തിരക്ക് പിടിച്ച നഗരത്തിന്‍റെ
ഓട്ടപ്പാച്ചിലില്‍ നിന്നൊഴിഞ്ഞുമാറി പുതിയ കഥയുടെ രചനയ്ക്കായി
സ്വസ്ഥമായ ഒരിടം അന്വേഷിച്ചിറങ്ങിയ ഞാന്‍, കുറെ അലച്ചിലിനൊടുവില്‍
അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്തി. രാജവീഥിയെ അനുസ്മരിപ്പിക്കുന്ന റോഡും,
ഓടുകള്‍ പാകിയ നടപ്പാതയും ഇരുവശത്തും പൂത്തുലഞ്ഞ മരങ്ങളും നടന്നു
ക്ഷീണിക്കുമ്പോള്‍ വിശ്രമിക്കാന്‍ തടിയില്‍ കടഞ്ഞെടുത്തതെന്നു
തോന്നിപ്പിക്കുന്ന ബഞ്ചുകളും ഉള്ള മനോഹരമായ ഒരിടം; ജോഗേഴ്സ് ലെയ്ന്‍.
നാഗരികത ഗതാഗതക്കുരുക്കില്‍ ശ്വാസം മുട്ടുമ്പോള്‍, ജോഗേഴ്സ് ലെയ്ന്‍
ശാന്തതയുടെ കേളീവനം ആണെന്ന് തന്നെ പറയാം.
ജോഗേഴ്സ്
ലെയ്നിന്‍റെ ഹൃദയഭാഗത്തായി ഒരു മൂന്നുനില കെട്ടിടവും ഒരു ചെറിയ ജ്യൂസ്
സ്റ്റൊളും ഉണ്ട്. ഒരു കണ്ണാടിക്കൂടിനെ ഓര്‍മ്മിപ്പിക്കുന്ന ആ വലിയ
ബില്‍ഡിംഗിന്‍റെ താഴത്തെ നിലയില്‍, സെക്കന്‍റ് ഹാന്‍ഡ് പുസ്തകങ്ങള്‍
വില്‍ക്കുന്ന ഒരു ഷോപ്പ് ആണ്. പുതിയ പ്രിന്‍റ് വാങ്ങാന്‍ കാശ്
തികയാത്തപ്പോള്‍ പലപ്പോഴും എന്‍റെ വായനയ്ക്ക് അന്നമൂട്ടിയത് അവിടത്തെ
പുസ്തകങ്ങളായിരുന്നു. രണ്ടാമത്തെ നിലയില്‍ ലൈബ്രറിയാണ്. ചിലപ്പോഴൊക്കെ
ഞാനവിടെപ്പോയിരുന്ന് മാഗസിന്‍സും പഴയ ചില ഔട്ട് ഓഫ് പ്രിന്‍റ് ആയ
ബുക്സുമൊക്കെ വായിക്കാറുണ്ട്. മൂന്നാമത്തെ നിലയില്‍ ഒരു ജിം
പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യത്തില്‍ ശ്രദ്ധാലുക്കളായ പുരുഷന്മാരും
സ്ത്രീകളും പ്രായഭേദമന്യേ അവിടെ കയറിയിറങ്ങിയിരുന്നു.
റൈറ്റേഴ്സ് ബ്ലോക്കിനെ
ഇല്ലാതാക്കാന്‍ പറ്റിയ എന്തെങ്കിലും തേടി തണല്‍ വീണ ഒരു ബഞ്ചില്‍
ഇരിപ്പുറപ്പിക്കുമ്പോള്‍, വൈകുന്നേരത്തെ ചാഞ്ഞുവീഴുന്ന സൂര്യകിരണങ്ങളില്‍
തിളങ്ങുന്ന വാകപ്പൂക്കള്‍, ഇളം കാറ്റിന്‍റെ തലോടലേറ്റ് ഞാനിരിക്കുന്ന
ബഞ്ചിനു ചുറ്റും നിറയുന്നുണ്ടായിരുന്നു. കൊഴിഞ്ഞു വീഴുന്ന പൂക്കളോടൊപ്പം,
മഞ്ഞച്ചായം പൂശിയ യൗവ്വനം മങ്ങിത്തുടങ്ങിയ ഇലകളും കാറ്റില്‍
എങ്ങോട്ടെന്നില്ലാതെ ഒഴുകി നീങ്ങുന്ന കാഴ്ച ആ സായന്തനത്തെ പതിവിലും
മനോഹരമാക്കി.
