറ്റിലും എല്ലാവരും കൂടുമ്പോൾ 'ഒരാളുടെ കുറവ്' നിങ്ങൾക്ക് കാണാൻ കഴിയുന്നുവെങ്കിൽ, അത് അനുഭവിക്കുന്നവരാണ് അവിടെയിരിക്കുന്നവർ. നിങ്ങളുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും നിമിത്തമായി അവരുടെ മുന്നിലെത്തുമ്പോളൊക്കെ , കണ്ണുനീരിന്‍റെ ഉപ്പുരസം രുചിക്കാതെ ആ ദിനം കടന്നു പോകില്ല എന്നുറപ്പല്ലേ?

നിങ്ങളുടെ കാരണങ്ങൾ നിസ്സാരമായിരുന്നു എന്നു തോന്നിപ്പിക്കുന്ന നിമിഷങ്ങൾക്ക് സാക്ഷിയാകേണ്ടി വരുമ്പോൾ, ആഗ്രഹിച്ചാൽ പോലും ഒന്ന് ആശ്വസിപ്പിക്കാനോ പ്രതികരിക്കാനോ ആകാതെ നിസ്സഹായമായി നോക്കി നില്ക്കേണ്ടി വരുമ്പോൾ എങ്കിലും നിങ്ങൾ തിരിച്ചറിയുമോ, നിങ്ങൾ ജീവിച്ചിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നായേനെ എന്ന്???

വൈകിയിട്ടില്ല.... ഒരു നിമിഷം ചിന്തിക്കൂ...