കഥകള്‍ അന്വേഷിച്ച്
പലയിടത്തും പരതി നടന്ന എന്‍റെ കണ്ണുകള്‍ പെട്ടെന്ന് ദൂരെ നിന്ന് വന്ന
മൂന്നുപേരില്‍ ഉടക്കി. ശരിക്കും പറഞ്ഞാല്‍ നാല് പേര്‍ ആയിരുന്നു. പിന്നെ
മനുഷ്യസഹജമായ അഹംഭാവത്തിനു മനുഷ്യനല്ലാത്ത എന്തിനെയും ജീവി എന്നഭിസംബോധന
ചെയ്തു ശീലമുള്ളത് കൊണ്ട് കൂടെയുണ്ടായിരുന്ന നാലാമനായ പട്ടിക്കുട്ടിയെ
ഞാനും ജീവിവര്‍ഗ്ഗത്തില്‍ കൂട്ടി. വസ്ത്രധാരണ ശൈലി കൊണ്ട് കുലീനത്വം
നിറഞ്ഞു നില്‍ക്കുന്ന സുമുഖനായ ഒരു ചെറുപ്പക്കാരനും, ആറ് - ഏഴു വയസ്സ്
തോന്നിക്കുന്ന ഓമനത്തം തുളുമ്പുന്ന ഒരു ആണ്‍ കുട്ടിയും ആയിരുന്നു ഒരു ജോഡി.
കുട്ടിയുടെ കൈയില്‍ ഒരു ബാഗുണ്ടായിരുന്നു. നമ്മുടെ സീനിലെ മൂന്നാമത്തെ
വ്യക്തി ജോഗിംഗ് സ്യൂട്ട് ധരിച്ച ഒരു ചെറുപ്പക്കാരിയാണ് .
പരിഷ്കാരത്തിന്‍റെ മുഖമുദ്ര പതിഞ്ഞ നടത്തത്തിന്‍റെ ഉടമയായ അവരുടെ
കൈത്തുമ്പില്‍ ചുരുട്ടിയ ചെയിനിന്‍റെ അറ്റത്ത്‌ഒരു കുഞ്ഞുപട്ടി അവരുടെ
ചുവടുകള്‍ക്കൊപ്പമെത്താന്‍ പാടുപെടുണ്ടായിരുന്നു. പൊക്കം കുറഞ്ഞ dachshund
ഇനത്തില്‍ പെട്ട ഭംഗിയുള്ള പട്ടി. അതിനെ അവര്‍ സെക്യൂരിറ്റിയുടെ
അടുത്താക്കിയിട്ട് മൂന്നാമത്തെ നിലയിലേക്ക് പോയി. ജിം ആയിരുന്നിരിക്കണം
അവരുടെ ലക്‌ഷ്യം എന്ന് കരുതാം.
ആ ചെറുപ്പക്കാരന്‍
അപ്പോഴേക്കും ലൈബ്രറിയിലെ കണ്ണാടി ജനാലയുടെ അരികുപറ്റിക്കിടന്ന ഒരു
മേശയില്‍ ഇടം പിടിച്ചു വായന തുടങ്ങിയിരുന്നു. എന്‍റെ മുന്നില്‍ ഇപ്പോള്‍
മൂന്ന് സീന്‍സ് ആണുള്ളത്; സെക്യൂരിറ്റിയുടെ അടുത്തിരിക്കുന്ന നമ്മുടെ
പട്ടിക്കുട്ടി, രണ്ടാമത്തെ നിലയില്‍ വായനക്കാരനായ സുന്ദരനും അയാളുടെ
അടുത്ത് തന്‍റെ ബാഗ് തുറന്ന് എന്തൊക്കെയോ മേശപ്പുറത്ത് നിരത്തുന്ന
കുട്ടിയും, പിന്നെ മൂന്നാമത്തെ നിലയില്‍ ജിം പ്രാക്ടീസില്‍
ഏര്‍പ്പെട്ടിരിക്കുന്ന ലേഡിയും .
മറ്റൊരു രംഗത്തിലും
ശ്രദ്ധതട്ടാതിരുന്ന എന്‍റെ മനസ്സ് ആ ദൃശ്യങ്ങളില്‍ മാറിമാറി ചേക്കേറി.
കുറച്ച് സമയം കഴിഞ്ഞപോള്‍ കുട്ടിയ്ക്ക് മടുത്തു തുടങ്ങി. വായനയില്‍
മുഴുകിയിരിക്കുന്ന ചെറുപ്പക്കാരന്‍റെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമങ്ങള്‍
പരാജയപ്പെട്ടപ്പോള്‍ അവന്‍ ബാഗുമെടുത്ത് താഴത്തെ നിലയിലേയ്ക്ക് വന്നു.
അവിടെ ചുരുണ്ട് കൂടി കിടക്കുകയായിരുന്ന പട്ടിക്കുട്ടിയെ കണ്ടതും അവന്‍റെ
മുഖത്ത് പ്രകാശം പരന്നു. അവന്‍ ഓടി വന്നു പട്ടിക്കുട്ടിയെ വാരിയെടുത്ത്
കളിപ്പിക്കാന്‍ തുടങ്ങി. ബാല്യത്തിന്‍റെ കളിവഞ്ചിയില്‍ യാത്ര ചെയ്യുന്ന
രണ്ടു പേര്‍ക്കും പരസ്പരം അടുക്കാന്‍ അധികം സമയം വേണ്ടി വന്നില്ല. കുട്ടി
അവന്‍റെ ബാഗില്‍ നിന്ന് ബിസ്കറ്റ് എടുത്തു പട്ടിക്കുട്ടിയ്ക്ക് കൊടുത്തു.
അവന്‍ അത് കഴിച്ചു കഴിഞ്ഞപോഴേക്കും കുട്ടി തന്‍റെ കൈയിലുണ്ടായിരുന്ന പന്ത്
അതിന്‍റെ നേര്‍ക്ക് ഉരുട്ടി വിട്ടു. പട്ടിക്കുട്ടി ആ പന്ത് കടിച്ചെടുത്ത്
കുട്ടിയുടെ കാല്‍ക്കല്‍ കൊണ്ട് ചെന്നിട്ടു. പിന്നെ രണ്ടുപേരും കൂടി കളിച്ചു
കളിച്ച് റോഡിലേക്കിറങ്ങി. എന്‍റെ തൊട്ടു മുന്നിലാണ് ഇപ്പോള്‍ അവരുടെ കളി.
എങ്ങോ മറഞ്ഞുപോയ
ബാല്യകാലത്തിന്‍റെ ശേഷിപ്പുകള്‍ ഇന്നും മായാതെ സൂക്ഷിക്കുന്ന എന്‍റെ
മനസ്സിന് അവരുടെ സൗഹൃദം വല്ലാത്തൊരു കുളിര്‍മ്മയേകി. അവരെ നോക്കിയിരുന്ന്‍
സമയം പോയതറിഞ്ഞില്ല.
"രാഹുല്‍ വരൂ, നമുക്ക്
പോകാം " , അവരുടെ കളിക്ക് ഭംഗം വരുത്തിക്കൊണ്ട് ആദ്യമെത്തിയത് ആ
ചെറുപ്പക്കാരനാണ്. അയാളുടെ കൈയും പിടിച്ചു നടന്നു പോകുമ്പോഴും രാഹുല്‍
ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ദൂരേക്ക് മറയുന്ന അവരെയും
നോക്കി ആ പട്ടിക്കുട്ടി അവിടെത്തന്നെ അനങ്ങാതെ ഇരുന്നു.
അല്പം കഴിഞ്ഞപ്പോള്‍ ആ സ്ത്രീ എത്തി, പട്ടിക്കുട്ടിയെയും കൊണ്ട് അവരും
അവരുടെ വഴിയെ പോയപ്പോഴും എന്‍റെ കഥയ്ക്ക് ഒരു ബീജവും ദാനം കിട്ടിയില്ല.
പുതുതായി
ഒന്നും ചെയ്യാനില്ലാത്ത, വിരസമായ തൊഴില്‍ ദിനങ്ങള്‍ മാത്രം തന്‍റെ
സമ്പാദ്യത്തിന്‍റെ സഞ്ചിയില്‍ നിറച്ച് എരിഞ്ഞൊടുങ്ങുന്ന
സൂര്യബിംബത്തിനു പോലും ഒരു ദിനാന്ത്യവും വ്യര്‍ത്ഥമായെന്നു
തോന്നാറുണ്ടാവില്ല. ഭൗതിക നേട്ടങ്ങളുടെ കണക്കു പുസ്തകത്തില്‍ ഒന്നുമെഴുതിച്ചേര്‍ക്കാനായില്ലെങ്കിലും,
ബാല്യത്തിന്‍റെ ഓര്‍മകള്‍ക്ക് ഉണര്‍വ്വേകിയ അപൂര്‍വ്വം ചില
വൈകുന്നേരങ്ങളില്‍ ഒന്നായിരുന്നു അത് എന്ന യാഥാര്‍ത്ഥ്യം, എന്‍റെ
വ്യര്‍ത്ഥബോധത്തെ ഒഴുക്കിക്കളഞ്ഞു.
പിറ്റേ ദിവസം
നേരത്തെ എത്തി അതേ സ്ഥലത്ത് ഞാന്‍ സ്ഥാനം പിടിച്ചു. ചെറുതായി മഴ
ചാറുന്നുണ്ടായിരുന്നു. ഇന്നെങ്കിലും കഥയ്ക്കുള്ള എന്തെങ്കിലും മനസ്സില്‍
ഉരുത്തിരിയും എന്ന വിശ്വാസത്തോടെ, വേനലിലെ വസന്തമായെത്തിയ ചാറ്റല്‍ മഴയുടെ
ഭംഗി ആസ്വദിച്ച് കുട നിവര്‍ത്താതെ ഇരിക്കുകയായിരുന്നു ഞാന്‍.
നമ്മുടെ
ലേഡി ഡയാന ഇന്ന് നേരത്തെ എത്തി എന്ന് തോന്നുന്നു.
പട്ടിക്കുട്ടി ഇന്നലത്തെ
സ്ഥലത്ത് ഇരിപ്പുണ്ട്. ആരെയോ കണ്ടിട്ടെന്ന പോലെ അവന്‍റെ കണ്ണുകള്‍
തിളങ്ങി. അവന്‍ റോഡിലേക്ക് ഓടുകയാണല്ലോ!!! എന്‍റെ സംശയത്തോടെയുള്ള നോട്ടം
ദൂരെ നിന്ന് വരുകയായിരുന്ന രാഹുലില്‍ പതിഞ്ഞു. രാഹുല്‍ അവനെ വാരിയെടുത്തു
കൊഞ്ചിക്കാന്‍ തുടങ്ങി. പതിവുപോലെ കൈയില്‍ കരുതിയ ബിസ്കറ്റ്
പട്ടിക്കുട്ടിയുടെ വായില്‍ വച്ച് കൊടുക്കുമ്പോള്‍ അവന്‍റെ കണ്ണുകളില്‍
തെളിഞ്ഞ തിളക്കം ആ പട്ടിക്കുട്ടിയുടെ കണ്ണുകളിലതിന്‍റെ പ്രതിഫലനം
ആയിരുന്നു.
രാഹുല്‍ അവന്‍റെ കൈയിലുണ്ടായിരുന്ന
മിനുസമായ തുണി കൊണ്ട് പട്ടിക്കുട്ടിയുടെ ദേഹത്തെ മഴത്തുള്ളികള്‍ തുടച്ചു
കളയുമ്പോള്‍, സ്നേഹത്തിന്‍റെ ലിപികളില്ലാത്ത, ഭാഷയില്ലാത്ത ചലനങ്ങളില്‍ ആ
കുഞ്ഞു പട്ടി രാഹുലിന്‍റെ ദേഹത്തേക്ക് ചേര്‍ന്നിരുന്നു.
ദിവസങ്ങള്‍
കഴിയുന്തോറും അവരുടെ കളികളിലും കുസൃതികളിലും കഥയുടെ കാര്യം ഞാന്‍ മറന്നേ
പോയി.. വൈകുന്നേരങ്ങളില്‍ അവരെക്കാണാനായി ഞാന്‍ ജോഗേഴ്സ് ലെയിനില്‍
മുടങ്ങാതെ എത്തി. ഈയിടെയായി ജോഗേഴ്സ് ലെയിനില്‍ സന്ദര്‍ശകരുടെ എണ്ണം
കൂടിയിട്ടുണ്ടെങ്കിലും നമ്മുടെ കൂട്ടുകാര്‍ അവരുടേതായ സ്ഥലം കണ്ടെത്തി
കളങ്കമില്ലാത്ത സ്നേഹത്തിന്‍റെ വക്താക്കളായി തുടര്‍ന്നു.
ഇന്ന്
രണ്ടു മാസം കഴിഞിരിക്കുന്നു ഇവിടെ സ്ഥിരമായി വരാന്‍ തുടങ്ങിയിട്ട്.
ഇതിനിടയ്ക്ക് ഞാന്‍ അവരുടെ സുഹൃത്തായി മാറിയിരുന്നു. പതിവുപോലെ ഞാനും
പട്ടിക്കുട്ടിയും രാഹുലിനെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മണിക്കൂര്‍ ഒന്ന്
കഴിഞ്ഞു. അവന്‍ വന്നില്ല. പപ്പി എന്‍റെ കാലില്‍ ചേര്‍ന്ന് ദൂരേക്ക്
നോക്കിക്കിടന്നു. ജിം ടൈം കഴിഞ്ഞപ്പോള്‍, ആ ലേഡി തിരികെ വന്ന്, പപ്പിയുടെ
ചെയിന്‍ പിടിച്ച് അവനെയും വലിച്ചുകൊണ്ട് അകലേയ്ക്ക് മറഞ്ഞു.
അന്നു
രാത്രി അത്താഴം കഴിഞ്ഞിരിക്കുമ്പോള്‍ എന്‍റെ മനസ്സില്‍ ഒരു ചിത്രം
തെളിഞ്ഞു.... ആ പട്ടിക്കുട്ടിയുടെയും രാഹുലിന്‍റെയും.... എന്തുകൊണ്ട്
അവരുടെ കഥ എഴുതിക്കൂടാ!!! ഒരു ഔട്ട്‌ലൈന്‍ വരച്ചിട്ടു... ടൈറ്റില്‍
കിട്ടുന്നില്ല....സാരമില്ല, നാളെ നോക്കാം...
പിറ്റേ
ദിവസവും ഞങ്ങള്‍ ജോഗേഴ്സ് ലെയിനില്‍ കാത്തിരുന്നു... രാഹുല്‍ വന്നില്ല.
ദിവസങ്ങള്‍ കഴിയുന്തോറും ആ പട്ടിക്കുട്ടിയുടെ പ്രസരിപ്പും കുസൃതിയുമൊക്കെ
നഷ്ടപ്പെട്ടു. അവന്‍ മൂകമായി എന്നും രാഹുലിന്‍റെ വരവും കാത്തിരുന്നു...
കഥ
എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നറിയാതെ ഇരിക്കുമ്പോഴാണ് എനിക്ക്
ട്രാന്‍സ്ഫര്‍ കിട്ടുന്നത്. പുതിയ ജോലി സ്ഥലം... തിരക്കുകള്‍... ജീവിതം
വീണ്ടും യാന്ത്രികമായി മാറി...രാഹുലും ആ പട്ടിക്കുട്ടിയും വീണു കിട്ടുന്ന
ഒഴിവുസമയങ്ങളില്‍ എന്‍റെ ചിന്തകളെ ജോഗേഴ്സ് ലെയ്നില്‍ എത്തിച്ചു...
നാല്
വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് തിരിച്ചെത്തുമ്പോള്‍, ജോഗേഴ്സ് ലെയിനും
തിരക്കിന്‍റെ കേന്ദ്രമായി മാറിക്കഴിഞ്ഞിരുന്നു. മരങ്ങളെല്ലാം ഇലപൊഴിച്ച്
നില്‍ക്കുന്ന ഒരു ശരത്കാലമായിരുന്നു അത്. വൃത്തിയാക്കാന്‍ ആരുമില്ലാത്തപോലെ
റോഡിലും നടപ്പാതയിലും കരിയിലകള്‍ നിറഞ്ഞു കിടന്നു. വഴിയോരത്തെ നിറം മങ്ങിയ ബഞ്ചുകളിലൊന്നില്‍ , ഇലകള്‍ തൂത്തുമാറ്റി ഞാനിരുന്നു. കണ്‍മുന്നില്‍
വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ആ ദൃശ്യം, ഓടിയോടി കേടായ ഫിലിമിന്‍റെ റോളില്‍
എന്ന പോലെ തെളിഞ്ഞു...
അത് ആ ലേഡി അല്ലെ!!!
അല്പം തടിച്ചിട്ടുണ്ട് എന്നല്ലാതെ മാറ്റമൊന്നുമില്ല അവര്‍ക്ക്. എല്ലും
തോലുമായ ഒരു പട്ടി അവരുടെ കൂടെ നടക്കുന്നുണ്ട്. അവര്‍ അതിനെ ചീത്ത പറഞ്ഞ്
ഓടിക്കാന്‍ ശ്രമിക്കുന്നുണ്ട്. ആ പട്ടിയുടെ കാലിലും കഴുത്തിലും ഉള്ള
മുറിവുകളില്‍ ഈച്ചകള്‍ സ്വൈരവിഹാരം നടത്തുന്നുണ്ടായിരുന്നു.
എന്നെയും
കടന്നു ആ സ്ത്രീ പോയപ്പോള്‍, ആ പട്ടി എന്‍റെ കണ്ണുകളിലേക്ക് നോക്കി
അല്‍പനേരം നിന്നു; എന്നിട്ട് അടുത്തുള്ള വേസ്റ്റ് കുട്ടയില്‍ നിന്ന്
എന്തൊക്കെയോ ചികഞ്ഞെടുത്തു തിന്നാന്‍ തുടങ്ങി. അതില്‍ നിന്നും ഒന്നും ഇനി
കിട്ടാനില്ല എന്ന് തോന്നിയപ്പോഴാനെന്നു തോന്നുന്നു അവന്‍ എന്‍റെ
അടുത്തുള്ള ബഞ്ചിനടിയില്‍ വന്ന് കിടന്നു. വിശപ്പിന്‍റെ വിളി
പറഞ്ഞറിയിക്കും വിധം അവന്‍റെ എല്ലുകള്‍ പുറത്തേയ്ക്ക് തള്ളി നിന്നു.
ദൂരേയ്ക്ക് നീളുന്ന അവന്‍റെ കണ്ണുകളില്‍ പ്രതീക്ഷയുടെ തെളിച്ചം ഇന്നും
മങ്ങാതെ നില്‍ക്കുന്നത് കണ്ടപ്പോള്‍ എനിക്കുറപ്പായി, അത് പണ്ടത്തെ ആ
പട്ടിക്കുട്ടിയാണെന്ന്.
കൈയില്‍ കരുതിയിരുന്ന
ചപ്പാത്തിയും കറിയും ഞാന്‍ അവന്‍റെ മുന്നിലേക്ക് വച്ച് കൊടുത്തു.
ആര്‍ത്തിയോടെ അത് മുഴുവന്‍ തിന്നശേഷം നന്ദിയോടെ അവന്‍ എന്നെ നോക്കി നിന്നു.
ദേഹത്തെ മുറിവുകളും, മനുഷ്യനേക്കാളും നായ്ക്കള്‍ക്ക് ഉണ്ടെന്നു പറയുന്ന
വകതിരിവും കൊണ്ടാകാം അവന്‍ എന്നില്‍ നിന്നും അകന്നു നിന്നു.
പിന്നീടുള്ള
ദിവസങ്ങളില്‍ ഞാന്‍ അവനു വേണ്ടി ആഹാരം കരുതാന്‍ തുടങ്ങി. പരിചയക്കാരനായ
ഒരു ഡോക്ടറില്‍ നിന്നും അവന്‍റെ മുറിവില്‍ പുരട്ടാനുള്ള മരുന്നും
വാങ്ങിയാണ് ഞാന്‍ അന്നു ജോഗേഴ്സ് ലെയിനില്‍ എത്തിയത്. അങ്ങോട്ടും
ഇങ്ങോട്ടും എന്തിനെന്നറിയാതെ പോകുന്ന ആള്‍ക്കാര്‍ക്കിടയില്‍ തന്‍റെ
കളിക്കൂട്ടുകാരനെയും കാത്തിരിക്കുന്ന അവനെ ഞാന്‍ കണ്ടു. ദൂരെ നിന്നെ അവന്‍
എന്നെ കണ്ടെന്നു തോന്നുന്നു. അവന്‍ എന്‍റെ നേര്‍ക്കല്ലല്ലോ നോക്കുന്നത്!!!
അവന്‍റെ നോട്ടത്തെ പിന്തുടര്‍ന്ന ഞാന്‍ കണ്ടത് നമ്മുടെ പഴയ സുമുഖനായ
ചെറുപ്പക്കാരനെയാണ്. ആ സ്ത്രീയെപ്പോലെ അയാള്‍ക്കും വലിയ മാറ്റമൊന്നുമില്ല.
കൂടെ ഒരു പയ്യനുമുണ്ട്. ഹെഡ്സെറ്റില്‍ പാട്ടും കേട്ട് ചുറ്റുപാടും മറന്ന്
നടക്കുകയായിരുന്നു അവന്‍. അത് രാഹുല്‍ അല്ലെ!!! അല്പം പൊക്കം
വച്ചിട്ടുണ്ട്... പഴയ കുട്ടിത്തം ഒക്കെ നഷ്ടമായി, ശരിക്കും ഒരു
നഗരസന്തതി...
നമ്മുടെ പട്ടി ഓടിവന്നു
രാഹുലിന്‍റെ കാലുകളില്‍ ഉരുമ്മാന്‍ തുടങ്ങി. ആ ചെറുപ്പക്കാരന്‍ അതിനെ
ഓടിക്കാന്‍ നോക്കുമ്പോള്‍ അത് വകവയ്ക്കാതെ രാഹുല്‍ അവനെ വാരിയെടുത്തു.
പ്രായോഗികമായ ദൂരം മനസ്സിനില്ലാത്തത് കൊണ്ട് എനിക്കിപ്പോള്‍ ആ പട്ടിയുടെ
മനസ്സറിയാന്‍ കഴിയും. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍
കളിക്കൂട്ടുകാരന്‍ തന്നെ തിരിച്ചറിഞ്ഞതിന്‍റെ സന്തോഷം അവന്‍റെ കണ്ണുകളില്‍ നിന്നും
നീര്‍ത്തുള്ളികളായി ഒഴുകി. മൃഗങ്ങളും കരയുമോ!!! എന്നോ നഷ്ടമായ
സൗഹൃദത്തിന്‍റെ തിരിച്ചു വരവില്‍ സമാധാനിച്ച് അവന്‍ രാഹുലിന്‍റെ നെഞ്ചോട്
ചേര്‍ന്ന് കണ്ണുകളടച്ച് കിടന്നു.
രാഹുല്‍
എങ്ങോട്ടാണ് പോകുന്നത് !!! ഒരു ചെറിയ വാനിനടുത്തെക്കാണ് അവന്‍ പോയത്...
അതിനടുത്തു നിന്ന രണ്ടു പേരോട് അവന്‍ എന്തോ സംസാരിക്കുന്നുണ്ടായിരുന്നു.
അവര്‍ വാനിന്‍റെ, അഴികള്‍ കൊണ്ട് തീര്‍ത്ത ബാക്ക്ഡോര്‍ തുറന്നു കൊടുത്തു.
രാഹുല്‍ പട്ടിയെ വാനിനുള്ളിലേക്ക് കിടത്തി, ഡോര്‍ അടച്ചു.
വാന്‍
മുന്നോട്ട് ചലിച്ചു തുടങ്ങുമ്പോള്‍ വണ്ടിയുടെ കുലുക്കത്തില്‍ കണ്ണുതുറന്ന ആ
പട്ടി, അഴികള്‍ക്കിടയില്‍ക്കൂടി തന്നില്‍ നിന്നകന്നു പിന്തിരിഞ്ഞു
നടക്കുന്ന കൂട്ടുകാരനെ നോക്കി നിസ്സഹായനായി നിന്നു. പരാതിയോ പരിഭവമോ
എന്താണ് ആ കണ്ണുകളില്‍ നിറഞ്ഞത് എന്ന് ഇത്ര ദൂരെ നിന്നു എനിക്ക് കാണാന്‍
കഴിയില്ല എങ്കിലും, മുന്നേ കണ്ട സന്തോഷത്തിന്‍റെ അശ്രുക്കള്‍
തിരിച്ചറിവിന്‍റെ നോവില്‍ ഇടകലര്‍ന്നൊഴുകുന്നുണ്ടാകുമെന്നു നിസ്സംശയം
പറയാം.
എന്‍റെ മേധയില്‍ ഇരുള്‍ നിറഞ്ഞു...
മുറിവുണക്കാന്‍ കരുതിയ മരുന്നുകളെ താങ്ങാനുള്ള കരുത്ത് എന്‍റെ കൈകള്‍ക്ക്
നഷ്ടമാകുന്നു. ദൂരെ, തെരുവ് നായ്ക്കളെ പിടിക്കുന്ന, മുനിസിപ്പാലിറ്റി
വാഹനത്തിന്‍റെ പുകയടങ്ങുമ്പോള്‍, അര്‍ഹിക്കുന്ന മനുഷ്യത്വം യാചിക്കാത്ത ആ
ജീവിയുടെ നോവ് ഞാനും ചൂഷണം ചെയ്യുന്നു... എന്‍റെ കഥയ്ക്കായ്....